കോട്ടയം: 28 ദിവസത്തെ ക്വാറന്റെെൻ പൂർത്തിയാക്കിയവർക്കും കോവിഡ്-19 സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. ഇന്ന് കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ട് പേർ 28 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്. കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രെെവർ മഹാരാഷ്ട്രയിൽ നിന്നു എത്തിയത് മാർച്ച് 25 നാണ്. ഇതിനുശേഷം ഇയാൾ 28 ദിവസത്തെ ക്വാറന്റെെനിൽ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച സംക്രാന്തി സ്വദേശി ഷാർജയിൽ നിന്നു എത്തിയത് ഒരു മാസം മുൻപാണ്. ഇവരുമായി അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി ജില്ലാ കലക്‌ടർ അറിയിച്ചു.

കോട്ടയം ജില്ലയിൽ ഇപ്പോൾ ആറ് പാേസിറ്റീവ് കേസുകൾ ഉണ്ട്. മാർക്കറ്റുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഒരു ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാലാണ് മാർക്കറ്റുകളിൽ അതീവ ജാഗ്രത വേണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശിച്ചിരിക്കുന്നത്.

Read Also: മെസിയോ റൊണാൾഡോയോ? ഉത്തരം നൽകി ബ്രസീലിയൻ ഇതിഹാസങ്ങൾ

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം, കൊല്ലം ജില്ലകളിൽ മൂന്ന് പേർക്കും കണ്ണൂർ ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്. കൊല്ലം സ്വദേശിനിയാണ് ഇവർ. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ ഏഴ് പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ രണ്ട് വീതം പേരും വയനാട് ജില്ലയിൽ ഒരാളുമാണ് ഇന്ന് രോഗമുക്തരായത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 457 ആയി. ഇപ്പോൾ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 116 ആണ്. സംസ്ഥാനത്ത് 21,044 പേര്‍ നിരീക്ഷണത്തിലുണ്ട്.

കേരളത്തിൽ ഇനി മുതൽ ചില ഇളവുകൾ ലഭിക്കും. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇളവുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻസിപാലിറ്റി, കോർപ്പറേഷൻ പരിധിക്കു പുറത്തുള്ളതുമായ റസിഡൻഷ്യൻ കോംപ്ലക്‌സുകളിലെയും മാർക്കറ്റ് കോംപ്ലക്‌സുകളിലെയും ഉൾപ്പെടെയുള്ള എല്ലാ കടകളും തുറന്നുപ്രവർത്തിക്കാവുന്നതാണ്. മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകൾ തുറക്കാൻ സാധിക്കില്ല. തുറക്കുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം ജീവനക്കാർ മാത്രമേ ജോലിക്ക് എത്താൻ പാടൂ. ഇവർ മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.