തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി പുതിയ കണക്കുകൾ. കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയവർക്ക് അവിടെ രോഗം സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. ഇതര സംസ്ഥാനങ്ങളിലേക്ക് പോയവർക്ക് കേരളത്തിൽ നിന്നാണോ കോവിഡ് ബാധിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

മൂന്നു ദിവസത്തിനിടെ ആറുപേർക്ക് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. വരും ദിനങ്ങളിൽ ഉറവിടം വ്യക്തമാകാത്ത രോഗബാധിതർ കൂടുതൽ ഉണ്ടാകാമെന്നും പരിശോധന വർധിപ്പിക്കണമെന്നുമാണ് ആരോഗ്യവിദഗ്‌ധർ ആവശ്യപ്പെടുന്നത്. കേരളത്തിൽനിന്ന് പോയവരിൽ കർണാടകയിൽ നാലും തമിഴ്‌നാട്ടിൽ രണ്ടും പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Read Also: തൃശൂരിൽ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചു

അതേസമയം, സംസ്ഥാനത്തിനുപുറത്തെ റെഡ് സോണുകളിൽ നിന്നു എത്തിയവരിൽ രോഗബാധ കൂടുതൽ മഹാരാഷ്ട്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും എത്തിയവർക്കാണ്. ഇന്നലെ വരെ മഹാരാഷ്ട്രയിൽ നിന്നെത്തിയ 34 പേർക്കും തമിഴ്‌നാട്ടിൽ നിന്നെത്തിയ 30 പേർക്കും രോഗം സ്ഥിരീകരിച്ചു.

കേരളത്തിൽ കോവിഡ് ബാധിച്ച് ഇതുവരെ നാല് പേർ മരിച്ചു. കേരളത്തിൽ ഇന്നലെ മാത്രം 24 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് സംസ്ഥാനത്ത് ആശങ്ക പരത്തുന്നു. അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകുന്നു.

മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ വിദേശത്തു നിന്നും (യുഎഇ-എട്ട്, കുവൈറ്റ്-നാല്, ഖത്തര്‍-ഒന്ന്, മലേഷ്യ-ഒന്ന്) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-അഞ്ച്, തമിഴ്‌നാട്-മൂന്ന്, ഗുജറാത്ത്-ഒന്ന്, ആന്ധ്രപ്രദേശ്-ഒന്ന്) വന്നതാണ്.

Read Also: കേരളത്തിൽ നിന്ന് മുംബൈക്കും ഡൽഹിക്കും ട്രെയിനുകൾ; റിസർവേഷൻ കൗണ്ടറുകൾ ഇന്നുമുതൽ: വിശദാംശങ്ങൾ അറിയാം

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയില്‍ നിന്നും അഞ്ച് പേരുടെയും (ഒരാൾ മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര്‍ രോഗമുക്തരായി. എയര്‍പോര്‍ട്ട് വഴി 5,495 പേരും സീപോര്‍ട്ട് വഴി 1,621 പേരും ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയില്‍വേ വഴി 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.