കോട്ടയം: ആരോഗ്യമേഖലയ്ക്ക് അഭിമാനമായി ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ കോവിഡ് രോഗികള്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് ഏബ്രഹാം (93), മറിയാമ തോമസ് (88) എന്നിവരാണ് ആശുപത്രിവിട്ടത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്.

Read More: കോവിഡ് ചികിത്സയിലെ അപൂർവ അധ്യായമാണിത്; കോട്ടയത്ത് വൃദ്ധദമ്പതികളെ ചികിത്സിച്ച ഡോക്ടർ

തോമസിനേയും മറിയാമയേയും ശുശ്രൂഷിച്ച നഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കും രോഗം ഭേദമായെന്ന അറിയിപ്പ് ഇന്ന് വന്നതോടെ കോട്ടയം മെഡിക്കല്‍ കോളജിന് ഇരട്ടി ആഹ്ലാദത്തിനുള്ള വകയായി. രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവായതോടെ നഴ്‌സിനെയും ഇന്ന് വീട്ടിലേക്കുവിട്ടു.

ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്. ഇത്തരം രോഗികള്‍ മരണത്തില്‍നിന്നും രക്ഷപെടുന്നത് ലോകത്തില്‍ തന്നെ അത്യപൂര്‍വ സംഭവമായി വിലയിരുത്തുന്നു. 90 വയസിനു മുകളില്‍ പ്രായമുള്ള രോഗികള്‍ കോവിഡിനെ തോല്‍പ്പിച്ച സംഭവം ഒരെണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയില്‍നിന്നുള്ള 100 വയസിനു മുകളില്‍ പ്രായമുള്ള മുത്തശിയായിരുന്നു ആ അദ്ഭുത വനിത.

ഈ സാഹചര്യത്തിലാണ് തോമസിന്റേയും മറിയാമ്മയുടേയും രോഗമുക്തി കേരളത്തിന് ഇരട്ടി മധുരമാകുന്നത്.
ഇവരുടെ സ്രവ പരിശോധനാഫലം രണ്ടു തവണയും നെഗറ്റീവ് ആയതോടെയാണ് ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ഇവരുടെ രണ്ടാം പരിശോധനാഫലം രണ്ട് ദിവസം മുമ്പാണ് ലഭിച്ചത്. ഇത് നെഗറ്റീവ് ആയിരുന്നെങ്കിലും മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വീട്ടിലേക്ക് വിടുന്നത് വൈകിക്കുകയായിരുന്നു.

ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നുമാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്. കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങൾ, ദമ്പതികളുടെ മകൻ, മരുമകൾ, ചെറുമകൻ, മറ്റ് രണ്ട് ബന്ധുക്കൾ – തിങ്കളാഴ്ച കോവിഡ് രോഗമുക്തി നേടിയതിനെ തുടർന്ന് ആശുപത്രി വിട്ടു. അഞ്ചുപേരും പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നിറകണ്ണുകളോടെയാണ് അവരെ യാത്രയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.