തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വളർച്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 5,771 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധയമെന്നും മുഖ്യമന്ത്രി.
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഫെബ്രുവരി 10 വരെ സംസ്ഥാനത്ത് 25,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കോവിഡ് നിയന്ത്രണങ്ങൾ ശക്തമാകുന്നതിന്റെ ഭാഗമായാണിത്. യാത്രകൾ അത്യാവശ്യത്തിനു മാത്രം. രാത്രി പത്ത് കഴിഞ്ഞാലുള്ള യാത്രകൾ ഒഴിവാക്കണം. വിവാഹ ചടങ്ങുകൾ തുറസായ സ്ഥലങ്ങളിൽ നടത്താൻ ശ്രദ്ധിക്കണം. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും മുഖ്യമന്ത്രി. ബസ് സ്റ്റാൻഡുകളിലും ഷോപ്പിങ് മാളുകളിലും പൊലീസ് പരിശോധന കർശനമാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, വിശദാംശങ്ങൾ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകള്‍ കൂടി വരുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിലേയ്ക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ രോഗവിമുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തിനു തുല്യമോ കൂടുതലോ ആയിരുന്ന സ്ഥിതിയില്‍ എത്തിയിരുന്നു. നേരത്തെ ഉണ്ടായിട്ടുള്ളത്ര വ്യാപകമായ വര്‍ദ്ധനവില്ലെങ്കിലും രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടുന്ന ഒരു സാഹചര്യം വന്നിട്ടുണ്ട്. തികഞ്ഞ ജാഗ്രതയോടെ നമ്മള്‍ സമീപിക്കേണ്ട കാര്യമാണിതെന്നതില്‍ സംശയമില്ല.
കേരളത്തില്‍ കേസ് പെര്‍ മില്യണ്‍ ഇതുവരെ 25,762.11 ആണ്. മിക്ക സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണിത്. അതെസമയം, 2,67,648.74 ആണ് നമ്മുടെ ടെസ്റ്റ് പെര്‍ മില്യണ്‍. മിക്ക സംസ്ഥാനങ്ങളേക്കാളും കൂടുതലാണ് നമ്മള്‍ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം. എന്നാലും അത് ഇനിയും വര്‍ധിപ്പിക്കണം എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കേരളത്തില്‍ മറ്റു പല സ്ഥലങ്ങളേക്കാള്‍ ഉയര്‍ന്നിരിക്കുന്നു. എന്നാല്‍, മരണസംഖ്യ താരതമ്യേന കുറവാണ്. പത്തു ലക്ഷത്തില്‍ 104.32 പേരാണ് കേരളത്തില്‍ മരിച്ചത്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ ഈ സംഖ്യ ഇവിടത്തേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. കേസ് ഫെറ്റാലിറ്റി റേറ്റ് ഏറ്റവും കുറഞ്ഞിരിക്കുന്ന സംസ്ഥാനവും കേരളം തന്നെ. 0.4 ശതമാനം മാത്രമാണ് കേരളത്തിലെ കേസ് ഫെറ്റാലിറ്റി റേറ്റ്.
ഈ മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ ഒരാഴ്‌ചയിൽ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടായതായി കാണാന്‍ സാധിക്കും. ജനുവരി 4നും 10നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 35,296 ആയിരുന്നു. ജനുവരി 11 മുതലുള്ള ആഴ്ചയില്‍ അത് 36,700 ആയും, ജനുവരി 18 മുതലുള്ള ആഴ്ചയില്‍ സമയത്ത് അത് 42,430 ആയും ഉയര്‍ന്നു.
കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ നാം സ്വീകരിച്ച സമീപനം യഥാര്‍ത്ഥ സ്ഥിതി അതുപോലെ ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കലാണ്. ഇത്തരമൊരു നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിലെ തീരദേശ മേഖലയില്‍ സമൂഹവ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അതു പരസ്യമായി പൊതുസമൂഹത്തെ അറിയിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.
എന്നാല്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് കേരളത്തില്‍ മാത്രം ഇത്രയും രോഗികള്‍ കൂടി എന്നതാണ്. നിലവില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണ്. പൊതു ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച മാതൃകകളായി വാഴ്ത്തപ്പെടുന്നത് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെയാണ്. അവിടെ ഉള്‍പ്പെടെ കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ ഉണ്ടായത് നമ്മള്‍ കണ്ടതാണ്. അവിടങ്ങളില്‍ ഇപ്പോഴും രോഗവ്യാപനം കുറഞ്ഞു എന്നു പറയാന്‍ ആയിട്ടില്ല. കോവിഡ് പോലെ അതിവേഗം പടരുന്ന ഒരു മഹാമാരിയുടെ കാര്യത്തില്‍ വളരെ സ്വാഭാവികമായ ഒരു പരിണതിയാണീ സംഭവിച്ചിരിക്കുന്നത്.
രോഗവ്യാപനം ഇപ്പോഴും വര്‍ദ്ധിക്കുന്നു എന്നത്, അത്തരം ഇടങ്ങളിലെല്ലാം രോഗികളാകാന്‍ സാധ്യതയുള്ള ഇതുവരെ രോഗബാധിതരാകാത്ത ആളുകള്‍ ഒരുപാടുണ്ട് എന്നതിന്റെ സൂചനയാണ്. കേരളത്തിലെ സ്ഥിതിയെടുത്താല്‍ ജനസംഖ്യയുടെ 3 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ചിട്ടുള്ളത്.
രോഗികളെ കണ്ടെത്താനും, ചികിത്സിക്കാനും ശേഷിയുള്ള ആരോഗ്യസംവിധാനവും, രോഗത്തെക്കുറിച്ച് അവബോധമുള്ള ഒരു സമൂഹവും കേരളത്തിലുണ്ട്. ഐസിഎംആര്‍ ഇതുവരെ നടത്തിയ സെറോ പ്രിവേെലന്‍സ് പഠനങ്ങളിലെല്ലാം കോവിഡ് വന്നു മാറിയവരുടെ എണ്ണം ഏറ്റവും കുറച്ചുണ്ടായിരുന്ന പ്രദേശം കേരളമാണ്. അതുകൊണ്ട് തന്നെ പുതിയ സെറൊ പ്രിവേലെന്‍സ് ഡാറ്റയുടെ സഹായത്തോടെ മാത്രമേ കേരളത്തില്‍ നിലവില്‍ രോഗവ്യാപനം ചിലര്‍ ആരോപിക്കുന്ന രീതിയില്‍ അസ്വഭാവികമായോ എന്നു പറയാന്‍ സാധിക്കൂകയുള്ളൂ.
നമ്മുടെ ആരോഗ്യവ്യവസ്ഥയുടെ മികവിനെ വെല്ലുവിളിക്കുന്ന രീതിയില്‍, കൈകാര്യം ചെയ്യാനാകാത്ത തലത്തിലേക്ക് രോഗവ്യാപനം വളര്‍ന്നില്ല എന്നതും നാം മനസ്സിലാക്കേണ്ടതാണ്. നമ്മുടെ ജാഗ്രതയുടേയും മികവിന്റേയും നേട്ടമാണിത്. അതുകൊണ്ടുതന്നെ, വിമര്‍ശനങ്ങള്‍ ഏതൊക്കെ തരത്തിലുണ്ടായാലും കോവിഡിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകില്ല. യഥാര്‍ഥ കണക്കുകള്‍ നിര്‍ഭയം ജനങ്ങള്‍ക്കു മുന്‍പില്‍ വയ്ക്കും; ഒത്തൊരുമിച്ച് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ ആന്റിജന്‍ ടെസ്റ്റുകളെയാണ് അധികം ആശ്രയിക്കുന്നതെന്ന് ഒരു പരാതിയുണ്ട്. കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കും. അതിനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തില്‍, 56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണ് എന്ന് വ്യക്തമായിട്ടുണ്ട്. രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്. ഇത് സംബന്ധിച്ച് വാര്‍ത്ത വന്നിട്ടുള്ളതു കൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. നമ്മുടെയാകെ ശ്രദ്ധ എവിടെയും കുറയാന്‍ പാടില്ല എന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസിന്റെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്നും മാസ്‌ക് ധരിക്കുന്നുവെന്നും പൊലീസ് ഉറപ്പാക്കും. നിലവില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ വിന്യസിച്ചിട്ടുണ്ട്. എങ്കിലും വീണ്ടും ആവശ്യമുള്ള സ്ഥലങ്ങലില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ വിന്യസിക്കും. ഇതിനായി സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ നാളെ രാവിലെ മുതല്‍ ഫെബ്രുവരി പത്തു വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
പൊതുസമ്മേളനങ്ങള്‍, വിവാഹം, അതുപോലുളള മറ്റ് ചടങ്ങുകള്‍ എന്നിവ നടത്തുന്നതിന് അടഞ്ഞ ഹാളുകള്‍ കഴിയുന്നതും ഒഴിവാക്കണം. പകരം അവ തുറസ്സായ സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് നടത്തുകയാവും ഉചിതം. ഇക്കാര്യത്തില്‍ ഹോട്ടല്‍ അധികൃതരുടെയും മറ്റും സഹകരണം അത്യാവശ്യമാണ്. രാത്രിയില്‍ അത്യാവശ്യ യാത്രകള്‍ മാത്രമേ നടത്താവൂ. രാത്രി പത്ത് മണിക്കുശേഷം യാത്രകള്‍ കഴിയുന്നതും ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ‘അടിസ്ഥാനങ്ങളിലേയ്ക്ക് തിരികെ പോവുക’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പ്രതിരോധപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമിച്ചുവരുന്നത്. അതിന്റെ ഭാഗമായി മാധ്യമങ്ങള്‍ ഉപയോഗിച്ചും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കാനും പ്രവര്‍ത്തന സജ്ജരാക്കാനും വേണ്ട കാര്യങ്ങള്‍ നടന്നു വരുന്നു. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാലുടനെ ടെസ്റ്റ് നടത്താനും രോഗം കണ്ടെത്താനും വേണ്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. സെറോ സര്‍വൈലന്‍സ് സര്‍വേയും ജീനോം പഠനവും നടന്നു വരികയാണ്. ഫെബ്രുവരി 15ന് ആദ്യത്തെ റിപ്പോര്‍ട്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നത്തെ കോവിഡ് രോഗികളുടെ എണ്ണം
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 5,771 പേരിൽ 5228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോവിഡ് രോഗികളുടെ എണ്ണം ജില്ല തിരിച്ച്
എറണാകുളം 784
കൊല്ലം 685
കോഴിക്കോട് 584
കോട്ടയം 522
പത്തനംതിട്ട 452
ആലപ്പുഴ 432
തൃശൂര്‍ 424
മലപ്പുറം 413
തിരുവനന്തപുരം 408
ഇടുക്കി 279
കണ്ണൂര്‍ 275
പാലക്കാട് 236
വയനാട് 193
കാസര്‍ഗോഡ് 84
യുകെയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 74 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 51 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87 ആണ്. റുട്ടീന്‍ സാംപിൾ, സെന്റിനൽ സാംപിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 94,59,221 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,682 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5,228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 738, കൊല്ലം 679, കോഴിക്കോട് 567, കോട്ടയം 483, പത്തനംതിട്ട 414, ആലപ്പുഴ 426, തൃശൂര്‍ 414, മലപ്പുറം 394, തിരുവനന്തപുരം 313, ഇടുക്കി 263, കണ്ണൂര്‍ 199, പാലക്കാട് 89, വയനാട് 185, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, എറണാകുളം, പാലക്കാട്, വയനാട് 5 വീതം, പത്തനംതിട്ട, തൃശൂര്‍ 4 വീതം, തിരുവനന്തപുരം 3, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5594 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 270, കൊല്ലം 547, പത്തനംതിട്ട 529, ആലപ്പുഴ 391, കോട്ടയം 482, ഇടുക്കി 282, എറണാകുളം 792, തൃശൂര്‍ 612, പാലക്കാട് 148, മലപ്പുറം 387, കോഴിക്കോട് 610, വയനാട് 224, കണ്ണൂര്‍ 274, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
ഇതോടെ 72,392 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,35,046 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,935 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,809 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1601 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 6), ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ ഇട്ടിവ (1, 8), തൃക്കരുവ (5), തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ (സബ് വാര്‍ഡ് 11), ഇടുക്കി ജില്ലയിലെ കടയത്തൂര്‍ (സബ് വാര്‍ഡ് 3, 4, 5, 7, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 404 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.