തിരുവനന്തപുരം: സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നത് അതിവേഗം. ഇന്നലെ 91 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2,000 കടന്നു. 2,005 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഏഴായിരം വരെയാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 1,174 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

12 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത്. ജനുവരി 30 നാണ് കേരളത്തിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. മേയ് 27 ലേക്ക് എത്തിയപ്പോൾ ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു. എന്നാൽ, ആയിരത്തിൽ നിന്ന് രണ്ടായിരത്തിലേക്ക് എത്താൻ പിന്നീട് എടുത്തത് വെറും 12 ദിവസം മാത്രം. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരിലാണ് കൂടുതലും രോഗം സ്ഥിരീകരിച്ചത്.

Read Also: തൃശൂർ ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുന്നു; ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

മലപ്പുറം (163), പാലക്കാട് (158), തൃശൂർ (114) എന്നീ മൂന്ന് ജില്ലകളിലാണ് ഇപ്പോൾ നൂറിൽ കൂടുതൽ രോഗികൾ ചികിത്സയിലുള്ളത്. വെെറസ് ബാധ സ്ഥിരീകരിച്ചവരിൽ 814 പേർക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്.

അതേസമയം, സംസ്ഥാനത്തെ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും ഇന്നുമുതൽ തുറന്നുപ്രവർത്തിക്കും. സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും ആരാധനാലയങ്ങളിലും മാളുകളിലും ഹോട്ടലുകളിലും ഇന്നുമുതൽ ആളുകളെ പ്രവേശിപ്പിക്കുക. നിയന്ത്രണങ്ങളിൽ ലംഘനമുണ്ടായാൽ പകർച്ചവ്യാധി നിയമപ്രകാരം നടപടിയെടുക്കും. ഇന്നുമുതൽ തുറന്നുപ്രവർത്തിക്കേണ്ടതിനാൽ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും ഇന്നലെ അണുവിമുക്‌തമാക്കിയിരുന്നു. സംസ്ഥാനത്തെ നിരവധി ആരാധനാലയങ്ങൾ ജൂൺ 30 വരെ തുറന്നുപ്രവർത്തിക്കേണ്ട എന്നു തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വേണ്ടെന്ന് പല ആരാധനാലയങ്ങളും തീരുമാനിച്ചിട്ടുള്ളത്.

Read Also: ആരാധനാലയങ്ങളും മാളുകളും ഇന്നുമുതൽ തുറന്നുപ്രവർത്തിക്കും; മാർഗനിർദേശങ്ങൾ പാലിക്കണം

ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകൾ കേരളത്തിൽ വർധിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് രോഗവ്യാപനം വർധിക്കാൻ കാരണമാകുമെന്നാണ് ഐഎംഎ മുന്നറിയിപ്പ് നൽകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.