തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രതിദിന എണ്ണം 3000 കടന്നു. 3026 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3000 കടക്കുന്നത്. ഞായറാഴ്ച 3082 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവരുടെ എണ്ണവും കൂടുതലാണ്. 237 പേരുടെ സമ്പര്‍ക്ക ഉറവിടമാണ് വ്യക്തമല്ലാത്തത്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുന്നൂറിലധികമാണ്. ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് നൂറിൽ കുറവ് കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്.
Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 23,217 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 68,863 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 237 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 163 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
89 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 32, തിരുവനന്തപുരം ജില്ലയിലെ 19, എറണാകുളം ജില്ലയിലെ 12, മലപ്പുറം ജില്ലയിലെ 10, കാസര്‍ഗോഡ് ജില്ലയിലെ 5, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 3 വീതവും, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ രണ്ട് സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ക്കും രോഗം ബാധിച്ചു.
ഇന്ന് കോവിഡ് സ്ഥീരീകരിച്ചവർ (ജില്ല തിരിച്ച്)
തിരുവനന്തപുരം – 562
മലപ്പുറം – 358
എറണാകുളം – 318
കോഴിക്കോട് – 246
പാലക്കാട് – 226
ആലപ്പുഴ – 217
കൊല്ലം – 209
കോട്ടയം – 168
കാസര്‍ഗോഡ് – 166
പത്തനംതിട്ട – 160
കണ്ണൂര്‍ – 158
തൃശൂര്‍ – 129
ഇടുക്കി – 85
വയനാട് – 24
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
തിരുവനന്തപുരം – 542
മലപ്പുറം – 323
എറണാകുളം – 293
കോഴിക്കോട് – 238
കൊല്ലം – 201
ആലപ്പുഴ – 183
പാലക്കാട് – 175
കോട്ടയം – 168
കാസര്‍ഗോഡ് – 159
കണ്ണൂര്‍ – 117
പത്തനംതിട്ട – 114
തൃശൂര്‍ – 126
ഇടുക്കി – 63
വയനാട് – 21
രോഗമുക്തി നേടിയവർ
തിരുവനന്തപുരം – 389
കൊല്ലം – 191
പത്തനംതിട്ട – 90
ആലപ്പുഴ – 147
കോട്ടയം – 133
ഇടുക്കി – 12
എറണാകുളം – 204
തൃശൂര്‍ – 110
പാലക്കാട് – 59
മലപ്പുറം – 159
കോഴിക്കോട് – 145
വയനാട് – 25
കണ്ണൂര്‍ – 106
കാസര്‍ഗോഡ് – 92
13 മരണങ്ങൾ സ്ഥിരീകരിച്ചു
13 മരണങ്ങൾ കോവിഡ് രോഗബാധയെ തുടർന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.ഇതോടെ ആകെ മരണം 372 ആയി.
സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന്‍ (80), കണ്ണൂര്‍ തിരുവാണി ടെമ്പിള്‍ സ്വദേശിനി വി. രമ (54), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തൃശൂര്‍ ചെങ്ങള്ളൂര്‍ സ്വദേശി ബാഹുലേയന്‍ (57), എറണാകുളം സ്വദേശി സതീഷ്‌കുമാര്‍ ഗുപ്ത (71) എന്നിവരുടെ മരണ കാരണം കോവിഡ്-19 രോഗബാധയാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.
സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ആഗസ്റ്റ് 29ന് മരണമടഞ്ഞ കണ്ണൂര്‍ തലശേരി സ്വദേശി രമേശ് ബാബു (56), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം മുളയറ സ്വദേശി മഹേഷ് (44), എറണാകുളം സ്വദേശി കെ.ഇ. ശ്രീധരന്‍ (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ കണ്ണൂര്‍ കണ്ണപുരം സ്വദേശി മുനീര്‍ (44), ആഗസ്റ്റ് 24ന് മരണമടഞ്ഞ കോഴിക്കോട് നടക്കാവ് സ്വദേശിനി അസ്മാബി (49), എന്നിവരുടെ മരണകാരണവും ഇന്ന് സ്ഥിരീകരിച്ചു.
1,98,850 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,850 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,80,963 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2076 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 37,264 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 37,264 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 19,33,294 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,85,137 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
13 പുതിയ ഹോട്ട് സ്‌പോട്ടുകൾ
ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തഴവ (വാര്‍ഡ് 22), ഓച്ചിറ (13, 14), കരീപ്ര (18), തിരുവനന്തപുരം ജില്ലയിലെ വിതുര (14), കടയ്ക്കാവൂര്‍ (സബ് വാര്‍ഡ് 9, 11), നെല്ലനാട് (സബ് വാര്‍ഡ് 6), വയനാട് ജില്ലയിലെ തിരുനെല്ലി (6, 11), എടവക (സബ് വാര്‍ഡ് 13), കോട്ടയം ജില്ലയിലെ അയര്‍കുന്നം (19), ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ (സബ് വാര്‍ഡ് 6, 7, 8, 9), തൃശൂര്‍ ജില്ലയിലെ പഞ്ചാല്‍ (12), മലപ്പുറം ജില്ലയിലെ തിരുനാവായ (സബ് വാര്‍ഡ് 17) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
20 പ്രദേശങ്ങളെ ഒഴിവാക്കി
20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആര്യങ്കോട് (വാര്‍ഡ് 1, 15, 16), കരവാരം (സബ് വാര്‍ഡ് 6), അണ്ടൂര്‍കോണം (1), മാണിക്കല്‍ (18, 19, 20), മാറനല്ലൂര്‍ (13), ഒറ്റശേഖരമംഗലം (5, 10, 12, 13), പനവൂര്‍ (4, 7, 10,11), വര്‍ക്കല മുന്‍സിപ്പാലിറ്റി (1, 20, 21, 22, 27, 28), വെട്ടൂര്‍ (1, 11, 12, 13, 14), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), പൂക്കോട്ടുകാവ് (5, 6 (സബ് വാര്‍ഡ്), പുതുനഗരം (7), പെരിങ്ങോട്ടുകുറിശി (1, 16), കൊല്ലങ്കോട് (സബ് വാര്‍ഡ് 3), കോട്ടയം ജില്ലയിലെ കുമരകം (7, 14), ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (14), തൃശൂര്‍ ജില്ലയിലെ ചേലക്കര (സബ് വാര്‍ഡ് 8), പാവറട്ടി (3, 5, 6), ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 6, 7), കൊല്ലം ജില്ലയിലെ വെട്ടിക്കവല (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 568 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കാസർഗോട്ടെ കോവിഡ് ആശുപത്രി ഉദ്ഘാടനം നാളെ
കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനുമായി കാസർഗോട്ട് നിർമാണം പൂർത്തിയായ കോവിഡ് ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും. ടാറ്റാ പ്രൊജക്ട് നിർമാണ പ്രവൃത്തി പൂർത്തീകരിച്ച കെട്ടിട സമുച്ഛയമാണ് സർക്കാരിന് കൈമാറുന്നത്. ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി നിർവ്വഹിക്കും. റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തും.
വയനാട് ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
കോവിഡ് -19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ വയനാട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു.
- ഇളവുകൾ പ്രകാരം വിവാഹ അനുബന്ധ ചടങ്ങുകള്‍ക്ക് പരമാവധി 50 ആളുകള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം. ഈ ചടങ്ങുകള്‍ക്ക് പോലിസ് അധികാരികളില്‍ നിന്ന് അനുമതി വാങ്ങേണ്ടതില്ല. അതേസമയം, തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കണം.
- ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരം രജിസ്റ്ററില്‍ രേഖപെടുത്തേണ്ടതും സാമൂഹ്യ അകലം. മുഖാവരണം എന്നിവ പാലിക്കേണ്ടതുമാണ്. ചടങ്ങുകള്‍ നടക്കുന്നയിടത്ത് സാനിറ്റൈസര്‍, കൈ കഴുകുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണ്.
- കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജിംനേഷ്യം, യോഗ സെന്റര്‍, മറ്റ് കായിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവ കാഴ്ചക്കാര്‍ ഇല്ലാതെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. സമയം നിശ്ചയിച്ച്, സ്ഥാപനത്തിലെ സ്‌ക്വയര്‍ ഫീറ്റിന് അനുസൃതമായി മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവു.
- ജില്ലയിലെ തുറന്ന മൈതാനങ്ങള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയില്‍ കായിക പരിശീലനം കാണികള്‍ ഇല്ലാതെ നടത്തുന്നതിനും പുതിയ ഉത്തരവില്‍ അനുമതി നല്‍കി.
- ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 9 മണിവരെയായി നിജപ്പെടുത്തി.
എന്തിനെയും നേരിടാൻ തയാറായിരിക്കുക, കോവിഡ് അല്ല അവസാന മഹാമാരി; മുന്നറിയിപ്പ്
കോവിഡ് മഹാമാരി അവസാനത്തേത് അല്ലെന്നും എന്തിനെയും നേരിടാൻ തയ്യാറായിരിക്കണമെന്നും ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. എന്തിനെയും നേരിടാൻ പൊതു ആരോഗ്യസംവിധാനങ്ങൾ സജ്ജമായിരിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. “കോവിഡ് ആയിരിക്കില്ല ലോകത്തെ അവസാനത്തെ മഹാമാരി. മഹാമാരികളുടെ വ്യാപനം ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ, അടുത്ത മഹാമാരി വരുമ്പോൾ ലോകം അതിനെ നേരിടാൻ കൂടുതൽ സജ്ജമായിരിക്കും,” ലോകാരോഗ്യസംഘടന മേധാവി ടെട്രോഡ് അഥനോം പറഞ്ഞു
തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവർ അഞ്ഞൂറിലധികം
തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 562 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 542 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 389 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.
ഇന്ന് ജില്ലയില്‍ പുതുതായി 1,016 പേര്‍ രോഗനിരീക്ഷണത്തിലായി. 811 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.ഇന്ന് 523 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 560 പരിശോധന ഫലങ്ങള്‍ ലഭിച്ചു.
കൊല്ലത്ത് 209 പേർക്ക് രോഗം സ്ഥിരീകരിച്ചു
കൊല്ലം ജില്ലയിൽ ഇന്ന് 209 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ മൂന്ന് പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ രണ്ട് പേർക്കും സമ്പർക്കം മൂലം 201 പേർക്കും, മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 191 പേർ രോഗമുക്തി നേടി.
പത്തനംതിട്ടയിൽ 160 പേര്‍ക്ക് കോവിഡ്; 113 പേര്‍ രോഗമുക്തരായി
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 113 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 117 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ആലപ്പുഴയിൽ 217 പേർക്ക് രോഗബാധ; 183 പേർക്ക് സമ്പർക്കത്തിലൂടെ
ഇന്ന് ആലപ്പുഴ ജില്ലയിൽ 217 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 183 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അഞ്ചു പേർ വിദേശത്തുനിന്നും 29 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
ഇന്ന് 147 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 5199 പേരാണ് രോഗമുക്തരായത്. ആകെ 1589 പേർ നിലവിൽ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.
കോട്ടയത്ത് 168 പേർക്ക് കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ
കോട്ടയം ജില്ലയില്‍ 168 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. രോഗം ഭേദമായ 141 പേര്‍ കൂടി ആശുപത്രി വിട്ടു.
രോഗബാധിതരില്‍ 30 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. കങ്ങഴ-14, ആര്‍പ്പൂക്കര-12, മീനടം-11, അയ്മനം-10, ഏറ്റുമാനൂര്‍-9, അതിരമ്പുഴ-8, തിരുവാര്‍പ്പ്-7, ഈരാറ്റുപേട്ട-6, പാമ്പാടി, തലയാഴം-5 എന്നിവയാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍. നിലവില്‍ ജില്ലയിൽ 1715 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5166 പേര്‍ രോഗബാധിതരായി. 3448 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17371 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
ഇടുക്കിയിൽ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ച ദിവസം
ഇടുക്കി ജില്ലയിൽ ഇന്ന് 85 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു ദിവസം ഏറ്റവും അധികം ആളുകൾക്ക് രോഗം ബാധിക്കുന്നത് ഇന്നാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 13 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 22 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചവർ മുന്നൂറിലധികം
എറണാകുളം ജില്ലയിൽ ഇന്ന് 318 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 293 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തുനിന്നോ ഇതര സംസ്ഥനത്ത് നിന്നോ എത്തിയവർ നാലു പേരാണ്.
ഇന്ന് പേർ 204 രോഗ മുക്തി നേടി. ഇന്ന് 1258 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1268 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1440 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1529 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 793 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
തൃശൂരിൽ 129 പേർക്ക് കോവിഡ്; 110 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 129 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. സമ്പർക്കം വഴി 128 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാല് ആരോഗ്യ പ്രവർത്തകർ, ഒരു ഫ്രണ്ട് ലൈൻ വർക്കർ എന്നിവർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 60 വയസ്സിന് മുകളിൽ 13 പുരുഷൻമാരും 6 സ്ത്രീകളും 10 വയസ്സിന് താഴെ 6 ആൺകുട്ടികളും 4 പെൺകുട്ടികളും ഉൾപ്പെടുന്നു.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1520 ആണ്. തൃശൂർ സ്വദേശികളായ 33 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5612 ആണ്. ഇതുവരെ രോഗമുക്തരായത് 4037 പേരാണ്.
പാലക്കാട് രോഗം സ്ഥിരീകരിച്ചവർ ഇരുന്നൂറിലധികം
പാലക്കാട് ജില്ലയിൽ ഇന്ന് 226 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേർ, വിദേശത്ത് നിന്ന് വന്ന 9 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 41 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 36 പേർ എന്നിവർ ഉൾപ്പെടും. 83 പേർ ഇന്ന് രോഗമുക്തി നേടി.
മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവർ മുന്നൂറിലധികം; 31 പേരുടെ രോഗ ഉറവിടം അറിയില്ല
മലപ്പുറം ജില്ലയില്‍ ഇന്ന് 358 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 292 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 31 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
ജില്ലയില്‍ ഇന്ന് 158 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 8,953 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
കോഴിക്കോട്ട് കോവിഡ് 246; രോഗ ഉറവിടം വ്യക്തമല്ലാത്തവർ 23
ജില്ലയില്‍ ഇന്ന് 246 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 145 പേര്‍ കൂടി രോഗമുക്തിനേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പര്‍ക്കം വഴി 213 പേര്‍ക്കാണ് രോഗം ബാധിച്ചത്. 23 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒന്‍പത് പേര്‍ക്കുമാണ് പോസിറ്റീവായത്.
സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 97 പേര്‍ക്കു രോഗം ബാധിച്ചു. അതില്‍ നാലു പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ നാലു അതിഥി തൊഴിലാളികള്‍ക്കും പോസിറ്റീവായി.ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1734 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന
വയനാട് ജില്ലയില്‍ 24 പേര്‍ക്ക് കോവിഡ്; 25 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ നാല് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1732 ആയി. ഇതില്‍ 1474 പേര്‍ രോഗമുക്തരായി. നിലവില്‍ 249 പേരാണ് ചികിത്സയിലുള്ളത്.
കണ്ണൂരിൽ 158 പേർക്ക് കോവിഡ്; 106 പേർക്ക് രോഗമുക്തി
കണ്ണൂർ ജില്ലയിൽ ഇന്ന് 158 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 117 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് ജില്ലയിൽ 106 പേർ രോഗമുക്തി നേടി.
കാസർഗോട്ട് 166 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 163 പേര്‍ക്ക്
കാസർഗോഡ് ജില്ലയില്‍ ഇന്ന് 166 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 163 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടാള്‍ക്കും വിദേശത്ത് നിന്നെത്തിയഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 92 പേര്‍ രോഗമുക്തി നേടി.
6408 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 605 പേര്‍ വിദേശത്ത് നിന്നെത്തിയവരും 444 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5359 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4498 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 75,809 പേർക്ക് കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 42,804,423 ആയി. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,133 പേർക്ക് ജീവൻ നഷ്ടമായി. ആകെ കോവിഡ് മരണം 72,775 ആയി ഉയർന്നു. രാജ്യത്ത് നിലവിൽ 8,83,697 പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 33,23,951 പേർ രോഗമുക്തി നേടി.
Read Also: തട്ടിപ്പ് കേസ്: എം.സി.കമറുദ്ദീൻ എംഎൽഎയുടെ വീട്ടിൽ റെയ്‌ഡ്
കോവിഡ് പരിശോധന കുറഞ്ഞത് അവധിയായതിനാൽ
സംസ്ഥാനത്ത് ഞായറാഴ്‌ച കോവിഡ് പരിശോധന പകുതിയായി കുറഞ്ഞു. നാൽപ്പതിനായിരത്തിൽ നിന്ന് ഇരുപതിനായിരമായി കുറഞ്ഞത് ഞായറാഴ്‌ച അവധി ദിവസത്തിന്റെ ആലസ്യത്തിലെന്നാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. ഇന്നലത്തെ കണക്കനുസരിച്ച് 12 പേരെ പരിശോധിക്കുമ്പോൾ ഒരാൾക്ക് കോവിഡ് കണ്ടെത്തുന്നു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ എട്ട് ശതമാനമാണ്. ഇത് അഞ്ച് ശതമാനത്തിൽ നിർത്താനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്.