തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. 3082 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3000 കടക്കുന്നത്.

സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിലധികമാണ്. ഇതിൽ കോട്ടയം, തൃശൂര്‍, പാലക്കാട് , പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുന്നൂറോ അതിലധികമോ ആണ്. തിരുവനന്തപുരം ജില്ലയിൽ 528 പേർക്കും മലപ്പുറം ജില്ലയിൽ 324 പേർക്കും കൊല്ലം ജില്ലയിൽ 328 പേർക്കും രോഗം സ്ഥിരീകരിച്ചു.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2844 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 20, തിരുവനന്തപുരം ജില്ലയിലെ 9, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 3, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 2 വീതവും, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ (ജില്ല തിരിച്ചുള്ള കണക്ക്)

 • തിരുവനന്തപുരം – 528
 • മലപ്പുറം – 324
 • കൊല്ലം – 328
 • എറണാകുളം – 281
 • കോഴിക്കോട് – 264
 • ആലപ്പുഴ – 221
 • കാസര്‍ഗോഡ് – 218
 • കണ്ണൂര്‍ – 200
 • കോട്ടയം – 195
 • തൃശൂര്‍ – 169
 • പാലക്കാട് – 162
 • പത്തനംതിട്ട – 113
 • വയനാട് – 40
 • ഇടുക്കി – 39

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തിരുവനന്തപുരം – 515
 • കൊല്ലം – 302
 • മലപ്പുറം – 297
 • എറണാകുളം – 276
 • കോഴിക്കോട് – 253
 • കാസര്‍ഗോഡ് – 203
 • ആലപ്പുഴ – 200
 • കോട്ടയം – 190
 • കണ്ണൂര്‍ – 169
 • തൃശൂര്‍ – 157
 • പാലക്കാട് – 126
 • പത്തനംതിട്ട – 94
 • വയനാട് – 35
 • ഇടുക്കി – 27

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം-618
 • കൊല്ലം-204
 • പത്തനംതിട്ട-88
 • ആലപ്പുഴ-36
 • കോട്ടയം-130
 • ഇടുക്കി-19
 • എറണാകുളം-185
 • തൃശൂര്‍-145
 • പാലക്കാട്-95
 • മലപ്പുറം-202
 • കോഴിക്കോട്- 265
 • വയനാട്-30
 • കണ്ണൂര്‍-69
 • കാസര്‍ഗോഡ്-110

2,00,296 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,296 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,789 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,507 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2410 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 41,392 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,392 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 18,72,496 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,83,771 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

10 മരണങ്ങൾ സ്ഥിരീകരിച്ചു

10 മരണങ്ങൾ കോവിഡ്-19 കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിനി സുധ (58), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കുമാരദാസ് (68), തിരുവനന്തപുരം അമരവിള സ്വദേശി മനോഹരന്‍ (56), കോഴിക്കോട് മാവൂര്‍ സ്വദേശി കമ്മുകുട്ടി (58) എന്നിവരുടെ മരണ കാരണം കോവിഡ്-19 രോഗബാധയാണെന്ന് ഇന്ന് കണ്ടെത്തി.

,സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ കണ്ണൂര്‍ തോട്ടട സ്വദേശി ടി.പി. ജനാര്‍ദനന്‍ (69)  ആലപ്പുഴ കരുമാടി സ്വദേശി അനിയന്‍ കുഞ്ഞ് (61), തിരുവനന്തപുരം നെട്ടയം സ്വദേശിനി ഓമന (66), ആഗസ്റ്റ് 21ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി ബീഫാത്തിമ (84), ആഗസ്റ്റ് 31ന് മരണമടഞ്ഞ കോഴിക്കോട് മൂടാടി സ്വദേശിനി സൗദ (58) എന്നിവരുടെ മരണകാരണവും ഇന്ന് സ്ഥിരീകരിച്ചു.

23 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), വടശേരിക്കര (സബ് വാര്‍ഡ് 9), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2), ഇരവിപ്പേരൂര്‍ (സബ് വാര്‍ഡ് 1), അരുവാപ്പുലം (സബ് വാര്‍ഡ് 8, 9), നെടുമ്പ്രം (സബ് വാര്‍ഡ് 12), നരനംമൂഴി (സബ് വാര്‍ഡ് 7), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ പെരിഞ്ഞാനം (വാര്‍ഡ് 1), വലപ്പാട് (5, 10, 13 (സബ് വാര്‍ഡ്), പാവറട്ടി (സബ് വാര്‍ഡ് 3), പാലക്കാട് ജില്ലയിലെ തെങ്കര (3, 13), കുത്തനൂര്‍ (4), കോങ്ങാട് (11), കൊല്ലം ജില്ലയിലെ പട്ടാഴി (13), തലവൂര്‍ (18 (സബ് വാര്‍ഡ്), 9), ഇടമുളയ്ക്കല്‍ (സബ് വാര്‍ഡ് 22), ആലപ്പുഴ ജില്ലയിലെ താമരക്കുളം (9, 12, 13 (സബ് വാര്‍ഡ്), കാവാലം (1, 5), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (9, 10 (സബ് വാര്‍ഡുകള്‍), 12, 18), എടച്ചേരി (സബ് വാര്‍ഡ് 11, 12), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (8), ഉദയഗിരി (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

20 പ്രദേശങ്ങളെ ഒഴിവാക്കി

20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ചക്കുപാലം (സബ് വാര്‍ഡ് 4), ദേവികുളം (സബ് വാര്‍ഡ് 12), കാമാക്ഷി (6), കട്ടപ്പന (12), കുമളി (9, 10, 12 (സബ് വാര്‍ഡ്), കുമാരമംഗലം (3, 4, 13 (സബ് വാര്‍ഡ്), മരിയപുരം (സബ് വാര്‍ഡ് 8, 9), പാമ്പാടുംപാറ (3, 4 (സബ് വാര്‍ഡ്), പീരുമേട് (9), രാജകുമാരി (8), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), പാലക്കാട് ജില്ലയിലെ അകത്തേത്തറ (2, 16), മുതുതല (15), തച്ചമ്പാറ (14), തൃശൂര്‍ ജില്ലയിലെ കോലാഴി (12, 14, 16 (സബ് വാര്‍ഡ്), വാരാന്തറപ്പള്ളി (സബ് വാര്‍ഡ് 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 17, 19, 20, 21, 22, 23), കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ (5), എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 9) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 557 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മന്ത്രി ഔദ്യോഗിക വസതിയിൽ ഐസലേഷനിലേക്ക് മാറി.

തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇന്ന് 590 പേര്‍ക്കാണ് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 515 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 618 പേർ ജില്ലയിൽ രോഗമുക്തി നേടി.

കൊല്ലത്ത് പുതിയ രോഗികൾ മുന്നൂറിലധികം

കൊല്ലം ജില്ലയിൽ ഇന്ന് മുന്നൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 328 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചുത്. സമ്പർക്കത്തിലൂടെ 302 പേർക്കാണ് രോഗം ബാധിച്ചത്. ആറ് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 9 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 11 പേർക്കും ഇന്ന് കോവിഡ് പോസിറ്റീവായി. ജില്ലയിൽ ഇന്ന് 204 പേർ രോഗമുക്തി നേടി. സെപ്റ്റംബർ 1 ന് മരണപ്പെട്ട കൊല്ലം കോർപ്പറേഷൻ കൈക്കുളങ്ങര സ്വദേശി ആന്റണി (70) യുടെ മരണം കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

പത്തനംതിട്ടയിൽ 113 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 113 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 121 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 94 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ചവർ 221, രോഗമുക്തി 36 പേർക്ക്

ആലപ്പുഴ ജില്ലയിൽ ഇന്ന് 221 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 200 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്പത് പേർ വിദേശത്തുനിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 36 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. നിലവിൽ ജില്ലയിൽ ആകെ 1573 പേർ ചികിത്സയിലുണ്ട്. ആകെ 4920 പേർ രോഗമുക്തരായി.

കോട്ടയത്ത് 195 പേർക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 195 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന അഞ്ചുപേരും രോഗബാധിതരായി.

സമ്പര്‍ക്കം മുഖേന രോഗബാധിതരായവരില്‍ 57 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ആര്‍പ്പൂക്കര-15, തിരുവാര്‍പ്പ്-10, പാമ്പാടി-8, അയ്മനം, ചങ്ങനാശേരി, പുതുപ്പള്ളി-7 വീതം, ഏറ്റുമാനൂര്‍, കരൂര്‍-5 വീതം, കൂരോപ്പട, കുറിച്ചി-4 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 133 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1650 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4845 പേര്‍ രോഗബാധിതരായി. 3192 പേര്‍ ഇതുവരെ രോഗമുക്തി നേടി.

ഇടുക്കിയിൽ 39 പേർക്ക് രോഗബാധ; 19 പേർക്ക് രോഗമുക്തി

ഇടുക്കി ജില്ലയിൽ ഇന്ന് 39 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 8 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 19 പേർ രോഗമുക്തി നേടി.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത് 281 പേർക്ക്

എറണാകുളം ജില്ലയിൽ ഇന്ന് 281 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 276 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് പേർ 185 രോഗ മുക്തി നേടി.

ഇന്ന് 1698 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1212 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1383 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1195 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 951 ഫലങ്ങളാണ് ലഭിക്കാനുള്ളത്

തൃശൂരിൽ 169 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ 169 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 145 പേർ രോഗമുക്തരായി. ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി 160 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 33 പേരുടെ ഉറവിടം അറിയില്ല. മൂന്ന് ഫ്രൻറ്‌ലൈൻ വർക്കർമാർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന എട്ട് പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ അഞ്ച് പുരുഷൻമാരും ഒമ്പത് സ്ത്രീകളുമുണ്ട്. 10 വയസ്സിന് താഴെ ആറ് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമുണ്ട്.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1531 ആണ്. തൃശൂർ സ്വദേശികളായ 35 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. 5355 പേരാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവർ. ഇതുവരെ 3772 പേർ രോഗമുക്തരായി.

പാലക്കാട് ജില്ലയിൽ 162 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 162 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 74 പേർ, വിദേശത്ത് നിന്ന് വന്ന 10 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 25 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 52 പേർ എന്നിവർ ഉൾപ്പെടും. 95 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

മലപ്പുറത്ത് പുതിയ കോവിഡ് സ്ഥിരീകരിച്ചത് മുന്നൂറിലധികം പേർക്ക്

മലപ്പുറം ജില്ലയില്‍ ഇന്ന് 324 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു 202 പേര്‍ രോഗമുക്തി നേടി.ജില്ലയില്‍ ഇന്ന് 202 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 8,594 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 280 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 17 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

കോഴിക്കോട്ട് രോഗം സ്ഥിരീകരിച്ചത് 264 പേർക്ക്; 265 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയിൽ ഇന്ന് 264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 230 പേർക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11 പേർക്കുിം വിദേശത്ത് നിന്ന് എത്തിയ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് 265 പേര്‍ക്ക് രോഗമുക്തി നേടി. 409 പേര്‍ കൂടി ഇന്ന് നിരീക്ഷണത്തിലായി. ഇന്ന് പുതുതായി വന്ന 409 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15,200 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 94,008 പേര്‍ നിരീക്ഷണ കാലാവധി പൂർത്തിയാക്കി.

ഇന്ന് 4112 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 2,15,368 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,14,025 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 2,07,549 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1343 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

വയനാട് ജില്ലയിൽ 40 പേര്‍ക്ക് കോവിഡ്; 30 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേർക്കും സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്കുമാണ് രോഗബാധ. ഇവരിൽ രണ്ടുപേർ ഉറവിടം അറിയാത്തവരാണ്. 30 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1704 ആയി. ഇതില്‍ 1429 പേര്‍ രോഗമുക്തരായി. 266 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കണ്ണൂരിൽ 200 പേർക്ക് കോവിഡ്

കണ്ണൂർ ജില്ലയിൽ ഇന്ന് 200 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 169 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ കോവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 67 പേര്‍ കൂടി ഇന്ന് ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3180 ആയി.

കാസർഗോട്ട് തുടര്‍ച്ചയായ മൂന്നാംദിനവും രോഗബാധിതർ ഇരുന്നൂറിലധികം

ജില്ലയില്‍ ഇന്ന് 218 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാംദിനമാണിത് 200 നുമുകളില്‍ പോസറ്റീവ് കേസ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.112 പേര്‍ക്ക് ജില്ലയില്‍ ഇന്ന് രോഗം ഭേദമായി.

സെപ്തംബര്‍ നാല് മുതല്‍ ആറുവരെയായി 730 പേര്‍ക്കാണ് പുതുതായി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സെപ്തംബര്‍ നാലിന് 236 പേര്‍ക്കും സെപ്തംബര്‍ അഞ്ചിന് 276 പേര്‍ക്കും ഇന്ന് 218 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സെന്റിനല്‍ സര്‍വ്വേയടക്കം ഇന്ന് 1538 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 357 എണ്ണം ആര്‍ ടി പി സിആര്‍ പരിശോധനകളും 1181 എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്.ഇതുവരെയായി 67175 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇനി 762 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഹോമിയോ മരുന്ന് കഴിച്ചവരിൽ കോവിഡ് ബാധ കുറഞ്ഞു: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കോവിഡ് ബാധ കുറവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കുറച്ചുപേർക്ക് മാത്രമേ രോഗം വന്നിട്ടുള്ളൂ. ഇവർക്ക് വളരെ പെട്ടന്ന് രോഗം മാറിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം വേഗത്തില്‍ ഭേദമായിട്ടുണ്ട്. മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവര്‍ക്ക് നെഗറ്റീവായത്. ഹോമിയോ വകുപ്പിലെ പത്തനംതിട്ട ഡിഎംഒ ഡോ.ബിജു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഹോമിയോ മരുന്ന് ഉപയോഗിച്ച് കോവിഡ് പോസിറ്റീവ് ആയവരെ ചികിത്സിക്കാൻ ഐസിഎംആർ മാർഗനിർദേശങ്ങൾ അനുവദിക്കുന്നില്ല. എന്നാൽ, രോഗം വരാതിരിക്കാനുള്ള ഹോമിയോ പ്രതിരോധ മരുന്ന് കേരളത്തിൽ നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 90,633 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 1,065 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ ആകെ മരണസംഖ്യ 70,626 ആയി. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 41,13,812 ആയി. നിലവിൽ 8,62,320 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 31,80,866 പേർ രോഗമുക്തി നേടി. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.