തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. 8830 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആദ്യമായാണ് സംസ്ഥാനത്ത് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 8000 കടക്കുന്നത്.

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 1056 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിൽ ഒരു ദിവസം ആയിരത്തിലധികം രോഗബാധ സ്ഥിരീകരിക്കുന്നത്. നേരത്തേ തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ പ്രതിദിന രോഗബാധ ആയിരം കടന്നിരുന്നു.

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ തൊള്ളായിരത്തിലധികമാണ് പുതിയ രോഗികൾ. തിരുവനന്തപുരത്ത് 986 പേർക്കും മലപ്പുറത്ത് 977 പേർക്കും കോഴിക്കോട്ട് 942 പേർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് 812പേർക്കും തൃശൂരിൽ 808 പേർക്കും രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ, പാലക്കാട് ജില്ലകളിൽ അറുന്നൂറിലധികമാണ് പുതിയ രോഗബാധിതർ. കണ്ണൂരിൽ 519 പേർക്കും കോട്ടയത്ത് 442 പേർക്കും കാസര്‍ഗോഡ് 321 പേർക്കും രോഗം സ്ഥിരീകരിച്ചു.

പത്തനംതിട്ട, വയനാട് ജില്ലകളിൽ പുതിയ രോഗികളുടെ എണ്ണം ഇരുന്നൂറിലധികമാണ്. ഇടുക്കിയിൽ മാത്രമാണ് ഇരുന്നൂറിൽ താഴെ പുതിയ രോഗബാധ സ്ഥിരീകരിച്ചത്. 157 പേർക്കാണ് ഇടുക്കിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3536 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 67,061 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,28,224 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.കണ്ണൂര്‍ 33, തിരുവനന്തപുരം 32, കാസര്‍ഗോഡ് 13, കോട്ടയം 11, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, കൊല്ലം, തൃശൂര്‍ 4 വീതം, ആലപ്പുഴ, പാലക്കാട് 3 വീതം, മലപ്പുറം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 6 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

  • എറണാകുളം-1056
  • തിരുവനന്തപുരം- 986
  • മലപ്പുറം- 977
  • കോഴിക്കോട്- 942
  • കൊല്ലം- 812
  • തൃശൂര്‍- 808
  • ആലപ്പുഴ- 679
  • പാലക്കാട്- 631
  • കണ്ണൂര്‍- 519
  • കോട്ടയം- 442
  • കാസര്‍ഗോഡ്- 321
  • പത്തനംതിട്ട- 286
  • വയനാട്- 214
  • ഇടുക്കി- 157

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • കോഴിക്കോട്- 910
  • എറണാകുളം-896
  • മലപ്പുറം- 877
  • തിരുവനന്തപുരം- 835
  • കൊല്ലം- 808
  • തൃശൂര്‍- 781
  • ആലപ്പുഴ- 658
  • പാലക്കാട്- 413
  • കണ്ണൂര്‍- 318
  • കോട്ടയം- 422
  • കാസര്‍ഗോഡ്- 286
  • പത്തനംതിട്ട- 195
  • വയനാട്- 196
  • ഇടുക്കി- 105

രോഗമുക്തി നേടിയവർ

  • മലപ്പുറം- 601
  • കോഴിക്കോട്- 589
  • തിരുവനന്തപുരം- 379
  • ആലപ്പുഴ- 302
  • കൊല്ലം- 295
  • എറണാകുളം- 263
  • പാലക്കാട്- 206
  • കണ്ണൂര്‍- 182
  • കാസര്‍ഗോഡ്- 160
  • തൃശൂര്‍- 155
  • കോട്ടയം- 128
  • വയനാട്- 51
  • ഇടുക്കി- 21
  • പത്തനംതിട്ട- 20

23 മരണങ്ങൾ സ്ഥിരീകരിച്ചു

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 742 ആയി.

തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), ശ്രീകണ്‌ഠേശ്വരം സ്വദേശി നടരാജ സുന്ദരം (91), നെടുമങ്ങാട് സ്വദേശി ശശിധരന്‍ നായര്‍ (77), വള്ളക്കടവ് സ്വദേശി അബു താഹിര്‍ (68), പേയാട് സ്വദേശി പദ്മകുമാര്‍ (49), ആലപ്പുഴ മേല്‍പ്പാല്‍ സ്വദേശിനി തങ്കമ്മ വര്‍ഗീസ് (75), മാവേലിക്കര സ്വദേശിനി ശാരി രാജന്‍ (47), ആലപ്പുഴ സ്വദേശിനി പി. ഓമന (63), പത്തനംതിട്ട തിരുവല്ല സ്വദേശി ശശിധരന്‍ (65), കോട്ടയം കണിച്ചുകുളം സ്വദേശിനി അന്നാമ്മ (65), എറണാകുളം പനങ്ങാട് സ്വദേശിനി ലീല (82), പാലക്കാട് സ്വദേശിനി ലക്ഷ്മി (75), മേലാറ്റൂര്‍ സ്വദേശിനി അമ്മിണി (58), ആമയൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (78), നക്ഷത്ര നഗര്‍ സ്വദേശി ബി.സി. കൃഷ്ണദാസ് (55), കുണ്ടളശേരി സ്വദേശി തങ്കപ്പന്‍ (68), കടമ്പഴിപുറം സ്വദേശി റഫീഖ് (35), കൊടുവായൂര്‍ സ്വദേശി രാമന്‍കുട്ടി (80), കടക്കാംകുന്ന് സ്വദേശി മോഹനന്‍ (61), മലപ്പുറം വെട്ടം സ്വദേശിനി പ്രേമ (51), മീനാടത്തൂര്‍ സ്വദേശി സൈനുദ്ദീന്‍ (63), കാസര്‍ഗോഡ് ചിപ്പാര്‍ സ്വദേശി പരമേശ്വര ആചാര്യ (68) എന്നിവരുടെ മരണങ്ങളാണ് കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചത്.

2,40,884 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,40,884 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,11,294 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,590 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3468 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്.

24 മണിക്കൂറിനിടെ 63,682 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,682 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 29,25,734 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,04,349 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

15 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6, 22, 23), കൊടശേരി (സബ് വാര്‍ഡ് 17), മുല്ലശേരി (സബ് വാര്‍ഡ് 2), കോലാഴി (സബ് വാര്‍ഡ് 11), കടങ്ങോട് (സബ് വാര്‍ഡ് 7), കൊണ്ടാഴി (7), ഇടുക്കി ജില്ലയിലെ ഏലപ്പാറ (സബ് വാര്‍ഡ് 13), ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 4, 13), പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ (സബ് വാര്‍ഡ് 8), കല്ലൂപ്പാറ (12), കൊല്ലം ജില്ലയിലെ നെടുമ്പന (13), കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി (1, 2, 3), വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (സബ് വാര്‍ഡ് 7, 11), എറണാകുളം ജില്ലയിലെ കുന്നുകര (സബ് വാര്‍ഡ് 14), കാസര്‍ഗോഡ് ജില്ലയിലെ കുമ്പഡാജെ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 660 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 986 പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 986 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 835 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 379 പേർ ഇന്ന് രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 286 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 286 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 232 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.

കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവർ നാന്നൂറിലധികം

കോട്ടയം ജില്ലയില്‍ 442 പേർക്ക് ഇന്ന് കോവിർഡ് സ്ഥിരീകരിച്ചു. 421 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ എട്ടു പേര്‍ മറ്റു ജില്ലക്കാരാണ്. 12 ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒന്‍പതു പേരും രോഗബാധിതരായി.

രോഗബാധിതരില്‍ 230 പുരുഷന്‍മാരും 157 സ്ത്രീകളും 55 കുട്ടികളും ഉള്‍പ്പെടുന്നു. 56 പേര്‍ 60 വയസിന് മുകളിലുള്ളവരാണ്. ചങ്ങനാശേരി-34, വാഴപ്പള്ളി-32, കോട്ടയം-25, പനച്ചിക്കാട്-20,ആര്‍പ്പൂക്കര, പാറത്തോട്-19, ചെമ്പ്-13, കാഞ്ഞിരപ്പള്ളി-12, അയ്മനം-11, പാമ്പാടി-10, അതിരമ്പുഴ, ഈരാറ്റുപേട്ട-9 വീതം, അയര്‍ക്കുന്നം, കറുകച്ചാല്‍, പുതുപ്പള്ളി, കുറവിലങ്ങാട്-8 വീതം, ഏറ്റുമാനൂര്‍, കരൂര്‍, തിരുവാര്‍പ്പ്-7 വീതം എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. രോഗം ഭേദമായ 140 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 4248 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 10710 പേര്‍ രോഗബാധിതരായി. 6448 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21165 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ഏറ്റവും കുറവ് രോഗബാധ ഇടുക്കിയിൽ

സംസ്ഥാനത്ത് ഇന്ന് ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 157 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 125 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 22 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ വിദേശത്ത് നിന്നും 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ഏറ്റവും കൂടുതൽ രോഗബാധ എറണാകുളത്ത്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1056 പേർക്ക്

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയിൽ 1056 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടക്കുന്നത്. 40 പേർക്കാണ് ഉറവിടമറിയാത്ത രോഗബാധ. 896 പേരാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ. ഇന്ന് 263 പേർ രോഗ മുക്തി നേടി.

ഇന്ന് 1763 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1460 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1961 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1822 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1417 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

പാലക്കാട് ജില്ലയിൽ 631 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 631 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 421 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 8 പേർ, വിദേശത്തുനിന്ന് വന്ന ഒരാൾ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 201പേർ എന്നിവർ ഉൾപ്പെടും. 206 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 977 പേര്‍ക്ക് കോവിഡ്; 601 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ 977 പേര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 877 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 601 പേർ രോഗമുക്തി നേടി. ഇതുവരെ 16,607 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 942 പേർക്ക് രോഗം സ്ഥീരീകരിച്ചു; 589 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 942 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 57 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 866 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 17 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 352 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6751 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 589 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയിൽ പ്രതിദിന രോഗബാധ 200 കടന്നു

വയനാട് ജില്ലയില്‍ ഇന്ന് 214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3642 ആയി. 2649 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 974 പേരാണ് ചികിത്സയിലുള്ളത്.

കാസർഗോട്ട് 321 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 299 പേര്‍ക്ക്

ഇന്ന് കാസർഗോഡ് ജില്ലയില്‍ 321 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 299 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 11 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 163 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

കേരളത്തിൽ സ്ഥിതി അതീവ ഗുരുതരം; തീവ്ര രോഗവ്യാപനം, ആശങ്ക

കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം. കോവിഡ് വ്യാപനം തീവ്രമായ മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും.

പ്രതിദിന രോഗവ്യാപനം ഇന്ന് 8000ന് മുകളിലാണ്. ചൊവ്വാഴ്ച  7,000 ത്തിനു മുകളിലായിരുന്നു. മൂന്നാം തവണയാണ് പ്രതിദിന രോഗികളുടെ എണ്ണം 7,000 കടക്കുന്നത്. വരും ദിവസങ്ങളിൽ അത് പതിനായിരമാകുമെന്നാണ് വിലയിരുത്തൽ. പ്രതിദിന രോഗികളുടെ എണ്ണം 20,000 ത്തിന് മുകളിലാകാനും സാധ്യതയുണ്ട്. കോവിഡ് മരണനിരക്കും വർധിക്കും.

Read Also: സമ്പൂർണ ലോക്ക്ഡൗണ്‍ ഇല്ല, ഗുരുതര സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും‌

ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റുകൾ നടത്തുന്ന രീതിയിലേക്ക് ഉയരണമെന്നാണ് ആരോഗ്യവിദഗ്‌ധരുടെ അഭിപ്രായം. രോഗവ്യാപനം പിടിച്ചുനിർത്താൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുകയാണ് ഏക മാർഗമെന്നും ആരോഗ്യവിദഗ്‌ധർ വിലയിരുത്തുന്നു.

അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് അഞ്ച് മാസം പ്രായമായ കുഞ്ഞ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. ചാലിയം സ്വദേശികളുടെ കുഞ്ഞ് മുഹമ്മദ് റസിയാനെ പനി ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ കോവിഡ് വ്യാപനം

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 80,472 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 62,25,764 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,179 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 97,497 ആയി. രാജ്യത്ത് നിലവിൽ 9,40,441 പേർ കോവിഡ് ചികിത്സയിൽ കഴിയുന്നു. 51,87,826 പേർ കോവിഡ് മുക്തരായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.