തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് 4538 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്ന് പരിശോധനകൾ കുറവായിരുന്നു. 360027 സാമ്പിളുകൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത്. മുൻ ദിവസങ്ങളിൽ ഇത് അമ്പതിനായിരത്തിനും മുകളിലായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3997 പേരും സമ്പർക്ക രോഗികളാണ്. ഉറവിടം അറിയാത്ത 249 കേസുകളും റിപ്പോർട്ട് ചെയ്തു. 57789 പേരാണ് നിലവിൽ സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത്. 3347 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലാണ് രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. 918 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ 537 പേർക്കും, തിരുവനന്തപുരം ജില്ലയിൽ 486 പേർക്കും മലപ്പുറം ജില്ലയിൽ 405 പേർക്കും രോഗം സ്ഥിരീകരിച്ചു.

തൃശൂര്‍, പാലക്കാട്, കൊല്ലം, കണ്ണൂര്‍ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുന്നൂറിലധികമാണ്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇരുന്നൂറിലധികം രോഗബാധ ഇന്ന് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 122 പേർക്കും ഇടുക്കിയിൽ 114 പേർക്കും രോഗം സ്ഥിരീകരിച്ചു.  വയനാട്  പത്തനംതിട്ട ജില്ലകളിൽ മാത്രമാണ് നൂറിൽ താഴെ രോഗബാധ സ്ഥിരീകരിച്ചത്.

Kerala Covid-19 Wrap: സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3347 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 57,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,21,268 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 4246 സമ്പര്‍ക്ക രോഗികളാണുള്ളത്. 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 20, തിരുവനന്തപുരം 17, എറണാകുളം 9, കോഴിക്കോട് 6, തൃശൂര്‍ 5, കാസര്‍ഗോഡ് 3, ആലപ്പുഴ, കോട്ടയം, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോഴിക്കോട് 908, എറണാകുളം 504, തിരുവനന്തപുരം 463, മലപ്പുറം 389, തൃശൂര്‍ 372, പാലക്കാട് 307, കൊല്ലം 340, കണ്ണൂര്‍ 256, ആലപ്പുഴ 239, കോട്ടയം 208, കാസര്‍ഗോഡ് 111, ഇടുക്കി 76, വയനാട് 42, പത്തനംതിട്ട 31 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 506, കൊല്ലം 182, പത്തനംതിട്ട 150, ആലപ്പുഴ 349, കോട്ടയം 122, ഇടുക്കി 36, എറണാകുളം 220, തൃശൂര്‍ 240, പാലക്കാട് 200, മലപ്പുറം 421, കോഴിക്കോട് 645, വയനാട് 63, കണ്ണൂര്‍ 124, കാസര്‍ഗോഡ് 89 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

20 മരണങ്ങൾ സ്ഥിരീകരിച്ചു

20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 697 ആയി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്‍ (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44) എന്നിവരുടെ മരണങ്ങൾ കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു.

ചങ്ങനാശേരി സ്വദേശി മണിയപ്പന്‍ (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി ലിരാര്‍ (68), കോഴിക്കോട് വടകര സ്വദേശി കെ.എന്‍. നസീര്‍ (42), വേളം സ്വദേശി മൊയ്ദു (66), പെരുവയല്‍ സ്വദേശി അബൂബക്കര്‍ (66), തൂണേരി സ്വദേശി കുഞ്ഞബ്ദുള്ള (70), തേക്കിന്‍തോട്ടം മുഹമ്മദ് ഷാജി (53), കാസര്‍ഗോഡ് കൂതാളി സ്വദേശിനി ഫാത്തിമ (80), പുത്തൂര്‍ സ്വദേശിനി ഐസാമ്മ (58), കാസര്‍ഗോഡ് സ്വദേശിനി കമല (60), പീലിക്കോട് സ്വദേശി സുന്ദരന്‍ (61), എന്നിവരുടെ മരണ കാരണവും കോവിഡ് ആണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

2,32,450 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,450 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,120 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3255 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 36,027 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 28,04,319 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,02,157 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

15 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കണ്ണാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), കോട്ടായി (3, 5), നല്ലേപ്പിള്ളി (19), തച്ചനാട്ടുകര (16), ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് (സബ് വാര്‍ഡ് 1, 5, 6, 9, 10, 15, 17), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 7), വെളിയനാട് (സബ് വാര്‍ഡ് 6), തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ (സബ് വാര്‍ഡ് 8), തളിക്കുളം (12), മലപ്പുറം ജില്ലയിലെ തണലൂര്‍ (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23), മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ മൂപ്പിനാട് (സബ് വാര്‍ഡ് 15, 16), കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര (15), തിരുവനന്തപുരം ജില്ലയിലെ കരകുളം (3), പത്തനംതിട്ട ജില്ലയിലെ കുന്നന്താനം (സബ് വാര്‍ഡ് 2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 660 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോവിഡ് പോസിറ്റീവായ വയനാട് സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

കോവിഡ് ബാധിതനായിരുന്ന വയനാട് തൊണ്ടര്‍നാട് സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. കുഞ്ഞോം സ്വദേശി ശിവദാസന്‍ (73) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മരണം.

ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമായി ഈ മാസം 19ന് ഇദ്ദേഹക്കെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലും കൂടുതല്‍ പരിശോധനകള്‍ക്കും വിദഗ്ധ ചികിത്സയ്ക്കുമായി മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിച്ചിരുന്നു. അവിടെ വെച്ച് നടത്തിയ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആവുകയും 20ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് 22 മുതല്‍ വെന്റിലേറ്ററിലേക്കും മാറ്റിയികരുന്നു.

20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സാഹചര്യമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ നിലയിലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യ ദിവസം മുതൽ ഇന്നുവരെ ആകെ 179922 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നലവിൽ 57879 പേർ സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ കോവിഡ് ചികിത്സയിലുണ്ട്. ഇത്രയും നാൾ രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കുന്നതിൽ നാം ബഹുദൂരം മുന്നിലായിരുന്നു. ഇപ്പോൾ അതിന് ഇളക്കം സംഭവിച്ചു. ശരാശരി 20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസ് പെർ മില്ല്യൺ 5143 ആയി ഉയർന്നെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത്  കോവിഡ് സ്ഥിരീകരിക്കുന്നവരുടെ അനുപാതം വർധിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. . കേസ് പെർ മില്ല്യൺ 5143 ആയി കേരളത്തിൽ. ഇന്ത്യൻ ശരാശരി 5882 ആണ്. ഫെർറ്റാലിറ്റി റേറ്റ് ദേശീയ ശരാശരിയേക്കാൾ മെച്ചപ്പെട്ട രീതിയിൽ പടിച്ചുനിർത്താൻ സംസ്ഥാനത്തിന് ആകുന്നുണ്ട്. ദേശീയ ശരാശരി 1.6 ശതമാനമാണെങ്കിൽ കേരളത്തിൽ 0.4 ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വർധിച്ചു. രോഗവ്യാപനം തടഞ്ഞാൽ മാത്രമേ മരണവും നിയന്ത്രിക്കാനുകുവെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ ദിവസത്തിനിടയിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു

രോഗികളുടെ എണ്ണം വർദ്ധിച്ചതിനു ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന യാഥാർത്ഥ്യം നമ്മൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം ഉയരാതെ നോക്കിയാൽ മാത്രമേ, മരണങ്ങൾ നമുക്ക് ഒഴിവാക്കാൻ സാധിക്കൂ. രോഗം കൂടുന്ന സ്ഥിതി വിശേഷമുള്ളതിനാൽ അതിനെ നേരിടുന്നതിനാവശ്യമായ സജ്ജീകരണങ്ങളും സർക്കാർ ശക്തമാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ

കുറഞ്ഞ ദിവസത്തിനിടയിൽ വലിയതോതിലുള്ള വർധനയാണ് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ കാര്യത്തിൽ രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കർശന നടപടികളിലേക്ക് നീങ്ങാൻ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അകലം പാലിക്കാതെ നിൽക്കുന്ന കടകളിൽ കട ഉടമകൾക്കെതിരെ നടപടി ഉണ്ടാവണം. കല്യാണത്തിന് 50 ശവദാഹത്തിന് ഇരുപത് എന്ന നിലയിൽ നമുക്ക് നമ്പർ നിശ്ചയിച്ച നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കാര്യങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇടപെടൽ ഉണ്ടാവും. ഓരോ പ്രദേശത്തും പുതിയ സംഘം ആളുകളെ നിയോഗിക്കും. സംസ്ഥാന സർക്കാർ സർവീസിലെ ഗസറ്റഡ് ഓഫീസർ റാങ്ക് ഉള്ളവരെ പഞ്ചായത്തുകൾ , മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഇത്തരം കാര്യങ്ങളുടെ ചുമതല നൽകും . അവർക്ക് തൽക്കാലം ചില അധികാരങ്ങൾ കൊടുക്കേണ്ടിവരും.
മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ വർധിപ്പിക്കാൻ ആലോചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിന് പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിക്കുന്ന കാര്യം അലോചിക്കും

സംസ്ഥാനത്താകമാനം 225 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗലക്ഷണം കുറഞ്ഞതോ, ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. കോവിഡ് മുക്തർക്ക് പല വിധ അസുഖങ്ങൾ വരാനിടയുള്ളതായി റിപ്പോർട്ടുകൾ ഉണ്ട് . അതിന് പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിക്കുന്ന കാര്യം അലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികളെ ചികിത്സിക്കാൻ ആവശ്യമായ 38 കോവിഡ് സെക്കൻ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളും സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് 486 പേർക്ക് രോഗം സ്ഥിരീകരിച്ചു; 404 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 486 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 404 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 59 പേരുടെ ഉറവിടം വ്യക്തമല്ല. 16 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തിയ ആളാണ്.

കൊല്ലത്ത് 341 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 341 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 340 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 182 പേർ രോഗമുക്തി നേടി.

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് പത്തനംതിട്ടയിൽ

സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 38 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 31 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. 150 പേർ ഇന്ന് ജില്ലയിൽ രോഗമുക്തരായി.

ആലപ്പുഴയിൽ 249 പേർക്ക് കോവിഡ്

ആലപ്പുഴ ജില്ലയിൽ 249 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലുപേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 239 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

349 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 9103പേർ രോഗമുക്തരായി. 3942പേർ നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്.

കോട്ടയത്ത് എല്ലാ മുനിസിപ്പാലിറ്റികളിലും ഭൂരിഭാഗം പഞ്ചായത്തുകളിലും രോഗ ബാധിതർ

കോട്ടയം ജില്ലയിൽ എല്ലാ മുനിസിപ്പാലിറ്റികളിലും ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും കോവിഡ് ബാധിതരുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗികളുടെ എണ്ണം കഴിഞ്ഞ മൂന്നു ദിവസമായി ഗണ്യമായി വർധിക്കുന്നുണ്ട്. വാഴപ്പള്ളി, കോട്ടയം, ഈരാറ്റുപേട്ട, ചങ്ങനാശേരി, പാമ്പാടി തുടങ്ങിയ മേഖലകളിൽ സമ്പർക്ക വ്യാപനം ശക്തമാണെന്നും  അദ്ദേഹം പറഞ്ഞു.

ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചവർ നൂറിലധികം

ഇടുക്കി ജില്ലയിൽ ഇന്ന്114 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 76 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 11 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് 537 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 537 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 504 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1262 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1224 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1492 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ഇന്ന് 1759 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 716 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23208 ആണ്.

തൃശൂർ ജില്ലയിൽ പത്ത് ദിവസത്തിനുള്ളിൽ 4000 പുതിയ രോഗികൾ

പത്ത് ദിവസത്തിനുള്ളിൽ തൃശൂർ ജില്ലയിൽ വർധിച്ചത് 4000 രോഗികളാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 60 വയസ്സിന് മുകളിലുള്ള 73 പേർക്കും 10 വയസ്സിന് താഴെയുള്ള 28 പേർക്കും ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു.

പാലക്കാട് 378 പേർക്ക് കോവിഡ്; 200 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 378 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 220 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 55 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 18 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 85 പേർ എന്നിവർ ഉൾപ്പെടും. 200 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ്

മലപ്പുറം ജില്ലയിൽ ഇന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായി. 405 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ 900 ല്‍ അധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 374 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ. ഉറവിടമറിയാതെ 15 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 399 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 15,481 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട് ജില്ലയിൽ സ്ഥിതി ഗുരുതരം

കോഴിക്കോട് ജില്ലയിൽ സ്ഥിതി കൂടുതൽ ഗൗരവതാരമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. 918 പേര്‍ക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. അതില്‍ 900പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ.

ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 863 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 16 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6042 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 645 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയിൽ കൗമാരക്കാരിലും യുവാക്കളിലും രോഗബാധ കൂടുതൽ

വയനാട് ജില്ലയിൽ കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതൽ രോഗം സ്ഥിരീകരിക്കുന്നതായി കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ രോഗം സ്ഥിരീകരിച്ച 172 പേരിൽ 105 പേരും 10 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്. 16 പേർ പത്തിൽ താഴെ പ്രായമുള്ളവരും 12 പേർ 60 നു മുകളിൽ പ്രായമുള്ളവരുമാണ്.

അതേസമയം ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 63 പേര്‍ രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും ഉള്‍പ്പെടും. സെപ്റ്റംബര്‍ 23 ന് കര്‍ണാടകയില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3259 ആയി. 2543 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 698 പേരാണ് ചികിത്സയിലുള്ളത്.

കണ്ണൂരിൽ ആശുപത്രികളിലെ ജീവനക്കാർക്ക് പരിശീലനം

കണ്ണൂർ ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് രോഗബാധ ഉണ്ടാകുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ നടപടികളെയും സുരക്ഷാ മാർഗങ്ങളെയും കുറിച്ച് പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ മൂന്ന് ആശുപത്രികൾ ഉൾപ്പെടെ ആറ് ആക്ടീവ് ക്ലസ്റ്ററുകൾ ഉണ്ട്. 13 ക്ലസ്റ്ററുകളിലെ രോഗ ബാധ പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞു.

വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായി ഒക്ടോബർ 1 മുതൽ 7 വരെ വ്യാപകമായ പ്രചാരണപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കുടുംബശ്രീ, എൻഎസ്എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും പങ്കാളിത്തം ബോധവത്കരണ കാമ്പയിനുകളിൽ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് രോഗികൾക്ക് മാത്രമുള്ള ചികിത്സാകേന്ദ്രമാവും

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒക്ടോബർ ഒന്ന് മുതൽ കോവിഡ് രോഗികൾക്ക് മാത്രമുള്ള ചികിത്സാകേന്ദ്രമായി മാറും. അത്യാഹിത നിലയിലുള്ള കോവിഡ് രോഗികൾക്കായി 100 കിടക്കകളുള്ള വാർഡ് സജ്ജീകരിക്കും. അഞ്ച് വെന്റിലേറ്ററുകൾ ഇവിടെ ഒരുക്കും.കോവിഡ് ബാധിച്ച ഗർഭിണികൾക്ക് ഇവിടെ ചികിത്‌സാ സൗകര്യം ഒരുക്കും.

അതേസമയം, കാസർഗോഡ് ജില്ലയില്‍ 122 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 114 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ .ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത. 91 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായത്.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം മനോജിന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് പി.എം മനോജ് നിരീക്ഷണത്തിലായിരുന്നു.

മന്ത്രിമാരായ തോമസ് ഐസക്, ഇ.വി ജയരാജൻ, വി.എസ് സുനിൽ കുമാർ എന്നിവർക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ തോമസ് ഐസക്കും ഇ.വി ജയരാജനും കോവിഡ് മുക്തരായി.

തലസ്ഥാനത്ത് ജനങ്ങൾ നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക്ഡൗൺ: മേയർ

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാനനഗരത്തിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മേയർ കെ ശ്രീകുമാർ. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് നഗരസഭയുടെ മുന്നറിയിപ്പ്.

ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ ഭയമോ ജാഗ്രതയോ ഇല്ലാതെ ആളുകൾ പുറത്തിറങ്ങി പെരുമാറുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് തിരുവനന്തപുരം മേയർ പറഞ്ഞു. വീട്ടിൽ നിരീക്ഷത്തിലുള്ളവരെ കൃത്യമായി നിരീക്ഷിക്കുന്നതിനുൾപ്പടെയുള്ള നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 853 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം രോഗികളുടെ എണ്ണം ആയിരം കടന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഒരാഴ്ചക്കിടെ 6550 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളിൽ 30 ശതമാനവും തലസ്ഥാന ജില്ലയിലാണ്.

രോഗികളുടെ എണ്ണാം പതിനായിരത്തോടടുക്കുമ്പോൾ നിലവിൽ 45 ശതമാനം രോഗികളും വീടുകളിലാണുള്ളത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ മാത്രം രോഗതീവ്രത അനുസരിച്ച് കോവിഡ് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുക എന്നതാണ് രോഗവ്യാപനം മൂർച്ഛിക്കുന്ന ഘട്ടത്തിൽ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നയം.

സംസ്ഥാനത്ത് ഇന്നലെ 7445 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.