തിരുവനന്തപുരം / കൊച്ചി/ കോഴിക്കോട്: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രതിദിന എണ്ണം 6000 കടന്നു. ഇന്ന് 6477 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആകെ 6131 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇതിൽ 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇന്ന് തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ. 814 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എഴുന്നൂറിൽ അധികമാണ്. 784 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 690 പേർക്കും എറണാകുളത്ത് 655 പേർക്കും തൃശൂരിൽ 607 പേർക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലത്തും ആലപ്പുഴയിലും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ഞൂറിലധികമാണ്. കൊല്ലത്ത് 569 പേർക്കും ആലപ്പുഴയിൽ 551 പേർക്കുമാണ് രോഗബാധ. കണ്ണൂര്‍, പാലക്കാട് 419 പേർക്ക് വീതവും  കോട്ടയത്ത് 322 പേർക്കും രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് പുതിയ രോഗികളുടെ എണ്ണം ഇരുന്നൂറിലധികമാണ്. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് നൂറിലധികം കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 48,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,11,331 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6131 സമ്പര്‍ക്ക രോഗികളാണുള്ളത്. 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 198 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 19, തിരുവനന്തപുരം 14, എറണാകുളം 9, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 10 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം 794, മലപ്പുറം 753, കോഴിക്കോട് 676, എറണാകുളം 619, തൃശൂര്‍ 596, കൊല്ലം 552, ആലപ്പുഴ 516, പാലക്കാട് 396, കണ്ണൂര്‍ 353, കോട്ടയം 320, കാസര്‍ഗോഡ് 251, പത്തനംതിട്ട 143, ഇടുക്കി 97, വയനാട് 65 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 411, കൊല്ലം 207, പത്തനംതിട്ട 120, ആലപ്പുഴ 218, കോട്ടയം 193, ഇടുക്കി 69, എറണാകുളം 325, തൃശൂര്‍ 252, പാലക്കാട് 223, മലപ്പുറം 588, കോഴിക്കോട് 472, വയനാട് 79, കണ്ണൂര്‍ 217, കാസര്‍ഗോഡ് 107 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

22 മരണങ്ങൾ സ്ഥിരീകരിച്ചു

22 മരണങ്ങൾ കോവിഡ്-19 കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.ഇതോടെ ആകെ മരണം 635 ആയി. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ ആലപ്പുഴ കീരിക്കാട് സ്വദേശി കരുണാകരന്‍ (85), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ കോട്ടയം താഴത്തങ്ങാടി സ്വദേശി ജേക്കബ് ജോര്‍ജ് (82), ആലപ്പുഴ തായിക്കല്‍ സ്വദേശി എ.എന്‍. മുകുന്ദന്‍ (57), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ ആലപ്പുഴ അദികാട്ടുകുളങ്ങര സ്വദേശിനി ജാസ്മിന്‍ സക്കീര്‍ (39), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ കൊല്ലം സ്വദേശി സദാശിവന്‍ (90), ആലപ്പുഴ സ്വദേശി ക്ലീറ്റസ് (82) എന്നിവരുടെ മരണ കാരണം കോവിഡ് ആണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തൃശൂര്‍ വടൂര്‍ക്കര സ്വദേശി മുഹമ്മദ് സുനീര്‍ (45), കോഴിക്കോട് സ്വദേശി അക്ബര്‍ പാഷ (40), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ മലപ്പുറം സ്വദേശി സൈനുദ്ദീന്‍ (58), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാജേഷ് (45), കോട്ടയം വൈക്കം സ്വദേശി ആകാശ് (18), തൃശൂര്‍ കുന്നംകുളം സ്വദേശി പി.പി. ദേവിസ് (65), സെപ്റ്റംബര്‍ 22ന് മരണമടഞ്ഞ പത്തനംതിട്ട സ്വദേശിനി ഡെല്‍ബിന്‍ (50), തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനി കലാമണി (58), തിരുവനന്തപുരം കരമന സ്വദേശി വിജയന്‍ (59), തൃശൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ (90), കോട്ടയം സ്വദേശി മനോജ് സ്റ്റീഫന്‍ തോമസ് (57) എന്നിവരുടെ മരണവും കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ 23ന് മരണമടഞ്ഞ ചടയമംഗലം സ്വദേശി വാവകുഞ്ഞ് (68), തിരുവനന്തപുരം വെള്ളറട സ്വദേശി തോമസ് കോര്‍ണാല്ലസ് (60), സെപ്റ്റംബര്‍ 24ന് മരണമടഞ്ഞ തിരുവനന്തപുരം ആനയറ സ്വദേശിനി പദ്മാവതി (67), കോട്ടയം പനച്ചിക്കാട് സ്വദേശി സി.ജെ. ജോസഫ് (65) എന്നിവരുടെ മരണ കാരണം കോവിഡ് ആണെന്നും ഇന്ന് സ്ഥിരീകരിച്ചു.

2,15,691 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,15,691 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,88,265 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3410 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 56,057 സാമ്പിളുകൾ പരിശോധിച്ചു

സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ വര്‍ധിപ്പിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,057 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 26,57,430 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,00,420 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

12 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), കാഞ്ഞിരപ്പള്ളി (16), മൂന്നിലവ് (5), തൃശൂര്‍ ജില്ലയിലെ നടതറ (4, 5 (സബ് വാര്‍ഡ്), വേലൂക്കര (സബ് വാര്‍ഡ് (സബ് വാര്‍ഡ് 4), എറണാകുളം ജില്ലയിലെ നായരമ്പലം (സബ് വാര്‍ഡ് 3), വടക്കേക്കര (സബ് വാര്‍ഡ് 17), മലപ്പുറം ജില്ലയിലെ എ.ആര്‍. നഗര്‍ (6, 7, 9), തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി (8, 32, പോലീസ് സ്റ്റേഷന്‍ ഏരിയ), ഇടുക്കി ജില്ലയിലെ അയ്യപ്പന്‍ കോവില്‍ (സബ് വാര്‍ഡ് 1, 3, 5, 13), കൊല്ലം ജില്ലയിലെ പേരയം (1, 2, 3, 13, 14), കണ്ണൂര്‍ ജില്ലയിലെ പന്ന്യന്നൂര്‍ (3 (സബ് വാര്‍ഡ്), 8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഏറ്റവും കൂടുതൽ രോഗബാധ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 814 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 794 പേർക്കും പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ ഇന്ന് 411 പേർ രോഗ മുക്തി നേടി.

കൊല്ലത്ത് രോഗം സ്ഥിരീകരിച്ചത് 569 പേർക്ക്

കൊല്ലം ജില്ലയിൽ ഇന്ന് 569 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 4 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 7 പേർക്കും, സമ്പർക്കം മൂലം 552 പേർക്കും, 6 ആരോഗ്യപ്രവത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 207 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 191 പേർക്ക് കോവിഡ്

പത്തനംതിട്ട ജില്ലയിൽ ഇന്ന് 191 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 120 പേർ രോഗമുക്തി നേടി.

ആലപ്പുഴയിൽ 551 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 551 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 513 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേർ വിദേശത്തുനിന്നും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഇന്ന് 218 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 8113 പേർ ഇതുവരെ രോഗ മുക്തരായി. 3793 പേർ ചികിത്സയിലുണ്ട്.

കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവർ 322; സമ്പര്‍ത്തിലൂടെ ബാധിച്ചവർ 318

കോട്ടയം ജില്ലയില്‍ 322 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 318 സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി.

ആകെ 4655 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 165 പേര്‍ പുരുഷന്‍മാരും 118 പേര്‍ സ്ത്രീകളും 39 പേര്‍ കുട്ടികളുമാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 60 വയസിനു മുകളിലുള്ള 48 പേരുണ്ട്.

രോഗം ഭേദമായ 193 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 3141 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8888 പേര്‍ രോഗബാധിതരായി. 5744 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ ഇന്നും നൂറിലധികം പുതിയ രോഗികൾ

ഇടുക്കി ജില്ലയിൽ ഇന്നും രോഗബാധിതരുടെ എണ്ണം 100 കടന്നു. 114 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 97 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 12 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

എറണാകുളത്ത് 655 പേർക്ക് കോവിഡ്

എറണാകുളം ജില്ലയിൽ ഇന്ന് 655 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 619 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ ഇന്ന് 325 പേർ രോഗ മുക്തി നേടി.ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1371 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1717 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 902 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5031 ആണ്.

തൃശൂരിൽ രോഗം സ്ഥിരീകരിച്ചവർ അറുന്നൂറിലധികം

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 607 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 252 പേർ രോഗമുക്തരായി. വെള്ളിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 597 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 11 കേസുകളുടെ ഉറവിടം അറിയില്ല. 11 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രൻറ് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ആറ് പേർക്കും വിദേശത്തുനിന്ന് വന്ന നാല് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 35 പുരുഷൻമാരും 36 സ്ത്രീകളും 10 വയസ്സിന് താഴെ 21 ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3782 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10798 ആണ്. അസുഖബാധിതരായ 6907 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 419 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 419 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 221 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 15 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 6 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 177 പേർ എന്നിവർ ഉൾപ്പെടും.223 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് രോഗം സ്ഥിരികരിച്ചവരുടെ എണ്ണം രണ്ടാം ദിവസവും 700 കടന്നു

തുടര്‍ച്ചയായി രണ്ടാം ദിനവും മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 700 കടന്നു. കഴിഞ്ഞ ദിവസത്തെക്കാള്‍ 21 രോഗികള്‍ വര്‍ദ്ധിച്ച് 784 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന
കണക്കാണിത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് ബാധിച്ചത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 703 പേര്‍ രോഗബാധിതരായി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 16 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേസമയം 588 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായത്. ഇതുവരെ 14,175 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട് ജില്ലയിൽ 690 പേർക്ക് രോഗബാധ

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് 690 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 635 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 8 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4958 ആയി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 472 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

കോവിഡ് വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരും : മന്ത്രി ശശീന്ദ്രൻ

കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ ജാഗ്രത ആവശ്യമായി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് ജില്ലയില്‍ എട്ട് സജ്ജീവ ക്ലസ്റ്ററുകൾ

വയനാട് ജില്ലയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട എട്ട് സജ്ജീവ ക്ലസ്റ്ററുകളാണ് നിലവിലുള്ളതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കല്‍പ്പറ്റ സിന്ദൂര്‍ ടെക്സ്റ്റയില്‍സ്, വനിതാ പൊലീസ് സ്റ്റേഷന്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ ജില്ലയിലെ പുതിയ സ്ഥാപന ക്ലസ്റ്ററുകളാണ്. സിന്ദൂര്‍ ടെക്‌സില്‍ ആകെ എട്ട് പേര്‍ക്കും വനിതാ പൊലീസ് സ്റ്റേഷന്‍, പഞ്ചാബ് ബാങ്ക് എന്നിവിടങ്ങളില്‍ ആറ് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്ന് 74 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 83 പേര്‍ രോഗമുക്തി നേടി. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2954 ആയി. 2279 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 659 പേരാണ് ചികിത്സയിലുള്ളത്.

കണ്ണൂരിൽ 419 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയില്‍ 419 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 347 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 51 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കാസർഗോട്ട് 268 പേര്‍ക്ക് കോവിഡ്

ഇന്ന് കാസർഗോഡ് ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 4 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 107 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായത്.

കോവിഡ് വ്യാപനം രൂക്ഷം: കോഴിക്കോട്ട് അടിയന്തര മന്ത്രിതല യോഗം

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കോഴിക്കോട്ട് അടിയന്തര മന്ത്രിതല യോഗം ചേരുന്നു. ജില്ലയുടെ ചുമതലയുള്ള ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വിളിച്ച യോഗം രാവിലെ പത്തിന് ആരംഭിച്ചു. കലക്ടർ, ഡിഎംഒ, മേയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട്ട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണു നീക്കം. ഹാർബറുകൾ, മാർക്കറ്റുകൾ അങ്ങാടികൾ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളിൽ പൊലീസിന്റെ പരിശോധനയുണ്ടാവും. സാനിറ്റൈസർ, മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം. മാസ്‌ക് ധരിക്കാത്തവർക്കെതിരെ പിഴ ചുമത്താനും നിർദേശം നൽകി.

ഇരുന്നൂറോളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പാളയം മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ കലക്ടര്‍ ഇന്നലെ ഉത്തരവിട്ടിരുനു. 30വരെയാണ് മാര്‍ക്കറ്റ് അടച്ചത്.  അന്യസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറിയുമായി പാളയം മാര്‍ക്കറ്റിലേക്കു വരുന്ന വണ്ടികള്‍ തടമ്പാട്ട്താഴത്തുള്ള അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് വഴി വിതരണം ചെയ്യും.

നിരോധനമേര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ പ്രവേശനം തടയാൻ പൊലീസിനെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.  ഏഴു ദിവസത്തിനു ശേഷം കോവിഡ് പരിശോധനക്ക് വിധേയരായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കു മാത്രമേ മാര്‍ക്കറ്റില്‍ കച്ചവടത്തിന് അനുമതി നല്‍കൂ. എല്ലാ കച്ചവടക്കാരും തൊഴിലാളികളും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആഴ്ചയിലൊരിക്കല്‍ പാളയം മാര്‍ക്കറ്റില്‍ പരിശോധന നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേര്‍ക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. അതേസമയം രാജ്യത്തെ കോവിഡ് മരണം 92,290 ആയി. 58,18,517 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 47,56,165 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,141 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 80.7 ശതമാനമായി ഉയര്‍ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.