ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി അന്തരിച്ചു. 65 വയസ്സായിരുന്നു. എയിംസ് ട്രോമാ സെന്ററിൽ ബുധനാഴ്ട രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. കർണാടകയിലെ ബെലഗാവിയിൽ നിന്നുള്ള ബിജെപി എംപിയായിരുന്നു.

പാർലമെന്റിന്റെ മൺസൂൺ സെഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി സെപ്റ്റംബർ 14 ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.

കോവിഡ് ബാധിച്ച് രാജ്യത്ത് ഒരു കേന്ദ്രമന്ത്രി മരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ ആറ് എം‌എൽ‌എമാരും മൂന്ന് എം‌പിമാരും രോഗം ബാധിച്ച് മരിച്ചിരുന്നു.

2004, 2009, 2014, 2019 വർഷങ്ങളിലായി നാല് തവണ ബെലഗാവിയിൽ നിന്ന് ബിജെപി എംപിയായി അംഗഡി വിജയച്ചിരുന്നു. 1996ലാണ് ബിജെപിയിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്.അംഗഡിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.

കർണാടകയിൽ പാർട്ടിയെ ശക്തമാക്കാൻ കഠിനമായി പരിശ്രമിച്ച ശ്രിയ സുരേഷ് അങ്കടി അസാധാരണമായ രീതിയിൽ പ്രവർത്തിച്ച നേതാവായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം സങ്കടകരമാണെന്നും മോദി ട്വീറ്റ് ചെയ്തു.

സുരേഷ് അംഗഡിയുടെ നിര്യാണം നടുക്കുന്നതാണെന്ന് രാഷ്ട്രപതി പറഞ്ഞു. എന്റെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും കൂടിയാണെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

സുരേഷ് അംഗഡിജിയുടെ നിര്യാണത്തിൽ അഗാധമായ വേദന പങ്കുവയ്ക്കുന്നതായി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും സമർപ്പണ മനോഭാവവും വിവരിക്കാൻ വാക്കുകൾ കുറവാണെന്നും ഗോയഞ പറഞ്ഞു.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ഉൾപ്പെടെയുള്ള കർണാടക നേതാക്കളും അംഗഡിയുടെ നിര്യാണത്തിൽ അനുശോചിച്ചു. അദ്ദേഹം തനിക്ക് ഒരു അനുജനെപ്പോലെയായിരുന്നുവെന്നും ഇത് നമ്മുടെ രാജ്യത്തിന് താങ്ങാനാവാത്ത നഷ്ടമാണെന്നും ദേവഗൗഡ പറഞ്ഞു.

ആറ് ജില്ലകളിൽ അഞ്ഞൂറിലധികം പുതിയ രോഗികൾ; രോഗ ഉറവിടം അറിയാത്തവർ 640

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രതിദിന എണ്ണം 5000 കടന്നു. ഇന്ന് സംസ്ഥാനത്ത് ഇന്ന് 5376 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 4424 പേർക്ക സമ്പർക്കത്തിലൂടെയാണ് രോഗബാധ. 640 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 2951 പേർ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു. തിരുവനന്തപുരം ജില്ലയിലാണ് രോഗബാധ കൂടുതൽ. 852 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ 624 പേർക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ഞൂറിലധികമാണ്. 

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 42,786 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,04,682 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 140 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5064 സമ്പര്‍ക്ക രോഗികളാണുള്ളത്.

99 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 25, കണ്ണൂര്‍ 19, എറണാകുളം 17, മലപ്പുറം 15, തൃശൂര്‍ 12, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ 2, പത്തനംതിട്ട, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

 • തിരുവനന്തപുരം- 852
 • എറണാകുളം- 624
 • മലപ്പുറം- 512
 • കോഴിക്കോട്- 504
 • കൊല്ലം- 503
 • ആലപ്പുഴ- 501
 • തൃശൂര്‍- 478
 • കണ്ണൂര്‍- 365
 • പാലക്കാട്- 278
 • കോട്ടയം- 262
 • പത്തനംതിട്ട- 223
 • കാസര്‍ഗോഡ്- 136
 • ഇടുക്കി- 79
 • വയനാട്- 59

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തിരുവനന്തപുരം- 822
 • എറണാകുളം- 587
 • കൊല്ലം-495
 • കോഴിക്കോട്- 495
 • മലപ്പുറം- 485
 • തൃശൂര്‍- 465
 • ആലപ്പുഴ- 450
 • കണ്ണൂര്‍- 323
 • പാലക്കാട്- 271
 • കോട്ടയം- 256
 • പത്തനംതിട്ട- 174
 • കാസര്‍ഗോഡ്- 125,
 • ഇടുക്കി- 61
 • വയനാട്- 55

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം- 321
 • കൊല്ലം- 152
 • പത്തനംതിട്ട- 127
 • ആലപ്പുഴ- 167
 • കോട്ടയം- 275
 • ഇടുക്കി- 55
 • എറണാകുളം- 254
 • തൃശൂര്‍- 180
 • പാലക്കാട്- 150
 • മലപ്പുറം- 372
 • കോഴിക്കോട്- 427
 • വയനാട്- 27
 • കണ്ണൂര്‍- 142
 • കാസര്‍ഗോഡ്- 302

20 മരണങ്ങൾ സ്ഥിരീകരിച്ചു

20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 592 ആയി. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശി രാജേഷ് (37), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസണ്‍ (68), ആഗസ്റ്റ് 29ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സലീല (49), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കൊല്ലം തട്ടമല സ്വദേശി സുല്‍ഫത്ത് (57), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി പി. ശ്രീമതി (85) എന്നിവരുടെ മരണകാരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കോഴിക്കോട് പരപ്പില്‍ സ്വദേശി മൂസ കോയ (83), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ കോഴിക്കോട് പന്തിരാങ്കാവ് സ്വദേശിനി നഫീസ (78), കോഴിക്കോട് മാടശേരി സ്വദേശി അബ്ദുള്ള (74), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മെഹമൂദ് (70), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ കോഴിക്കോട് മുറ്റങ്ങല്‍ വെസ്റ്റ് സ്വദേശി എ.പി. രവീന്ദ്രന്‍ (84), കോഴിക്കോട് പുതുപ്പാടി സ്വദേശി മുഹമ്മദ് (68), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ കോഴിക്കോട് പിലാശേരി സ്വദേശി കോരന്‍ (68), കോഴിക്കോട് കട്ടിപ്പാറ സ്വദേശി മൂത്തോരന്‍ (86), തിരുവനന്തപുരം പേയാട് സ്വദേശി മോഹനന്‍ (64), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി ഐഷാബി (81), സെപ്റ്റംബര്‍ 20 ന് മരണമടഞ്ഞ മലപ്പുറം പടവനാട് സ്വദേശി ഷണ്‍മുഖന്‍ (71), കൊല്ലം പൂയപ്പള്ളി സ്വദേശി സൂസമ്മ രാജു (62), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ സലാം (45), എന്നിവരുടെ മരണവും കോവിഡ് കാരണമെന്ന് സ്ഥിരീകരിച്ചു.

2,12,629 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,629 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,86,140 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 51,200 സാമ്പിളുകൾ പരിശോധിച്ചു

അതേസമയം സംസ്ഥാനത്ത് പരിശോധനകൾ വര്‍ധിപ്പിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,200 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 25,45,385 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,98,189 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

17 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കണ്ടനശേരി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 4), കടവല്ലൂര്‍ (വാര്‍ഡ് 8), പോര്‍ക്കുളം (സബ് വാര്‍ഡ് 8, 10), പുത്തന്‍ചിറ (സബ് വാര്‍ഡ് 9), പൊയ്യ (14), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി (3, 7, 8, 11, 12), പരുതൂര്‍ (12), പട്ടാഞ്ചേരി (8, 9), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാര്‍ഡ് 10), ചിറ്റാറ്റുകര (സബ് വാര്‍ഡ് 12), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (സബ് വാര്‍ഡ് 3), നെടുമുടി (8), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ (സബ് വാര്‍ഡ് 3), പെരിങ്ങര (സബ് വാര്‍ഡ് 4, 5), കോഴിക്കോട് ജില്ലയിലെ മാവൂര്‍ (2, 16 (സബ് വാര്‍ഡ്), 8), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (8, 10, 11, 15, 16, 18) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 641 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം

കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധനവ് തിരുവനന്തപുരം ജില്ലയിൽ തുടരുന്നുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രോഗം സ്ഥിരീകരിക്കുന്നവരിൽ പത്ത് വയസിന് താഴേയുള്ളവരും അറുപത് വയസിന് മുകളിലുള്ളവരും കൂടുതലാണ്. രോഗഉറവിടം അറിയാത്തവരുടെ എണ്ണവും വർധിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഇന്ന് 852 പേർക്കാണ് ജില്ലയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്.

ചിലർ ഹോം ക്വാറന്റൈന് തയ്യാറാവുന്നില്ല

ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഹോം ക്വാറന്റൈൻ അനുവദിച്ചിട്ടുണ്ട്. വീടുകളിൽ സൗകര്യമുള്ള ചിലർ ഇതിന് തയ്യാറാകുന്നില്ല എന്ന പ്രശ്നം നിലനിൽക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യമായ ഭീതിയാണ് ഇതിന് കാരണം. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച് ഹോം ഐസൊലേഷനിൽ തുടരാം. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ വീട്ടുകരും നാട്ടുകാരും നിർബന്ധിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി.

ഹോം ഐസൊലേഷനിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കാമെന്നും ചികിത്സ സൗകര്യങ്ങൾ രോഗലക്ഷണങ്ങളുള്ളവർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും പ്രയോജനപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 852 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 640 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 184 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാള്‍ അന്യസംസ്ഥാനത്തു നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നും എത്തി.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 344 പേര്‍ സ്ത്രീകളും 508 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 78 പേരും 60 വയസിനു മുകളിലുള്ള 118 പേരുമുണ്ട്. പുതുതായി 2,236 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,816 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1,665 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 7,877 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 24 ഗര്‍ഭിണികളും 23 കുട്ടികളും ഉള്‍പ്പെടുന്നു. 321 പേര്‍ ഇന്ന് രോഗമുക്തി നേടി.

കൊല്ലത്ത് രോഗം സ്ഥിരീകരിച്ചവർ അഞ്ഞൂറിലധികം

കൊല്ലത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണ് അഞ്ഞൂറിലധികമാണ്. 503 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 495 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 152 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 223 പേര്‍ക്ക് കോവിഡ്; 173 പേർക്ക് സമ്പര്‍ക്കത്തിലൂടെ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 173 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ആലപ്പുഴയിലും രോഗം സ്ഥിരീകരിച്ചവർ അഞ്ഞൂറിലധികം

ആലപ്പുഴ ജില്ലയിൽ ഇന്ന് 501 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 450 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് ജില്ലയിൽ 167 പേർ രോഗമുക്തി നേടി.

കോട്ടയത്ത് 262 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 262 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 256 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ആറു പേര്‍ മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. ആകെ 4698 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 101 പേര്‍ സ്ത്രീകളും 131 പേര്‍ പുരുഷന്‍മാരും 30 പേര്‍ കുട്ടികളുമാണ്. 60 വയസിനു മുകളിലുള്ള 17 പേര്‍ക്ക് രോഗം ബാധിച്ചു. കോട്ടയം-37, പനച്ചിക്കാട്-20, ഈരാറ്റുപേട്ട-13, അയര്‍കുന്നം-11, ആര്‍പ്പൂക്കര-10, എലിക്കുളം, പുതുപ്പള്ളി-9 വീതം, തിരുവാര്‍പ്പ്-8, രാമപുരം, ചങ്ങനാശേരി-7വീതം, കല്ലറ, കുമരകം, വാഴപ്പള്ളി-6 വീതം, മണര്‍കാട്, മീനച്ചില്‍, പൂഞ്ഞാര്‍-5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ഭേദമായ 274 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2799 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8223 പേര്‍ രോഗബാധിതരായി. 5421 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19755 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ 79 പേർക്ക് രോഗബാധ

ഇടുക്കി ജില്ലയിൽ ഇന്ന് 79 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 61 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 16 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവർ അറുന്നൂറിലധികം

എറണാകുളം ജില്ലയിൽ ഇന്ന് 624 പേർക്ക് രോഗം സ്ഥിരീകരിച്ചു. 587 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 254 പേർ ഇന്ന് രോഗമുക്തി നേടി. ജില്ലയിൽ 4353 പേരാണ് നിലവിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2478 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2135 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1065 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 478 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ബുധനാഴ്ച 478 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 180 പേർ രോഗമുക്തരായി.ബുധനാഴ്ച ജില്ലയിൽ സമ്പർക്കം വഴി 476 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 11 പേരുടെ രോഗ ഉറവിടം അറിയില്ല. ഒൻപത് ആരോഗ്യ പ്രവർത്തകർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഒരാൾക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3278 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9714 ആണ്. 6328 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 278 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 278 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 204 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 4 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 2 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 68 പേർ എന്നിവർ ഉൾപ്പെടും.150 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് വീണ്ടും 500 കടന്നു

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗിബാധിതരുടെ എണ്ണം വീണ്ടും 500 കടന്നു. ഇന്ന് 512 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 465 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 20 പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ ഒരാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേസമയം 372 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 13,074 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് രോഗം സ്ഥിരീകരിച്ചവർ 504

കോഴിക്കോട് ജില്ലയില്‍ ഇന്ന് 504 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 452 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 15 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4156 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 427 പേര്‍ കൂടി രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 985 പേരുള്‍പ്പെടെ ജില്ലയില്‍ 21,526 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതു വരെ 1,00,684 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

രോഗം സ്ഥിരീകരിച്ചവർ കുറവ് വയനാട് ജില്ലയിൽ

ഇന്ന് വയനാട് ജില്ലയിലാണ് കോവിഡ് രോഗബാധ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തത്. ഇന്ന് ജില്ലയില്‍ 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 31 പേര്‍ രോഗമുക്തി നേടി.

ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2774 ആയി. 2091 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 667 പേരാണ് ചികിത്സയിലുള്ളത്.

കണ്ണൂരിൽ 65 പേര്‍ക്ക് രോഗബാധ

കണ്ണൂർ ജില്ലയില്‍ 365 പേര്‍ക്ക് ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. 322 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കാസർഗോട്ട് 136 പേര്‍ക്ക് കോവിഡ്

കാസർഗോഡ് ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ച 136 പേരില്‍ 3 പേര്‍ വിദേശത്തു നിന്നും 5 പേര്‍ ഇതരസംസ്ഥാനത്തു നിന്നും വന്നവരാണ്. 128 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ആണ് രോഗം ബാധിച്ചത്. 310 പേര്‍ക്ക് ജില്ലയില്‍ ഇന്ന് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എവി രാംദാസ് അറിയിച്ചു.

മന്ത്രി വി.എസ്.സുനിൽകുമാറിനു കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂർ: കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിനു കോവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല. മന്ത്രിയുടെ ഓഫീസിലെ ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ സജീവമാണ് മന്ത്രി സുനിൽകുമാർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയാണ്.

തിരുവനന്തപുരത്താണ് മന്ത്രി ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഷോഘം തിരുവനന്തപുരത്ത് നടന്നിരുന്നു. ഈ പരിപാടിയിൽ സുനിൽകുമാർ പങ്കെടുത്തിട്ടുണ്ട്.

പ്രിയപ്പെട്ടവരെ, കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഞാനിപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം…

Posted by Adv. V S Sunil Kumar on Wednesday, September 23, 2020

സംസ്ഥാന മന്ത്രിസഭയിലെ മൂന്നാമത്തെ അംഗത്തിനാണ് കോവിഡ് പോസിറ്റീവ് ആകുന്നത്. നേരത്തെ മന്ത്രിമാരായ തോമസ് ഐസക്, ഇ.പി.ജയരാജൻ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വയനാട്ടിൽ കോവിഡ് മരണം

കോവിഡ് രോഗബാധിതനായി ചികിത്സയിലിരിക്കെ വയനാട് സ്വദേശി മരിച്ചു. മീനങ്ങാടി ചെന്നല കോളനിയിലെ കൃഷ്ണന് (60) ആണ് മരിച്ചത്. പ്രമേഹം, ശ്വാസതടസം, ന്യൂമോണിയ എന്നിവയെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 2.45നായിരുന്നു അന്ത്യം. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 13 നാണു കോവിഡ് സ്ഥിരീകരിച്ചത്.

കേരളത്തിൽ കൂടുതൽ ഇളവുകൾ

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ നൂറ് ശതമാനം ജീവനക്കാരും ഇന്നുമുതൽ ഹാജരാകണം. കോവിഡ് പ്രോട്ടോകോളിൽ ഇളവുകൾ പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പാണ് പുതിയ ഉത്തരവ് ഇറക്കിയത്. സർക്കാർ ഓഫീസുകൾക്ക് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളിലും ഹാജർ നില 100 ശതമാനമായി പുനസ്ഥാപിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് സർക്കാർ ഓഫീസുകളും, പൊതുമേഖലാ സ്ഥാപനങ്ങളും പൂർണതോതിൽ പ്രവർത്തിക്കേണ്ടതെന്നും ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള 14 ദിവസത്തെ നിർബന്ധിത ക്വാറന്റെെൻ ഏഴ് ദിവസമാക്കി ചുരുക്കി. കേരളത്തിനു പുറത്തുനിന്നുള്ള സംസ്ഥാനങ്ങളിൽ നിന്നു എത്തുന്നവർ ഇനി ഏഴ് ദിവസം ക്വാറന്റെെനിൽ ഇരുന്നാൽ മതി. ഏഴുദിവസങ്ങള്‍ക്ക് ശേഷം കോവിഡ് 19 പരിശോധന നടത്താം. പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ അടുത്ത ഏഴുദിവസം ക്വാറന്റെെനിൽ കഴിയണമെന്ന് നിർബന്ധമില്ല.

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,347 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 56,46,011 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,085 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 90,020 ആയി. നിലവിൽ 9,68,377 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.