തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് ഇന്ന് 4125 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 3463 പേർ സമ്പർക്കരോഗികളാണ്. ഇവരിൽ തന്നെ 412 പേരുടെ രോഗ ഉറവിടവും വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇന്നലെ വരെ ചികിത്സയിലുണ്ടായിരുന്നത് 39258 പേരായിരുന്നു. ഇതിൽ 7047 പേരും തിരുവനന്തപുരം ജില്ലയിലാണ്. ഏകദേശം 18 ശതമാനം.

ഇന്നലെ വരെ റിപ്പോർട്ട് ചെയ്ത 553 കോവിഡ് മരണങ്ങളിൽ 175ഉം തിരുവനന്തപുരത്താണ്, 32 ശതമാനത്തോളം.ഇന്ന് ജില്ലയിൽ 681 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 130ഉം ഉറവിടം അറിയാത്ത കേസുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 40,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,01,731 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടും കൂടെ ആകെ സമ്പര്‍ക്ക രോഗികള്‍ 3875 ആണ്. 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

87 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 23, കണ്ണൂര്‍ 17, കാസര്‍ഗോഡ് 15, തൃശൂര്‍ 13, എറണാകുളം 10, ആലപ്പുഴ 4, മലപ്പുറം 3, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 8 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് വിവിധ ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം 656, മലപ്പുറം 431, എറണാകുളം 379, ആലപ്പുഴ 365, കോഴിക്കോട് 383, തൃശൂര്‍ 352, കൊല്ലം 341, പാലക്കാട് 240, കാസര്‍ഗോഡ് 176, കോട്ടയം 163, പത്തനംതിട്ട 159, കണ്ണൂര്‍ 117, വയനാട് 75, ഇടുക്കി 38 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 469, കൊല്ലം 215, പത്തനംതിട്ട 117, ആലപ്പുഴ 231, കോട്ടയം 114, ഇടുക്കി 42, എറണാകുളം 250, തൃശൂര്‍ 240, പാലക്കാട് 235, മലപ്പുറം 468, കോഴിക്കോട് 130, വയനാട് 61, കണ്ണൂര്‍ 214, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

2,20,270 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,94,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2430 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 38,574 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,92,757 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,97,282 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

9 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുല്‍പറ്റ (2), ആലപ്പുഴ ജില്ലയിലെ പളിങ്കുന്ന് (സബ് വാര്‍ഡ് 7, 8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

19 മരണങ്ങൾ സ്ഥിരീകരിച്ചു

19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 572 ആയി.

ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജന്‍ (58), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോന്‍ (79) എന്നിവരുടെ മരണകാരണം കോവിഡ് ആണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീര്‍ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്‍ (81), എറണാകുളം സ്വദേശി പി. ബാലന്‍ (86), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്‍ (54) എന്നിവരുടെ മരണവും കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷം

കോവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതി വിശേഷത്തിലാണ് എത്തി നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം. സംസ്ഥാനത്ത് ഇന്നലെ വരെ ചികിത്സയിലുണ്ടായിരുന്നത് 39258 പേരായിരുന്നു. ഇതിൽ 7047 പേരും തിരുവനന്തപുരം ജില്ലയിലാണ്. ഏകദേശം 18 ശതമാനം. ഇന്നലെ വരെ റിപ്പോർട്ട് ചെയ്ത 553 കോവിഡ് മരണങ്ങളിൽ 175ഉം തിരുവനന്തപുരത്താണ്, 32 ശതമാനത്തോളം.ഇന്ന് ജില്ലയിൽ 681 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 130ഉം ഉറവിടം അറിയാത്ത കേസുകളാണ്.

ജില്ലയില്‍ ഇന്ന് 526 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 2 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 290 പേര്‍ സ്ത്രീകളും 391 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 65 പേരും 60 വയസിനു മുകളിലുള്ള 106 പേരുമുണ്ട്. പുതുതായി 2,071 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,245 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 4,011 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 21,693 പേരും വിവിധ സ്ഥാപനങ്ങളിലായി 541 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 2,413 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. കോവിഡ് പോസിറ്റീവായ 20 ഗര്‍ഭിണികളും 22 കുട്ടികളും നിലവില്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.

കൊല്ലത്ത് 347 പേർക്ക് കോവിഡ്, ആലപ്പുഴയിലും കോട്ടയത്തും ക്ലസ്റ്ററുകളിൽ രോഗവ്യാപനം വർധിക്കുന്നു

കൊല്ലം ജില്ലയിൽ 347 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയിൽ നിലവിലുള്ള 11 ആക്ടിവ് ക്ലസ്റ്ററുകളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പന്തളം കടക്കാവ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററിലാണ്. ശവസംസ്കാരം ചടങ്ങുകളിൽ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തതിനാൽ സമ്പർക്ക രോഗവ്യാപനം വർധിക്കുന്നു. ആലപ്പുഴയിലും കോട്ടയത്തും വിവിധ ക്ലസ്റ്ററുകളിൽ രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നത് വെല്ലുവിളിയാണ്.

എറണാകുളത്ത് 20 ശതമാനം വരെ വർധനയുണ്ടാകുമെന്ന് വിലയിരുത്തൽ

എറണാകുളം ജില്ലയിൽ പ്രതിദിന കണക്കിൽ 10-20 ശതമാനം വരെ വർധനയുണ്ടാകുമെന്ന് വിലയിരുത്തൽ. ഓണം ആഘോഷങ്ങളോട് അനുബന്ധിച്ച സമ്പർക്ക വ്യാപനതോത് വർധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച നല്ലൊരു പങ്കും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിൽ ഇന്ന് 406 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 379 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 250 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് 1699 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1406 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു . ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1310 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1209 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 756 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

കോഴിക്കോട്ട് തീരപ്രദേശങ്ങളിൽ രോഗവ്യാപനം തുടരുന്നു

കോഴിക്കോട് ജില്ലയിൽ തീരപ്രദേശങ്ങളിൽ രോഗവ്യാപനം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കപ്പക്കൽ വാർഡിൽ മാത്രം 107 പേർ കോവിഡ് പൊസീറ്റിവായി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 394 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 363 പേര്‍ക്കാണ് രോഗം ബാധിച്ചത്. 12 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4085 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 130 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

കണ്ണൂരിൽ എട്ട് ആക്ടീവ് ക്ലസ്റ്ററുകൾ

കണ്ണൂരിലെ 11 ക്ലസ്റ്ററുകളിൽ രോഗബാധ പൂർണമായും നിയന്ത്രിക്കാൻ സാധിച്ചു. എട്ട് ആക്ടീവ് ക്ലസ്റ്ററുകളാണുള്ളത്. ജില്ലാ ആശുപത്രിയിലെ 11 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അവിടുത്തെ ഓഫീസുകൾ താൽക്കാലികമായി അടച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

തൃശൂരിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച369 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി.

ജില്ലയിൽ സമ്പർക്കം വഴി 363 പേർക്കാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. ഇതിൽ 6 പേരുടെ രോഗ ഉറവിടം അറിയില്ല. ഒൻപത് ആരോഗ്യ പ്രവർത്തകർ, ഒരു ഫ്രന്റ് ലൈൻ വർക്കർ. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവ നാല് പേർക്കും വിദേശത്തുനിന്ന് എത്തിയ രണ്ട് പേർക്കും കോവിഡ് സ്ഥീരികരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 24 പുരുഷൻമാരും 9 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 16 ആൺകുട്ടികളും 14 പെൺകുട്ടികളുമുണ്ട്.

പാലക്കാട് ജില്ലയിൽ 242 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 242 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 155 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 85 പേർ എന്നിവർ ഉൾപ്പെടും. 235 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 444 പേർക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് 444 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 423 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ എട്ട് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

വയനാട് ജില്ലയിൽ 81 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 61 പേര്‍ രോഗമുക്തി നേടി. കല്‍പ്പറ്റ വനിതാ സെല്ലിലെ ഒരു വനിത പോലീസ് ഓഫീസര്‍ക്കുള്‍പ്പെടെ 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും 2 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2715 ആയി. 2060 പേര്‍ രോഗമുക്തരായി. നിലവില്‍ 640 പേരാണ് ചികിത്സയിലുള്ളത്.

കാസർഗോട്ട് 197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ന് കാസർഗോഡ് ജില്ലയില്‍ 197 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 191 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 225 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായത്.

സണ്ണി ജോസഫ് എംഎൽഎയ്ക്ക് കോവിഡ്

പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. എംഎൽഎയുമായി പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ന് രാവിലെ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് താൻ കോവിഡ് പോസിറ്റീവ് ആയ വിവരം അറിഞ്ഞതെന്നും എംഎൽഎ പറഞ്ഞു.

കേരളത്തിലെ രോഗവ്യാപന തോത് ദേശീയ ശരാശരിയേക്കാൾ കൂടുതൽ

കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. അതിനിടയിലാണ് സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി റേറ്റ് ദേശീയ ശരാശരിയേക്കാൾ ഉയർന്നത്. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Read Also: Covid-19 Vaccine Tracker, Sept 22: ഇന്ത്യയിൽ നാല് കോവിഡ് വാക്സിനുകൾ പരീക്ഷണത്തിന് തയ്യാറെടുക്കുന്നു: കേന്ദ്രം

സെപ്‌റ്റംബർ 19 വരെയുള്ള കണക്ക് പ്രകാരം കേരളത്തിലെ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 9.1 ശതമാനമാണ്. ദേശീയ തലത്തിൽ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 8.7 ശതമാനവും. എന്നാൽ, നേരത്തെ ജൂൺ ഒന്ന് മുതൽ 13 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തെ പോസിറ്റിവിറ്റി റേറ്റ് 7.4 ശതമാനം ആയിരുന്നപ്പോൾ കേരളത്തിലേത് 1.6 ശതമാനം മാത്രമായിരുന്നു. ജൂലൈ 25 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ദേശീയ ശരാശരി 11ലേക്ക് ഉയർന്നപ്പോൾ കേരളത്തിൽ 5.6 ശതമാനമായി. നിലവിൽ പോസിറ്റിവിറ്റി റേറ്റിൽ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം.

Read Also: കോവിഡ് വാക്‌സിൻ എപ്പോൾ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രി

നിലവിലെ സ്ഥിതി തുടർന്നാൽ ഒക്‌ടോബർ ആകുമ്പോഴേക്കും കേരളത്തിൽ ദിനംപ്രതി 7,000 ത്തിനടുത്ത് കോവിഡ് രോഗികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്‌ടോബർ, നവംബർ മാസങ്ങളിൽ കൂടി കോവിഡ് വ്യാപനം അതിരൂക്ഷമായേക്കാമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. എന്നാൽ, രോഗവ്യാപന തോത് ഉയരുമ്പോഴും ചികിത്സയും മറ്റ് കാര്യങ്ങളും കൃത്യമായി കൊണ്ടുപോകാൻ സാധിക്കുന്നതായാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.