തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരരുടെ എണ്ണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇന്ന് 2910 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായി നാല് ദിവസം 4000 കടന്നതിനു പിറകേയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2910ൽ ഒതുങ്ങിയത്.

അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്ക ഉറവിടം അറിയാത്തവരുടെ എണ്ണം മുന്നൂറിലധികമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടമാണ് വ്യക്തമല്ലാത്തത്.

അതേസമയം ഇന്നത്തെ കോവിഡ് പരിശോധനകളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 45000ന് മുകളിലായിരുന്നു.അതേസമയം ഇന്ന് 3022 പേർ രോഗമുക്തി നേടിയെന്നത് സംസ്ഥാനത്തിന് ആശ്വാസകരമാണ്.

തിരുവനന്തപുരം ജില്ലാ കലക്ടർ ക്വാറന്റൈനിൽ

തിരുവനന്തപുരം ജില്ലാ കലക്ടർ നവ്ജോത് ഖോസ ക്വാറന്റാനിൽ തുടരും. തിരുവനന്തപുരം അഡീഷനൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് എആർ വിനോദിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

Kerala Covid-19 Tracker: കേരളത്തിൽ ഇന്ന് 2910 പേർക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 2910 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 3022 പേർ രോഗമുക്തി നേടി. 18 കോവിഡ് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. 39,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 98,724 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി ഇന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം 31, കണ്ണൂര്‍ 25, എറണാകുളം 12, കൊല്ലം 8, മലപ്പുറം 6, പത്തനംതിട്ട, തൃശൂര്‍ 2 വീതം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം, എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

തിരുവനന്തപുരം – 533
കോഴിക്കോട് – 376
മലപ്പുറം – 349
കണ്ണൂര്‍ – 314
എറണാകുളം – 299
കൊല്ലം – 195
തൃശൂര്‍ – 183
പാലക്കാട് – 167
കോട്ടയം – 156
ആലപ്പുഴ – 112
കാസര്‍ഗോഡ് – 110
ഇടുക്കി – 82
വയനാട് – 18
പത്തനംതിട്ട – 16

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചർ

തിരുവനന്തപുരം – 497
കോഴിക്കോട് – 340
മലപ്പുറം – 336
എറണാകുളം – 278
കണ്ണൂര്‍ – 262
കൊല്ലം – 183
തൃശൂര്‍ – 176
പാലക്കാട് – 157
കോട്ടയം – 148
ആലപ്പുഴ – 104
കാസര്‍ഗോഡ് – 101
ഇടുക്കി – 45
വയനാട് – 13
പത്തനംതിട്ട – 13

രോഗമുക്തി നേടിയവർ

തിരുവനന്തപുരം – 519
കൊല്ലം – 243
പത്തനംതിട്ട – 79
ആലപ്പുഴ – 234
കോട്ടയം – 136
ഇടുക്കി – 37
എറണാകുളം – 297
തൃശൂര്‍ – 140
പാലക്കാട് – 171
മലപ്പുറം – 486
കോഴിക്കോട് – 419
വയനാട് – 46
കണ്ണൂര്‍ – 39
കാസര്‍ഗോഡ് – 176

18 കോവിഡ് മരണങ്ങൾ

18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ മലപ്പുറം കാടാമ്പുഴ സ്വദേശിനി കമലാക്ഷി (69), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പന്‍ (70), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശിനി പി. അയിഷ (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കീഴൂര്‍ സ്വദേശി ദാമോദരന്‍ നായര്‍ (80), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ പാലക്കാട് നൂറനി സ്വദേശിനി പാത്തുമുത്തു (59), കണ്ണൂര്‍ സ്വദേശി ഗംഗാധരന്‍ (70), സെപ്റ്റംബര്‍ 12ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി സുബൈദ (60), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി വി.കെ. അസിയ (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരന്‍ (73), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ഭാഗീരഥി അമ്മ (82), തിരുവനന്തപുരം റസല്‍പുരം സ്വദേശി രമണി (65), തിരുവനന്തപുരം കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി അബ്ബാസ് (63), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി ദേവകി (83), മലപ്പുറം ചേലക്കാട് സ്വദേശി മുഹമ്മദ് കുട്ടി (82), മലപ്പുറം മേലുമുറി സ്വദേശി അബ്ദുള്ള (65), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ മലപ്പുറം താനൂര്‍ സ്വദേശിനി ഖദീജ (85) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 553 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,907 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,93,129 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,778 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2681 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,50,599 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,96,191 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

13 പുതിയ ഹോട്ട്സ്‌പോട്ടുകൾ

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), പടിയൂര്‍ (4,7, 9(സബ് വാര്‍ഡ്), 12), ഉദയഗിരി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (സബ് വാര്‍ഡ് 13), അണ്ടൂര്‍കോണം (8), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 22), വലപ്പാട് (സബ് വാര്‍ഡ് 6), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മാറാടി (സബ് വാര്‍ഡ് 4), പാലക്കാട് ജില്ലയിലെ അയിലൂര്‍ 17), തച്ചമ്പാറ (4), ആലപ്പുഴ ജില്ലയിലെ വയലാര്‍ (സബ് വാര്‍ഡ് 4), വയനാട് ജില്ലയിലെ തവിഞ്ഞല്‍ (12, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത് 533 പേര്‍ക്ക്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 533 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 394 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 103 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 5 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

കൊല്ലത്ത് 195 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 195 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും, സമ്പർക്കം മൂലം 183 പേർക്കും, 8 ആരോഗ്യപ്രവത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 243 പേർ രോഗമുക്തി നേടി.

ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത് പത്തനംതിട്ടയിൽ

പത്തനംതിട്ട ജില്ലയിലാണ് ഇന്ന് ഏറ്റവും കുറവ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 15 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇന്ന് 79 പേർ ജില്ലയിൽ രോഗമുക്തി നേടി.

ആലപ്പുഴയിൽ 112 പേർക്ക് കോവിഡ്

ആലപ്പുഴ ജില്ലയിൽ ഇന്ന് 112 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്തുനിന്നും ആറുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 104 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കോട്ടയത്ത് 156 പേർക്ക് രോഗബാധ; 148 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 156 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 148 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേരും കോവിഡ് ബാധിതരായി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ രണ്ടു പേര്‍ ആലപ്പുഴ ജില്ലക്കാരാണ്. വാഴപ്പള്ളി- 25, കുമരകം-14, ചങ്ങനാശേരി-10, കോട്ടയം-9, എരുമേലി, പായിപ്പാട്-8 വീതം, തൃക്കൊടിത്താനം, എലിക്കുളം-7 വീതം, പള്ളിക്കത്തോട്-6 നെടുംകുന്നം-5, രാമപുരം, കറുകച്ചാല്‍, വാകത്താനം-4 വീതം എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗം ഭേദമായ 150 പേര്‍കൂടി ആശുപത്രി വിട്ടു. നിലവില്‍ 2754 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 7792 പേര്‍ രോഗബാധിതരായി. 5035 പേര്‍ രോഗമുക്തി നേടി. 20233 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ 82 പേർക്ക് രോഗബാധ; 44 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് 82 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 44 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 7 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 4 പേർ വിദേശത്ത് നിന്നും 34 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് 299 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 299 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 278 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് ജില്ലയിൽ 297 പേർ രോഗമുക്തി നേടി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 989 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1287 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 688 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 183 പേർക്ക് കോവിഡ്; 140 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 183 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. സമ്പർക്കം വഴി 179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല.രണ്ട് ആരോഗ്യ പ്രവർത്തകർക്കും, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്നു പേർക്കും വിദേശത്തുനിന്ന് എത്തിയവർ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷൻമാരും 14 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 8 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്. 140 പേർ രോഗമുക്തരായി.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8867 ആണ്. 5909 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് ജില്ലയിൽ 167 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 128 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, വിദേശത്തുനിന്നു വന്ന 3 പേർ , ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേർ എന്നിവർ ഉൾപ്പെടും.171പേർ രോഗമുക്തി നേടി.

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 349 പേര്‍ക്ക്

മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തി. 349 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 36 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ഇന്ന് 489 പേര്‍ക്കാണ് വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് 19 ഭേദമായത്. ഇതുവരെ 12,235 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 376 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 318 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ എട്ട് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 26 പേര്‍ക്കുമാണ് പോസിറ്റീവായത്.

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3825 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 419 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 18 പേര്‍ക്ക് കോവിഡ്; 46 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 46 പേര്‍ രോഗമുക്തി നേടി. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2634 ആയി. 1999 പേര്‍ രോഗമുക്തരായി. നിലവില്‍ 630 പേരാണ് ചികിത്സയിലുള്ളത്.

കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചവർ മുന്നൂറിലധികം

കണ്ണൂർ ജില്ലയില്‍ 314 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 257 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറു പേര്‍ വിദേശത്തു നിന്നും 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 39 പേർ ഇന്ന് രോഗമുക്തി നേടി.

കാസർഗോട്ട് 110 പേര്‍ക്ക് കോവിഡ്

ഇന്ന് കാസർഗോഡ് ജില്ലയില്‍ 110 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 102 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 177 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായത്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്. ഇന്നലെ 86,961 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോട ആകെ രോഗികളുടെ എണ്ണം 54,87,580 ആയി. പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഇന്നലെ തൊണ്ണൂറായിരത്തിൽ താഴെ എത്തി. 43, 96, 399 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 1130 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 87882 ആയി.

ഹരിപ്പാട് നഗരസഭയിൽ കൗൺസിലർ ഉൾപ്പടെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹരിപ്പാട് നഗരസഭയിൽ ഒരു വനിതാ കൗൺസിലർ ഉൾപ്പടെ ഏഴ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആദ്യം രണ്ട് ജീവനക്കാർക്കാണ് നഗരസഭയിൽ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് പേർക്ക് കൂടി പോസിറ്റീവായത്. ഇതോടെ നഗരസഭ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നത് ഇനിയും നീളും.

ചെയർപേഴ്സണും, കൗൺസിലർമാർക്കും പുറമേ നഗരസഭയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകനും ഉൾപ്പടെ നൂറിലേറെ പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരുടെ പരിശോധന 23ന് നടക്കും. ഇതിന് ശേഷമാകും നഗരസഭയുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനം ഉണ്ടാകുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook