തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായിരം കടന്നു. ഇന്ന് 4644 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന വർധനവാണിത്.
ഇന്ന് തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറംത്ത് 534 പേർക്കും, കൊല്ലത്ത് 436 പേർക്കും, കോഴിക്കോട്ട് 412 പേർക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുന്നൂറിലധികമാണ്. കോട്ടയം, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ ഇരുന്നൂറിലധികം പേർക്കം രോഗം സ്ഥിരീകരിച്ചു. കാസർഗോട്ട് 191 പേർക്കും, വയനാട് ജില്ലയിൽ 95 പേർക്കും ഇടുക്കിയിൽ 47 പേർക്കും രോഗം സ്ഥിരീകരിച്ചു.
കേരളത്തിൽ ജനിതക വ്യതിയാനം സംഭവിച്ച വൈറസ്
വർധിച്ച വ്യാപനശേഷിക്ക് കാരണായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസെന്ന് കേരളത്തിൽ കാണപ്പെടുന്നതെന്നാണ് വിധഗ്ധ പഠനത്തിന്റെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേരളത്തില്‍നിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണികരണം നടത്തുവാനും അവയുടെ വംശാവലി സാര്‍സ് കൊറോണ 2 വിന്റെ ഇന്ത്യന്‍ ഉപവിഭാഗമായ എ2എ (A 2 a) ആണെന്ന് നിര്‍ണ്ണയിക്കുവാനും സാധിച്ചു.
വിദേശ വംശാവലിയില്‍ പെട്ട രോഗാണുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വടക്കന്‍ ജില്ലകളില്‍ നിന്നെടുത്ത സാമ്പിളുകളില്‍ നിന്നു ലഭിക്കുന്ന വിവര പ്രകാരം ഒഡീഷ, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 37,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 92,951 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 229 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
86 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 36, കണ്ണൂര്‍ 12, കൊല്ലം 6, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട് 2 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 14 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
തിരുവനന്തപുരം 783, മലപ്പുറം 517, കൊല്ലം, കോഴിക്കോട് 389 വീതം, തൃശൂര്‍ 342, പാലക്കാട് 330, എറണാകുളം 320, ആലപ്പുഴ 284, കോട്ടയം 260, കണ്ണൂര്‍ 199, പത്തനംതിട്ട 176, കാസര്‍ഗോഡ് 172, വയനാട് 87, ഇടുക്കി 31 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവർ
തിരുവനന്തപുരം 564, കൊല്ലം 243, പത്തനംതിട്ട 154, ആലപ്പുഴ 224, കോട്ടയം 119, ഇടുക്കി 54, എറണാകുളം 189, തൃശൂര്‍ 191, പാലക്കാട് 130, മലപ്പുറം 326, കോഴിക്കോട് 344, വയനാട് 31, കണ്ണൂര്‍ 91, കാസര്‍ഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
18 മരണങ്ങൾ സ്ഥിരീകരിച്ചു
18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 519 ആയി. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാര്‍ത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരന് (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണന് (62), തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാര്‍ (29), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പന് പിള്ള (87) എന്നിവരുടെ മരണം കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.
സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം ചവറ സ്വദേശി സദാനന്ദന് (89), കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78), തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94), തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമന് (65), തൃശൂര്‍ സ്വദേശി ലീലാവതി (81), തൃശൂര്‍ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ നാഗര്‍കോവില്‍ സ്വദേശി രവിചന്ദ്രന്‍ (59), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.എല്‍. ജോണ്‍ (66), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി ചന്ദ്രന് (60), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി നാരായണി (90) എന്നിവരുടെ മരണകാരണവും കോവിഡ് ആണെന്ന് ഇന്ന് സ്ഥിരീകരിച്ചു.
2,17,695 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,695 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,92,534 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,161 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3070 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 47,452 സാമ്പിളുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 23,84,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,95,207 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
27 പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് 27 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കൊടുവായൂര്‍ (18), ഓങ്ങല്ലൂര്‍ (2, 22), തൃത്താല (3), വടക്കരപ്പതി (15), കേരളശേരി (10, 13), കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി (31, 33), ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (23), മുണ്ടക്കയം (20), ഭരണങ്ങാനം (6), വെച്ചൂര്‍ (2), തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (14, 15, 16), കടപ്പുറം (11), കൊടകര (1, 2 (സബ് വാര്‍ഡ്), വല്ലച്ചിറ (4), മറ്റത്തൂര്‍ (സബ് വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (7, 15 (സബ് വാര്‍ഡുകള്‍), 1, 11, 14), ചെറിയനാട് (സബ് വാര്‍ഡ് 10), മാരാരിക്കുളം നോര്‍ത്ത് (സബ് വാര്‍ഡ് 13), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (9), റാന്നി (1, 13), കവിയൂര്‍ (സബ് വാര്‍ഡ് 2), മലപ്പുറം ജില്ലയിലെ കവന്നൂര്‍ (6), ആലംകോട് (4), മറയൂര്‍ (8), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (സബ് വാര്‍ഡ് 12), വയനാട് ജില്ലയിലെ തരിയോട് (സബ് വാര്‍ഡ് 9, 10, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 630 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അടുത്ത തരംഗത്തിന്റെ മുന്നറിയിപ്പ്
കോവിഡ് രോഗവ്യാപനത്തിന്റെ അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി നമ്മുടെ രാജ്യത്ത് പ്രകടമാകാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വര്‍ധിച്ച വ്യാപനശേഷിക്കു കാരണമായേക്കാവുന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തില്‍ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനം.
അയല്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തില്‍ വലിയ ആഘാതം തന്നെ സൃഷ്ടിക്കാം. നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തിവെച്ചേക്കാവുന്ന ഘട്ടത്തിലാണ് നമ്മളിപ്പോള്‍. പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ട്. പൊതുസ്ഥങ്ങളില് എല്ലാവരും ഉത്തരവാദിത്വബോധത്തോടെ പെരുമാറിയേ തീരൂ എന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്
സംസ്ഥാനത്തു തന്നെ ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് തിരുവനന്തപുരത്താണ്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും കൂടുതലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 824 പേര്‍ക്കാണ്. ഇന്നലെ മാത്രം ജില്ലയില്‍ 2,014 പേര് രോഗനിരീക്ഷണത്തിലായി.
ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 147 പേരുടെ ഉറവിടം വ്യക്തമല്ല. 34 പേര് വീട്ടുനിരീക്ഷണത്തിലായിരുന്നു. 4 പേര് അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചു.
ചെമ്പഴന്തി സ്വദേശി ഷാജി(47), മൂഴി സ്വദേശി തങ്കപ്പന് പിള്ള(87), കാഞ്ഞിരംപാറ സ്വദേശിനി സീത(94), വള്ളിച്ചിറ സ്വദേശി സോമന്(65) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 347 പേര് സ്ത്രീകളും 479 പേര് പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 104 പേരും 60 വയസിനു മുകളിലുള്ള 141 പേരുമുണ്ട്.
കൊല്ലത്ത് മരണത്തെ മുഖാമുഖം കണ്ട രോഗി ജീവിതത്തിലേക്ക് മടങ്ങിയെത്തി
കൊല്ലം ജില്ലയിൽ മരണത്തെ മുഖാമുഖം കണ്ട വ്യക്തി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് ആരോഗ്യ രംഗത്തിന്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി. പാരിപ്പള്ളി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന ശാസ്താംകോട്ട സ്വദേശിയായ ടൈറ്റസ് 43 ദിവസമാണ് വെന്റിലേറ്ററിൽ കഴിഞ്ഞത്. അതിൽ 20 ദിവസവും കോമ സ്റ്റേജിലായിരുന്നു. വെന്റിലേറ്ററിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും സഹായമില്ലാതെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ജൂലൈ ആറിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ജീവൻ രക്ഷ മരുന്നുകൾ ഉയർന്ന ഡോസിൽ നൽകേണ്ടി വന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.
പത്തനംതിട്ടയിൽ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററില്‍ 55 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററില്‍ വെള്ളിയാഴ്ച വരെ 55 പേര്‍ക്കാണ് രോഗം കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവാഹത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുണ്ടായ പ്രാഥമിക സമ്പര്‍ക്കംമൂലം രോഗബാധ സ്ഥിരീകരിക്കുന്നത് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിവാഹത്തിന് വലിയ തോതില്‍ ആളുകള്‍ ഒത്തുകൂടുന്നതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതും രോഗവ്യാപനത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ കൂടുതൽ രോഗബാധ പുറക്കാട്, ആറാട്ടുപുഴ, പുന്നപ്ര സൗത്ത് എന്നിവിടങ്ങളിൽ
ആലപ്പുഴ ജില്ലയില്‍ സജീവമായ 11 ക്ലസ്റ്ററുകളില്‍ പുറക്കാട്, ആറാട്ടുപുഴ, പുന്നപ്ര സൗത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ ഉള്ളതെന്ന് സംസ്ഥാന സർക്കാർ. ജില്ലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നിലവില്‍ നല്‍കിയിട്ടുള്ള ആംബുലന്‍സുകള്‍ക്ക് പുറമെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഓരോ ആംബുലന്‍സ് വീതം നല്‍കുമ
കോട്ടയം മുനിസിപ്പാലിറ്റിയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നനിലയില്‍ തുടരുന്നു
കോട്ടയം മുനിസിപ്പാലിറ്റിയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നനിലയില്‍ തുടരുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു.
ജില്ലയില്‍ ഇന്ന് 263 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 260 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും കോവിഡ് ബാധിതരായി.
വാഴപ്പള്ളി- 34, കോട്ടയം-26 , ഏറ്റുമാനൂര്‍ -20, പാമ്പാടി- 13, പനച്ചിക്കാട്-11, കുറിച്ചി-10, മാടപ്പള്ളി- 9, അയ്മനം -8, കറുകച്ചാല്‍, പുതുപ്പള്ളി- 7വീതം, കങ്ങഴ, പാലാ – 6 വീതം എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
രോഗം ഭേദമായ 116 പേര്‍കൂടി ആശുപത്രി വിട്ടു. നിലവില്‍ 2587 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 7355 പേര് രോഗബാധിതരായി. 4765 പേര് രോഗമുക്തി നേടി. 19927 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
നെടുങ്കണ്ടത്ത് സമ്പൂർണ അടച്ചുപൂട്ടൽ
ഇടുക്കിയില്‍ നെടുങ്കണ്ടം ടൗണ്‍ പൂര്‍ണ്ണമായി അടച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. മത്സ്യ മൊത്തക്കച്ചവടക്കാരനും, ഗ്രാമപഞ്ചായത്ത്, എക്സൈസ്, ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 48 പേര്‍ക്ക് ടൗണില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കങ്ങളില്‍ ഒന്നാണ് നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടേതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
3,000ത്തോളം ആളുകളുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുമളി എട്ടാംമൈല്‍ മുതല്‍ രാജാക്കാട്, രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാര്‍, കമ്പംമേട് തുടങ്ങി അതിര്‍ത്തി മേഖലയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയിരുന്നതായാണ് വിവരം.
എറണാകുളത്ത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സമ്പര്‍ക്ക വ്യാപനം
എറണാകുളത്ത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സമ്പര്‍ക്ക വ്യാപനം ഉള്ളതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 42 ക്ലസ്റ്ററുകളില്‍ 28 വലിയ കമ്യൂണിറ്റി ക്ലസ്റ്ററുകളുണ്ട്. പോസിറ്റീവ് ആകുന്ന ഗര്‍ഭിണികള്‍ക്കായി ഐസിഡിഎസ് സഹകരണത്തോടെ മുട്ടം എസ്സിഎംഎസ് കോളേജില്‍ പുതിയൊരു എഫ്എല്‍ടിസി ആരംഭിച്ചിട്ടുണ്ട്.
ജില്ലയിൽ ഇന്ന് 351 പേർക്ക് രോഗം സ്ഥിരീകരിച്ചു. 320 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 189 പേർ രോഗ മുക്തി നേടി. ഇതിൽ 185 പേർ എറണാകുളം ജില്ലക്കാരും 3 പേർ മറ്റ് ജില്ലകളിൽ നിന്നുള്ളവരും ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നുമാണ്.
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1867 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1204 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1372 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
തൃശൂരിൽ എഴുപതോളം ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകൾ
തൃശൂര്‍ ജില്ലയിലെ എഴുപതോളം ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാണാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
പാലക്കാട് 349 പേർക്ക് രോഗം സ്ഥിരീകരിച്ചു
പാലക്കാട് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുന്നൂറിലധികമാണ്. ഇന്ന് 349 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 330 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ മേലാമുറി പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററിലുള്‍പ്പെട്ട 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവർ അഞ്ഞൂറിലധികം
മലപ്പുറം ജില്ലയില്‍ കോവിഡ് രോഗിബാധിതരുടെ എണ്ണം ആദ്യമായി 500 കടന്നു. ഇന്ന് 534 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 483 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 34 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
ഇന്ന് രോഗമുക്തി നേടിയ 329 പേരുള്‍പ്പടെ ഇതുവരെ 11,367 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ വീടുകളിലേക്ക് മടങ്ങിയത്.
കോഴിക്കോട്ട് കോര്പറേഷന് പരിധിയിലും വടകര, ചോറോട് ക്ലസ്റ്ററുകളിലും കൂടുതൽ രോഗികൾ
കോഴിക്കോട് ദിനംപ്രതി അയ്യായിരത്തിലധികം സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 6681 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. കോഴിക്കോട് കോര്പറേഷന് പരിധിയിലും വടകര, ചോറോട് ക്ലസ്റ്ററുകളിലുമാണ് കൂടുതല്‍ രോഗികളുള്ളത്. വെള്ളയില്‍ ക്ലസ്റ്ററില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 76 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയില്‍ ഇന്ന് 412 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 346 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ 3 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്റീവായത്.
ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3573 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 344 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വയനാട് ജില്ലയില്‍ സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവർ നിരീക്ഷണത്തില്‍
വയനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ജില്ലയില്‍ സ്വയം നിരീക്ഷണത്തില്‍ പോയതായി സംസ്ഥാന സർക്കാർ അറിയിച്ചു.
ജില്ലയില്‍ ഇന്ന് 95 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 30 പേര് രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാൾ വിദേശത്ത് നിന്നും വന്നവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2519 ആയി. 1899 പേര് രോഗമുക്തരായി. നിലവില്‍ 605 പേരാണ് ചികിത്സയിലുള്ളത്.
കണ്ണൂരിൽ ആരോഗ്യ പ്രവർത്തകരിലെ രോഗബാധ കൂടുതൽ
കണ്ണൂര്‍ ജില്ലയില്‍ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അത് നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.
കാസർഗോട്ട് 191 പേർക്ക് കോവിഡ്
കാസർഗോഡ് ജില്ലയിൽ ഇന്ന് 191 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 176 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 203 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടിയതായി ഡിഎംഒ അറിയിച്ചു.
അതേസമയം കാസര്‍കോട്ട് നിലവിലുള്ള തീരദേശ ക്ലസ്റ്ററുകളില്‍ നിന്നും പലരും പരിശോധനയ്ക്ക് തയ്യാറാകാത്തത് പ്രധാന പ്രശ്നമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വയനാട്ടിൽ കോവിഡ് ബാധിച്ച് രണ്ട് പേർകൂടി മരിച്ചു
വയനാട്ടിൽ കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു.മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി മാർട്ടിൻ (94), മൂന്നാനക്കുഴി സ്വദേശി വരിപ്പിൽ വീട്ടിൽ പ്രഭാകരൻ (61) എന്നിവരാണ് മരിച്ചത്.മാർട്ടിൻ പ്രമേഹം, രക്തസമ്മർദം, ചുമ, ശ്വാസതടസം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമാവുകയും കോവിഡ് പരിശോധന പോസിറ്റീവ് ആവുകയും ചെയ്തതിനാൽ 18 ന് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പ്രഭാകരൻ കടുത്ത രക്തസമ്മർദത്തിന് ബത്തേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയും 18ന് രാവിലെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇന്ന് രാവിലെ 6 30ന് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് സർക്കാരിന്റെ അനാസ്ഥ മൂലം: ശശി തരൂർ
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ശശി തരൂർ എംപി. തെരുവുകളിൽ പ്രതിഷേധത്തിനിറങ്ങാൻ സർക്കാരിന്റെ അഴിമതി ആരോപണങ്ങൾ നിർബന്ധിതരാക്കുകയാണെന്നും തരൂർ കുറ്റപ്പെടുത്തി. സർക്കാരിന്റെ മോശം നേതൃമികവും അനാസ്ഥയുമാണ് ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ മോശമാകുകയാണ്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കാൻ സർക്കാർ തയ്യാറാകണമെന്നും തരൂർ ആവശ്യപ്പെട്ടു. നേരത്തെ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് പ്രശംസിച്ച എംപി കൂടിയാണ് തരൂർ.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സമരങ്ങളെ തള്ളി മന്ത്രി കടകംപള്ളി
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തലസ്ഥാനത്ത് അടക്കം നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കോവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന് മന്ത്രി ആരോപിച്ചു. തലസ്ഥാനം കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രോഗം എത്ര വേണമെങ്കിലും വ്യാപിക്കട്ടെ എന്ന മനോഭാവത്തിൽ ഉള്ള പ്രവർത്തനമാണ് തലസ്ഥാനത്ത് നടക്കുന്നത്. ആശുപത്രികൾ നിറഞ്ഞാൽ എന്തുചെയ്യുമെന്നും കടകംപള്ളി ചോദിച്ചു.
രാജ്യത്തെ രോഗബാധിതരുടെ എണ്ണം
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 93,337 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 53,08,015 ആയി. നിലവിൽ 10,13,964 പേർ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,247 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടു. ആകെ മരണസംഖ്യ 85,619 ആയി. ഇതുവരെ രാജ്യത്ത് 42,08,432 പേർ രോഗമുക്തി നേടി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.