തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4000 കടന്നു. ഇന്ന് 4351 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 3730 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 351 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 71 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 45730 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത്. ചികിത്സയിലായിരുന്ന 2737 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഇന്ന് തിരുവനന്തപുരം ജില്ലയിലാണ് രോഗബാധ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയിൽ 820 പേ‍ർക്ക്  കോവിഡ് സ്ഥിരീകരിച്ചു. അതിൽ 721 ഉം സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 83 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇന്ന് ആറ് ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മുന്നൂറിലധികമാണ്. കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ഞൂറിലധികമാണ്. 545 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് 383 പേർക്കും ആലപ്പുഴയിൽ 367പേർക്കും മലപ്പുറത്ത് 351 പേർക്കും കാസ‍ർഗോട്ട് 319 പേർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ് കടന്നിട്ടുണ്ട്. പത്തനംതിട്ട, വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇരുന്നൂറിലധികം പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 4351 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2737 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 34,314 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 87,345 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.57 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 141 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

72 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 16, തിരുവനന്തപുരം 15, കാസര്‍ഗോഡ് 12, തൃശൂര്‍, കണ്ണൂര്‍ 8 വീതം,കൊല്ലം, പാലക്കാട്, മലപ്പുറം 3, ആലപ്പുഴ 2, പത്തനംതിട്ട, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

 • തിരുവനന്തപുരം- 820
 • കോഴിക്കോട്- 545
 • എറണാകുളം- 383
 • ആലപ്പുഴ- 367
 • മലപ്പുറം- 351
 • കാസര്‍ഗോഡ്- 319
 • തൃശൂര്‍- 296
 • കണ്ണൂര്‍- 260
 • പാലക്കാട്- 241
 • കൊല്ലം- 218
 • കോട്ടയം- 204
 • പത്തനംതിട്ട- 136
 • വയനാട്- 107
 • ഇടുക്കി- 104

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തിരുവനന്തപുരം- 804
 • കോഴിക്കോട്- 536
 • എറണാകുളം- 358
 • ആലപ്പുഴ- 349
 • മലപ്പുറം- 335
 • തൃശൂര്‍- 285
 • കാസര്‍ഗോഡ്- 278
 • കണ്ണൂര്‍- 232
 • പാലക്കാട്- 211
 • കൊല്ലം- 210
 • കോട്ടയം- 198
 • പത്തനംതിട്ട- 107
 • വയനാട്- 99
 • ഇടുക്കി- 79

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം- 547
 • കൊല്ലം- 325
 • പത്തനംതിട്ട- 102
 • ആലപ്പുഴ- 196
 • കോട്ടയം- 120
 • ഇടുക്കി- 47
 • എറണാകുളം- 357
 • തൃശൂര്‍- 140
 • പാലക്കാട്- 114
 • മലപ്പുറം- 214
 • കോഴിക്കോട്- 275
 • വയനാട്- 79
 • കണ്ണൂര്‍- 97
 • കാസര്‍ഗോഡ്- 124

10 മരണങ്ങൾ സ്ഥിരീകരിച്ചു

10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 489 ആയി.സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ജേക്കബ് (89), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീന്‍ (49), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി മറിയകുട്ടി (75) എന്നിവരുടെ മരണ കാരണം കോവിഡ് ബാധയാണെന്ന് സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73), കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള (64), കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ കൊല്ലം കുളക്കട സ്വദേശി ശശിധരന്‍ നായര്‍ (75), തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീന്‍ (67), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ബാസ് (74) എന്നിവരുടെ  മരണവും കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു.

2,13,595 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,13,595 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,89,759 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,836 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3081 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 45,730 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 22,87,796 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,92,765 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

20 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ അശമന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), അയവന (സബ് വാര്‍ഡ് 11), ചേന്ദമംഗലം (സബ് വാര്‍ഡ് 3), കുട്ടമ്പുഴ (3), മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 14, 16), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 12), പാഞ്ചല്‍ (സബ് വാര്‍ഡ് 15), കൊണ്ടാഴി (3), നാട്ടിക (സബ് വാര്‍ഡ് 8), കോഴിക്കോട് ജില്ലയിലെ തുറയൂര്‍ (1, 13 (സബ് വാര്‍ഡ്), കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി (സബ് വാര്‍ഡ് 7), കൂരാചുണ്ട് (സബ് വാര്‍ഡ് 13), പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുന്‍സിപ്പാലിറ്റി (21, 22), കല്ലൂപ്പാറ (7), ആലപ്പുഴ ജില്ലയിലെ രാമങ്കരി (8), ഇടുക്കി ജില്ലയിലെ ഇടവെട്ടി (സബ് വാര്‍ഡ് 6), വയനാട് ജില്ലയിലെ മൂപ്പൈനാട് (6, 8), കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് (9), പാലക്കാട് ജില്ലയിലെ കോട്ടായി (12), കൊല്ലം ജില്ലയിലെ കുളക്കട (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 608 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നു

തിരുവനന്തപുരം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നതായി മുഖ്യമന്ത്രി. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഒരാഴ്ചയ്ക്കിടെ 30,281 ടെസ്റ്റുകളാണ് ജില്ലയില്‍ നടത്തിയത്. ഇതില്‍ 4,184 എണ്ണം പോസിറ്റിവായി. സമ്പര്‍ക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കര്‍ശനമായും റൂം ക്വാറന്‍റീന്‍ പാലിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 820 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 721 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 83 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാള്‍ അന്യസംസ്ഥാനത്തു നിന്നുമെത്തിയതാണ്. മൂന്നു പേരുടെ മരണം കോവിഡ് കാരണമാണെന്നും സ്ഥിരീകരിച്ചു.

കൊല്ലത്ത് 218 പേര്‍ക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 218 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും, സമ്പർക്കം മൂലം 210 പേർക്കും, 3 ആരോഗ്യപ്രവത്തകർക്കും രോഗം സ്ഥിരീകരിച്ചു.

പത്തനംതിട്ടയിൽ രോഗവ്യാപനം വർധിച്ചത് ഓണത്തിന് ശേഷമെന്ന് സർക്കാർ

പത്തനംതിട്ട ജില്ലയില്‍ ഓണത്തിനു ശേഷമാണ് രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലാണ് നേരത്തെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ മലയോര മേഖലകളിലും വ്യാപിക്കുന്നുണ്ട്. ചിറ്റാര്‍, കോഴഞ്ചേരി തുടങ്ങിയ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തി. ചില മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു.

ജില്ലയിൽ ഇന്ന് 136 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 107 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 102 പേർ രോഗമുക്തി നേടി.

ആലപ്പുഴയിൽ 367 പേർക്ക് രോഗബാധ

ഇന്ന് ആലപ്പുഴ ജില്ലയിൽ 367 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറുപേർ വിദേശത്തു നിന്നും 10 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 349 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 196 പേർ രോഗമുക്തി നേടി.

ആലപ്പുഴ ജില്ലയില്‍ ആറാട്ടുപുഴ, പുറക്കാട് ക്ളസ്റ്ററുകളിലാണ് രോഗവ്യാപനം എറ്റവും കൂടുതലുള്ളതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

കോട്ടയത്ത് 204 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 204 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 197 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഏഴു പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. ആകെ 3187 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

കോട്ടയം-27, കുറിച്ചി-13, ഏറ്റുമാനൂര്‍-12, ചിറക്കടവ്-10, മൂന്നിലവ്-9, പാമ്പാടി, ചങ്ങനാശേരി, കടുത്തുരുത്തി, തിരുവാര്‍പ്പ്-8വീതം, മണര്‍കാട്, വിജയപുരം-7 വീതം, വാകത്താനം-6, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ തെക്കേക്കര, വാഴപ്പള്ളി-5 വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങള്‍. രോഗം ഭേദമായ 120 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2331 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6868 പേര്‍ രോഗബാധിതരായി. 4533 പേര്‍ രോഗമുക്തി നേടി

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് ഇടുക്കിയിൽ

സംസ്ഥാനത്ത് ഇന്ന് കോവിഡ് -19 രോഗബാധ ഏറ്രവും കുറവ് റിപ്പോർട്ട് ചെയ്തത് ഇടുക്കി ജില്ലയിലാണ്. ഇന്ന് 104 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 79 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. 47 പേർ ഇന്ന് രോഗമുക്തരായി.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിച്ച വൈറോളജി ലാബില്‍ കോവിഡ് ടെസ്റ്റ് നടന്നു വരുന്നതിനാല്‍ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ സാധിക്കുന്നുണ്ട്.

എറണാകുളത്ത് സമ്പര്‍ക്ക വ്യാപനത്തോത് കുറയ്ക്കാനായതായി മുഖ്യമന്ത്രി

എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക വ്യാപനത്തോത് കുറച്ചു കൊണ്ടുവരാനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 42 ക്ലസ്റ്ററുകളിലും സര്‍വൈലന്‍സ് ശക്തിപ്പെടുത്തിയതിന്‍റെ ഫലമായി വ്യാപനത്തോതും ഭയപ്പെട്ടതിനേക്കാള്‍ കുറവാണ്. ജില്ലയില്‍ കോവിഡ് ബാധിതരാകുന്നതില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ്. റിവേഴ്സ് ക്വാറന്‍റീന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്‍റെ നേട്ടമാണിത്. ഇതില്‍ തന്നെ ഭൂരിപക്ഷം പേരും 70 വയസില്‍ താഴെ പ്രായമുള്ളവരാണ്.

ജില്ലയിൽ ഇന്ന് 383 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 358 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 357 പേർ രോഗമുക്തി നേടി.

തൃശൂരിൽ 296 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ ഇന്ന് 296 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി ആകെ 293 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 5 പേരുടെ രോഗ ഉറവിടം അറിയില്ല. ഏഴ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ട് പേർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ 60 വയസ്സിനുമുകളിൽ 15 പുരുഷൻമാരും 31 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 10 ആൺകുട്ടികളും 17 പെൺകുട്ടികളുമുണ്ട്.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2375. തൃശൂർ സ്വദേശികളായ 37 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7683 ആണ്. 5234 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 241പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 241പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 156 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 27 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 58 പേർ എന്നിവർ ഉൾപ്പെടും.114 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

മലപ്പുറത്ത് 351 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് 351 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 320 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 പേര്‍ക്ക് ഉറവിടമറിയാതെയും കോവിഡ് 19 ബാധിച്ചു. വൈറസ് ബാധയുണ്ടായവരില്‍ മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം ജില്ലയില്‍ ഇന്ന് 216 പേരാണ് രോഗമുക്തരായത്. ഇതുവരെ 10,775 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട് രോഗവ്യപനം വർധിക്കുന്നു

കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ 468 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 161 പേര്‍ കോഴിക്കോട് കോര്‍പറേഷന്‍ വാര്‍ഡുകളിലുള്ളവരാണ്. ഇന്നത്തെ എണ്ണം 545. സമ്പര്‍ക്ക വ്യാപനം കൂടുതലുള്ളതും കോര്‍പറേഷന്‍ മേഖലയിലാണ്. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടന്ന പരിശോധനയില്‍ 180ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വടകര എടച്ചേരിയിലെ തണല്‍ അഗതി മന്ദിരത്തില്‍ നൂറിലധികം അന്തേവാസികള്‍ക്ക് രോഗബാധയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പ്രായമുള്ളവരും മറ്റ് രോഗങ്ങളുള്ളവരുമാണ് ഇവിടുത്തെ അന്തേവാസികള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ച് ചികിത്സ നല്‍കുന്നു.

വയനാട് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവർ നൂറിലധികം

വയനാട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിലധികമാണ്. ഇന്ന് 107 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 99 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 79 പേർ രോഗമുക്തി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ ഹൗസ് സര്‍ജന്‍മാരുടെ കുറവ് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ മേപ്പാടി ഡിഎം വിംസ് മെഡിക്കല്‍ കോളേജിലെ പകുതി ഹൗസ് സര്‍ജന്‍മാരുടെ സേവനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് വിട്ടുനല്‍കുമെന്ന്  സംസ്ഥാന സർക്കാർ അറിയിച്ചു.

കണ്ണൂരിൽ 260 പേർക്ക് കോവിഡ്; 232 പേർക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ 260 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 232 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. 97 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

കണ്ണൂര്‍ ജില്ലയില്‍ അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ചികില്‍സാ കേന്ദ്രത്തിനു പുറമെ, നാലു സര്‍ക്കാര്‍ ആശുപത്രികളിലും 12 സഹകരണ സ്വകാര്യ ആശുപത്രികളിലും 10 സിഎഫ്എല്‍ടിസികളിലുമായാണ് കൊവിഡ് ചികില്‍സ നടക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കാസര്‍ഗോട്ട് 15 ദിവസത്തിനിടെ 2386 പേര്‍ക്ക് രോഗബാധ

കാസര്‍ഗോട് ജില്ലയില്‍ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ മാത്രം 2386 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 2272 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

ഗർഭിണികൾ കർശനമായും റൂം ക്വാറന്റൈൻ പാലിക്കണം

സമ്പർക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഗർഭിണികൾ കർശനമായും റൂം ക്വാറന്റൈൻ പാലിക്കുന്നതിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്ലസ് വൺ പ്രവേശനം കോവിഡ് പ്രൊട്ടോകോൾ പാലിച്ച്

പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം കോവിഡ് പ്രൊട്ടോകോൾ പാലിച്ച് കർശന നിയന്ത്രണങ്ങളോട് മാത്രമേ നടത്താൻ പാടുള്ളുവെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമയക്രമം പാലിച്ച് നിശ്ചിത എണ്ണം വിദ്യാർഥികളെ മാത്രമേ പ്രവേശനം നടക്കുന്നടുത്തേക്ക് കടത്തിവിടാൻ പാടുള്ളു.

പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക്: ഉത്തരവ് ലംഘിച്ചവർക്കൊതേ നടപടി ആവശ്യപ്പെട്ട് സത്യവാങ്ങ്മൂലം

കൊച്ചി: കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങളടെ വെളിച്ചത്തിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം. സ്വർണ്ണ കടത്ത് കേസിൽ കോണഗ്രസ് ബി ജെ പി മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ സമരങ്ങൾ കോടതി ഉത്തരവിന്റെ ലംഘനമാണന്ന് സത്യവാങ്ങ്മൂലത്തൽ പറയുന്നു.

രണ്ട് ഡിവൈ എഫ് ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നടന്ന പ്രതിഷേധങ്ങളും കോടതി ഉത്തരവ് ലംഘിച്ചാണ് നടന്നത്. കോടതി ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് പോലിസിൽ നിന്നും റിപ്പോർട്ട് തേടണമെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. കേസിലെ ഹർജിക്കാരായ അഡ്വ.ജോൺ നമ്പോലിയും മറ്റുമാണ് ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപ്പടി ആവശ്യപ്പെട്ടത്.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സമരം: ആളുകളെ കൂട്ടത്തോടെ മരണത്തിനു വിട്ടുനൽകരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തായി നടക്കുന്ന പ്രതിഷേധ സമരങ്ങളെ തള്ളി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രതിപക്ഷ സമരങ്ങൾ നടക്കുന്നതെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഏഴ് മാസത്തെ പ്രവർത്തനത്തിന്റെ ഫലം അപകടത്തിൽ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി താക്കീത് നല്‍കി. സമരക്കാരെ പറഞ്ഞ് മനസിലാക്കണം. കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കേരളത്തിൽ വൈറസിന് വ്യാപന ശേഷി കൂടുതലാണെന്നാണ് കണ്ടെത്തലെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി.ജലീൽ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫും ബിജെപിയും സംസ്ഥാനത്ത് പലയിടത്തായി പ്രതിഷേധിക്കുന്നത്.

ഇന്ത്യയിൽ പത്ത് ലക്ഷത്തിലധികം പേർ ചികിത്സയിൽ

രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 10 ലക്ഷം കടന്നു. ഇന്നലെ 98,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ 10,09,976 പേരാണ് ആകെ ചികിത്സയിലുള്ളത്. 83,000 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തരായത് 40,25,079 പേര്‍. 1,100 കോവിഡ് മരണങ്ങളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം മരണസംഖ്യ 83,198. ഇതുവരെയുള്ള പോസിറ്റീവ് കേസുകളുടെ 20 ശതമാനത്തില്‍ താഴെയാണ് നിലവിലെ രോഗികളുടെ എണ്ണം. ഇതുവരെ 50,35,055 പേര്‍ക്കാണു രാജ്യത്ത് കോവിഡ് ബാധിച്ചത്.

നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്, ഏകദേശം മൂന്ന് ലക്ഷം പേര്‍. പൂനെയില്‍ മാത്രം 82,000 രോഗികള്‍ നിലവിലുണ്ട്. മുംബൈയിലും താനെയിലുമായി അറുപതിനായിരത്തിലധികം പോസിറ്റീവ് കേസുകളാണു നിലവിലുള്ളത്. മഹാരാഷ്ട്രയില്‍ ഇതുവരെ 11 ലക്ഷത്തിലധികം പേര്‍ക്കാണു വെറസ് സ്ഥിരീകരിച്ചത്.

കര്‍ണാടകയില്‍ ലക്ഷത്തിലധികമാണു സജീവ കേസുകളുടെ എണ്ണം. ബിഹാര്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഏതാനും ദിവസങ്ങളായി കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും മിക്ക സംസ്ഥാനങ്ങളിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള 10 സംസ്ഥാനങ്ങളുടെ പട്ടികയില്‍ അടുത്തിടെ ഇടംപിടിച്ച ഒഡിഷയില്‍ രോഗികളുടെ എണ്ണം ദിനംപ്രതി അതിവേഗം കൂടുകയാണ്. 1.65 ലക്ഷമാണ് സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം.

ഡല്‍ഹിയിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണ് ഇന്നലെയുണ്ടായത്. നാലായിരത്തി അഞ്ഞൂറോളം പുതിയ കേസുകള്‍ കണ്ടെത്തി. ഇതുവരെ 2.3 ലക്ഷത്തിലധികം പേര്‍ക്കാണു ദേശീയ തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മുപ്പതിനായിരത്തിലത്തിലധികമാണു നിലവിലെ രോഗികളുടെ എണ്ണം.

ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച വയനാട് സ്വദേശിനി മരിച്ചു. മക്കിയാട് പൊന്തൻകുഴിയിൽ തങ്കമ്മ (67) യാണ് ഇന്നലെ വൈകിട്ട് മരിച്ചത്. പ്രമേഹം, കരൾ, വൃക്ക സംബന്ധമായ രോഗങ്ങൾക്ക് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook