തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വീണ്ടും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു.  ഇന്ന്  3215 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3013 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 313 പേരുടെ രോഗഉറവിടം വ്യക്തമല്ല.

സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് വ്യാപനം വർധിക്കുന്നതിന് ജനങ്ങൾക്കിടയിലെ ജാഗ്രതക്കുറവ് കാരണമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേലനത്തിൽ പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്തണാതീതമായ അളവിലേക്ക് പോയിട്ടില്ലെന്നും ഇപ്പോഴും നിയന്ത്രണണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.കോവിഡുമായി ബന്ധപ്പെട്ട് ഓരോരുത്തരും അവർക്ക് ചുറ്റും സുരക്ഷാ വലയം തീർക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസാധാരണമായ സാഹചര്യമാണ് കോവിഡ് സൃഷ്ടിക്കുന്നതെന്നും സ്‌പാനിഷ് ഫ്ലൂ പടർന്നു പിടിച്ച സാഹചര്യത്തിന് സമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുതൽ. ഇന്ന് ജില്ലയിൽ 656 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തും ആലപ്പുഴയിലും മുന്നൂറിലധികം കോവിഡ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, എറണാകുളം, കൊല്ലം, കണ്ണൂര്‍ ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുന്നൂറിലധികമാണ്.

സുരക്ഷാവലയം തീര്‍ക്കണമെന്ന് മുഖ്യമന്ത്രി

നിലവിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ ഓരോരുത്തരും സ്വയം സുരക്ഷാ വലയം തീർക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“ഈ സാഹചര്യത്തില്‍ പിന്തുണ്ടരേണ്ട പ്രസക്തമായ മൂന്നു കാര്യങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ എന്ന പ്രശസ്തമായ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്. ഒന്ന്, വാക്സിനുകള്‍ വരുന്നതുവരെ പ്രതിരോധമാര്‍ഗം മാസ്ക് ധരിക്കുക എന്നതാണ്. മാസ്ക് ധരിക്കുന്നവരില്‍ രോഗബാധയുണ്ടായാല്‍ തന്നെ രോഗതീവ്രത കുറമായിരിക്കുമെന്ന് ജേര്‍ണല്‍ പറയുന്നു.

രണ്ടാമത്തെ കാര്യം, നമുക്ക് ചുറ്റും ഒരു സുരക്ഷാവലയം തീര്‍ക്കുക എന്നതാണ്. നമ്മുടെ വീട്ടിലെ അംഗങ്ങള്‍ ഒഴികെ മറ്റെല്ലാവരും ആ സുരക്ഷാ വലയത്തിന് പുറത്താണെന്ന് മനസ്സിലാക്കണം. ജോലി സ്ഥലങ്ങളില്‍ ഒപ്പമുള്ളവരും സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ അശ്രദ്ധ കാണിക്കരുത്. ഓരോരുത്തരും അവര്‍ക്കു ചുറ്റും ഒരു സുരക്ഷാവലയം തീര്‍ത്തേ തീരൂ. അതുപോലെ, ജനക്കൂട്ടം ഒഴിവാക്കുക, അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ ഒരുമിച്ച് ഇരിക്കുന്നത് ഒഴിവാക്കുക എന്നിവ പ്രധാനമാണ്,” മുഖ്യമന്ത്രി പറഞ്ഞു.

Kerala Covid-19 Trackr: സംസ്ഥാനത്ത് ഇന്ന്   3215 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2532 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 31,156 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 82,345 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 70 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 31, തിരുവനന്തപുരം 23, മലപ്പുറം 8, എറണാകുളം 7, പത്തനംതിട്ട 6, തൃശൂര്‍ 5, കാസര്‍ഗോഡ് 4, പാലക്കാട് 3, ആലപ്പുഴ, വയനാട് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം 626, ആലപ്പുഴ 327, മലപ്പുറം 324, കോഴിക്കോട് 256, കൊല്ലം, എറണാകുളം 229 വീതം, കോട്ടയം 189, തൃശൂര്‍ 180, കാസര്‍ഗോഡ് 168, കണ്ണൂര്‍ 165, പാലക്കാട് 132, പത്തനംതിട്ട 99, വയനാട് 62, ഇടുക്കി 27 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 268, കൊല്ലം 151, പത്തനംതിട്ട 122, ആലപ്പുഴ 234, കോട്ടയം 138, ഇടുക്കി 43, എറണാകുളം 209, തൃശൂര്‍ 120, പാലക്കാട് 120, മലപ്പുറം 303, കോഴിക്കോട് 306, വയനാട് 32, കണ്ണൂര്‍ 228, കാസര്‍ഗോഡ് 258 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

12 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു

12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 466 ആയി. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വെണ്‍മനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ മലപ്പുറം വളവന്നൂര്‍ സ്വദേശി മാധവന്‍ (63) എന്നിവരുടെ മരണങ്ങൾ കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), തൃശൂര്‍ പാമ്പൂര്‍ സ്വദേശി പോള്‍സണ്‍ (53), തൃശൂര്‍ വഴനി സ്വദേശി ചന്ദ്രന്‍നായര്‍ (79), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി സ്റ്റാന്‍ലി (54), എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മയില്‍ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55) എന്നിവരുടെ മരണകാരണവും കോവിഡ് ആണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

2,08,141 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,08,141 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,85,514 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,627 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2324 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 41,054 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,054 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 21,98,858 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,90,612 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈന്‍മെന്റ് സോണ്‍ 10, 12(സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7), അരീക്കോട് (8, 10), തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (സബ് വാര്‍ഡ് 4), പുതൂര്‍ (സബ് വാര്‍ഡ് 13, 19), കഴൂര്‍ (8, 9 (സബ് വാര്‍ഡ്), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (9), പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ (3, 4, 18, 22), കൊല്ലം ജില്ലയിലെ പോരുവഴി (9), വയനാട് ജില്ലയിലെ തൊണ്ടര്‍നാട് (5, 6 (സബ് വാര്‍ഡ്), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 3, 27, 28), പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശേരി (സബ് വാര്‍ഡ് 3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഒഴിവാക്കി

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരുനാവായ (സബ് വാര്‍ഡ് 17), തൃശൂര്‍ ജില്ലയിലെ ചാലക്കുടി (സബ് വാര്‍ഡ് 32), പഞ്ചാല്‍ (12), ചാഴൂര്‍ (സബ് വാര്‍ഡ് 17), കൊടകര (സബ് വാര്‍ഡ് 2, 14), വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ കടപ്ലാമറ്റം (8), വെച്ചൂര്‍ (4), പാലക്കാട് ജില്ലയിലെ മുതുതല (8), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 1) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 617 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പല മേഖലകളിലും ജാഗ്രത കുറവെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പല മേഖലകളിലും ജാഗ്രത കുറവ് കാണുന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രൊട്ടോകോളുകൾ പാലിക്കേണ്ടതുണ്ടെന്നും. ഇത് ആവർത്തിക്കുന്നത് രോഗം പടരാതിരിക്കുന്നതിനുവേണ്ടിയാണെന്നും മുഖ്യമന്ത്രി. ഇപ്പോൾ എല്ലാവരും പൊതുവെ ധരിക്കണമെന്ന ധാരണ എല്ലാവർക്കുമുണ്ട്. എന്നാൽ മാസ്ക് ധരിക്കാത്തവർക്കെതിരെ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണവും വർധിക്കുന്നതായി മുഖ്യമന്ത്രി. ഇന്ന് 5901 സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ക്വാറന്റൈൻ ലംഘിച്ച ഒമ്പത് പേർക്കെതിരെയും കേസെടുത്തു.

അസാധാരണമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു

അസാധാരണമായ പ്രശ്നങ്ങളാണ് കോവിഡ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് സമാനമായ സാഹചര്യം ലോകത്ത് തന്നെ 1918ലെ സ്‌പാനിഷ് ഫ്ലൂ ആയിരുന്നു. നാല് വർഷം 50 കോടിയിലധികം ആളുകൾക്ക് രോഗബാധയുണ്ടാകുകയും അഞ്ച് കോടി ആളുകൾ മരിക്കുകയും ചെയ്തു. അന്നത്തെതിൽ നിന്നും ശാസ്ത്രം ബഹുദൂരം പുരോഗമിച്ച ഇന്ന് കോവിഡിനെ പ്രതിരോധിക്കാൻ സാധിച്ചു. എന്നിട്ടും മൂന്ന് കോടിയിലധികം പേർക്ക് രോഗബാധയുണ്ടായതായി മുഖ്യമന്ത്രി. സ്‌പാനിഷ് ഫ്ലൂ പോലെ തന്നെ കോവിഡും അപ്രതീക്ഷിതമായേക്കാം. എന്നാൽ മറക്കാൻ പാടില്ലാത്ത കാര്യം കൂടുതൽ മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹമെന്ന നിലയിൽ നാം ചെയ്യേണ്ട കടമ നിലനിർത്തിയെ പറ്റൂ.

ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഗുണം ചെയ്തു

ലോകത്തെ മൊത്തം സാഹചര്യവുമായി താരതമ്യം ചെയ്താല്‍ മികച്ച രീതിയില്‍ രോഗവ്യാപനവും മരണങ്ങളും പിടിച്ചുനിര്‍ത്താന്‍ നമുക്കു സാധിച്ചത് തുടക്കം മുതല്‍ കാണിച്ച ജാഗ്രതയും ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും കാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഒരു മാസത്തിനും ശേഷമാണ് നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ രോഗബാധയുണ്ടാകുന്നത്. തമിഴ്നാട്ടില്‍ അഞ്ചു ലക്ഷത്തിനു മുകളില്‍ കേസുകളും എണ്ണായിരത്തിനു മുകളില്‍ മരണങ്ങളും ഇതുവരെയുണ്ടായി.
ലോകത്തിതു വരെ 10 ലക്ഷത്തില്‍ 119 പേരെന്ന നിരക്കിലാണ് മരണങ്ങളുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ അത് 58 ആണ്. കര്‍ണ്ണാടകയില്‍ 120ഉം തമിഴ്നാട്ടില്‍ 117ഉം ആണ് ഡെത്ത് പെര്‍ മില്യണ്‍. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ അത് 13 ആണ്. ഇതു നമ്മുടെ പ്രവര്‍ത്തനങ്ങളുടെ മികവാണ് തെളിയിക്കുന്നത്. നമ്മുടെ ചികിത്സാ സൗകര്യങ്ങളുടെ വിശദാംശം ഇന്നലെ ഇവിടെ പറഞ്ഞിരുന്നു. രോഗവ്യാപനത്തിന്‍റെ തോത് ചികിത്സാ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലും അധികമായാല്‍ മരണസംഖ്യയും കൂടും. അങ്ങനെ സംഭവിക്കില്ല എന്ന് നമ്മളെല്ലാവരും ഉറച്ച തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് ഹോം ഐസൊലേഷന്‍ തിരഞ്ഞെടുക്കാന്‍ അനുമതി

വയനാട് ജില്ലയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത, കാറ്റഗറി എ വിഭാഗത്തില്‍ പെടുന്ന കോവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ഹോം ഐസൊലേഷന്‍ തിരഞ്ഞെടുക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. വീടുകളില്‍ സൗകര്യമുണ്ടെങ്കില്‍ മാത്രമാണ് അനുമതി. എന്നാല്‍ ഇവര്‍ക്ക് വീട്ടുനിരീക്ഷണം തിരഞ്ഞെടുക്കണമെന്ന് നിര്‍ബന്ധമില്ല.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 600 കടന്നു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 600 കടന്നു. 656 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 626 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 268 പേർ ഇന്ന് രോഗമുക്തി നേടി.

കൊല്ലത്ത് 234 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 234 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 3 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും, സമ്പർക്കം മൂലം 229 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 151 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 146 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 147 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 122 പേർ ഇന്ന് രോഗമുക്തി നേടി.

ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ചവർ മുന്നൂറിലധികം

ആലപ്പുഴ ജില്ലയിൽ ഇന്ന് 338 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 327 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 234 പേർ ഇന്ന് രോഗമുക്തി നേടി.

കോട്ടയത്ത് 192 പേര്‍ക്ക് കോവിഡ്; 188 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 192 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 188 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 3295 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 36 പേര്‍ക്ക് രോഗം ബാധിച്ചു. തിരുവാര്‍പ്പ്-18, വാഴപ്പള്ളി-16, അയ്മനം-14, എരുമേലി-12, പാന്പാടി-11, പനച്ചിക്കാട്-10, തൃക്കൊടിത്താനം-9, ഈരാറ്റുപേട്ട-6, ഏറ്റുമാനൂര്‍, മണര്‍കാട്-5 വീതം, കടനാട്-4 എന്നിവയാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍. രോഗം ഭേദമായ 147 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2200 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6474

ഇടുക്കിയിൽ ഇന്ന് 29 പേർക്ക് രോഗബാധ

ഇടുക്കി ജില്ലയിൽ ഇന്ന് 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 5 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ പേർ വിദേശത്ത് നിന്നും ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നവതാണ്.

എറണാകുളത്ത് പുതിയ രോഗികൾ 239; രോഗമുക്തർ 209

എറണാകുളം ജില്ലയിൽ ഇന്ന് 239 പേർക്ക് രോഗം സ്ഥിരീകരിച്ചു. 229 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 209 പേർ രോഗമുക്തി നേടി.

ഇന്ന് 1064 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 882 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1420 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1277 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 694 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ188 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ഇന്ന് 188 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 180 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 120 പേർ ഇന്ന് രോഗമുക്തി നേടി.

പാലക്കാട് 136 പേർക്ക് കോവിഡ്; 120 പേർ രോഗമുക്തി നേടി.

പാലക്കാട് ജില്ലയിൽ ഇന്ന്136 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 99 പേർ, വിദേശത്ത് നിന്ന് വന്ന ഒരാൾ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന ഒരാൾ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 35 പേർ എന്നിവർ ഉൾപ്പെടും.120 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് ഇന്ന് 348 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 304 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 20 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം ജില്ലയില്‍ ഇന്ന് 306 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 10,307 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 260 പേർക്ക് കോവിഡ്; 32 പേരുടെ ഉറവിടം വ്യക്തമല്ല

ജില്ലയില്‍ ഇന്ന് 260 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 217 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 140 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ 11 പേരുടെ ഉറവിടം വ്യക്തമല്ല. ആറു ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 306 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 64 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചച്ചു. 32 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2150 ആയി. 1699 പേര്‍ രോഗമുക്തരായി. നിലവില്‍ 440 പേരാണ് ചികിത്സയിലുള്ളത്.

കണ്ണൂരിൽ 213 പേര്‍ക്ക് കോവിഡ്; 230 പേർക്ക് രോഗമുക്തി

കണ്ണൂർ ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 161 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6507 ആയി. ഇന്ന് 230 പേർ രോഗമുക്തി നേടി. ഇതുവരെ ആകെ 4211 പേര്‍ ആശുപത്രി വിട്ടു. നിലവിൽ 2246 പേര്‍ ചികില്‍സയിലാണ്.

കാസർഗോട്ട് 172 പേര്‍ക്കും സമ്പർക്കത്തിലൂടെ

കാസർഗോഡ് ജില്ലയില്‍ ഇന്ന് 172 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 260 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്ത്

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 49.30 ലക്ഷമായി. ഒരു ലക്ഷത്തിനടുത്താണ് പ്രതിദിനം ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. 24 മണിക്കൂറിനിടെ 1054 പേര്‍ രോഗം ബാധിച്ച് മരിക്കുകയുമുണ്ടായി. ഇതോടെ ആകെ കോവിഡ് മരണങ്ങള്‍ 80,766 ആയി. 9.90 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 38.59 ലക്ഷം പേര്‍ രോഗമുക്തരായി.

ഓണത്തിന് ശേഷം അഞ്ച് ജില്ലകളിൽ കോവിഡ് വ്യാപന നിരക്ക് രൂക്ഷം

ഓണത്തിന് ശേഷം അഞ്ചു ജില്ലകളിലെ രോഗവ്യാപന നിരക്ക് വർദ്ധിച്ചതായി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഓണത്തിന് മുൻപുള്ളതിനേക്കാൾ വർദ്ധിച്ചെന്ന് ആരോഗ്യവകുപ്പ് പ്രതിവാര അവലോകന റിപ്പോർട്ടിൽ പറയുന്നു. ലക്ഷണങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് ജനങ്ങള്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

മൂന്ന് ജില്ലകളില്‍ രോഗികള്‍ ഇരട്ടിക്കുന്നതിലെ ഇടവേള കുറയുകയും ചെയ്തു. ഇതിൽ രോഗവ്യാപനം രൂക്ഷം കാസർഗോഡാണ്. 14.3 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി. അതായത് 100ൽ 14പേർ രോഗികളാകുന്ന സ്ഥിതി. തിരുവനന്തപുരം 13.6,കണ്ണൂർ 12.6,കൊല്ലം 8,കോട്ടയം 7.8. ആലപ്പുഴയിൽ നടത്തുന്ന പരിശോധനാരീതി മികച്ചതാണെന്നും രോഗവ്യാപനം കുറയ്ക്കാനും പരിശോധന വർദ്ധിപ്പിക്കാനും ഇത് സഹായകരമായെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഓണത്തിന് ശേഷം കൊല്ലം, ഇടുക്കി ജില്ലകളിലെ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കുറഞ്ഞു. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം.

ഓണത്തോടനുബന്ധിച്ച് ആളുകള്‍ കൂടുതല്‍ അടുത്തിടപഴകാനും അതിലൂടെ രോഗവ്യാപനം വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ട്.

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതൽ പേര്‍ക്ക് കോവിഡ്

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതൽ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നൽകിയിട്ടുള്ളത്. മൂന്ന് പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയ സെല്ലിലെ പൊലീസുകാരനും രണ്ട് ഡ്രൈവർമാർക്കുമാണ് പുതുതായി വൈറസ് ബാധിച്ചത്. ഇതോടെ പൊലീസ് സോഷ്യൽ മീഡിയ സെൽ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു. നേരത്തെ ഹൈടെക്ക് സെല്ലിലെ പൊലീസുകാര്‍ക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook