തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 2540 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്ത് മുൻ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിലായിരുന്നു ഏറ്റവും കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഇന്ന് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയാണ് തൊട്ടു പിറകിൽ. മലപ്പുറത്ത് 482 പേർക്കും കോഴിക്കോട് 382 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 332 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം, കണ്ണൂര്‍ ജില്ലകളിൽ ഇന്ന് ഇരുന്നൂറിലധികം കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

Kerla Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 30,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 79,813 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. കണ്ണൂര്‍ 24, തിരുവനന്തപുരം 16, കൊല്ലം 6, എറണാകുളം, മലപ്പുറം 5, കാസര്‍ഗോഡ് 3, തൃശൂര്‍ 2, ആലപ്പുഴ, വയനാട്, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 23 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • മലപ്പുറം- 482
 • കോഴിക്കോട്- 382
 • തിരുവനന്തപുരം- 332
 • എറണാകുളം- 255
 • കണ്ണൂര്‍- 232
 • പാലക്കാട്- 175
 • തൃശൂര്‍- 161
 • കൊല്ലം- 142
 • കോട്ടയം- 122
 • ആലപ്പുഴ- 107
 • ഇടുക്കി- 58
 • കാസര്‍ഗോഡ്- 56
 • വയനാട്- 20
 • പത്തനംതിട്ട- 16

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • മലപ്പുറം- 457
 • കോഴിക്കോട്- 377
 • തിരുവനന്തപുരം- 313
 • എറണാകുളം- 214
 • കണ്ണൂര്‍- 192
 • പാലക്കാട്- 156
 • തൃശൂര്‍- 155
 • കൊല്ലം- 130
 • കോട്ടയം- 121
 • ആലപ്പുഴ- 104
 • ഇടുക്കി-49
 • കാസര്‍ഗോഡ്- 49
 • പത്തനംതിട്ട- 15
 • വയനാട്- 14

ഇന്ന് രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം- 415
 • കൊല്ലം- 165
 • പത്തനംതിട്ട- 103
 • ആലപ്പുഴ- 198
 • കോട്ടയം- 121
 • ഇടുക്കി- 25
 • എറണാകുളം- 125
 • തൃശൂര്‍- 140
 • പാലക്കാട്- 93
 • മലപ്പുറം- 261
 • കോഴിക്കോട്- 123
 • വയനാട്- 76
 • കണ്ണൂര്‍- 135
 • കാസര്‍ഗോഡ്- 130

15 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു

15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 454 ആയി.സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോര്‍ജ് (62), പാലക്കാട് സ്വദേശി ഗംഗാധരന്‍ (65), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജന്‍ (56), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരന്‍ (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പന്‍ (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79), മലപ്പുറം തിരുനാവായ സ്വദേശി ഇബ്രാഹീം (58) എന്നിവരുടെ മരണകാരണം കോവിഡ് ആണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മുരളീധരന്‍ (65), ആഗസ്റ്റ് 13ന് മരണമടഞ്ഞ പാലക്കാട് ആലത്തൂര്‍ സ്വദേശിനി തങ്കമണി (65), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13), ആഗസ്റ്റ് 23ന് മരണമടഞ്ഞ കൊല്ലം ശാസ്താംകോട്ട സ്വദേശി അശോകന്‍ (60), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ് നീലേശ്വരം സ്വദേശി നാരായണന്‍ ആചാരി (68), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രാജന്‍ (59), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം പൂഴനാട് സ്വദേശിനി സിസിലി (60) എന്നിവരുടെ മരണ കാരണവും കോവിഡ് ആണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

2,05,158 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,158 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,241 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,917 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2213 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 22,279 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 21,52,585 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,89,265 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

17 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ എടത്വാ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 9), മുളക്കുഴ (വാര്‍ഡ് 15), മുതുകുളം (10, 11 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി (15), കറുവാരക്കുണ്ട് (10, 11, 13, 14), മുന്നിയൂര്‍ (3), തിരുവനന്തപുരം ജില്ലയിലെ മുണ്ടയ്ക്കല്‍ (6), മാണിക്കല്‍ (11), പുളിമാത്ത് (14), കോഴിക്കോട് ജില്ലയിലെ കാരാശേരി (സബ് വാര്‍ഡ് 12, 15), കാവിലുംപാറ (സബ് വാര്‍ഡ് (8), മരുതോംകര (സബ് വാര്‍ഡ് 5), വയനാട് ജില്ലയിലെ മുട്ടില്‍ (സബ് വാര്‍ഡ് 1, 2), വെള്ളമുണ്ട (സബ് വാര്‍ഡ് 11), എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 2), പാലക്കുഴ (സബ് വാര്‍ഡ് 2) പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഒൻപത് പ്രദേശങ്ങളെ ഒഴിവാക്കി

ഒൻപത് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (സബ് വാര്‍ഡ് 15), വടക്കാഞ്ചേരി (15), അലനല്ലൂര്‍ (18), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (സബ് വാര്‍ഡ് 1, 2), കുറ്റൂര്‍ (11), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 15), വയനാട് ജില്ലയിലെ അമ്പലവയല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ നോര്‍ത്ത് പരവൂര്‍ (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ നെടുമ്പന (സബ് വാര്‍ഡ് 8) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 615 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോവിഡ് ചികിത്സയിലുള്ള വ്യക്തി മരിച്ചു

വയനാട് ജില്ലയിൽ കോവിഡ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഈ മാസം പത്താം തീയതി മുതൽ ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശിനി ത്രേസ്യാമ്മ (51) ആണ് മരിച്ചത്.
ക്യാൻസർ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് പന്ത്രണ്ടാം തീയതി മുതൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

തിരുവനന്തപുരത്ത് 332 പേർക്ക് കോവിഡ്; 457 പേർക്ക് രോഗമുക്തി

ഇന്ന് 332 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 313 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 457 പേർ രോഗമുക്തി നേടി.

ഇന്ന് ജില്ലയിൽ പുതുതായി 1,110 പേർ രോഗനിരീക്ഷണത്തിലായി 629 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ഇന്ന് 256 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 395 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 20,260 പേർ വീടുകളിലും 589 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

കൊല്ലത്ത് 142 പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ ഇന്ന് 142 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും, സമ്പർക്കം മൂലം 130 പേർക്കും, 6 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 165 പേർ രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവർ ഏറ്റവും കുറവ് പത്തനംതിട്ടയിൽ

പത്തനംതിട്ട ജില്ലയിലസാണ് ഇന്ന് ഏറ്റവും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയതത്. ഇന്ന് ജില്ലയിൽ 16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് 119 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതും, 15 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ആലപ്പുഴ ജില്ലയിൽ 107 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 107 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നും മറ്റൊരാൾ തെലങ്കാനയിൽ നിന്നും എത്തിയവരാണ്. 104 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയത്ത് 122 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 122 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 119 പേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാളും ഉള്‍പ്പെടുന്നു. ആകെ 2513 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

കോട്ടയം-18, തൃക്കൊടിത്താനം-10, ചങ്ങനാശേരി-9, വാഴപ്പള്ളി-9, കുറിച്ചി-7, തിരുവാര്‍പ്പ്, നീണ്ടൂര്‍-6 വീതം, വിജയപുരം, പുതുപ്പള്ളി, വെച്ചൂര്‍-5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ഭേദമായ 121 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2155 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6282 പേര്‍ രോഗബാധിതരായി. 4124 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20415 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ 58 പേർക്ക് രോഗബാധ; 25 പേർ രോഗമുക്തി നേടി

ഇടുക്കി ജില്ലയിൽ ഇന്ന്  58 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 5 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 495 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

എറണാകുളത്ത് 255 പേർക്ക് കോവിഡ്; 214 പേർക്ക് സമ്പർക്കത്തിലൂടെ

എറണാകുളം ജില്ലയിൽ ഇന്ന് 255 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 214 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 125 പേർ രോഗ മുക്തി നേടി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1086 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1267 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 551 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 161 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ഇന്ന് 161 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 155 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 140 പേർ ഇന്ന് രോഗമുക്തി നേടി.

പാലക്കാട് 175 പേർക്ക് കോവിഡ്; 94 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 14) 175 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 120 പേർ, വിദേശത്ത് നിന്ന് വന്ന 9 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 35 പേർ എന്നിവർ ഉൾപ്പെടും.94 പേർ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് മലപ്പുറത്ത്

മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 482 പേര്‍ക്ക് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. 440 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 17 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇന്ന് 261 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 10,004 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത്.

കോഴിക്കോട് ജില്ലയിൽ 382 പേർക്ക് കോവിഡ്; കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം 171 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ജില്ലയില്‍ ഇന്ന് 382 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 345 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്.

സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 171 പേര്‍ക്ക് രോഗം ബാധിച്ചു. അതില്‍ എട്ടു പേരുടെ ഉറവിടം വ്യക്തമല്ല. രാമനാട്ടുകരയിൽ 53 പേർക്കും അഴിയൂരിൽ 29 പേർക്കും പോസിറ്റീവായി. 13 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2866 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 123 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 20 പേര്‍ക്ക് കോവിഡ്; 76 പേർക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 76 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2086 ആയി. 1667 പേര്‍ രോഗമുക്തരായി. നിലവില്‍ 409 പേരാണ് ചികിത്സയിലുള്ളത്.

കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചവർ ഇരുന്നൂറിലധികം

കണ്ണൂരിൽ ജില്ലയില്‍ 232 പേര്‍ക്ക് ഇന്ന്കൊ വിഡ് ബാധ സ്ഥിരീകരിച്ചു. 185 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 30 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6294 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 135 പേരടക്കം 3981 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ മരണപ്പെട്ടു. ബാക്കി 2263 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

കാസര്‍ഗോട്ട് 56 പേര്‍ക്ക് കോവിഡ്

കാസര്‍ഗോട് ജില്ലയില്‍ ഇന്ന് 56 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 52 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 135 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

7250 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 621 പേര്‍ വിദേശത്ത് നിന്നെത്തിയവരും 461 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5322 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 56 ആയി. നിലവില്‍ 1872 പേരാണ് ചികിത്സയിലുള്ളത്

ഡ്രൈവിങ് സ്‌കൂളുകൾ ഇന്ന് മുതൽ; കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്ക് പ്രവേശനമില്ല

ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ഡ്രൈവിങ് സ്‌കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഡ്രൈവിങ് സ്‌കൂളുകൾ തുറക്കുക. എല്ലാ കേന്ദ്രങ്ങളിലും ആർടിഒയുടെ നിരീക്ഷണവും ഉണ്ടാകും.

ലോക്ഡൗൺ ആരംഭിക്കുന്നതിന് മുൻപ് ലേണേഴ്സ് ലൈസൻസ് എടുത്തവർക്കോ ഒരിക്കൽ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ടവർക്കോ മാത്രമാണ് ഒക്ടോബർ 15 വരെ ഡ്രൈവിങ് ടെസ്റ്റിനുള്ള അവസരം. മറ്റുള്ളവർക്ക് അതിനു ശേഷം അവസരം നൽകും. ലേണേഴസ് ടെസ്റ്റുകൾക്ക് ഓൺലൈൻ രീതി തുടരും.

ഒരേ സമയം രണ്ട് പേർക്ക് മാത്രമാണ് വാഹനത്തിൽ പ്രവേശിക്കാൻ അനുമതി. അധ്യാപകൻ ഒരു വിദ്യാർത്ഥിയ്ക്കും മാത്രമാവും ഒരു സമയം പരിശീലനം കൊടുക്കുക. കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിച്ചായിരിക്കണം അധ്യാപകർ പരിശീലനം നൽകേണ്ടത്. ഒരു വിദ്യാർത്ഥി പരിശീലനം കഴിഞ്ഞ് ഇറങ്ങിയാൽ വാഹനം അണുനശീകരണം നടത്തണം.

മാത്രമല്ല, കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെയും 65 വയസിന് മുകളിൽ പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡ്രൈവിങ് സ്‌കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല.

രാജ്യത്ത് 92,701 പേര്‍ക്ക് കൂടി കോവിഡ്; ആകെ രോഗബാധിതര്‍ 48 ലക്ഷം കടന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ 92,071 പേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. 1136 പേര്‍ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിക്കുകയുമുണ്ടായി. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 48.46 ലക്ഷമായി. 79722 പേര്‍ മരിക്കുകയും ചെയ്തു. 9.86 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 37.80 ലക്ഷം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook