തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡൽഹി: തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രണ്ടായിരത്തിന് മുകളിൽ. ഇന്നലെ സംസ്ഥാനത്ത് 2479 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് അത് 2655 ആയി വർധിച്ചു. ഓണാവധിക്ക് ശേഷമാണ് രോഗബാധിതരുടെ എണ്ണം വീണ്ടും വർധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായിരിക്കുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നു. രോഗമുക്തിയിൽ ഇന്ന് കേരളത്തിന് ആശ്വാസദിനമാണ്. 2111 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഒക്ടോബറിൽ രോഗവ്യാപനം രൂക്ഷമാകുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഇനിയും വലിയ രീതിയിൽ വർധിക്കുമെന്നാണ് കരുതുന്നത്.

ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 590
കാസര്‍ഗോഡ് – 276
മലപ്പുറം – 249
കോഴിക്കോട് – 244
കണ്ണൂര്‍ – 222
എറണാകുളം – 186
കൊല്ലം – 170
തൃശൂര്‍ – 169
പത്തനംതിട്ട – 148
ആലപ്പുഴ – 131
കോട്ടയം – 119
പാലക്കാട് – 100
ഇടുക്കി – 31
വയനാട് – 20

11 കോവിഡ് മരണങ്ങൾകൂടി, ആകെ മരണം 337 ആയി

11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി വിജയകുമാര്‍ (61), ആഗസ്റ്റ് 31ന് മരണമടഞ്ഞ കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി അബ്ദുള്‍ കരീം (78), തിരുവനന്തപുരം വെള്ളായണി സ്വദേശി മണിയന്‍ നാടാര്‍ (70), കൊല്ലം നടുവത്തൂര്‍ സ്വദേശിനി ധന്യ (26), തൃശൂര്‍ പൂങ്കുന്നം സ്വദേശി ധനലക്ഷ്മി (60), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി വി.കെ. ദേവസ്യ (73), ആഗസ്റ്റ് 17ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിനി ബീഫാത്തിമ (80), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം ചെറിയവളനല്ലൂര്‍ സ്വദേശിനി ആശ മുജീബ് (45), കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതി (25), കൊല്ലം ശാസ്താംകോട്ട സ്വദേശിനി സുധാകുമാരി (54), തിരുവനന്തപുരം വെള്ളറട സ്വദേശിനി ശ്യാമള (62) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 337 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

61 ആരോഗ്യപ്രവർത്തകർക്കും കോവിഡ്

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 18, തിരുവനന്തപുരം ജില്ലയിലെ 13, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പാലക്കാട് ജില്ലയിലെ 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ 2 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്നു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 220 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ,

തിരുവനന്തപുരം – 574
കാസര്‍ഗോഡ് – 249
മലപ്പുറം – 236
കോഴിക്കോട് – 235
കണ്ണൂര്‍ – 186
എറണാകുളം – 169
കൊല്ലം – 164
തൃശൂര്‍ – 157
കോട്ടയം – 118
ആലപ്പുഴ – 117
പത്തനംതിട്ട – 109
പാലക്കാട് – 84
ഇടുക്കി – 21
വയനാട് – 14

2111 പേർക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 21,800 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,559 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം – 512
കൊല്ലം – 134
പത്തനംതിട്ട – 140
ആലപ്പുഴ – 32
കോട്ടയം – 121
ഇടുക്കി – 60
എറണാകുളം – 128
തൃശൂര്‍ – 110
പാലക്കാട് – 112
മലപ്പുറം – 338
കോഴിക്കോട് – 193
വയനാട് – 29
കണ്ണൂര്‍ – 124
കാസര്‍ഗോഡ് – 78

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,120 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,80,898 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,222 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2523 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 18,32,275 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,82,837 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

പാലക്കാട് നൂറു പുതിയ രോഗബാധിതർ

പാലക്കാട് ജില്ലയിൽ ഇന്ന് 100 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 56 പേർ, വിദേശത്ത് നിന്ന് വന്ന 6 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 31 പേർ എന്നിവർ ഉൾപ്പെടും. 112പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 539 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 11 പേർ എറണാകുളം ജില്ലയിലും പത്ത് പേർ തൃശൂർ ജില്ലയിലും, 14 പേർ കോഴിക്കോട് ജില്ലയിലും 17 പേർ മലപ്പുറം ജില്ലയിലും രണ്ടുപേർ വീതം കണ്ണൂർ വയനാട് ജില്ലകളിലും ഒരാൾ പത്തനംതിട്ട ജില്ലയിലും ചികിത്സയിൽ ഉണ്ട്.

ഇടുക്കിയിൽ രോഗവ്യാപനം താഴ്ന്നു തന്നെ

ജില്ലയിൽ 31 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. സമ്പർക്കത്തിലൂടെയാണ് 21 പേർക്ക് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇടുക്കി ജില്ലയിൽ ഇന്ന് 60 പേർ കോവിഡ് രോഗമുക്തരായി.

കോട്ടയം ജില്ലയില്‍ 119 പുതിയ രോഗികള്‍

കോട്ടയം ജില്ലയില്‍ 119 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 1573 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. പുതിയ രോഗികളില്‍ 12 പേര്‍ ഈരാറ്റുപേട്ട സ്വദേശികളാണ്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ 11 പേര്‍ വൈറസ് ബാധിതരായി. ഏറ്റുമാനൂര്‍-9, അയ്മനം, ചങ്ങനാശേരി-6 വീതം, എരുമേലി, കരൂര്‍, മീനടം, പാമ്പാടി, തലയാഴം-4 വീതം എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.രോഗം ഭേദമായ 128 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1589 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4681 പേര്‍ രോഗബാധിതരായി. 3059 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16289 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

എറണാകുളം ജില്ലയിൽ 186 പേർക്കുകൂടി കോവിഡ്

ജില്ലയിൽ ഇന്ന് 186 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 1140 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 616 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 18009 ആണ്. ഇതിൽ 15696 പേർ വീടുകളിലും, 113 പേർ കോവിഡ് കെയർ സെന്ററുകളിലും 2200 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

മലപ്പുറത്തിന് ആശ്വാസദിനം, 338 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 338 പേര്‍ക്ക് രോഗമുക്തി. ഇന്ന് 249 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 222 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 14 പേര്‍ രോഗബാധിതരായി ചികിത്സയില്‍ 1,731 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 48,652 പേര്‍ ഇതുവരെ 8,392 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗമുക്തി നേടുന്നവര്‍ അനുദിനം വര്‍ധിച്ചുവരികയാണെന്നും കൂട്ടായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്ന് 249 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 222 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 14 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്.

കാസർഗോഡ് ജില്ലയില്‍ 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇന്ന് 83 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ് അറിയിച്ചു. കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5981 പേരാണ്.ഇവരില്‍ 4951 പേര്‍ വീടുകളിലും 1030 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 279 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.ഇന്ന് 356 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1651 പേരാണ്.ജില്ലയില്‍ ഇതുവരെയായി 5890 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇവരില്‍ 4197 പേര്‍ ഇതുവരെയായി രോഗവിമുക്തരായിട്ടുണ്ട്.

വയനാട്ടിൽ 14 പേർക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (05.09.20) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കുമാണ് രോഗബാധ. 29 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1664 ആയി. ഇതില്‍ 1399 പേര്‍ രോഗമുക്തരായി. 257 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്ന് ജില്ലയിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മമ്മൂട്ടിയാണ് മരിച്ചത്. രക്താർബുദത്തിന് ചികിത്സയിലായിരുന്നു.

രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ പുതുതായി 86,432 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെയാണിത്. 1089 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുവരെ രോഗം ബാധിച്ച 40.23 ലക്ഷം പേരില്‍ 31.07 ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 8.46 ലക്ഷം പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ മരിച്ചവരുടെ എണ്ണം 69,561 ആകുയും ചെയ്തു.

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം; മരിച്ചത് കാസര്‍ഗോഡ്, ആലപ്പുഴ സ്വദേശികൾ

സംസ്ഥാനത്ത് രണ്ട് പേ‌ർ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ്, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്.

കാസര്‍ഗോഡ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റഹ്മാന്‍(22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 18 നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം.

ആലപ്പുഴയിൽ കോവിഡ് ബാധിച്ച് മണ്ണഞ്ചേരി സ്വദേശി സുരഭി ദാസ്(21) ആണ് മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന്‌ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു മരണം. ഇതോടെ കോവിഡിൽ 328 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.