തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരളത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്നും രണ്ടായിരത്തിൽ താഴെയാണ് 1547 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 2129 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1419 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ഇരുന്നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് 228 പേർക്കും കോഴിക്കോട്ട് 204 പേർക്കും രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ, മലപ്പുറം, കോട്ടയം, കണ്ണൂർ, എറണാകുളം, തൃശൂർ ജില്ലകളിൽ നൂറിലധികം കോവിഡ് രോഗബാധ ഇന്ന് സ്ഥിരീകരിച്ചു.

മലപ്പുറത്ത്‌ രണ്ടു കോവിഡ് മരണം കൂടി

മലപ്പുറം ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. തിരൂർ സ്വദേശി കുട്ടു (88), താനാളൂർ സ്വദേശി സൈദാലിക്കുട്ടി (85) എന്നിവരാണ് മരിച്ചത്. ഇരുവരും മഞ്ചേരി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്ലാസ്മാ തെറാപ്പിക്ക് അഫേർസിസ് യന്ത്രം

എറണാകുളം: കോവിഡ്- 19 രോഗബാധിതർക്കുള്ള പ്ലാസ്മാ തെറാപ്പി ചികിത്സക്ക് ശക്തി പകരാൻ സർക്കാർ മെഡിക്കൽ കോളേജിൽ ഇനി മുതൽ അഫെർസിസ് യന്ത്രവും. ഇത് വാങ്ങുന്നതിനായി കെ.ജെ. മാക്സി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20,20000 രൂപ അനുവദിച്ചതായി മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

രോഗം ഭേദമായ വരിൽ നിന്നും രക്തം ശേഖരിച്ചതിനു ശേഷം പ്ലാസ്മ വേർതിരിച്ചെടുക്കുന്ന രീതിയാണ് ഇതുവരെ തുടർന്നിരുന്നത്. എന്നാൽ യന്ത്രമുപയോഗിച്ചാൽ നേരിട്ട് ശരീരത്തിൽ നിന്നും പ്ലാസ്മ വേർതിരിച്ചെടുക്കാൻ സാധിക്കും. ഇതു വഴി ദാതാവിന് രക്തം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ കഴിയും. 14 ദിവസം കഴിഞ്ഞാൽ വീണ്ടും പ്ലാസ്മ നൽകാനും ഇതുവഴി കഴിയും.

രക്തം സ്വീകരിക്കുന്ന രീതിയിൽ ആണെങ്കിൽ മൂന്നു മാസം കഴിഞ്ഞാൽ മാത്രമേ പ്ലാസ്മ സ്വീകരിക്കാൻ കഴിയൂ. മെഡിക്കൽ കോളേജിലെ പ്ലാസ്മാ തെറാപ്പി വിഭാഗത്തിന് ഇത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ആർഎംഒ ഡോ ഗണേഷ് മോഹൻ പറഞ്ഞു.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 1547  പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് ആകെ 1547 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 2129 പേർ രോഗമുക്തി നേടി. 21,923 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 55,782 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.21 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 5, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ 3 വീതവും, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 2 വീതവും, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

തിരുവനന്തപുരം – 228
കോഴിക്കോട് – 204
ആലപ്പുഴ – 159
മലപ്പുറം – 146
കോട്ടയം – 145
കണ്ണൂര്‍ – 142
എറണാകുളം – 136
തൃശൂര്‍ – 121
കാസര്‍ഗോഡ് – 88
കൊല്ലം – 81
വയനാട് – 38
പാലക്കാട് – 30
പത്തനംതിട്ട – 17
ഇടുക്കി – 12

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം -211
കോഴിക്കോട് – 196
കോട്ടയം – 143
മലപ്പുറം – 134
ആലപ്പുഴ – 131
എറണാകുളം – 122
കണ്ണൂര്‍ – 121
തൃശൂര്‍ – 116
കാസര്‍ഗോഡ് – 85
കൊല്ലം – 77
വയനാട് – 31
പാലക്കാട് – 24
പത്തനംതിട്ട – 16
ഇടുക്കി – 12

രോഗം ഭേദമായവർ

 • തിരുവനന്തപുരം – 402
 • മലപ്പുറം – 317
 • ആലപ്പുഴ – 288
 • കോഴിക്കോട് – 194
 • കാസര്‍ഗോഡ് – 150
 • കണ്ണൂര്‍ – 127
 • എറണാകുളം- 119
 • പത്തനംതിട്ട – 112
 • തൃശൂര്‍ – 100
 • പാലക്കാട് – 98
 • കോട്ടയം – 69
 • കൊല്ലം – 85
 • ഇടുക്കി – 42
 • വയനാട് – 26

ഏഴ് കോവിഡ് മരണം കൂടി

7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബൂബേക്കര്‍ (60), തിരുവനന്തപുരം കലയ്‌ക്കോട് സ്വദേശി ഓമനക്കുട്ടന്‍ (63), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി സില്‍വാമ്മ (80), ആഗസ്റ്റ് 26ന് മരണമടഞ്ഞ എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി നബീസ ബീരാന്‍ (75), ആഗസ്റ്റ് 24ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ബേബി ജോര്‍ജ് (60), ആഗസ്റ്റ് 17ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശി സദാനന്ദന്‍ (57), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ബാലചന്ദ്രന്‍ നായര്‍ (63) എന്നിവരുടെ മരണ കാരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 305 ആയി.

1,93,736 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,736 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,382 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,354 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1439 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ

24 മണിക്കൂറിനിടെ 23,850 സാമ്പിളുകൾ പരിശോധിച്ചു

24 മണിക്കൂറിനിടെ 23,850 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 17,24,658 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,79,862 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
13 പുതിയ ഹോട്ട്സ്‌പോട്ടുകൾ, 17 പ്രദേശങ്ങളെ ഒഴിവാക്കി

13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാമ്പാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), തൃശൂര്‍ ജില്ലയിലെ കണ്ടാണശേരി (10, 12 (സബ് വാര്‍ഡ്), മടക്കത്തറ (സബ് വാര്‍ഡ് 16), ആലപ്പുഴ ജില്ലയിലെ കൈനകരി (8, 9), പള്ളിപ്പുറം (10, 14), കോഴിക്കോട് ജില്ലയിലെ മരുതോങ്കര (6), കീഴരിയൂര്‍ (സബ് വാര്‍ഡ് 3), വളയം (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ നെല്ലായി (1), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (1, 11), കീഴ്മാട് (10), തിരുവനന്തപുരം ജില്ലയിലെ ഒറ്റൂര്‍ (7), കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

17 പ്രദേശങ്ങളെ ഒഴിവാക്കി

17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചെമ്പ് (വാര്‍ഡ് 1, 2), ആതിരമ്പുഴ (21), തൃശൂര്‍ ജില്ലയിലെ പരപ്പൂക്കര (സബ് വാര്‍ഡ് 6), തളിക്കുളം (13), കോഴിക്കോട് ജില്ലയിലെ കാരാചുണ്ട് (4, 5, 6, 8, 9, 10, 11, 13), കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ കൊപ്പം (12), പട്ടാമ്പി മുന്‍സിപ്പാലിറ്റി (1, 4, 16, 18, 19), പെരുവെമ്പ (9), കൊല്ലം ജില്ലയിലെ പത്തനാപുരം (1, 2), എറണാകുളം ജില്ലയിലെ ആയവന (സബ് വാര്‍ഡ് 3, 4, 5), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (5, 12, 14 (സബ് വാര്‍ഡ്), 16, 17), തിരുവനന്തപുരം ജില്ലയിലെ ചെറുന്നിയൂര്‍ (7), വെങ്ങാനൂര്‍ (9), ആനാട് (7), കോട്ടയം ജില്ലയിലെ രാമപുരം (7, 8), വൈക്കം (14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 577 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തലസ്ഥാനത്ത് രോഗമുക്തി നാന്നൂറിലധികം; 211 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധയും രോഗമുക്തിയും സ്ഥിരീകരിച്ചത്. 228 പേർക്ക് രോഗം സ്ഥിരീകരിച്ചു ഇതിൽ 211 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 402 പേർ ജില്ലയിൽ ഇന്ന് രോഗമുക്തി നേടി.

ഇന്ന് ജില്ലയില്‍ പുതുതായി 1,550 പേര്‍ രോഗനിരീക്ഷണത്തിലായി. 2,318 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 17,452 പേര്‍ വീടുകളിലും 587 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 365 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 307 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

കൊല്ലത്ത് 81 പേർക്ക് കോവിഡ്; 85 പേർക്ക് രോഗമുക്തി

കൊല്ലം ജില്ലയിൽ ഇന്ന് 81 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കത്തെത്തുടർന്ന് 77 പേർക്കും, 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 85 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 17 പേര്‍ക്ക് കോവിഡ്; 112 പേർക്ക് രോഗമുക്തി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 112 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 16 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇന്ന് നാലു കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ആലപ്പുഴയിൽ 159 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 159 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 11 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. 130 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് 288 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 4202 പേർ രോഗം മുക്തരായി. ആകെ 1746 പേർ ചികിത്സയിലുണ്ട്.

കോട്ടയത്ത് 145 പേര്‍ക്ക് കോവിഡ്; 142 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ പുതിയതായി 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 142 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

ജില്ലയിൽ 67 പേര്‍ രോഗമുക്തരായി. നിലവില്‍ 1502 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 4202 പേര്‍ക്ക് രോഗം ബാധിച്ചു. 2697 പേര്‍ രോഗമുക്തരായി. ആകെ 15083 പേര്‍ ജില്ലയില്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ 12 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് 12 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 12 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇടുക്കി സ്വദേശികളായ 279 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 42 പേർ ഇന്ന് രോഗമുക്തരാായി

എറണാകുളത്ത് 136 പേർക്ക് കോവിഡ്

എറണാകുളം ജില്ലയിൽ ഇന്ന് 136 പേർക്ക് രോഗം സ്ഥിരീകരിച്ചു. 122 പേർക്ക് സമ്പർകത്തിലൂടെയാണ് രോഗബാധ. വിദേശത്തുനിന്നോ ഇതര സംസ്ഥാനത്ത് നിന്നോ എത്തിയവർ അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 119 പേർ കൂടി ഇന്ന് രോഗ മുക്തി നേടി. ഇതിൽ എറണാകുളം ജില്ലക്കാരായ 110 പേരും മറ്റ് ജില്ലാക്കാരായ ഒൻപത് പേരും ഉൾപ്പെടുന്നു.

ഇന്ന് 857 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1286 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16362 ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 992 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 665 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 382 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 121 പേർക്ക് രോഗബാധ; 100 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ബുധനാഴ്ച 121 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 100 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 118 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 20 പേരുടെ രോഗ ഉറവിടമറിയില്ല.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1436 ആണ്. തൃശൂർ സ്വദേശികളായ 51 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 4720 പേർക്ക് രോഗം സ്ഥിരീകരിച്ചു.

പാലക്കാട് 98പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 30 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 98 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 10 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആറ് പേർക്കും രോഗം സ്ഥിരീകരിച്ചു.

മലപ്പുറത്ത് 317 പേര്‍ക്ക് രോഗമുക്തി; 146 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇന്ന് 146 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 120 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 19 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും നാല് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേ സമയം 317 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 7,259 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് ഇരുന്നൂറിലധികം രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 204 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതിൽ 17 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 174 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയവ മൂന്ന് പേർക്കുംം ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 10 പേർക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ ഇന്ന് 194 പേർ രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 428 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14838 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 92594 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വയനാട് ജില്ലയില്‍ 38 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു ആരോഗ്യ പ്രവർത്തകനും ഉള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 32 പേര്‍ക്കുമാണ് രോഗബാധ. 26 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1542 ആയി. ഇതില്‍ 1321 പേര്‍ രോഗമുക്തരായി. 213 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കണ്ണൂരിൽ 148 പേർക്ക് രോഗബാധ; 127 പേർക്ക് രോഗമുക്തി

കണ്ണൂർ ജില്ലയിൽ ഇന്ന് 142 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 127 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 121 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 843 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളത്. 2791 പേർ ഇതുവരെ രോഗമുക്തി നേടി.

കാസര്‍ഗോട്ട് 88 പേര്‍ക്ക് കോവിഡ്; 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കാസര്‍ഗോട് ജില്ലയില്‍ ഇന്ന് 88 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഓരാള്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയതും ഒരാള്‍ വിദേശത്ത് നിന്നെത്തിയതുമാണ്. 158 പേര്‍ രോഗമുക്തി നേടി.

വീടുകളില്‍ 5392 പേരും സ്ഥാപനങ്ങളില്‍ 996 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6388 പേരാണ്. പുതിയതായി 324 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1171 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 403 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 322 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ്-19 സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയാണെന്നും പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു. താനുമായി അടുത്തിടപഴകിയവര്‍ മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് പോസിറ്റീവാകുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് പ്രമോദ് സാവന്ത്. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരാണ് മറ്റ് മൂന്നുപേര്‍.

ഒറ്റദിവസം 78,357 പുതിയ രോഗികള്‍, 1045 മരണം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തേഴര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,69,524 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1045 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

കോവിഡ് ചികിത്സയിലായിരുന്ന 24കാരി മരിച്ചു

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പാലക്കാട്‌ അട്ടപ്പാടി ഷോളയാർ സ്വദേശിനി നിഷ (24) ആണ് മരിച്ചത്. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ലക്ഷണങ്ങളില്ലാത്തവരില്‍ കോവിഡ് പരിശോധന വേണ്ട

ലക്ഷണങ്ങളില്ലാത്തവരില്‍ കോവിഡ് പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ നിര്‍ദ്ദേശിച്ചു. എന്നാല്‍, ശാരീരിക അകലം, വ്യക്തിശുചിത്വം, മാസ്ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വേണം നിര്‍ദേശം നടപ്പിലാക്കേണ്ടതെന്നും സിഡിസി പറയുന്നു. എന്നാല്‍ ഈ നിര്‍ദേശം കേരളം അംഗീകരിക്കുമോ എന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല.

8.60 ലക്ഷം കടന്ന് കോവിഡ് മരണങ്ങള്‍

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,000ലേറെപ്പേര്‍ക്കാണ് ലോകത്ത് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതേസമയത്ത് 2,57,024 പേര്‍ക്കാണ് പുതിയതായി വൈറസ് ബാധിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

ലോകത്താകെ 25,889,111 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. 8,60,266 പേരാണ്് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും വ്യക്തമാക്കുന്നു. 18,171,221 രോഗത്തില്‍ നിന്നും മുക്തി നേടുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.