തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം ഇന്ന് 10,000 കടന്നു. ഇന്ന് എക്കാലത്തെയും ഉയർന്ന തോതിലാണ് സംസ്ഥാനത്ത് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍9 542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് പരിശോധനയും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്.

കോഴിക്കോട് ജില്ലയിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവർ ഏറ്റവും കൂടുതൽ. 1576 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറത്ത് 1350 പേർക്കും എറണാകുളത്ത് 1201 പേർക്കും തിരുവനന്തപുരം 1182 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ജില്ലയിലും മുൻപെങ്ങുമില്ലാത്ത വിധത്തിലാണ് ഈ നാല് ജില്ലകളിലും ഇന്ന് രോഗബാധ വർധിച്ചത്. ഒരു ജില്ലയിൽ 1200ൽ അധികം കോവിഡ് രോഗ ബാധ സ്ഥിരീകരിക്കുന്നതും ഇന്ന് ആദ്യമായാണ്.

തൃശൂര്‍ ജില്ലയിൽ 948 പേർക്കും കൊല്ലം ജില്ലയിൽ 852 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.  ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍ ജില്ലകളിൽ അറുന്നൂറിലധികമാണ് പുതിയ രോഗികൾ. കോട്ടയം, കാസര്‍ഗോഡ് ജില്ലകളിൽ നാന്നൂറിലധികവും പത്തനംതിട്ടയിൽ 393 പേർക്കും പുതുതായി രോഗബാധ സ്ഥിരീകരിച്ചു. വയനാട് ഇടുക്കി ജില്ലകളിൽ മാത്രമാണ് ഇന്ന് മുന്നൂറിൽ കുറവ് രോഗബാധ പുതുതായി സ്ഥിരീകരിച്ചത്.  വയനാട് 138 പേർക്കും ഇടുക്കിയിൽ 120 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 10,606 പേർക്ക് കോവിഡ്

തിരുവനന്തപുരം:  കേരളത്തിൽ ഇന്ന് 10,606 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

98 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.തിരുവനന്തപുരം 20, എറണാകുളം 20, മലപ്പുറം 12, കണ്ണൂര്‍ 11, കാസര്‍ഗോഡ് 10, പത്തനംതിട്ട 9, തൃശൂര്‍ 7, കൊല്ലം 5, പാലക്കാട്, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • കോഴിക്കോട്- 1576
 • മലപ്പുറം- 1350
 • എറണാകുളം- 1201
 • തിരുവനന്തപുരം- 1182
 • തൃശൂര്‍- 948
 • കൊല്ലം- 852
 • ആലപ്പുഴ- 672
 • പാലക്കാട്- 650
 • കണ്ണൂര്‍- 602
 • കോട്ടയം- 490
 • കാസര്‍ഗോഡ്- 432
 • പത്തനംതിട്ട- 393
 • വയനാട്- 138
 • ഇടുക്കി- 120

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • കോഴിക്കോട്- 1488
 • മലപ്പുറം- 1224
 • തിരുവനന്തപുരം- 1155
 • എറണാകുളം- 1013
 • തൃശൂര്‍- 931
 • കൊല്ലം- 847
 • ആലപ്പുഴ- 667
 • കോട്ടയം- 489
 • കണ്ണൂര്‍- 475
 • കാസര്‍ഗോഡ് 407
 • പാലക്കാട്- 372
 • പത്തനംതിട്ട- 271
 • വയനാട്- 131
 • ഇടുക്കി- 72

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം- 820
 • കൊല്ലം- 346
 • പത്തനംതിട്ട- 222
 • ആലപ്പുഴ- 393
 • കോട്ടയം- 453
 • ഇടുക്കി- 89
 • എറണാകുളം- 385
 • തൃശൂര്‍- 320
 • പാലക്കാട്- 337
 • മലപ്പുറം- 743
 • കോഴിക്കോട്- 589
 • വയനാട്- 103
 • കണ്ണൂര്‍- 1188
 • കാസര്‍ഗോഡ്- 173

22 മരണങ്ങൾ സ്ഥിരീകരിച്ചു

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 906 ആയി.

തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയര്‍ (90), കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന്‍ (74), മുല്ലക്കല്‍ സ്വദേശി മുരുഗപ്പന്‍ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണികുട്ടന്‍ (47), പയനീര്‍കോണം സ്വദേശി ജയന്‍ (43), തോന്നക്കല്‍ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസന്‍ നാടാര്‍ (90), പുതുക്കുറിച്ചി സ്വദേശി കമാലുദ്ദീന്‍ (70), പൂവച്ചല്‍ സ്വദേശി അഹമ്മദ് ബഷീര്‍ (71), കൊല്ലം കാരിക്കോട് സ്വദേശി കണ്ണന്‍ (88), ആലപ്പുഴ ഓച്ചിറ സ്വദേശി ബഷീര്‍ കുട്ടി (67), ഇടുക്കി കട്ടപ്പന സ്വദേശി ജാന്‍സി ജോസഫ് (54), മലപ്പുറം കോരാപ്പുഴ സ്വദേശി ഫാത്തിമ (56), നിലമ്പൂര്‍ അബു (76), നിലമ്പൂര്‍ സ്വദേശി ഹംസ (77), മാമ്പാട് സ്വദേശിനി പാത്തുമ്മ (75), ഒതലൂര്‍ സ്വദേശി ഹംസ (80), എന്നിവരാണ് മരണമടഞ്ഞത്.

2,67,83 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,331 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2922 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 73,816 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 33,40,242 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,10,648 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

14 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ (1), പത്തനംതിട്ട മുന്‍സിപ്പാലിറ്റി (22, 23), കുളനട (സബ് വാര്‍ഡ് 10), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാര്‍ഡ് 9), കോടംതുരത്ത് (5), തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി (13), വെങ്കിടാങ് (7, 15), തിരുവനന്തപുരം ജില്ലയിലെ ഒറ്റൂര്‍ (1), വെങ്ങാനൂര്‍ (16), കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് (1), എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം (സബ് വാര്‍ഡ് 14), പാലക്കാട് ജില്ലയിലെ കരിമ്പുഴ (13), കാസര്‍ഗോഡ് ജില്ലയിലെ കുമ്പഡജെ (4), കണ്ണൂര്‍ ജില്ലയിലെ കുറുമാത്തൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 720 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

വയനാട് കലക്ടറേറ്റിലെ മൂന്ന് സെക്ഷനുകള്‍ താത്ക്കാലികമായി അടച്ചു

വയനാട് കലക്ടറേറ്റിലെ ദുരന്ത നിവാരണം, എ, എം എന്നീ സെക്ഷനുകള്‍ താത്ക്കാലികമായി അടച്ചു. ഈ സെക്ഷനുകളിലെ മുഴുവന്‍ ജീവനക്കാരെയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും.സിവില്‍ സ്‌റ്റേഷനിലെ ദുരന്ത നിവാരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന, ബാംഗ്ലൂരില്‍ പോയി വന്ന ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.

പൊതുജനങ്ങള്‍ വളരെ അത്യാവശ്യത്തിനല്ലാതെ കലക്ടറേറ്റിലേക്ക് വരരുതെന്നും പരാതികളും ഹരജികളും അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായോ താലൂക്ക്- വില്ലേജ് ഓഫീസുകളിലോ നല്‍കണമെന്നും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു.

തിരുവനന്തപുരത്ത് 1182 പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1182 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 820 പേർ രോഗമുക്തി നേടി.

കൊല്ലത്ത് 852 പേർക്ക് രോഗബാധ; 847 പേർക്കും സമ്പർക്കത്തിലൂടെ

ജില്ലയിൽ ഇന്ന് 852 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 847 പേർക്കും, 5 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 346 പേർ രോഗമുക്തി നേടി. കൊല്ലം കരിക്കോട് സ്വദേശി കണ്ണൻ (88) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ആലപ്പുഴയിൽ 672 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 672 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് . 667 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 12387 പേർ രോഗ മുക്തരായി. 5742 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 490 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 490 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലകളില്‍നിന്നുള്ള 12 പേരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. പുതിയതായി 5615 പരിശോധനാഫലങ്ങളാണ് ലഭിച്ചത്

രോഗം സ്ഥിരീകരിച്ചവരില്‍ 226 പുരുഷന്‍മാരും 185 സ്ത്രീകളും 79 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്‍ രോഗബാധിതരായി.

471 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5020 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 13569 പേര്‍ കോവിഡ് ബാധിതരായി. 8530 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19216 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത് ഇടുക്കിയിൽ

ഇടുക്കി ജില്ലയിൽ ഇന്ന് 120 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ കട്ടപ്പന സ്വദേശി ജാൻസി ജോസഫിന്റെ മരണം കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

എറണാകുളത്ത് പുതിയ രോഗികൾ 1200ൽ അധികം

എറണാകുളം ജില്ലയിൽ ഇന്ന് 1201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1013 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ.140 പേരുടെ രോഗ ഉറവിടം അറിയില്ല. ഇന്ന് 385 പേർ രോഗ മുക്തി നേടി.

ഇന്ന് 1690 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1448 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2202 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1356 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 948 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിലെ 948 പേർക്ക് കൂടി ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. 320 പേർ രോഗമുക്തരായി.

ബുധനാഴ്ച ജില്ലയിൽ സമ്പർക്കം വഴി 946 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല. 18 ഫ്രൻറ് ലൈൻ വർക്കർമാർക്കും 13 ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ഒരാൾക്കും വിദേശത്തുനിന്നു വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളിൽ 60 വയസ്സിന് മുകളിൽ 57 പുരുഷൻമാരും 54 സ്ത്രീകളും 10 വയസ്സിന് താഴെ 31 ആൺകുട്ടികളും 34 പെൺകുട്ടികളും ഉൾപ്പെടുന്നു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8418 ആണ്. തൃശൂർ സ്വദേശികളായ 131 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18768 ആണ്. അസുഖബാധിതരായ 10199 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 650 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 650 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 378 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർ, വിദേശത്തുനിന്ന് വന്ന 5 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 255 പേർ എന്നിവർ ഉൾപ്പെടും. 337 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് രോഗികളുടെ എണ്ണത്തിൽ മുൻപെങ്ങുമില്ലാത്ത വർധന

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഇന്ന് വലിയ വര്‍ധനവ് രേഖപ്പെടുത്തി. 1,350 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഒരു ദിവസം രോഗബാധിതരാവുന്നവരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

രോഗബാധിതരായവരില്‍ 1,224 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 84 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ഇന്ന് 743 പേര്‍ രോഗമുക്തരായി. ഇവരുള്‍പ്പെടെ 21,280 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1576 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 1471 പേര്‍ക്കാണ് രോഗം ബാധിച്ചത്. 88 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്

കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 327 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10957 ആയി. 5872 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.

35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 589 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മന്ത്രി

കോഴിക്കോട് ജില്ലയിൽ കോവിഡ്‌ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പൊതുയിടങ്ങളിൽ ഇപ്പോഴും ആൾക്കൂട്ടം ഉണ്ടാവുകയാണ്. ഇതാണ് കോവിഡ് വ്യാപനത്തിന് പ്രധാന കാരണം. ഇത്തരമൊരു സാഹചര്യത്തിൽ ആരും അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്നവരെ മാത്രമല്ല, അവരുടെ വീടുകളിൽ ഉള്ള പ്രായം ചെന്നവരെയും രോഗികളെയും ഉൾപ്പെടെ ഇത് വലിയ രൂപത്തിൽ അപകടത്തിൽപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ജില്ലയില്‍ 138 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 103 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 133 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4387 ആയി. 3256 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 24 പേര്‍ മരണപ്പെട്ടു. നിലവില്‍ 1107 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 244 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 38 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

കാസർഗോട്ട് 432 പേര്‍ക്ക് കോവിഡ്

ഇന്ന് കാസർഗോഡ് ജില്ലയില്‍ 432 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 417 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ 14 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 177 പേരാണ് ഇന്ന് കോവിഡ് നെഗറ്റീവായത്.

കോഴിക്കോട് ആശങ്കയായി യുവാക്കളിലെ കോവിഡ് വ്യാപനം; സാമൂഹിക അകലത്തിൽ വീഴ്‌ച

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കോഴിക്കോട് ജില്ലയിലെ കോവിഡ് വ്യാപന തോത് ഏറെ ആശങ്കപ്പെടുത്തുന്നു. ജില്ലയിൽ കോവിഡ് ബാധിക്കുന്നവരിലേറെയും യുവാക്കൾ. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 41 ശതമാനത്തിലധികവും ഇരുപതിനും നാൽപ്പതിനും വയസിന് ഇടയിലുള്ളവരാണ്. സാമൂഹിക അകലം പാലിക്കുന്നതിലെ വീഴ്‌ചയാണ് യുവാക്കൾക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. കോഴിക്കോട് ഇന്നലെ മാത്രം 736 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് പ്രോട്ടോകോൾ ലംഘനം, പിഴ കൂട്ടിയേക്കും

കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനുള്ള പിഴത്തുക കൂട്ടിയേക്കും. കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് പിഴത്തുക വർധിപ്പിക്കാൻ ആലോചന. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.

Read Also: ഹാഥ്‌റസ് ബലാത്സംഗം: സർക്കാരിനെ മോശമായി ചിത്രീകരിക്കാൻ ശ്രമമെന്ന് യോഗി ആദിത്യനാഥ്

സ്‌കൂളുകൾ ഉടൻ തുറക്കില്ല

അൺലോക്ക് പ്രക്രിയയിലൂടെ കൂടുതൽ ഇളവുകൾക്ക് കേന്ദ്രം അനുമതി നൽകുമ്പോഴും സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന കാര്യം ഉടൻ ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനഘട്ടമായതിനാൽ ഇപ്പോൾ സ്‌കൂളുകൾ തുറക്കുന്ന കാര്യം ആലോചനയിലില്ലെന്നും എന്നാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനോട് സംസ്ഥാനത്തിനു യോജിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിർദേശം അനുസരിച്ച് ഒക്‌ടോബർ 15 മുതൽ സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കാം. എന്നാൽ, സംസ്ഥാനത്ത് വിദ്യാലയങ്ങൾ ഉടൻ തുറക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടിൽ നിന്ന് വ്യക്തമായത്. രോഗവ്യാപനതോത് കുറയുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം

സംസ്ഥാനത്ത് ഇന്നലെ മാത്രം 7,871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിലവിൽ 87,738 പേരാണ് ചികിത്സയിലുള്ളത്. 1,54,092 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.