തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് സംസ്ഥാനത്ത് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,727 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിലധികമാണ്. കോഴിക്കോട് ജില്ലയിൽ ഇന്ന് 1164 പേർക്കും തിരുവനന്തപുരം ജില്ലയിൽ 1119 പേർക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളത്ത് 952 പേർക്കും കൊല്ലത്ത് 866 പേർക്കും തൃശൂരിൽ 793പേർക്കും മലപ്പുറത്ത് 792പേർക്കും രോഗം സ്ഥിരീകരിച്ചു.  കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ അഞ്ഞൂറിലധികമാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവർ.

പാലക്കാട് ജില്ലയിൽ 496 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലും നാന്നൂറിലധികമാണ് പുതിയ രോഗികൾ. പത്തനംതിട്ടയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവർ മുന്നൂറിലധികമാണ്, കാസർഗോഡ് ജില്ലയിൽ 278 പേർക്ക് രോഗം സ്ഥിരീകരിച്ചു. വയനാട്ടിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണം നൂറിലധികമാണ്. ഇടുക്കി ജില്ലയിൽ മാത്രമാണ് ഇന്ന് നൂറിൽ കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 96 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-

സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4851 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 84,497 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,44,471 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 181 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

99 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 27, തിരുവനന്തപുരം 21, എറണാകുളം 14, കൊല്ലം 12, കോഴിക്കോട് 11, കോട്ടയം 4, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • കോഴിക്കോട്- 1164
 • തിരുവനന്തപുരം- 1119
 • എറണാകുളം- 952
 • കൊല്ലം- 866
 • തൃശൂര്‍- 793
 • മലപ്പുറം- 792
 • കണ്ണൂര്‍- 555
 • ആലപ്പുഴ- 544
 • പാലക്കാട്- 496
 • കോട്ടയം- 474
 • പത്തനംതിട്ട- 315
 • കാസര്‍ഗോഡ്- 278
 • വയനാട്- 109
 • ഇടുക്കി- 96

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • കോഴിക്കോട്- 1081
 • തിരുവനന്തപുരം- 943
 • എറണാകുളം- 819
 • കൊല്ലം- 843
 • തൃശൂര്‍- 791
 • മലപ്പുറം- 721
 • ആലപ്പുഴ- 520
 • കോട്ടയം- 466
 • കണ്ണൂര്‍- 359
 • പാലക്കാട്- 328
 • കാസര്‍ഗോഡ്- 270
 • പത്തനംതിട്ട- 220
 • വയനാട്- 102
 • ഇടുക്കി- 64

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം- 880
 • കൊല്ലം- 400
 • പത്തനംതിട്ട- 167
 • ആലപ്പുഴ- 608
 • കോട്ടയം- 318
 • ഇടുക്കി- 80
 • എറണാകുളം- 405
 • തൃശൂര്‍- 260
 • പാലക്കാട്- 217
 • മലപ്പുറം- 715
 • കോഴിക്കോട്- 402
 • വയനാട്- 97
 • കണ്ണൂര്‍- 109
 • കാസര്‍ഗോഡ്-193

23 മരണങ്ങൾ സ്ഥിരീകരിച്ചു

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരുകാവ് സ്വദേശി കൃഷ്ണന്‍നായര്‍ (83), ആനയറ സ്വദേശി അശോകന്‍ (75), വേളി സ്വദേശിനി ജോസഫൈന്‍ ഫ്രാങ്ക്‌ലിന്‍ (72), പാറശാല സ്വദേശി രാജയ്യന്‍ (80), മഞ്ചവിളാകം സ്വദേശി റോബര്‍ട്ട് (53), പാലോട് സ്വദേശിനി ജയന്തി (50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാള്‍ ആചാരി (90), മഞ്ചവിളാകം സ്വദേശി ദേവരാജ് (55), കൊല്ലം പത്തനാപുരം സ്വദേശി ദേവരാജന്‍ (63), ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അബ്ദുള്‍സമദ് (62), കരിയിലകുളങ്ങര സ്വദേശിനി സഫിയ ബീവി (67), കറ്റാനം സ്വദേശിനി മറിയകുട്ടി (68),പുളിങ്കുന്ന് സ്വദേശിനി റോസമ്മ (59), എറണാകുളം നായരമ്പലം സ്വദേശി നകുലന്‍ (62), എടപ്പള്ളി സ്വദേശിനി റോസി ജോസഫ് (89), പാലക്കാട് കപ്പൂര്‍ സ്വദേശിനി ചമ്മിണി (63), മലപ്പുറം തിരൂര്‍ സ്വദേശി ഹസ്ബുള്ള (68), ക്ലാരി സ്വദേശി മുഹമ്മദ് (58), തച്ചിങ്ങനാടം സ്വദേശി കുഞ്ഞിമൊയ്ദീന്‍ ഹാജി (87), വെണ്ണിയൂര്‍ സ്വദേശിനി ബിരിയാകുട്ടി (77), ഇരിങ്ങാവൂര്‍ സ്വദേശിനി ഫാത്തിമ (83), അറക്കുപറമ്പ് സ്വദേശി മുഹമ്മദ് അലി (50), കണ്ണൂര്‍ കോയോട് സ്വദേശി മുഹമ്മദ് കുഞ്ഞി (68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 836 ആയി.

2,57,707 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,57,707 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,26,536 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,171 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3398 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 58,727 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,727 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,64,072 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,08,027 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

പുതിയ ഏഴ് ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (7), ആതിരമ്പുഴ (15), അയ്മനം (11, 19), ചിറക്കടവ് (20), എറണാകുളം ജില്ലയിലെ ചോറ്റാനിക്കര (സബ് വാര്‍ഡ് 7, 12), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 725 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തലസ്ഥാനത്ത് പുതിയ രോഗികൾ ആയിരത്തിലധികം

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,119 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 943 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 149 പേരുടെ ഉറവിടം വ്യക്തമല്ല. 17 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 441 പേര്‍ സ്ത്രീകളും 678 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 120 പേരും 60 വയസിനു മുകളിലുള്ള 166 പേരുമുണ്ട്. പുതുതായി 3,913 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,785 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

കൊല്ലത്ത് 866 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 866 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 6 പേർക്കും, സമ്പർക്കം മൂലം 843 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കും, 12 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 400 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 315 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 315 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 271 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 40 പേരുണ്ട്.

ആലപ്പുഴയിൽ പുതിയ രോഗികൾ അഞ്ഞൂറിലധികം

ഇന്ന് ആലപ്പുഴ ജില്ലയിൽ 544 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും 22 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 520 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 608 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11305 പേർ രോഗ മുക്തരായി. 5529 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 474 പേർക്ക് കോവിഡ്, 466 പേർക്കും സമ്പർക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 474 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചപു. 466 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ 10 പേര്‍ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി.

320 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4979 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 12296 പേര്‍ രോഗബാധിതരായി. 7302 പേര്‍ രോഗമുക്തി നേടി.

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് ഇടുക്കിയിൽ

ഇടുക്കി ജില്ലയിൽ ഇന്ന് 96 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 74 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 17 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 21 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് 952 പേർക്ക് കോവിഡ്

എറണാകുളം ജില്ലയിൽ ഇന്ന് 952 പേർക്ക് രോഗം സ്ഥിരീകരിച്ചു. 109 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 819 പേരാണ്. വിദേശത്തു നിന്നോ ഇതര സംസ്ഥാനത്ത് നിന്നോ എത്തിയ 10 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 404 പേർ രോഗ മുക്തി നേടി.

ഇന്ന് 1762 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1320 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1379 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1560 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1257 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 793 പേർക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ 793 പേർക്ക് കൂടി ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. 260 പേർ രോഗമുക്തരായി. ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി 789 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 കേസുകളുടെ ഉറവിടം അറിയില്ല.

13 ആരോഗ്യ പ്രവർത്തകർക്കും 8 ഫ്രൻറ് ലൈൻ വർക്കർമാർക്കും വിദേശത്തുനിന്നു വന്ന 3 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 44 പുരുഷൻമാരും 46 സ്ത്രീകളും 10 വയസ്സിന് താഴെ 31 ആൺകുട്ടികളും 34 പെൺകുട്ടികളുമുണ്ട്.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7278 ആണ്. തൃശൂർ സ്വദേശികളായ 154 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16638 ആണ്. അസുഖബാധിതരായ 9223 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് രോഗം സ്ഥിരീകരിച്ചത് 496 പേർക്ക്

പാലക്കാട് ജില്ലയിൽ ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 347 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, വിദേശത്തുനിന്ന് വന്ന 3 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 139 പേർ എന്നിവർ ഉൾപ്പെടും. 217 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 792 പേര്‍ക്ക് രോഗബാധ; 715 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 792 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 721 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗബാധയുണ്ടായവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ഇന്ന് 715 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 19,162 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 1164 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 60 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1078 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 21 പേര്‍ക്കുമാണ് പോസിറ്റീവായത്

കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 435 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9685 ആയി. 20 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 402 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ പുതിയ രോഗികൾ നൂറിലധികം

വയനാട് ജില്ലയില്‍ ഇന്ന് 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാൾ വിദേശത്ത് നിന്നും നാല് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഉറവിടം അറിയാത്ത ഒരാൾ ഉൾപ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4083 ആയി. 2961 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1100 പേരാണ് ചികിത്സയിലുള്ളത്.

കണ്ണൂരിൽ 555 പേർക്ക് കോവിഡ്

കണ്ണൂർ ജില്ലയിൽ ഇന്ന് 555 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേർ രോഗമുക്തി നേടി. നിലവിൽ 5357 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 13521 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7484 പേർ ഇതുവരെ രോഗമുക്തി നേടി.

കാസർഗോട്ട് 278 പേർക്ക് കോവിഡ്

കാസർകോട് ജില്ലയിൽ ഇന്ന് 278 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 271 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ ആണിത്. 193 പേർ ഇന്ന് രോഗമുക്തി നേടി.

ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാക്കും കോവിഡ്; തിരുവനന്തപുരം നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു. തിരുവനന്തപുരം നഗരസഭയിലെ ഡെപ്യൂട്ടി മേയറടക്കം ഏഴ് കൗൺസിലർമാർക്കും പത്തിലധികം ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയിൽ നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങൾ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. പ്രതിരോധ നടപടികൾ കര്‍ശനമായി പാലിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

സ്ഥിതി കൂടുതൽ ഗുരുതരമാകും; പ്രതിദിനം 20,000 കോവിഡ് രോഗികൾ ആകാമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ്. രോഗികളുടെ എണ്ണം അടുത്ത രണ്ട് മാസം ഉയർന്ന നിരക്കിലെത്തും. പ്രതിദിനം 20,000 കോവിഡ് രോഗികൾ വരെ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വർഗീസാണ് മുന്നറിയിപ്പ് നൽകിയത്. വരും ദിവസങ്ങൾ നിർണായകമാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ജനങ്ങൾ ജാഗ്രത പാലിക്കണം. സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്. നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തണം. കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എബ്രഹാം വർഗീസ് പറഞ്ഞു.

കോവിഡ് രോഗിയുടെ മൃതദേഹം മാറി സംസ്‌കരിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളേജ് വിവാദത്തിൽ

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചതായി പരാതി. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിനു പകരം അജ്ഞാതന്റെ മൃതദേഹമാണ് സംസ്‌കരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെയാണ് പരാതി. കോവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിനു പകരമാണ് കുടുംബത്തിനു മറ്റൊരു മൃതദേഹം നൽകിയത്.

ബന്ധുക്കൾ മൃതദേഹം സംസ്‌കരിച്ചതിനു ശേഷമാണ് മൃതദേഹം മാറിയത് അറിയുന്നത്. ഇതേ തുടർന്ന് ആശുപത്രി അധികൃതർ പരിശോധന നടത്തി. മൃതദേഹം മാറിനൽകിയ കാര്യം വ്യക്തമാകുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നിർദേശാനുസരണം ആർഎംഒ ആണ് അന്വേഷണം നടത്തുന്നത്. മോർച്ചറി ജീവനക്കാർക്ക് വീഴ്‌ച സംഭവിച്ചോ എന്നാണ് അന്വേഷിക്കുന്നത്.

Read Also: ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌ത നടപടി: ഡോക്‌ടർമാർ സമരത്തിലേക്ക്

അതേസമയം, സംസ്‌കരിക്കുന്നതിനു തൊട്ടുമുൻപ് ദേവരാജന്റെ മകൻ മൃതദേഹം തിരിച്ചറിഞ്ഞുവെന്ന് വിഴിഞ്ഞം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നതായി ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. ഇന്നലെ മാത്രം 75,829 പേർക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 65,49,374 ആയി. കഴിഞ്ഞ് 24 മണിക്കൂറിനിടെ രാജ്യത്ത് 940 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ് മരണം 1,01,782 ആയി ഉയർന്നു. രാജ്യത്തി നിലവിൽ 9,37,625 പേർ ചികിത്സയിലാണ്. 55,09,967 പേർ രോഗമുക്തി നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.