തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുതിച്ചുയരുകയാണ്. ഇന്ന് 7834 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പുതിയ രോഗികൾ. 1049 പേർക്ക് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 973 പേർക്കും കോഴിക്കോട് ജില്ലയിൽ 941 പേർക്കും എറണാകുളം ജില്ലയിൽ 925 പേർക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുതായി പ്രഖ്യാപിച്ച അധിക നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്ന ദിവസമാണിന്ന്.  സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അതാത് ജില്ലകളിൽ 144 പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ കലക്‌ടർമാക്ക് നേരത്തെ അനുമതി നൽകിയിരുന്നു. പൊതുസ്ഥലങ്ങളിൽ ഒരുസമയം അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. കടകൾക്ക് മുന്നിൽ ഉൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്.എന്നാൽ പൊതു ഗതാഗത്തെ ഇത് ബാധിക്കില്ല.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4476 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 80,818 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,39,620 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കണ്ണൂര്‍ 23, പത്തനംതിട്ട 11, കോഴിക്കോട് 9, എറണാകുളം 8, കാസര്‍ഗോഡ് 5, പാലക്കാട്, മലപ്പുറം 4 വീതം, കോട്ടയം 3, തൃശൂര്‍, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 5 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവർ

തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം 836, മലപ്പുറം 903, കോഴിക്കോട് 900, എറണാകുളം 759, തൃശൂര്‍ 771, ആലപ്പുഴ 607, കൊല്ലം 531, പാലക്കാട് 342, കണ്ണൂര്‍ 325, കോട്ടയം 333, പത്തനംതിട്ട 178, കാസര്‍ഗോഡ് 236, ഇടുക്കി 63, വയനാട് 66 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 906, കൊല്ലം 284, പത്തനംതിട്ട 131, ആലപ്പുഴ 486, കോട്ടയം 202, ഇടുക്കി 115, എറണാകുളം 402, തൃശൂര്‍ 420, പാലക്കാട് 186, മലപ്പുറം 641, കോഴിക്കോട് 278, വയനാട് 92, കണ്ണൂര്‍ 204, കാസര്‍ഗോഡ് 129 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

22 മരണങ്ങൾ സ്ഥിരീകരിച്ചു

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജന്‍ (47), കിളിമാനൂര്‍ സ്വദേശി മൂസ കുഞ്ഞ് (72), കമലേശ്വരം സ്വദേശിനി വത്സല (64), വാമനാപുരം സ്വദേശി രഘുനന്ദന്‍ (60), നെല്ലുവിള സ്വദേശി ദേവരാജന്‍ (56), അമ്പലത്തിന്‍കര സ്വദേശിനി വസന്തകുമാരി (73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആള്‍ബര്‍ട്ട് (68), അഞ്ചുതെങ്ങ് സ്വദേശി മോസസ് (58), ഇടുക്കി കട്ടപ്പന സ്വദേശി കെ.സി. ജോര്‍ജ് (75), തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി അബ്ദു (64), കോഴിക്കോട് താഴം സ്വദേശി കോയക്കുട്ടി (73), കോഴിക്കോട് സ്വദേശിനി ജയപ്രകാശിനി (70), ചാലിയം സ്വദേശി അഷ്‌റഫ് (49), അരക്കിനാര്‍ സ്വദേശി അഹമ്മദ് കോയ (74), പയ്യോളി സ്വദേശി ഗംഗാധരന്‍ (78), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പി.സി. ജോസ് (56), രാമന്‍തളി സ്വദേശി പി. സുധാകരന്‍ (65), അയിക്കര സ്വദേശി അജേഷ് കുമാര്‍ (40), അലവില്‍ സ്വദേശിനി സുമതി (67), ചന്ദനക്കാംപാറ പി.വി. ചന്ദ്രന്‍ (68), എടയന്നൂര്‍ സ്വദേശി ഭാസ്‌കരന്‍ (75), കാസര്‍ഗോഡ് മുട്ടത്തൊടി സ്വദേശിനി മറിയുമ്മ (67), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 813 ആയി.

2,51,286 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,51,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,20,218 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,068 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3425 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 54,563 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,563 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,04,878 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,07,429 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

32 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 724 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഏറ്റവും കൂടുതൽ രോഗബാധ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 1049 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. 906 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

കൊല്ലത്ത് പുതിയ രോഗികൾ അഞ്ഞൂറിലധികം

കൊല്ലം ജില്ലയിൽ ഇന്ന് 534 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും, സമ്പർക്കം മൂലം 531 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 284 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ പുതിയ രോഗികൾ 296

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 234 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ആലപ്പുഴയിൽ 633 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 633 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേർ വിദേശത്തുനിന്നും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 607 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 486 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ10697 പേർ രോഗ മുക്തരായി. 5593 പേർ ചികിത്സയിലുണ്ട്.

കോട്ടയത്ത് 342 പേര്‍ക്ക് കോവിഡ്; 332 പേർക്ക് സമ്പർക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 342 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 332 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യപ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. പുതിയതായി 4412 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 208 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4825 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 11822 പേര്‍ രോഗബാധിതരായി. 6982 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ 106 പേർക്ക് കോവിഡ്

ഇടുക്കി ജില്ലയിൽ 106 പേർക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 14 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് പുതുതായി 925 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 925 പേർക്ക് രോഗം സ്ഥിരീകരിച്ചു. 123 പേരുടെ രോഗ ഉറവിടം അറിയില്ല. സമ്പർക്കം വഴി രോഗം ബാധിച്ചവർ 759 പേരാണ്. ഇന്ന് 402 പേർ രോഗ മുക്തി നേടി.

​ ഇന്ന് 2283 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1010 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2483 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2153 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1391 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 778 പേർക്ക് കോവിഡ്; 420 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ 778 പേർക്ക് കൂടി ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. 420 പേർ രോഗമുക്തരായി.

ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 771 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8 കേസുകളുടെ ഉറവിടം അറിയില്ല. 13 ആരോഗ്യ പ്രവർത്തകർക്കും 5 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 7 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

പാലക്കാട് 496 പേർക്ക് രോഗബാധ

പാലക്കാട് ജില്ലയിൽ ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 360 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ, വിദേശത്തുനിന്ന് വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 119 പേർ എന്നിവർ ഉൾപ്പെടും. 186 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് പുതിയ രോഗികൾ തൊള്ളായിരത്തിലധികം

മലപ്പുറം ജില്ലയില്‍ ഇന്ന് 973 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 903 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന നാല് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 641 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 18,521 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

കോഴിക്കോട്ട് 941 പേർക്ക് കോവിഡ്; 278 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 941 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 893 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ 4 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് പോസിറ്റീവായത്.

കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 417 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8900 ആയി. 19 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 278 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 81 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 92 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും മാനന്തവാടി സ്വദേശിയായ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കണ്ണൂരിൽ 423 പുതിയ രോഗികൾ

കണ്ണൂർ ജില്ലയില്‍ 423 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 377 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്

കാസർഗോട്ട് 257 പേര്‍ക്ക് കോവിഡ്

ഇന്ന് കാസർഗോഡ് ജില്ലയില്‍ 257 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 241 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 130 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായത്.

നടപടികൾ കർശനമാക്കും, കോവിഡ് പ്രോട്ടോകോൾ ലംഘിച്ചാൽ പിഴ; ജാഗ്രത വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ജാഗ്രത കർശനമായി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് ജാഗ്രത കൈമോശം വന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതാണ് സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകാൻ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജാഗ്രത കുറവാണ് ഇങ്ങനെയൊരു ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കിയത്. കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾക്ക് കർശന നടപടിയെടുക്കും. അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾക്ക് പിഴ തുക വർധിപ്പിക്കും. സര്‍ക്കാര്‍ പരിപാടികളിലും ഇരുപതിലധികം പേര്‍ പങ്കെടുക്കില്ല. കടകളില്‍ ഗ്ലൗസ് ധരിച്ച് മാത്രം കയറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിരോധനാജ്ഞ നിലവിൽവന്നു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 144 നിലവിൽ വന്നു. ഒക്‌ടോബർ 31 വരെയാണ് നിരോധനാജ്ഞ. എന്നാൽ, ജില്ലകൾ പൂർണമായി അടച്ചിടുന്ന രീതിയിലേക്ക് പോകില്ല. പൊതുഗതാഗതത്തിനു നിയന്ത്രണമില്ല. അവശ്യ സർവീസുകൾ സാധരണ രീതിയിൽ പ്രവർത്തിക്കും. ബാങ്ക് സർവീസ് ഉണ്ടാകും. കടകളിൽ ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ ഉണ്ടാകരുത്. പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടം ചേരാന്‍ പാടില്ല. കണ്ടെയ്‌ൻമെന്റ് മേഖലയില്‍ വിവാഹം , ശവസംസ്കാരം ഒഴികെ പൊതുപരിപാടികള്‍ നിരോധിച്ചിട്ടുണ്ട്.

Read Also: ആൾക്കൂട്ടം അനുവദിക്കില്ല; സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ നിയന്ത്രണങ്ങൾ

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് 77,482 പേരാണ്. 1,35,144 പേർ ഇതുവരെ രോഗമുക്തി നേടി. ഇന്നലെ മാത്രം 4,092 പേർ കോവിഡിൽ നിന്നു മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,631 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,778 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 30,853 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 9,258 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ കോവിഡ് മരണം ഒരു ലക്ഷം കവിഞ്ഞു

ഇന്ത്യയിലെ കോവിഡ് മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ 1069 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോകെ ആകെ മരണസംഖ്യ 1,00,842 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 79,476 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 64,73,545 ആയി. നിലവിൽ 9,44,996 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. 54,27,707 പേർ കോവിഡ് മുക്തരായി.

അണുനശീകരണത്തിനു കുടുംബശ്രീ സംഘങ്ങളും

കല്‍പ്പറ്റ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വയനാട് ജില്ലയില്‍ ഇനി കുടുംബശ്രീ പ്രവര്‍ത്തകരും. വീട്, ഓഫീസ്, കച്ചവട സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയില്‍ അണുനശീകരണം നടത്തും. ഏഴ് സംഘങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ വിദഗ്ധ പരിശീലനം നല്‍കിയത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു ദിവസം ഒരു തവണ അണുനശീകരണത്തിന് ചതുരശ്രയടിക്ക് 1.85 രൂപയാണ് നിരക്ക്. രണ്ടു തവണ ചെയ്യാന്‍ 2.45 രൂപ. സ്വകാര്യ സ്ഥാപനങ്ങളില്‍ ഒരു തവണ ചതുരശ്രയടിയ്ക്ക് 2.25 രൂപയും രണ്ടു തവണയ്ക്ക് മൂന്ന് രൂപയുമാണ് നിരക്ക്. തീവ്ര ശുചീകരണത്തിനും അണുനാശിനി തളിക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു ദിവസം ചതുരശ്രയടിക്ക് 2.95 രൂപയും സ്വകാര്യ സ്ഥാപനങ്ങളില്‍ 3.45 രൂപയുമാണ് നിരക്ക്.

വാഹനങ്ങളില്‍ അണുനാശിനി തളിയ്ക്കാനുള്ള നിരക്ക് ഇങ്ങനെ: കാര്‍, ജീപ്പ്- 450 രൂപ (സര്‍ക്കാര്‍), 550 (സ്വകാര്യം), വാന്‍ മിനി ബസ്- 950(സര്‍ക്കാര്‍), 1200 (സ്വകാര്യം), ബസ്, ട്രക്ക്-1200(സര്‍ക്കാര്‍), 1500 (സ്വകാര്യം).

വാഹനങ്ങള്‍ ശുചിയാക്കാനും അണുനാശിനി തളിക്കാനുമുള്ള നിക്ക്: കാര്‍, ജീപ്പ്-650 രൂപ (സര്‍ക്കാര്‍), 850 രൂപ (സ്വകാര്യം), വാന്‍, മിനി ബസ്-1200 (സര്‍ക്കാര്‍), 1600 (സ്വകാര്യം), ബസ്, ട്രക്ക്-1350 (സര്‍ക്കാര്‍), 2000 (സ്വകാര്യം). കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 206589, 8848478861.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.