തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 7482 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6448 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. 844 പേരുടെ രോഗ ഉറവിടം അറിയില്ല.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ. 932 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിൽ എണ്ണൂറിലധികമാണ് പുതിയ രോഗികൾ. എറണാകുളം ജില്ലയിൽ 929 പേർക്ക് രോഗം സ്ഥീരികരിച്ചു. മലപ്പുറം, തൃശൂര്‍ , തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും എണ്ണൂറിലധികമാണ് രോഗബാധ. മലപ്പുറത്ത് 897 പേർക്കും, തൃശൂരിൽ 847 പേർക്കും  തിരുവനന്തപുരത്ത് 838 പേർക്കും  ആലപ്പുഴയിൽ 837 പേർക്കും  ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്ന് ഇടുക്കി, വയനാട് ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളിലും നൂറിലധികം പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ നാന്നൂറിലധികമാണ് പുതിയ രോഗികൾ. കണ്ണൂര്‍, കോട്ടയം ജില്ലകളിൽ മുന്നൂറിലധികവും, കാസര്‍ഗോഡ് ജില്ലയിൽ ഇരുന്നൂറിലധികവും, പത്തനംതിട്ട ജില്ലയിൽ നൂറിലധികവും പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കോവിഡ്; 7593 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7593 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ 93,291 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,74,675 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 6448 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. 844 പേരുടെ രോഗ ഉറവിടം അറിയില്ല. 67 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.  123 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂര്‍ 12, കോഴിക്കോട് 9, എറണാകുളം, തൃശൂര്‍ 7 വീതം, മലപ്പുറം 6, കാസര്‍ഗോഡ് 4, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

 • കോഴിക്കോട്- 932
 • എറണാകുളം- 929
 • മലപ്പുറം- 897
 • തൃശൂര്‍- 847
 • തിരുവനന്തപുരം- 838
 • ആലപ്പുഴ- 837
 • കൊല്ലം- 481
 • പാലക്കാട്- 465
 • കണ്ണൂര്‍- 377
 • കോട്ടയം- 332
 • കാസര്‍ഗോഡ്- 216
 • പത്തനംതിട്ട- 195
 • വയനാട്- 71
 • ഇടുക്കി- 65

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • കോഴിക്കോട്- 865
 • എറണാകുളം- 718
 • മലപ്പുറം- 821
 • തൃശൂര്‍- 835
 • തിരുവനന്തപുരം- 628
 • ആലപ്പുഴ- 809
 • കൊല്ലം- 478
 • പാലക്കാട്- 226
 • കണ്ണൂര്‍- 295
 • കോട്ടയം- 320
 • കാസര്‍ഗോഡ്- 203
 • പത്തനംതിട്ട- 152
 • വയനാട്- 62
 • ഇടുക്കി- 36

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം- 909
 • കൊല്ലം- 750
 • പത്തനംതിട്ട- 250
 • ആലപ്പുഴ- 769
 • കോട്ടയം- 167
 • ഇടുക്കി- 94
 • എറണാകുളം- 414
 • തൃശൂര്‍- 1170
 • പാലക്കാട്- 239
 • മലപ്പുറം- 731
 • കോഴിക്കോട്- 1153
 • വയനാട്- 120
 • കണ്ണൂര്‍- 572
 • കാസര്‍ഗോഡ്- 255

23 മരണങ്ങൾ സ്ഥിരീകരിച്ചു

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1255 ആയി.

തിരുവനന്തപുരം കരമന സ്വദേശി ഹരിഹരന്‍ (56), മുട്ടട സ്വദേശി കുട്ടപ്പന്‍ (72), വെമ്പായം സ്വദേശി ശശിധരന്‍ (70), മരുതൂര്‍ സ്വദേശി നാസര്‍ (56), ആറ്റിങ്ങല്‍ സ്വദേശി അനില്‍ (47), കൊല്ലം ആയൂര്‍ സ്വദേശിനി ശാരദാമ്മ (72), ഉമയനല്ലൂര്‍ സ്വദേശി നവാബുദീന്‍ (58), ആലപ്പുഴ ചേര്‍ത്തല സ്വദേശി രാമകൃഷ്ണന്‍ പിള്ള (83), കോട്ടയം എരുമേലി സ്വദേശിനി സൈനബ ബിവി (96), എറണാകുളം കൊച്ചി സ്വദേശിനി ട്രീസ ലോനന്‍ (89), ആലുവ സ്വദേശി ബഷീര്‍ (60), എടയാപുരം സ്വദേശിനി കെ.കെ. പുഷ്പ (68), വെങ്ങോല സ്വദേശിനി സല്‍മ സെയ്ദു മുഹമ്മദ് (55), കളമശേരി സ്വദേശിനി സൗദാമിനി അമ്മ (78), തൃശൂര്‍ കുന്നംകുളം സ്വദേശി രാമകൃഷ്ണന്‍ (70), ഏറനല്ലൂര്‍ സ്വദേശി ഷമീര്‍ (41), മലപ്പുറം വള്ളുവാമ്പ്രം സ്വദേശി ഹംസ (58), കല്പകഞ്ചേരി സ്വദേശിനി കുഞ്ഞിപാത്തുമ്മ (63), തിരൂര്‍ സ്വദേശിനി ലീല (60), തേഞ്ഞിപ്പാലം സ്വദേശിനി മമ്മദൂട്ടി (65), കോട്ടക്കല്‍ സ്വദേശി നഫീസ (72), കോഴിക്കോട് ചെറുവാത്ത് സ്വദേശി ഇബ്രാഹീം (64), പുതുപ്പാനം സ്വദേശി മജീദ് (73), എന്നിവരാണ് മരണമടഞ്ഞത്.

Read More: കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായിരിക്കെ മരിച്ചയാൾക്ക് വാക്സിൻ നൽകിയിരുന്നില്ലെന്ന് വിശദീകരണം

2,80,926 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,926 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,733 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 56,093 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,093 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 41,47,822 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് എട്ട് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കാവശേരി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), കിഴക്കാഞ്ചേരി (18), ഓങ്ങല്ലൂര്‍ (5, 11, 12), കൊപ്പം (2), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (4, 15), എറണാകുളം ജില്ലയിലെ അങ്കമാലി (4 മാര്‍ക്കറ്റ് ഏരിയ), കൊല്ലം ജില്ലയിലെ തലവൂര്‍ (സബ് വാര്‍ഡ് 1, 2, 13), ആലപ്പുഴ ജില്ലയിലെ മുഹമ്മ (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 618 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രോഗം കുറയുന്നത് കോവിഡ് പിൻവാങ്ങുന്നതിന്റെ സൂചനയാവില്ലെന്ന് മുഖ്യമന്ത്രി

ദേശീയതലത്തില്‍ കോവിഡ് വ്യാപനം അതിന്‍റെ ഉയര്‍ന്ന തോതില്‍ പിന്നിട്ടു എന്നൊരു പ്രചരണം നടന്നുവരുന്നുണ്ടെന്നും എന്നാല്‍, കോവിഡ് രോഗവ്യാപനത്തിന്‍റെ ലോകമൊന്നാകെയുള്ള പ്രത്യേകത പരിഗണിക്കുമ്പോള്‍ പലയിടങ്ങളിലും രോഗികളുടെ എണ്ണം പരമാവധിയിലെത്തിയതിനു ശേഷം കുറയുകയും, ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കുത്തനെ ഉയരുകയും ചെയ്യുന്നത് കാണാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി .

“അതുകൊണ്ടുതന്നെ പരമാവധിയിലെത്തിയതിനു ശേഷം കുറഞ്ഞു വരുന്നു എന്ന തോന്നല്‍ രോഗവ്യാപനം പിന്‍വാങ്ങുന്നതിന്‍റെ സൂചനയാണെന്ന് ഉറപ്പിക്കാനാവില്ല എന്നാണ് വിദഗ്ധാഭിപ്രായം. വീണ്ടും രോഗവ്യാപനം പീക്ക് ചെയ്യുന്നതിന്‍റെ മുന്നോടിയായുള്ള ഒരു ഇടവേള മാത്രമായിരിക്കാം അത്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് മഹാമാരി പിന്‍വാങ്ങുന്നു എന്ന തോന്നലുകള്‍ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ല,” അദ്ദേഹം പറഞ്ഞു.

അവശതകള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കും

കോവിഡ് വന്നു പോകുന്നതാണ് നല്ലതെന്നുള്ള ഒരു തെറ്റിദ്ധാരണ സമൂഹത്തില്‍ പ്രബലമാകുന്നുണ്ടെന്നും എന്നാല്‍ പലരിലും രോഗം വന്നുപോകുന്നത് നല്ല ഫലമല്ല സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“കോവിഡ് വിമുക്തി നേടിയാലും അവശതകള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അവസ്ഥ നല്ലൊരു ശതമാനം രോഗികളില്‍ കാണുന്നുണ്ട്. സാധാരണ ഗതിയില്‍ രോഗം ബാധിച്ചാല്‍ പത്തു ദിവസങ്ങള്‍ക്കപ്പുറം വൈറസ് മനുഷ്യശരീരത്തില്‍ നിലനില്‍ക്കുന്നില്ല. എങ്കിലും ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയെന്നുറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് നമ്മള്‍ കോവിഡ് വിമുക്തി കൈവരിച്ചു എന്ന് ഔദ്യോഗികമായി അംഗീകരിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു

“അങ്ങനെ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയെന്നുറപ്പു വരുത്തിയവരുടെ ശരീരത്തില്‍ വൈറസുകള്‍ നിലനില്‍ക്കുന്നുണ്ടാകില്ലെങ്കിലും, പലരിലും രോഗത്തിന്‍റെ ഭാഗമായി വൈറസ് ബാധയേറ്റ അവയവങ്ങല്‍ അവശത നേരിടാനുള്ള സാധ്യതയുണ്ട്. ”

“ശ്വാസകോശം, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളില്‍ കോവിഡ് ബാധയേല്‍പിച്ച വ്യതിയാനങ്ങള്‍ മാറാന്‍ പലപ്പോളും കുറച്ചു കാലമെടുക്കും. അത്തരക്കാരില്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ക്ഷീണവും ഹൃദ്രോഗ സാധ്യതകള്‍ കൂടുന്നതും മറ്റും കണ്ടുവരുന്നുണ്ട്. ചെറുതല്ലാത്ത ഒരു ശതമാനം ആളുകളില്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ സ്ഥിതിവിശേഷം കാണുന്നുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു

അതുകൊണ്ട്, പത്തു ദിവസം കഴിഞ്ഞു ടെസ്റ്റുകള്‍ നെഗറ്റീവ് ആയാലും ഒരാഴ്ച കൂടെ ക്വാറന്‍റൈന്‍ തുടരാന്‍ എല്ലാവരും ശ്രദ്ധിക്കണം. ആവശ്യത്തിനു വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ഈ സമയം വിനിയോഗിക്കണം. അവശത നീണ്ടുനില്‍ക്കുന്നു എന്നു തോന്നുന്നവര്‍ ഡോക്ടര്‍മാരെ വിവരം ധരിപ്പിക്കാനും അവരുടെ ഉപദേശം സ്വീകരിക്കാനും തയ്യാറാകാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎംഎംഎല്‍ ദ്രവീകൃത ഓക്സിജന്‍ നല്‍കുന്നതിന് തുടക്കം കുറിച്ചു

ആരോഗ്യ മേഖലയിലേക്ക് കെഎംഎംഎല്‍ ദിനംപ്രതി ദ്രവീകൃത ഓക്സിജന്‍ നല്‍കുന്നതിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബര്‍ പത്തിന് കമ്പനിയിലെ പുതിയ ഓക്സിജന്‍ പ്ലാന്‍റ് കമ്മീഷന്‍ ചെയ്തതിനെ തുടര്‍ന്നാണ് മെഡിക്കല്‍ അവശ്യത്തിനായി ഓക്സിജന്‍ നല്‍കുന്നതിന് തുടക്കം കുറിച്ചത്. കോവിഡ് സമയത്ത് ഓക്സിജന്‍ ദൗര്‍ലബ്യം നേരിടുന്ന സാഹചര്യത്തില്‍ ഇത് വലിയ സഹായമാണെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍; കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

ഡ്രൈവിങ് സ്കൂളുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കിയതോടെ നിരവധി ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ റോഡില്‍ ഇറങ്ങിയിട്ടുണ്ടെന്നും ഇവര്‍ കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെ്നനും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വാഹനങ്ങളില്‍ വിദ്യാര്‍ഥികളും പഠിപ്പിക്കുന്നയാളും നിര്‍ബന്ധമായും മാസ്കും കൈയുറയും ധരിക്കണം. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം. കൃത്യമായി അകലം പാലിച്ച് ഇരിക്കാന്‍ കഴിയുന്നത്രയും ആളുകളെ മാത്രമേ ഒരു സമയം വാഹനത്തില്‍ കയറ്റാവൂ. ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹ ചടങ്ങുകളിൽ കോവിഡ് മാനദണ്ഡം പാലിക്കണം

വിവാഹം പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാവുന്നതിലും അധികം ആളുകള്‍ ചില സ്ഥലങ്ങളില്‍ വന്നുകൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കും ആതിഥേയർക്കും തുല്യ ഉത്തരവാദിത്തമുണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിവാഹങ്ങള്‍ അധികമായി നടക്കുന്ന സമയമാണിത്. ബന്ധപ്പെട്ട സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഓരോ പ്രദേശത്തും നടക്കുന്ന ഇത്തരം ചടങ്ങുകള്‍ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. കുറേ കാലത്തേക്കുകൂടി ആഘോഷ പരിപാടികളില്‍ നാം ഇതേ നിയന്ത്രണം തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഗര്‍ഭിണികളായ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം

ഗര്‍ഭിണികളായ രോഗികള്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കാതിരിക്കാന്‍ സംസാഥാന സർക്കാർ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഗര്‍ഭിണികള്‍ക്ക് കോവിഡ് നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും ആശുപത്രികള്‍ നല്‍കണം. കോവിഡിന്‍റെ പേരില്‍ ഗര്‍ഭിണികളെ ചില ആശുപത്രികള്‍ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സംഭവമുണ്ടായി. പ്രസവാനന്തര ചികിത്സ, പ്രസവം എന്നിവയുള്‍പ്പെടെ എല്ലാ ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളും ഓരോ ആശുപത്രിയിലും ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയതായും സർക്കാർ വ്യക്തമാക്കി.

തിരുവനന്തപുരത്ത് 657 പേർക്കു കൂടി കോവിഡ്; 705 പേർക്ക് രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 657 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 705 പേർ രോഗമുക്തരായി. നിലവിൽ 9252 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 459 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 12 പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2139 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25741 പേർ വീടുകളിലും 166 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇവരിൽ 4509 പേർ രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2535 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

കൊല്ലത്ത് 481 പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ ഇന്ന് 481 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 478 പേർക്കും ഉറവിടം വ്യക്തമല്ലാതെ 2 പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 750 പേർ രോഗമുക്തി നേടി. കൊല്ലം ആയൂർ സ്വദേശിനി ശാരദാമ്മ (72), ഉമയനല്ലൂർ സ്വദേശി നവാബുദീൻ (58) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

പത്തനംതിട്ടയിൽ 195 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 171 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്.

ജില്ലയില്‍ നിലവില്‍ 29 ആക്ടീവ് ക്ലസ്റ്ററുകളാണ് ഉള്ളതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ആറന്മുള നീര്‍വിളാകം കോളനി കേന്ദ്രീകരിച്ച് പുതിയ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടു. ഈ ക്ലസ്റ്ററില്‍ ബുധനാഴ്ച വരെ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഓമല്ലൂര്‍, കുമ്പഴ, കൂടല്‍, തണ്ണിത്തോട്, വടശേരിക്കര, മല്ലപ്പള്ളി, തിരുവല്ല, ആറന്മുള, നാറാണംമൂഴി, പ്രമാടം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തും ജോലി ചെയ്യുന്ന ഇടത്തും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് കരാറുകാര്‍ ഉറപ്പുവരുത്തണമെന്നും സർക്കാർ നിർദേശിച്ചു.

ആലപ്പുഴയിൽ 837 പേർക്ക് കോവിഡ്; 809 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് ആലപ്പുഴ ജില്ലയിൽ 837 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7 പേർ വിദേശത്തു നിന്നും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 809 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 436 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 19521 പേർ രോഗമുക്തരായി. 7459 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 332 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 331 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 332 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 331 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 3860 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 179 പുരുഷന്‍മാരും 117 സ്ത്രീകളും 36 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 191 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 6937 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 19859 പേര്‍

ഏറ്റവും കുറവ് രോഗബാധ ഇടുക്കിയിൽ

ഇടുക്കി ജില്ലയിൽ ഇന്ന് 65 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 36 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 28 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്.

എറണാകുളത്ത് പുതിയ രോഗിികൾ 929

എറണാകുളം ജില്ലയിൽ ഇന്ന് 929 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 197 പേരുടെ രോഗ ഉറവിടം അറിയില്ല. 718 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ഇന്ന് 414 പേർ രോഗ മുക്തി നേടി. ഇന്ന് 1791 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2407 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 5967 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ 847 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 846 പേർക്ക് സമ്പർക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (22/10/2020) 847 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1170 പേർ രോഗമുക്തരായി. ജില്ലയിൽ സമ്പർക്കം വഴി 846 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേരുടെ ഉറവിടം അറിയില്ല.
ആരോഗ്യ പ്രവർത്തകർ-3, ഫ്രന്റ് ലൈൻ വർക്കർ -1, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-1.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8967 ആണ്. തൃശൂർ സ്വദേശികളായ 98 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 31235 ആണ്. 21964 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

തൃശൂര്‍ ജില്ലയില്‍ പത്തു വയസ്സിനു താഴെയുള്ളവരിലും 60 വയസ്സിന് മുകളില്‍ ഉള്ളവരിലും രോഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബര്‍ 10 മുതല്‍ 21 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 692 കുട്ടികളാണ് രോഗബാധിതരായത്. 60 വയസ്സിന് മുകളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1238 ആയിട്ടുണ്ട്.

പാലക്കാട് 465 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 465 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 226 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 227 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 9 പേർ, 3 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 239 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 897 പേര്‍ക്ക് കോവിഡ്; 731 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 897 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാവുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്. 821 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉറവിടമറിയാതെ 65 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം വിദഗ്ധ ചികിത്സയ്ക്ക് ശേഷം 731 പേര്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ 34,105 പേരാണ് ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

ഏറ്റവും കൂടുതൽ രോഗബാധ കോഴിക്കോട് ജില്ലയിൽ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 932 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 874 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7130 പേരെ പരിശോധനക്ക് വിധേയരാക്കി. 13.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10724 ആയി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1153 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ജില്ലയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളില്‍ 400 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.680 തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യസ്ഥാപനത്തിന്‍റെ അഭ്യര്‍ഥന പ്രകാരം അവരുടെ ക്വാര്‍ട്ടേഴ്സില്‍ തന്നെ എഫ്എല്‍ടിസി ക്രമീകരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട് ജില്ലയില്‍ 71 പേര്‍ക്ക് രോഗബാധ; 122 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 122 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6116 ആയി. 5090 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേര്‍ മരണപ്പെട്ടു. നിലവില്‍ 986 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 377 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂർ ജില്ലയിൽ 377 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ജില്ലയില്‍ 377 പേര്‍ക്ക് കൂടി കൊവിഡ്; 330 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ ഇന്ന് 377 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 330 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്തു നിന്നും 25 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 15 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കാസർഗോട്ട് പുതിയ രോഗികൾ ഇരുന്നൂറിലധികം

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് 216 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്നും 5 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 258 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. നിലവില്‍ 2747 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസം കഴിഞ്ഞിട്ടും സംസ്‌കരിച്ചില്ല

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പത്തൊൻപത് ദിവസമായിട്ടും ആരോഗ്യവകുപ്പ് സംസ്കരിച്ചില്ലെന്ന് ആരോപണം. കൊല്ലം പത്തനാപുരം മഞ്ചളൂർ സ്വദേശിയായ ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ടിനാണ് ഇദ്ദേഹം മരിച്ചത്.

മഞ്ചളൂരുള്ള ദേവരാജന്റെ വീടിന് പട്ടയമില്ലാത്തതിനാൽ മൃതദേഹം സംസ്‌കരിക്കാനാള്ള സൗകര്യം ഉണ്ടായിരുന്നില്ല. ആരോഗ്യവകുപ്പ് മൃതദേഹം ഏറ്റെടുത്ത് കൊല്ലത്ത് സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനിടെ ദേവരാജന്റെ ഭാര്യ പുഷ്പയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു.

കോവിഡ് നെഗറ്റീവ് ആയ ശേഷം ഇവർ ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തി. ഇതിന് ശേഷം പത്തനാപുരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്ന വിവരം അറിഞ്ഞത്.

രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. 55,838 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 702 പേര്‍ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു. 77,06,946 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 7,15,812 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു, ഇതുവരെ മരിച്ചത് 1.17 ലക്ഷം പേര്‍

കോവിഡിന് ഗ്ലൂക്കോസ് ഫലപ്രദമെന്ന് പ്രചരണം; വിൽപ്പനയ്ക്ക് നിയന്ത്രണവുമായി അധികൃതർ

കോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന വ്യാജ പ്രചരണത്തെ തുടർന്ന് കൊയിലാണ്ടി താലൂക്കിൽ ഗ്ലൂക്കോസ് ലായനിയുടെ വിൽപ്പനയ്ക്ക് നിയന്ത്രണം. ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ ചെറിയ കുപ്പികളിലാക്കിയുള്ള ഗ്ലൂക്കോസ് വിൽപന കണ്ടത്തിയതിനെ തുടർന്നാണ് നടപടി.

ആരോഗ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറായ കൊയിലാണ്ടിയിലെ ഇ എൻ ടി ഡോക്ടറാണ് 25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ലായനി രണ്ട് നേരം മൂക്കിൽ ഒഴിച്ചാൽ കോവിഡിനെ പ്രതിരോധിക്കാനാകുമെന്ന അവകാശ വാദവുമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് ജില്ലയിൽ ഗ്ലൂക്കോസ് ലായനി വിൽപ്പന വ്യാപകമായെന്ന് കാണിച്ച് ആരോഗ്യ പ്രവർത്തകർ സംസ്ഥാന ഡ്രഗ് കണ്‍ട്രോൾ വിഭാഗത്തിന് പരാതി നൽകിയിരുന്നു. പരിശോധനയിൽ കൊയിലാണ്ടിയിൽ വ്യാപകമായി ഗ്ലൂക്കോസ് ലായനി ചെറിയ കുപ്പികളിലാക്കി വിൽക്കുന്നത് വ്യക്തമായി. ഇതേ തുടർന്നാണ് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ഗ്ളൂകോസ് ലായനിയുടെ വിൽപ്പന നിരോധിച്ചത്.

കോവിഡ് സംബന്ധമായ കൂടുതൽ വാർത്തകൾ വരും മണിക്കൂറുകളിൽ വായനക്കാർക്കായി അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.