സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നൂറോ അതിലധികമോ കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഒൻപത് ജില്ലകളിൽ അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ. എറണാകുളം ജില്ലയിലാണ് രോഗികൾ ഏറ്റവും കൂടുതൽ. 1190 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലും ആയിരത്തിലധികമാണ് പുതിയ രോഗികൾ.  1158 പേർക്ക് ഇന്ന് കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.

തൃശൂര്‍ ജില്ലയിൽ  946 പേർക്കും ആലപ്പുഴ ജില്ലയിൽ 820 പേർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ 742 പേർക്കും മലപ്പുറം ജില്ലയിൽ 668 പേർക്കും തിരുവനന്തപുരം ജില്ലയിൽ 657 പേർക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിൽ 566 പേർക്കും കോട്ടയം ജില്ലയിൽ 526 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.  പാലക്കാട് ജില്ലയിൽ നാന്നൂറിലധികമാണ് പുതിയ രോഗികൾ. പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിൽ ഇരുന്നൂറിലധികമാണ് പുതിയ രോഗികൾ. വയനാട് ജില്ലയിൽ നൂറിലധികമാണ് പുതിയ രോഗികൾ. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത് 100 പേർക്കാണ് ഇടുക്കിയിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 93,425 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,67,082 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തിരുവനന്തപുരം 12, എറണാകുളം 10, കോഴിക്കോട് 7, കോട്ടയം, തൃശൂര്‍ 6 വീതം, പത്തനംതിട്ട 3, മലപ്പുറം, വയനാട് 2 വീതം, കാസര്‍ഗോഡ് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

 • എറണാകുളം- 1190
 • കോഴിക്കോട്- 1158
 • തൃശൂര്‍- 946
 • ആലപ്പുഴ- 820
 • കൊല്ലം- 742
 • മലപ്പുറം- 668
 • തിരുവനന്തപുരം- 657
 • കണ്ണൂര്‍- 566
 • കോട്ടയം- 526
 • പാലക്കാട്- 417
 • പത്തനംതിട്ട- 247
 • കാസര്‍ഗോഡ്- 200
 • വയനാട്- 132
 • ഇടുക്കി- 100

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • എറണാകുളം- 926
 • കോഴിക്കോട്- 1106
 • തൃശൂര്‍- 929
 • ആലപ്പുഴ- 802
 • കൊല്ലം- 737
 • മലപ്പുറം- 602
 • തിരുവനന്തപുരം- 459
 • കണ്ണൂര്‍- 449
 • കോട്ടയം- 487
 • പാലക്കാട്- 200
 • പത്തനംതിട്ട- 198
 • കാസര്‍ഗോഡ്- 189
 • വയനാട്- 119
 • ഇടുക്കി- 59

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം- 705
 • കൊല്ലം- 711
 • പത്തനംതിട്ട- 330
 • ആലപ്പുഴ-769
 • കോട്ടയം- 404
 • ഇടുക്കി- 71
 • എറണാകുളം- 970
 • തൃശൂര്‍- 203
 • പാലക്കാട്- 373
 • മലപ്പുറം- 832
 • കോഴിക്കോട്- 705
 • വയനാട്- 92
 • കണ്ണൂര്‍- 426
 • കാസര്‍ഗോഡ്- 248

26 മരണങ്ങൾ സ്ഥിരീകരിച്ചു

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്‌ഠേശ്വരം സ്വദേശി ശ്രികണ്ഠന്‍ നായര്‍ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിന്‍ ആല്‍ബിന്‍ (68), ആറ്റിങ്ങല്‍ സ്വദേശി ജനാര്‍ദനന്‍ (70), കൊല്ലം തെക്കേക്കര സ്വദേശി കൃഷ്ണന്‍ കുട്ടി (80), കുണ്ടറ സ്വദേശി സുദര്‍ശന്‍ പിള്ള (50), കല്ലട സ്വദേശി ഷാജി ഗോപാല്‍ (36), പുതുവല്‍ സ്വദേശി ക്ലൈമന്റ് (69), കല്ലംതാഴം സ്വദേശി ഇസ്മയില്‍ സേട്ട് (73), പത്തനംതിട്ട റാന്നി സ്വദേശി ബാലന്‍ (69), റാന്നി സ്വദേശി ബാലന്‍ (69), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി രോഹിണി (62), എറണാകുളം പേരാണ്ടൂര്‍ സ്വദേശി സുഗുണന്‍ (58), തോപ്പുംപടി സ്വദേശി അല്‍ഫ്രഡ് കോരീയ (85), ചെറിയവപോലിശേരി സ്വദേശി ടി.കെ. രാജന്‍ (48), പാലക്കാട് കളത്തുമ്പടി സ്വദേശി ഉമ്മര്‍ (66), പട്ടാമ്പി സ്വദേശി നബീസ (67), തൃശൂര്‍ കക്കാട് സ്വദേശിനി ലക്ഷ്മി (75), ചെന്നൈപാറ സ്വദേശി ബാബു ലൂയിസ് (52), വടക്കാഞ്ചേരി സ്വദേശി അബൂബേക്കര്‍ (49), പുതൂര്‍ സ്വദേശി ജോസ് (73), കീഴൂര്‍ സ്വദേശി കൃഷ്ണ കുമാര്‍ (53), പറളം സ്വദേശി വേലായുധന്‍ (78), കോഴിക്കോട് സ്വദേശിനി പാറുക്കുട്ടിയമ്മ (93), കണ്ണൂര്‍ കട്ടമ്പള്ളി സ്വദേശിനി മാധവി (88), ഇട്ടിക്കുളം സ്വദേശി സി.എ. അബ്ദുള്ള (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1232 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

2,80,232 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,232 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,216 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,016 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2899 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 62,030 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,030 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 40,91,729 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ആറ് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ അടിമാലി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 18), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാര്‍ഡ് 1), കൊല്ലം ജില്ലയിലെ മേലില (സബ് വാര്‍ഡ് 10, 12, 13), പാലക്കാട് ജില്ലയിലെ വടകരപതി (11), മലപ്പുറം ജില്ലയിലെ എ.ആര്‍. നഗര്‍ (10, 12), കോട്ടയം ജില്ലയിലെ മുണ്ടക്കയം (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 617 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 657 പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 657 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിൽ 459 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 705 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

കൊല്ലത്ത് 742 പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ ഇന്ന് 742 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും. സമ്പർക്കം മൂലം 737 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 711 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 247 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 247 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും, 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 220 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ആലപ്പുഴയിൽ 820 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7പേർ വിദേശത്തു നിന്നും 11പേർമറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 802പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 769 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 19085പേർ രോഗ മുക്തരായി. 7058പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് ചികിത്സയില്‍ കഴിയുന്നവവർ 6792

കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6792 ആയി. പുതിയതായി ലഭിച്ച 3837 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 526 എണ്ണം പോസിറ്റീവായി. 521 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആറ് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ അഞ്ചു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 418 പേര്‍ക്കു കൂടി രോഗം ഭേദമായതോടെ രോഗമുക്തരുടെ ആകെ എണ്ണം 12697 ആയി. ജില്ലയില്‍ ഇതുവരെ 19523 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

ഏറ്റവും കുറവ് രോഗബാധിതർ ഇടുക്കിയിൽ

ഇടുക്കി ജില്ലയിൽ ഇന്ന് 100 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 23 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ഏറ്റവും കൂടുതൽ രോഗബാധ എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 1190 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്തവർ 243 പേരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 926 പേർ. ഇന്ന് 970 പേർ രോഗ മുക്തി നേടി. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6635 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ 946 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ ബുധനാഴ്ച 946 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 203 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9298 ആണ്. തൃശൂർ സ്വദേശികളായ 129 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 30388 ആണ്. 20794 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ സമ്പർക്കം വഴി 945 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 11 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: അമല ക്ലസ്റ്റർ-3. ആരോഗ്യ പ്രവർത്തകർ-3, ഫ്രന്റ് ലൈൻ വർക്കർ-3, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ- 1.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 61 പുരുഷൻമാരും 55 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 32 ആൺകുട്ടികളും 36 പെൺകുട്ടികളുമുണ്ട്.

പാലക്കാട് 417 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 200 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 211 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6 പേർ എന്നിവർ ഉൾപ്പെടും. 373 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7278 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, ആലപ്പുഴ ജില്ലകളിലും, രണ്ടുപേർ തിരുവനന്തപുരം, 5 പേർ തൃശ്ശൂർ, 19 പേർ കോഴിക്കോട്, 39 പേർ എറണാകുളം, 57 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

മലപ്പുറത്ത് ഇന്ന് 832 പേർക്ക് രോഗമുക്തി; 668 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് 832 പേര്‍ വിദഗ്ദ ചികിത്സക്ക് ശേഷം കോവിഡ് രോഗമുക്തരായി. ഇതോടെ 33,374 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. 668 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 602 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായപ്പോള്‍ 51 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. കൂടാതെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

കോഴിക്കോട്ട് പുതിയ രോഗികൾ ആയിരത്തിലധികം

ജില്ലയില്‍ ഇന്ന് 1158 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കാണ് പോസിറ്റീവായത്. 43 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1113 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8355 പേരെ പരിശോധനക്ക് വിധേയരാക്കി. 14.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10962 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 705 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 132 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 132 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6045 ആയി. 4968 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേര്‍ മരണപ്പെട്ടു. നിലവില്‍ 1037 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 402 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ ഇന്ന് 566 പേര്‍ക്ക് കോവിഡ്

കണ്ണൂർ ജില്ലയില്‍ ഇന്ന് 566 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 509 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ വിദേശത്തു നിന്നും 34 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 17 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കാസർഗോട്ട് 200 പേര്‍ക്ക് കോവിഡ്

കാസർഗോഡ് ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും 3 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 247 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. നിലവില്‍ 2789 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കും

കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി വിധി അനുസരിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ കോവിഡ് നിര്‍വ്യാപനം ലക്ഷ്യമിട്ടുള്ള പരിശോധനയാണ് നടത്തുക. എന്നാല്‍ അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ഇല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ വരുന്നവര്‍ കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഇത് ഉറപ്പു വരുത്താന്‍ പരിശോധിക്കും. കോ വിഡ് പരിശോധന സൗകര്യവും ഒരുക്കും.

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു. ആർടിപിസിആർ പരിശോധനയ്‌ക്ക് 2,750 രൂപയായിരുന്നു, ഇതിപ്പോൾ 2,100 ആയി കുറച്ചിട്ടുണ്ട്. ട്രുനാറ്റ് ടെസ്റ്റിന് ഇനിമുതൽ 2,100 രൂപ. നിലവിൽ ട്രുനാറ്റ് ടെസ്റ്റിന് 3,000 രൂപയായിരുന്നു. ജീൻ എക്‌സ്‌പർട്ട് ടെസ്റ്റിന് 2,500 രൂപയാണ് പുതിയ നിരക്ക്. ആന്റിജൻ ടെസ്റ്റിന് നിലവിലെ നിരക്കായ 625 തുടരും.

കളമശേരി മെഡിക്കൽ കോളേജിലെ കോവിഡ് മരണങ്ങൾ: സമഗ്രാന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ മരിക്കുന്നതിനെക്കുറിച്ചുള്ള ആരോപണങ്ങൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.

ആരോഗ്യ വകുപ്പ് സെക്രട്ടറിയെ കൂടാതെ കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ റിപ്പോർട്ടും മൂന്നാഴ്ചക്കുള്ളിൽ ലഭിക്കണം.

സംഭവം സംബന്ധിച്ച് പുറത്തു വന്ന ശബ്ദരേഖകൾ ശ്രദ്ധയിൽപ്പെട്ടതായി കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ആരോപണങ്ങൾ ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. കേസ് നവംബർ 21 ന് പരിഗണിക്കും.പൊതുപ്രവർത്തകനായ നൗഷാദ് തെക്കേയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

പ്രാഥമിക റിപ്പോര്‍ട്ട് ഡിഎംഇ തള്ളി

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ പ്രാഥമിക റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തള്ളി. വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിഎംഇ ആവശ്യപ്പെട്ടു. വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ആശുപത്രി സുപ്രണ്ടിന്റെ റിപ്പോര്‍ട്ട്.

അതേസമയം, മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതില്‍ വരുത്തിയ അനാസ്ഥയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അടിയന്തര യോഗം വിളിച്ചു. നോഡല്‍ ഓഫീസര്‍മാരും, നഴ്സിംഗ് ഓഫീസര്‍മാരും ഹെഡ് നഴ്സും യോഗത്തില്‍ പങ്കെടുക്കും.

ആശങ്ക കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 കോവിഡ് കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. 717 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 76,51,108 ആയി. മരണ സംഖ്യ 1,15,914 ആയി ഉയര്‍ന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 7,40,090 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 67,95,103 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.

നഗരസഭകളില്‍ കുറഞ്ഞത് രണ്ട്  കോവിഡ് പരിശോധന കിയോസ്‌കുകൾ തുടങ്ങാന്‍ നിർദേശം

ആലപ്പുഴ ജില്ലയിൽ കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിനും പരിശോധനയുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനുമായി കൂടുതൽ കോവിഡ് പരിശോധന കിയോസ്‌കുകൾ ആരംഭിക്കുന്നതിന് തീരുമാനിച്ചു. സർക്കാർ നിർദേശിച്ചതിന്റെ ഭാഗമായി രണ്ടുദിവസത്തിനുള്ളിൽ ജില്ലയിലെ നഗരസഭാ പരിധിയിൽ കുറഞ്ഞത് രണ്ട് കിയോസ്‌കുകൾ എങ്കിലും ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്‌ടർ എ.അലക്സാണ്ടർ വിവിധ നഗരസഭാ സെക്രട്ടറിമാർക്ക് നിർദേശം നൽകി. കിയോസ്കുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ കലക്ടർ ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു

വരും മണിക്കൂറുകളിൽ കോവിഡുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ വായനക്കാർക്കായി അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.