തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 5022 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് പരിശോധനകളും കുറവായിരുന്നു. 36599 സാംപിളുകളാണ് ഇന്ന് പരിശോധിച്ചതെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. ഇന്ന് 7469 പേർ രോഗമുക്തി നേടി.
മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽരോഗബാധ സ്ഥിരീകരിച്ചത്. 910 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ 772 പേർക്കും എറണാകുളം ജില്ലയിൽ 598 പേർക്കും തൃശൂര്‍ ജില്ലയിൽ 533 പേർക്കും തിരുവനന്തപുരം ജില്ലയിൽ 516 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. വയനാട്, പത്തനംതിട്ട, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് നൂറിലധികമാണ് പുതിയ രോഗികൾ.
ഗര്‍ഭിണികള്‍ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണം: വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കും
ഗര്‍ഭിണികളായ രോഗികള്‍ക്ക് അവരുടെ കോവിഡ് നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും നല്‍കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി.
കോവിഡിനെ ചൂണ്ടിക്കാട്ടി നിരവധി രോഗികളെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്ക് റഫര്‍ ചെയ്യുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രസവ കേസുകള്‍ക്ക് യഥാസമയം ചികിത്സ നല്‍കുന്നതിലെ കാലതാമസം അമ്മയുടെയും കുട്ടിയുടെയും ആരോഗ്യത്തിന് അപകടരമായേക്കാം. ഒരു രോഗിയുടെ കോവിഡ് നില അടിസ്ഥാനമാക്കി ചികിത്സ നിരസിക്കാന്‍ പാടില്ല. പ്രസവാനന്തര ചികിത്സ, പ്രസവം, എന്നിവയുള്‍പ്പെടെ എല്ലാ ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളും ഓരോ ആശുപത്രിയിലും നല്‍കണം.
ഗൈനക്കോളജിസ്റ്റിന്റെ സേവനം ഉള്ള ഓരോ ആശുപത്രിയും പ്രസവ കേസുകള്‍ക്ക് ചികിത്സയോ പ്രസവ പരിചരണമോ നല്‍കണം. കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണികളായ രോഗികള്‍ക്ക് കൃത്യമായ ഐസൊലേഷന്‍ നല്‍കണം. അപകടസാധ്യതയില്‍ നിന്ന് നവജാതശിശുക്കളെ സംരക്ഷിക്കുന്നതിന് ആവശ്യമായ പരിചരണവും ലഭ്യമാക്കണം. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
Kerala Covid-19 Tracker-സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 92,731 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,52,868 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 36599 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 59 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 14, തിരുവനന്തപുരം 12, തൃശൂര്‍, മലപ്പുറം 8 വീതം, കാസര്‍ഗോഡ് 6, എറണാകുളം 4, കണ്ണൂര്‍ 3, കോട്ടയം 2, കൊല്ലം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)
- മലപ്പുറം- 910
- കോഴിക്കോട്- 772
- എറണാകുളം- 598
- തൃശൂര്‍- 533
- തിരുവനന്തപുരം- 516
- കൊല്ലം- 378
- ആലപ്പുഴ- 340
- കണ്ണൂര്‍- 293
- പാലക്കാട്- 271
- കോട്ടയം- 180
- കാസര്‍ഗോഡ്- 120
- വയനാട് 51
- പത്തനംതിട്ട- 32
- ഇടുക്കി- 28
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- മലപ്പുറം- 862
- കോഴിക്കോട്- 669
- എറണാകുളം- 398
- തൃശൂര്‍- 518
- തിരുവനന്തപുരം- 357,
- കൊല്ലം- 373
- ആലപ്പുഴ- 333
- കണ്ണൂര്‍- 279
- പാലക്കാട്- 121
- കോട്ടയം- 155
- കാസര്‍ഗോഡ്- 101
- വയനാട്- 50
- പത്തനംതിട്ട- 30
- ഇടുക്കി- 11
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം- 1670
- കൊല്ലം- 627
- പത്തനംതിട്ട- 182
- ആലപ്പുഴ- 338
- കോട്ടയം- 200
- ഇടുക്കി- 53
- എറണാകുളം- 978
- തൃശൂര്‍- 1261
- പാലക്കാട്- 347
- മലപ്പുറം- 298
- കോഴിക്കോട്- 1022
- വയനാട്- 128
- കണ്ണൂര്‍- 72
- കാസര്‍ഗോഡ്- 293
ഇന്ന് 21 മരണങ്ങൾ സ്ഥിരീകരിച്ചു
21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1182 ആയി.
തിരുവനന്തപുരം ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരദേവി (66), പുന്നയ്ക്കാമുഗള്‍ സ്വദേശിനി സ്നേഹലത ദേവി (53), കൊല്ലം വടക്കേവിള സ്വദേശിനി റഹ്മത്ത് (64), പെരുമണ്‍ സ്വദേശി ശിവപ്രസാദ് (70), എറണാകുളം സൗത്ത് വൈപ്പിന്‍ സ്വദേശിനി ഖദീജ (74), ഇടകൊച്ചി സ്വദേശിനി ലക്ഷ്മി (77), മാലിയന്‍കര സ്വദേശിനി ശ്രീമതി പ്രകാശന് (75), തുറവൂര്‍ സ്വദേശി സി.എസ്. ബെന്നി (53), ഫോര്‍ട്ട് കൊച്ചി സ്വദേശി പി.എസ്. ഹംസ (86), തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി ഓമന (63), വടക്കേക്കാട് സ്വദേശി കാദര്‍ഖാജി (86), വെള്ളറകുളം സ്വദേശി അബ്ദുള്‍ ഖാദര്‍ (67), മലപ്പുറം അരീക്കോട് സ്വദേശിനി അയിഷകുട്ടി (72), ആനക്കയം സ്വദേശിനി മറിയുമ്മ (55), കോഴിക്കോട് പുതൂര്‍ സ്വദേശി അബൂബേക്കര്‍ (65), മേലൂര്‍ സ്വദേശി യാസിര്‍ അരാഫത്ത് (35), പായിമ്പ്ര സ്വദേശി രാമകൃഷ്ണന് (73), വടകര സ്വദേശിനി ശ്യാമള (73), കണ്ണൂര്‍ ആലക്കോട് സ്വദേശിനി ക്ലാരമ്മ ജോയ് (63), കാസര്‍ഗോഡ് കുമ്പള സ്വദേശി ടി.കെ. സോമന് (63) എന്നിവരാണ് മരണമടഞ്ഞത്.
2,77,291 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,77,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,53,482 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,809 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2395 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരത്ത് പോസിറ്റീവാകുന്നവരുടെ എണ്ണത്തില്‍ കുറവ്
തിരുവനന്തപുരം ജില്ലയിലെ കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് പ്രതിദിനം പോസിറ്റീവാകുന്നവരുടെ എണ്ണത്തില്‍ വന്നിട്ടുള്ളതെന്ന് സംസ്ഥാന സർക്കാർ. രോഗമുക്തി നിരക്കും നല്ല നിലയില്‍ വര്‍ധിക്കുന്നുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, ഓട്ടോ സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നുണ്ട്. ചില കടകളില്‍ സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കുന്നതായി കാണുന്നില്ല.
കൊല്ലത്ത് 378 പേർക്ക് കോവിഡ്
കൊല്ലം ജില്ലയിൽ ഇന്ന് 378 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 373 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 627 പേർ രോഗമുക്തി നേടി.
കൊല്ലത്ത് കോവിഡ് ബാധിച്ച് ഗൃഹചികിത്സയിലിരിക്കുന്നവരെ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ ഇന്റെഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് വിഭാഗം പഠനം നടത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഹൈ റിസ്ക് പ്രാഥമിക സമ്പര്‍ക്കത്തിലായവരില്‍ 16 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് ആയതെന്നു പഠനം. ആലപ്പാട്, അഴീക്കല്‍, ചവറ, തൃക്കടവൂര്‍, ശക്തികുളങ്ങര ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലാണ് പരിശോധന നടന്നത്.
ശക്തികുളങ്ങര, നീണ്ടകര ഫിഷിങ് ഹാര്‍ബറുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറന്നു. ഒക്ടോബര്‍ 25ന് ഉച്ചയ്ക്ക് 12 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ താല്കാലിക അനുമതി നല്കി. തങ്കശ്ശേരി, അഴീക്കല്‍ നേരത്തെ തുറന്നു കൊടുത്തിരുന്നു.
ജില്ലയിൽ ഇന്ന് 378 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും, സമ്പർക്കം മൂലം 373 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കും, ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 627 പേർ രോഗമുക്തി നേടി.
പത്തനംതിട്ടയിൽ 40 ആക്ടീവ് ക്ലസ്റ്ററുകൾ
പത്തനംതിട്ട ജില്ലയില്‍ 40 ആക്ടീവ് ക്ലസ്റ്ററുകളാണ് നിലവിലുള്ളതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ജില്ലയിലെ ടെസ്റ്റിങ് ദിവസവും അയ്യായിരത്തിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിച്ച് വരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആരോഗ്യ വകുപ്പും ഡിഡിആര്‍സിയും നിലയ്ക്കലില്‍ കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. തിങ്കളാഴ്ച (ഒക്ടോബര്‍ 19) രാവിലെ ഏഴു മണി വരെ 272 പരിശോധനകളാണ് തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തിയത്.
ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 301 പേര് രോഗമുക്തരായി
ആലപ്പുഴയിൽ 340 പേർക്ക് കോവിഡ്; 333പേർക്ക് സമ്പർക്കത്തിലൂടെ
ഇന്ന് ആലപ്പുഴ ജില്ലയിൽ 340 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ്. 333പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 338 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 18030പേർ രോഗ മുക്തരായി. 6701പേർ ചികിത്സയിൽ ഉണ്ട്.
കോട്ടയത്ത് ചികിത്സയില്‍ കഴിയുന്നവർ 6605 പേർ
കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6605 ആയി. പുതിയതായി ലഭിച്ച 2884 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 180 എണ്ണം പോസിറ്റീവായി. 177 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ മൂന്നു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
197 പേര്‍ക്കു കൂടി രോഗം ഭേദമായതോടെ രോഗമുക്തായവരുടെ ആകെ എണ്ണം 11887 ആയി. ജില്ലയില്‍ ഇതുവരെ ആകെ 18517 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നിലവില്‍ 17019 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
ഏറ്റവും കുറവ് രോഗബാധ ഇടുക്കിയിൽ
സംസ്ഥാനത്ത് ഇന്ന് ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 28 പേർക്ക് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. 11 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. 53 പേർ രോഗമുക്തി നേടി.
ഇടുക്കി ജില്ലയില്‍ കോവിഡ് രോഗബാധ കൂടുതലുള്ള ഉടുമ്പന്‍ചോല, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളില്‍ കുടുംബശ്രീ, മത സാംസ്കാരിക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ ശക്തിപ്പെടുത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.
എറണാകുളത്ത് 598 പേർക്ക് കോവിഡ്; 978 പേർക്ക് രോഗമുക്തി
എറണാകുളം ജില്ലയിൽ ഇന്ന് 598 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്തവർ 190 പേരാണ്. 398 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 978 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3196 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
തൃശൂരിൽ 533 പേർക്ക് കോവിഡ്; 1261 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ 533 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. 1261 പേർ രോഗമുക്തരായി. 529 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ആറ് കേസുകളുടെ ഉറവിടം വ്യക്തമല്ല. ക്ലനാല് ഫ്രൻറ്ലൈൻ വർക്കർമാർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന നാല് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8432. തൃശൂർ സ്വദേശികളായ 123 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28546. അസുഖബാധിതരായ 19831 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്.
പാലക്കാട് ജില്ലയിൽ 271 പേർക്ക് കോവിഡ്
പാലക്കാട് ജില്ലയിൽ ഇന്ന് 271 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 121 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 147 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന മൂന്ന് പേർ എന്നിവർ ഉൾപ്പെടും. 347 പേർ രോഗമുക്തി നേടി.
പാലക്കാട്ട് ഒന്‍പത് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളാണ് സജീവമായിട്ടുള്ളത്. ഇതില്‍ മൂന്ന് എഫ്എല്‍ടിസികളില്‍ കോവിഡ് പോസിറ്റീവായ മറ്റ് ലക്ഷണങ്ങളുള്ള ‘കാറ്റഗറി ബി’ യില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 8 ഡോമിസിലറി കെയര്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ രോഗബാധ മലപ്പുറത്ത്
മലപ്പുറം ജില്ലയില്‍ ഇന്ന് 910 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. . ഇന്നും സമ്പര്‍ക്കത്തിലൂടെയാണ് കൂടുതല്‍ പേര്‍ക്കും രോഗബാധയുണ്ടായിരിക്കുന്നത്. 862 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ സ്ഥിരീകരിച്ചത്. 36 പേര് ഉറവിടമറിയാതെയും രോഗബാധിതരായി. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും മൂന്ന് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 298 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 31,449 പേര് ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
കോഴിക്കോട്ട് 772 പേർക്ക് കോവിഡ്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 772 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 70 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 683 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4314 പേരെ പരിശോധനക്ക് വിധേയരാക്കി. 15.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10725 ആയി. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1022 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വയനാട് ജില്ലയില്‍ 51 പേര്‍ക്ക് കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് 51 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 128 പേര് രോഗമുക്തി നേടി. ആരോഗ്യ പ്രവര്ത്തകന് ഉള്‍പ്പെടെ എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5826 ആയി. 4765 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 35 പേര് മരണപ്പെട്ടു. നിലവില്‍ 1026 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 340 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 51 പേര് ഇതര ജില്ലകളില്‍ ചികില്‍സയിലുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ 10,804 പേർ ഹോം ഐസൊലേഷന്‍ തെരഞ്ഞെടുത്തു
കൊവിഡ് രോഗികളുടെ ഹോം ഐസൊലേഷന്‍ കണ്ണൂര്‍ ജില്ലയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംസ്ഥാന സർക്കാർ. ഇതിനകം 10,804 കോവിഡ് രോഗികളാണ് ഹോം ഐസൊലേഷന്‍ തെരഞ്ഞെടുത്തത്. നിലവില്‍ ആറ് ആക്ടീവ് ക്ലസ്റ്ററുകളാണുള്ളത്.
ജില്ലയില്‍ പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 19) 293 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര് വിദേശത്ത് നിന്നും 14 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 12 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭാ പരിധിയിലും അജാനൂര്‍, ഉദുമ, ചെമ്മനാട് പഞ്ചായത്തുകളിലും രോഗവ്യാപനം രൂക്ഷം
കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭാ പരിധിയിലും അജാനൂര്‍, ഉദുമ, ചെമ്മനാട് തുടങ്ങിയ തീരദേശ പഞ്ചായത്തുകളിലുമാണ് രോഗവ്യാപനം രൂക്ഷമെനന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ജില്ലയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ ശക്തമാക്കി. 1600 അധ്യാപകരെ ഒരു വാര്‍ഡില്‍ ഒരു അധ്യാപകനും ഒരു അധ്യാപികയും അടക്കം രണ്ടുപേരെ വീതമാണ് ‘മാഷ്’ പദ്ധതിയുടെ ഭാഗമായി നിയോഗിച്ചത്.
ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര് വിദേശത്ത് നിന്നെത്തിയവരും ആറ് പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇതോടെ ഇത് വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16745 ആയി. 3107 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുളളത്. ഇതില്‍ 2370 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
കോവിഡ് രോഗി ഓക്സിജന്‍ ലഭിക്കാതെ മരിച്ചെന്ന ആരോപണം; നഴ്സിങ് ഓഫീസർക്ക് സസ്പെൻഷൻ
എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിൽ കോവിഡ് രോഗി ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലം മരിച്ചുവെന്ന ആരോപണത്തെ തുടർന്ന് നഴ്സിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോവിഡ് രോഗി ഹാരിസ് മരിച്ചത് ഓക്സിജന്‍ ലഭിക്കാതെയാണെന്ന ശബ്ദസന്ദേശം അയച്ച നഴ്സിങ് ഓഫീസര്‍ ജലജ ദേവിക്കെതിരെയാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നഴ്സിംഗ് ഓഫീസറുടെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ആശ്വസിക്കാം; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,755 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 75,50,273 ആയി. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 11,256 പേരുടെ കുറവാണ് പ്രതിദിനരോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.
നിലവില്‍ 7,72,055 പേരാണ് ചികിത്സയിലുള്ളത്. 66,63,608 പേര്‍ക്ക് രോഗം ഭേദമായി. 66,399 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 579 പേരുടെ കൂടി മരണം രേഖപ്പെടുത്തിയതോടെ ആകെ മരിച്ചവരുടെ എണ്ണം 1,14,610 ആയി.
‘ജീവനക്കാരുടെ അശ്രദ്ധയിൽ കോവിഡ് രോഗികൾ മരിച്ചു’; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
കളമശ്ശേരി മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് കോവിഡ് രോഗികൾ മരിച്ചെന്ന ആരോപണത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജീവനക്കാരുടെ അശ്രദ്ധ മൂലം കോവിഡ് രോഗികൾക്ക് മരണം സംഭവിച്ചതായി നഴ്സിംഗ് ഓഫീസർ ജലജ ദേവി വെളിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ആരോപണത്തിന്റെ വസ്തുത അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്കാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് മന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടു. ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്സിജൻ മാസ്ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി ജലജ ദേവി പറയുന്നു. ചിലരുടെ വെൻറിലേറ്റർ ട്യൂബുകളുടെയും അവസ്ഥ ഇതു തന്നെ. ഇക്കാര്യങ്ങൾ കണ്ടെത്തിയ ഡോക്ടർമാർ നഴ്സുമാരെ സഹായിക്കാൻ ഇതു വേണ്ട വിധത്തിൽ റിപ്പോർട്ട് ചെയ്യുന്നില്ല എന്നും സന്ദേശത്തിലുണ്ട്.