തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7631 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8410 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ. 1399 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ മാത്രമാണ് ഇന്ന് ആയിരത്തിലധികം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് നൂറിലധികം കോവിഡ് ബാധ സ്ഥിരീകരിച്ചു. ഏഴ് ജില്ലകളിൽ അഞ്ഞൂറിലധികം കോവിഡ് രോഗബാധ ഇന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ 976 പേർക്കും തൃശൂര്‍ ജില്ലയിൽ 862 പേർക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ 730 പേർക്കും തിരുവനന്തപുരത്ത് 685 പേർക്കും കൊല്ലത്ത് 540 പേർക്കും കോട്ടയത്ത്  514 പേർക്കും രോഗം സ്ഥിരീകരിച്ചു.

പത്തനംതിട്ട , ഇടുക്കി , വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഇരുന്നൂറിലധികമാണ് പുതിയ രോഗികൾ. കണ്ണൂരിൽ നാന്നൂറിലധികവും ആലപ്പുഴ, പാലക്കാട് ജില്ലകളിൽ മുന്നൂറിലധികവും കോവിഡ് കേസുകൾ ഇന്ന് സ്ഥിരീകരിച്ചു.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8410 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  ഇതോടെ 95,200 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,45,399 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 15, കണ്ണൂര്‍ 12, മലപ്പുറം, തൃശൂര്‍ 8 വീതം, പത്തനംതിട്ട, എറണാകുളം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, ഇടുക്കി, വയനാട് 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More: സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്; 8410 പേർക്ക് രോഗമുക്തി

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

  • മലപ്പുറം- 1399
  • കോഴിക്കോട്- 976
  • തൃശൂര്‍- 862
  • എറണാകുളം- 730
  • തിരുവനന്തപുരം- 685
  • കൊല്ലം- 540
  • കോട്ടയം- 514
  • കണ്ണൂര്‍- 462
  • ആലപ്പുഴ- 385
  • പാലക്കാട്- 342
  • കാസര്‍ഗോഡ്- 251
  • പത്തനംതിട്ട- 179
  • ഇടുക്കി- 162
  • വയനാട്- 144

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • മലപ്പുറം- 136
  • കോഴിക്കോട്- 943
  • തൃശൂര്‍- 844
  • എറണാകുളം- 486
  • തിരുവനന്തപുരം- 525
  • കൊല്ലം- 537
  • കോട്ടയം- 465
  • കണ്ണൂര്‍- 348
  • ആലപ്പുഴ- 373
  • പാലക്കാട്- 179
  • കാസര്‍ഗോഡ്- 239
  • പത്തനംതിട്ട- 129
  • ഇടുക്കി- 114
  • വയനാട്- 136

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം- 1210
  • കൊല്ലം- 640
  • പത്തനംതിട്ട- 375
  • ആലപ്പുഴ- 368
  • കോട്ടയം- 216
  • ഇടുക്കി- 131
  • എറണാകുളം- 1307
  • തൃശൂര്‍- 1006
  • പാലക്കാട്- 275
  • മലപ്പുറം- 805
  • കോഴിക്കോട്- 1193
  • വയനാട്- 122
  • കണ്ണൂര്‍- 537
  • കാസര്‍ഗോഡ്- 225

22 മരണങ്ങൾ സ്ഥിരീകരിച്ചു

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1161 ആയി.

Read More: സംസ്ഥാനത്ത് പരിശോധന കുറഞ്ഞു, ‘സോഫ്‌റ്റ്‌വെയർ ഹിക്കപ്പ്’ എന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണന്‍ (62), പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ (82), ആനയറ സ്വദേശിനി സരോജം (63), തിരുവനന്തപുരം സ്വദേശിനി ബീമ, ആലപ്പുഴ തലവടി സ്വദേശി സെബാസ്റ്റ്യന്‍ (84), എറണാകുളം വട്ടത്തറ സ്വദേശിനി അഗ്നസ് (73), ചിറ്റൂര്‍ സ്വദേശിനി അമൂല്യ (16), മൂപ്പതടം സ്വദേശി അഷ്‌റഫ് (56), പനങ്ങാട് സ്വദേശി ബാലകൃഷ്ണന്‍ (84), തൃശൂര്‍ ഒല്ലൂക്കര സ്വദേശി രാധാ ഭാസ്‌കരന്‍ (75), തൃശൂര്‍ സ്വദേശിനി പാറുക്കുട്ടി (83), പാലക്കട് കൊണ്ടൂര്‍കര സ്വദേശി അലാവി (63), മാതൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി (83), വേമ്പടി സ്വദേശി മുഹമ്മദ് റാഫി (54), പുതുനഗരം സ്വദേശി മുജീബ് റഹ്മാന്‍ (47), ഒറ്റപ്പാലം സ്വദേശിനി നബീസ (75), ഒറ്റപ്പാലം സ്വദേശി സുന്ദരന്‍ (62), മലപ്പുറം താനൂര്‍ സ്വദേശിനി കദീജബീവി (75), പരിയപുരം സ്വദേശി മൂസ (74), പള്ളിക്കല്‍ സ്വദേശിനി ഉമ്മാതുകുട്ടി (73), കോഴിക്കോട് കൊളത്തറ സ്വദേശിനി ഷഹര്‍ബാനു (44), കൊളത്തറ സ്വദേശിനി സൗമിനി (65), എന്നിവരാണ് മരണമടഞ്ഞത്.

2,80,236 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,236 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,55,696 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,540 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2795 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 58,404 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,404 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 39,39,199 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

പുതിയ 12 സ്‌പോട്ടുകൾ

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കാണാക്കാരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11), വാകത്താനം (1), പായിപ്പാട് (3), പാലക്കാട് ജില്ലയിലെ തേന്‍കുറിശി (7), തൃത്താല (6), തിരുമിറ്റിക്കോട് (2), മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് (2, 9), കുഴിമണ്ണ (സബ് വാര്‍ഡ് 10, 15, 17, 18), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (സബ് വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ പുതുക്കാട് (2), ഇടുക്കി ജില്ലയിലെ രാജക്കാട് (1, 4, 5, 6, 10), വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ (സബ് വാര്‍ഡ് 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 637 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 685 പേർക്ക് കോവിഡ്; 143 പേരുടെ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 685 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 523 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 143 പേരുടെ ഉറവിടം വ്യക്തമല്ല. 13 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേർ വിദേശത്തു നിന്നുമെത്തി.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 351 പേർ സ്ത്രീകളും 334 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 77 പേരും 60 വയസിനു മുകളിലുള്ള 135 പേരുമുണ്ട്. പുതുതായി 2,905 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,758 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 1,736 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 10,364 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. 1,210 പേർ ഇന്ന് രോഗമുക്തി നേടി.

ആലപ്പുഴയിൽ 385 പേർക്ക് കോവിഡ്; 368 പേർക്ക് രോഗമുക്തി

ഇന്ന് ആലപ്പുഴ ജില്ലയിൽ385 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5പേർ വിദേശത്തുനിന്നും ഒരാൾ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്.373പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 368 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 17692പേർ രോഗ മുക്തരായി. 6699പേർ ചികിത്സയിൽ ഉണ്ട്.

എറണാകുളത്ത് 730 പേർക്ക് രോഗബാധ: 1307 പേർക്ക് രോഗമുക്തി

എറണാകുളം ജില്ലയിൽ ഇന്ന് 730 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രോഗ ഉറവിടമറിയാത്തവർ 226 പേരാണ്. 486 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇന്ന് 1307 പേർ രോഗ മുക്തി നേടി. ഇന്ന് 2042 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1727 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3056 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ സംഘം എറണാകുളത്ത്

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധി സംഘം എറണാകുളം ജില്ലയിൽ സന്ദർശനം നടത്തി.തിരുവനന്തപുരം റീജിയണൽ ആരോഗ്യ കുടുംബ ക്ഷേമ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ഡോ. രുചി ജെയിൻ,സഫ്ദർജങ് ആശുപത്രിയിലെ റെസ്പിറേറ്ററി വിഭാഗം അധ്യാപകനായ ഡോ.നീരജ് കുമാർ ഗുപ്ത എന്നിവരാണ് ജില്ലയിൽ എത്തിയത്. ജില്ലാതല അവലോകന യോഗത്തിനു ശേഷം വിവിധ കോവിഡ് ആശുപത്രികളും സംഘം സന്ദർശിച്ചു.

തൃശൂരിൽ പുതിയ രോഗികൾ എണ്ണൂറിലധികം

തൃശൂർ ജില്ലയിൽ 862 പേർക്ക് കൂടി ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. 1006 പേർ രോഗമുക്തരായി. 859 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ അഞ്ച് കേസുകളുടെ ഉറവിടം വ്യക്തമല്ല. എട്ട് ആരോഗ്യ പ്രവർത്തകർക്കും നാല് ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9167 ആണ്. തൃശൂർ സ്വദേശികളായ 168 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28013. രോഗബാധിതരായ 18570 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 342 പേർക്ക് രോഗബാധ; 275 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 179 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 162 പേർ, വിദേശത്തുനിന്ന് വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 275 പേർ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധ മലപ്പുറത്ത്

മലപ്പുറം ജില്ലയില്‍ ഇന്ന് 1,399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 1,367 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിട മറിയാതെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കുറവ് വന്നു എന്നുള്ളത് മാത്രമാണ് ഇന്ന് ആശ്വാസകരമായ കാര്യം. മൂന്ന് പേർക്ക് മാത്രമാണ് ഇന്ന് ഉറവിടമറിയാതെ രോഗം ബാധിച്ചത്. വൈറസ് ബാധ കണ്ടെത്തിയവരില്‍ 17 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും നാല് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

കോഴിക്കോട്ട് പുതിയ രോഗികൾ 976; സമ്പര്‍ക്കം വഴി 944പേർക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 976 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കാണ് പോസിറ്റീവായത്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 944 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7331 പേരെ പരിശോധനക്ക് വിധേയരാക്കി. 13.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10962 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1193 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഏറ്റവും കുറവ് രോഗബാധ വയനാട് ജില്ലയിൽ

വയനാട് ജില്ലയില്‍ ഇന്ന് 144 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 122 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും 6 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5775 ആയി. 4639 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 35 പേര്‍ മരണപ്പെട്ടു. നിലവില്‍ 1101 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 340 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കാസർഗോട്ട് 251 പേർക്ക് രോഗബാധ

കാസർഗോഡ് ജില്ലയിൽ ഇന്ന് ) 251 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 4 ആരോഗ്യപവർത്തകർ ഉൾപ്പെടെ 243 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോവിഡ് ചികിത്സയിലുണ്ടായിരുന്ന 228 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ഇതോടെ ഇതു വരെ രോഗം ഭേദമായവരുടെ എണ്ണം 13458 ആയി.

വീടുകളില്‍ 3967 പേരും സ്ഥാപനങ്ങളില്‍ 902 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4869 പേരാണ്. പുതിയതായി 298 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1475 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 309 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 263 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 280 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 564 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കേന്ദ്ര മന്ത്രി വിമർശിച്ചിട്ടില്ല; മറ്റു സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ കേരളത്തെ കുറ്റുപ്പെടുത്തുകയല്ല ചെയ്തതെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ.  ഓണക്കാലത്തെ നിയന്ത്രണങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി നവരാത്രി ഉത്സവസമയത്ത് മറ്റു സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകുകയാണ് അദ്ദേഹം ചെയ്തതെന്നും സംസ്ഥാന ആരോഗ്യ മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയോട് താൻ ഇക്കാര്യത്തിൽ സംസാരിച്ചതായും മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ കേന്ദ്രമന്ത്രി വിമർശിച്ചെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ചുവെന്ന വാർത്ത കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ നിഷേധിച്ചുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം ബോധപൂർവം കുറച്ചിട്ടില്ലെന്നും ശാസ്ത്രീയമായി പുനഃക്രമീകരിക്കുകയാണു ചെയ്തതെന്നും മന്ത്രി പറഞ്ഞു. ലക്ഷണമുള്ളവരെയും അടുത്ത സമ്പർക്കം ഉള്ളവരെയുമാണ് പരിശോധിക്കുന്നത്. കുറഞ്ഞതുകൊണ്ട് കുഴപ്പമില്ല എന്നതിന് തെളിവാണ് കുറഞ്ഞ മരണനിരക്കെന്നും കെകെ ശൈലജ പറഞ്ഞു.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്‌ച സംഭവിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌വർധൻ വിമർശിച്ചെന്ന തരത്തിലായിരുന്നു വാർത്തകൾ. പ്രതിരോധത്തിലെ വീഴ്‌ചകൾക്ക് ഇപ്പോൾ വലിയ വില നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘സൺഡെ സംവാദ്’ പരിപാടിയിലാണ് കേരളത്തിനെതിരെ ആരോഗ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചത്. കേരളം തുടക്കത്തിൽ കാണിച്ച പ്രതിരോധ നടപടികൾ പിന്നീട് ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ കേരളത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി പ്രശംസിച്ചിരുന്നു. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ടെസ്റ്റുകൾ വർധിപ്പിക്കാത്തതിനെതിരെയും കേന്ദ്രം വിമർശിച്ചു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,871 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 62,212 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇത് 90,000 കടന്നിരുന്നു. രോഗവ്യാപനതോത് കുറയുന്നതായാണ് വിലയിരുത്തൽ.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 74,94,552 ആയി. ഇതിൽ 7,83,311 പേർ ഇപ്പോൾ ചികിത്സയിലാണ്. 65,97,210 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1033 പേർ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,14,031 ആയി.

സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം

സംസ്ഥാനത്ത് ഇന്നലെ 9,016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7,991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 96,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,36,989 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് വാക്‌സിൻ ഉടൻ

രാജ്യത്ത് മാർച്ചിൽ കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ സാധിക്കുമെന്ന് സിറം ഇൻസ്‌റ്റിറ്റ‌്യൂട്ട് അറിയിച്ചു. മാർച്ചോടെ കോവിഡ് വാക്‌സിൻ വാക്‌സിൻ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിറം ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സുരേഷ് ജാദവ് പറഞ്ഞു. വാക്‌സിൻ ലഭ്യമാക്കാനുള്ള പരീക്ഷണങ്ങൾ തീവ്രമായി നടക്കുകയാണ്. നിരവധി വാക്‌സിനുകളാണ് പരീക്ഷണത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം മൂന്നാം ഘട്ട പരീക്ഷണത്തിലൂടെ കടന്നുപോകുകയാണെന്നും സുരേഷ് ജാദവ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഒരു വാക്‌സിൻ രണ്ടാംഘട്ട പരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.