തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്:സംസ്ഥാനത്ത് ഇന്ന്  വീണ്ടും കോവിഡ് സ്ഥിരീകരിച്ചവരുപടെ പ്രതിദിന കണക്ക് 10000 കടന്നു. 11,755 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് സ്ഥിരീകരണമാണിത്.

ഇന്ന് ആറ് ജില്ലകളിൽ ആയിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം  ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ പുതുതായി സ്ഥിരീകരിച്ചത്. 1632 കോവിഡ് കേസുകളാണ് ജില്ലയിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ ഒരു ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്.

കോഴിക്കോട് ജില്ലയിൽ 1324 പേർക്കും തിരുവനന്തപുരം ജില്ലയിൽ 1310 പേർക്കും രോഗം സ്ഥിരീകരിച്ചു. തൃശൂർ, എറണാകുളം, കൊല്ലം ജില്ലകളിലും ആയിരത്തിലധികമാണ് പുതിയ രോഗികൾ.  ഇടുക്കി, വയനാട്, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് അഞ്ഞൂറിലധികം കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  ഇതോടെ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,82,874 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല 40 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 169 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

116 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.കണ്ണൂര്‍ 25, തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം 14, കൊല്ലം 10, ആലപ്പുഴ 8, മലപ്പുറം 7, കോട്ടയം 5, പത്തനംതിട്ട 4, വയനാട് 2, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

  • മലപ്പുറം-1632
  • കോഴിക്കോട്- 1324
  • തിരുവനന്തപുരം- 1310
  • തൃശൂര്‍- 1208
  • എറണാകുളം- 1191
  • കൊല്ലം- 1107
  • ആലപ്പുഴ- 843
  • കണ്ണൂര്‍- 727
  • പാലക്കാട്- 677
  • കാസര്‍ഗോഡ്- 539
  • കോട്ടയം- 523
  • പത്തനംതിട്ട- 348
  • വയനാട്- 187
  • ഇടുക്കി- 139

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • മലപ്പുറം- 1580
  • കോഴിക്കോട്- 1249
  • തൃശൂര്‍- 1208
  • തിരുവനന്തപുരം- 1062
  • കൊല്ലം- 1083
  • എറണാകുളം- 979
  •  ആലപ്പുഴ- 825
  • കണ്ണൂര്‍- 542
  • കാസര്‍ഗോഡ്- 516
  • കോട്ടയം- 515
  • പാലക്കാട്- 383,
  • പത്തനംതിട്ട- 270
  • വയനാട്- 176
  • ഇടുക്കി- 83

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം- 905
  • കൊല്ലം- 1022
  • പത്തനംതിട്ട- 209
  • ആലപ്പുഴ- 526
  • കോട്ടയം- 173
  • ഇടുക്കി- 57
  • എറണാകുളം- 983
  • തൃശൂര്‍- 510
  • പാലക്കാട്- 396
  • മലപ്പുറം- 1061
  • കോഴിക്കോട്- 965
  • വയനാട്- 130
  • കണ്ണൂര്‍- 337
  • കാസര്‍ഗോഡ്- 296

23 മരണങ്ങൾ സ്ഥിരികരിച്ചു

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 978 ആയി. തിരുവനന്തപുരം ജില്ലയിൽ പൂവച്ചല്‍ സ്വദേശിനി അയിഷ ബീവി (51), മണക്കാട് സ്വദേശി എസ്.പി. നതാന്‍ (79), കുറുവില്‍പുരം സ്വദേശി അബ്ദുള്‍ ഹസന്‍ ഹമീദ് (70), കോവളം സ്വദേശിനി പാറുകുട്ടി (82), പേരൂര്‍ക്കട സ്വദേശി സൈനുലബ്ദീന്‍ (60), വലിയവേളി സ്വദേശി പീറ്റര്‍ (63), പൂവച്ചല്‍ സ്വദേശി മുഹമ്മദ് ഷാനവാസ് (47), പേട്ട സ്വദേശി സ്വദേശിനി കൃഷ്ണമ്മ (76), തിരുമല സ്വദേശിനി സുമതി (61) എന്നിവരുടെ മരണം കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു.

കൊല്ലം ജില്ലയിൽ കൊല്ലം സ്വദേശി വിജയന്‍ (76), അഞ്ചല്‍ സ്വദേശി ജോര്‍ജ് കുട്ടി (53) എന്നിവരുടെയും എറണാകുളം ജില്ലയിൽ മൂലംകുഴി സ്വദേശി ജോസി (77), തോപ്പുംപടി സ്വദേശിനി നബീസ (78), നേഴിപുരം സ്വദേശിനി പാത്തുമ്മ അലി (86), വെണ്ണല സ്വദേശി കെ.പി. പ്രകാശന്‍ (64), വല്ലാര്‍പാടം സ്വദേശി കെ.ജി. തോമസ് (64), പെരുമ്പാവൂര്‍ സ്വദേശി എം.കെ. മുഹമ്മദ് (97), ചേന്ദമംഗലം സ്വദേശിനി സത്യഭാമ (55), കടവന്ത്ര സ്വദേശിനി ഷീല പീറ്റര്‍ (67) എന്നിവരുടെയും മരണകാരണ് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചു.

പാലക്കാട് അട്ടപ്പാടി സ്വദേശിനി പപ്പയമ്മ (50), മലപ്പുറം പൊന്നാനി സ്വദേശി ബീരു (65), കണ്ണൂര്‍ കരക്കണ്ടി സ്വദേശി പ്രിയേഷ് (39), തയ്യില്‍ സ്വദേശി അബൂബക്കര്‍ (85) എന്നിവരുടെ മരണ കാരണവും കോവിഡ് ആണെന്ന് സ്ഥിരീകരിച്ചു.

2,80,387 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,714 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,673 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3888 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 66,228 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,38,678 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,688 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

11 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഇലിക്കുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), തലയാഴം (3), വയനാട് ജില്ലയിലെ കണിയംപെറ്റ (13, 14), തിരുനെല്ലി (5), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (12), മേലില (14), നിലമേല്‍ (10), പാലക്കാട് ജില്ലയിലെ കൊപ്പം (4, 12), എരിമയൂര്‍ (10), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 7), നരനാമ്മൂഴി (സബ് വാര്‍ഡ് 3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
40 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 665 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഒക്ടോബർ നവംബർ മാസങ്ങൾ നിർണ്ണായകം

ഒക്ടോബർ നവംബർ മാസങ്ങൾ കേരളത്തിലെ കോവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിർണ്ണായകമായ ഘട്ടമാണെന്ന് മുഖ്യമന്ത്രി. ഈ മാസങ്ങളിൽ കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ നമുക്ക് കഴിയണം. എങ്കിൽ മരണങ്ങൾ അധികമാകുന്നത് വലിയ തോതിൽ തടയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിൽ നിൽക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

നമ്മുടെ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ ഈ പകർച്ചവ്യാധി അതിശക്തമായി തുടരുന്ന കാഴ്ചയാണ്. കർണ്ണാടകത്തിൽ 6,66,000 കേസുകളും തമിഴ്നാട്ടിൽ 6,35,000 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. രണ്ടു സംസ്ഥാനങ്ങളിലും മരണസംഖ്യ പതിനായിരത്തോട് അടുക്കുകയാണ്. കർണ്ണാടകയുടെ ജനസാന്ദ്രത 319 ഉം തമിഴ്നാടിൻ്റെ ജനസാന്ദ്രത 555ഉം ആണെങ്കിൽ കേരളത്തിൻ്റെ ജനസാന്ദ്രത 859 ആണ് എന്നോർക്കണമെന്നും അദ്ദേഹം പറഞ്ഞു.

മെയ് മാസത്തിൽ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണ നിരക്ക്. ആഗസ്റ്റിൽ അത് 0.45 ശതമാനവും സെപ്റ്റംബറിൽ 0.37 ശതമാനവുമായി കുറഞ്ഞു. രണ്ടു ദിവസം മുൻപുള്ള കണക്കു പ്രകാരം ആ ദിവസത്തെ കേസ് ഫസ്റ്റാലിറ്റി റേറ്റ് 0.22 ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

കോവിഡ് വന്നിട്ടു പോയ ആളുകളിൽ 30 ശതമാനം പേരിൽ രോഗത്തിൻ്റെ ലക്ഷണം പിന്നെയും കുറേക്കാലം നിൽക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിൽ പത്തു ശതമാനം പേരിൽ ഗുരുതരമായ രീതിയിൽ ബുദ്ധിമുട്ടുകൾ തുടരുന്നതായും കാണപ്പെടുന്നു. കുട്ടികളിൽ താരതമ്യേന രോഗതീവ്രത കുറവാണെങ്കിലും പലരിലും ‘മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ’ എന്ന സങ്കീർണ്ണ രോഗവസ്ഥ ഉടലെടുക്കുന്നതായി കണ്ടു വരുന്നു. അതുകൊണ്ടു തന്നെ കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം കാരണം ഒരുപാടാളുകളിൽ ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സന്നദ്ധ സംഘടനകളും കടയുടമകളും റെസിഡൻസ് അസോസിയേഷനുകളും മറ്റും പൊതുസ്ഥലങ്ങളിൽ കൈകൾ ശുചിയാക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്ന പ്രവണത ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. അത് കൂടുതൽ ഊർജ്ജസ്വലമായി ചെയ്യാൻ എല്ലാവരും വീണ്ടും തയ്യാറാകണം. റോഡരികിലും മാർക്കറ്റുകളിലും കടകളിലും ആളുകൾക്ക് കൈകൾ കൈഴുകാൻ വേണ്ട സൗകര്യങ്ങൾ സജ്ജമാക്കണം. ആ സൗകര്യങ്ങൾ എല്ലാവരും ഉപയോഗിക്കുകയും വേണം. രോഗവ്യാപനം വർധിക്കാതിരിക്കാൻ അതു വലിയ തോതിൽ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളെ ബ്രേയ്ക്ക് ദ ചെയ്ൻ അംബാസഡർമാരാക്കും

ഓരോ വീട്ടിലും കുട്ടികളെ ബ്രേയ്ക്ക് ദ ചെയ്ൻ അംബാസഡർമാരാക്കി മാറ്റുന്ന പദ്ധതിയ്ക്കു രൂപം നൽകിയതായി മുഖ്യമന്ത്രി. ഇത് വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കും. വിക്ടേർസ് ചാനൽ വഴി കുട്ടികൾക്കായി അതിനുള്ള ക്ലാസുകൾ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് രോഗികളുടെ എണ്ണത്തിൽ വൻ വർധന

തിരുവനന്തപുരം ജില്ലയില്‍ ഇന്ന്1,310 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 1,062 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 226 പേരുടെ ഉറവിടം വ്യക്തമല്ല. 11 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. ഒന്‍പതുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 527 പേര്‍ സ്ത്രീകളും 783 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 142 പേരും 60 വയസിനു മുകളിലുള്ള 193 പേരുമുണ്ട്. പുതുതായി 4,483 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 31,510 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,919 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,127 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 905 പേര്‍ ഇന്ന് രോഗമുക്തി നേടി.

കൊല്ലത്ത് പുതിയ രോഗികൾ ആയിരത്തിലധികം

കൊല്ലം ജില്ലയിൽ ഇന്ന് ആദ്യമായി ആയിരത്തിലധികം കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 1107 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1083 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. 1022 പേർ ഇന്ന് രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 348 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതമായ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 300 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ആലപ്പുഴയിൽ 843 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 825 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് ആലപ്പുഴ ജില്ലയിൽ 843 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2 പേർ വിദേശത്തു നിന്നും 8 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് . 8 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 825 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 526 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 13718 പേർ രോഗ മുക്തരായി. 6364 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് പുതിയ രോഗികൾ അഞ്ഞൂറിലധികം

കോട്ടയം ജില്ലയില്‍ 523 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 520 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ 8 പേരും അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേര്‍ കോവിഡ് ബാധിതരായി.

രോഗികളില്‍ 255 പുരുഷന്‍മാരും 195 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കോവിഡ് ബാധിച്ചു. പുതിയതായി 4487 പരിശോധനാഫലങ്ങളാണ് ലഭിച്ചത് 184 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5298 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 14855 പേര്‍ കോവിഡ് ബാധിതരായി. 9537 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18353 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് ഇടുക്കിയിൽ

ഇടുക്കി ജില്ലയിൽ ഇന്ന്139 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 121 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 38 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് 1191 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 1191 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 979 പേരാണ്. ഉറവിടമറിയാത്തവർ 174 പേർ. ഇന്ന് 983 പേർ രോഗ മുക്തി നേടി.

ഇന്ന് 2320 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2040 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7977 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച ദിവസം

തൃശൂർ ജില്ലയിൽ 1208 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 10) കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ശനിയാഴ്ച 510 പേർ രോഗമുക്തരായി.

ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 1199 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 12 കേസുകളുടെ ഉറവിടം അറിയില്ല. 10 ആരോഗ്യ പ്രവർത്തകർക്കും 5 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 7 പേർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 82 പുരുഷൻമാരും 68 സ്ത്രീകളും 10 വയസ്സിന് താഴെ 46 ആൺകുട്ടികളും 50 പെൺകുട്ടികളും ഉൾപ്പെടുന്നു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8929 ആണ്. തൃശൂർ സ്വദേശികളായ 123 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21118 ആണ്. അസുഖബാധിതരായ 12029 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 677 പേർക്ക് കോവിഡ്; ഉറവിടം അറിയാത്തവർ 283

പാലക്കാട് ജില്ലയിൽ ഇന്ന് 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 384 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 283 പേർ എന്നിവർ ഉൾപ്പെടും. 337 പേർ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് മലപ്പുറത്ത്

മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. 1,632 പേര്‍ക്ക് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 1,580 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 26 പേര്‍ക്ക് ഉറവിടമറിയാതൊണ് രോഗബാധയുണ്ടായത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ കണ്ടെത്തിയവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേസമയം ഇന്ന് 1,061 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 24,126 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

കോഴിക്കോട്ട് 1300ലധികം പുതിയ രോഗികൾ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1324 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്. 48 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1256 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 441 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11303 ആയി. 6508 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.

30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

കോഴിക്കോട് കോര്‍പ്പറേഷനിൽ മാത്രം 441 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ബേപ്പൂര്‍- , പുതിയപാലം, മലാപ്പറമ്പ്, കാരപ്പറമ്പ്, കരുവിശ്ശേരി, പന്നിയങ്കര,പയ്യാനക്കല്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, തിരുവണ്ണൂര്‍, ചാമുണ്ഡി വളപ്പ്, കുതിരവട്ടം, നല്ലളം, നടക്കാവ്, അരീക്കാട്, മാറാട്, പറയഞ്ചേരി, എരഞ്ഞിക്കല്‍, കുണ്ടുങ്ങല്‍, വേങ്ങേരി, ചെറുവണ്ണൂര്‍, ചേവരമ്പലം, കോന്നാട്, കോയവളപ്പ് എന്നിവിടങ്ങളിലാണ് കോർപറേഷൻ പരിധിയിലെ രോഗബാധ. 965 പേരാണ് ഇന്ന് ജില്ലയിൽ രോഗമുക്തി നേടിയത്.

വയനാട് ജില്ലയിൽ പുതിയ രോഗികൾ 187

വയനാട് ജില്ലയില്‍ ഇന്ന് 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 130 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം വ്യക്തമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4832 ആയി. 3695 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 25 പേര്‍ മരണപ്പെട്ടു. നിലവില്‍ 1112 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 276 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 31 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

കണ്ണൂരിൽ 727പേർക്ക് കോവിഡ്

കണ്ണൂർ ജില്ലയിൽ 727പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 542 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. 337 പേർ ഇന്ന് രോഗമുക്തി നേടി.

കാസർഗോട്ട് 539 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ഇന്ന് കാസർഗോഡ് ജില്ലയില്‍ 539 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 517 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 12 പേർക്കും വിദേശത്ത് നിന്നെത്തിയ പത്ത് പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 4കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു.മധൂരിലെ ആസിയമ്മ (80), നഫീസ (65) മംഗൽപ്പാടിയിലെ എസ് എം എ തങ്ങൾ (63), പള്ളിക്കരയിലെ നഫീസ യൂസഫ് എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 130 ആയി.298
പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായത്.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 20,000 ആയേക്കും, 15,000 ത്തിൽ താഴെ നിർത്താനാണ് ശ്രമം: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 20,000 വരെ ആയേക്കാമെന്ന് മന്ത്രി പറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം 15,000 ത്തിൽ പിടിച്ചുനിർത്താനാണ് ഇപ്പോൾ പരിശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

Read Also: ‘കൊറോണ വൈറസിന്റ ഉത്ഭവം ചൈനയല്ല ‘; കഴിഞ്ഞ വർഷം മറ്റു രാജ്യങ്ങളിലും അണുബാധ പോട്ടിപ്പുറപ്പെട്ടതായി ചൈന

“നവംബറോടെ രോഗവ്യാപന തോത് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാൻ പല കാരണങ്ങളുണ്ട്. ജൂൺ-സെപ്റ്റംബർ കാലയളവിൽ ഏകദേശം ഒൻപത് ലക്ഷത്തോളം ആളുകളാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. നമ്മുടെ ജനസാന്ദ്രത വളരെ കൂടുതലാണ്. ഇത് രോഗവ്യാപനം തീവ്രമാക്കി. പിന്നീട് ഓണം വന്നു. ആഘോഷങ്ങളുടെ സമയത്ത് ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു പുറത്തിറങ്ങി. ഓഗസ്റ്റ് മാസത്തിൽ രോഗികളുടെ എണ്ണം കൂടാനുള്ള കാരണം ഇതാണ്. പിന്നീട് പ്രതിപക്ഷ സമരങ്ങൾ ഉണ്ടായി. പലയിടത്തും വലിയ സമ്മേളനങ്ങൾ നടന്നു. ഇതെല്ലാം രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാൻ കാരണമായി.” ആരോഗ്യമന്ത്രി പറഞ്ഞു.

ആലുവ മാർക്കറ്റ് അടച്ചിടും

കോവിഡ് വ്യാപനത്തെ തുടർന്ന് ആലുവ മാർക്കറ്റ് ഇന്നുമുതൽ നാല് ദിവസത്തേക്ക് അടച്ചിടും. ഇന്നു ഉച്ചമുതൽ ചൊവ്വാഴ്‌ച ഉച്ചവരെയാണ് മാർക്കറ്റ് അടച്ചിടുക. മാർക്കറ്റ് അണുവിമുക്തമാക്കും. കഴിഞ്ഞ ദിവസം മൂന്ന് ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെ ആറ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നാണ് മാർക്കറ്റ് അണുവിമുക്തമാക്കാൻ തീരുമാനിച്ചത്. മാർക്കറ്റ് അടയ്‌ക്കുന്ന വിവരം അറിയാതെ അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന ചരക്കുലോറികളിലെ സാധനങ്ങൾ നീക്കുന്നതിനാണ് ഇന്നു ഉച്ചവരെ സമയം അനുവദിച്ചിരിക്കുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു, രോഗികളുടെ എണ്ണത്തിൽ കുറവ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 73,272 പേർക്ക്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 69,79,424 ആയി. നിലവിൽ 8,83,185 പേരാണ് ചികിത്സയിലുള്ളത്. 59,88,823 പേർ രോഗമുക്തരായി. ഇന്നലെ മാത്രം രാജ്യത്ത് 926 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,07,416 ആയി ഉയർന്നു.

സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം

സംസ്ഥാനത്ത് ഇന്നലെ 9,250 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 8,215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8,048 പേർ ഇന്നലെ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് 91,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,75,304 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.