രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 38,772 പേര്‍ക്ക്. ഇവര്‍ ഉള്‍പ്പെടെ 94.31 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. 4.46 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ശനിയാഴ്ച മുതല്‍ സജീവ കേസുകളുടെ എണ്ണത്തില്‍ ഏഴായിരത്തോളം കുറവാണുണ്ടായിരിക്കുന്നത്. പുതുതായി 443 മരണങ്ങളും രേഖപ്പെടുത്തി. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി എന്നിവയാണ് രാജ്യത്തെ കേസ് ലോഡിന്റെ കാര്യത്തില്‍ പ്രധാന സ്ഥാനത്തുള്ള സംസ്ഥാനങ്ങള്‍.
കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ കേസുകളുടെ എണ്ണം കുറയുകയാണ്. ഇന്നലെ പു4,906 പുതിയ കേസുകളും 68 മരണങ്ങളും സ്ഥിരീകരിച്ചു. ഇതുവരെ 5,66,648 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. 9,066 ആണ് മൊത്തം മരണസംഖ്യ. രോഗബബാധ കുറയുന്നത് ആശുപത്രികളിലെ തിരക്ക് കുറച്ചിട്ടുണ്ട്. 55 ശതമാനത്തിലധികം കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് പറഞ്ഞു.
സംസ്ഥാനത്ത് ചികിത്സയിലുള്ളത് 64,589 പേര്
സംസ്ഥാനത്ത് ഇന്നലെ 5643 പേര്‍ക്കാണു കോവിഡ്-19 സ്ഥിരീകരിച്ചു. 5,861 പേര് രോഗമുക്തി നേടി. ഇനി 64,589 പേരാണ് ചികിത്സയിലുള്ളത്. 5,32,658 പേര് ഇതുവരെ രോഗമുക്തി നേടി.
കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് – 851, മലപ്പുറം – 721, തൃശൂര്‍ – 525, എറണാകുളം – 512 എന്നിങ്ങനെയാണ് ഈ നാലു ജില്ലകളിലെ കണക്ക്. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിരുന്ന തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇന്നലെ 370 പേര്‍ക്കാണു ജില്ലയിലെ കേസുകളുടെ എണ്ണം.
ഇന്നലെ എറണാകുളം (1001), ആലപ്പുഴ (896), മലപ്പുറം (776), കോഴിക്കോട് (733), തിരുവനന്തപുരം (638) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര് രോഗമുക്തി നേടിയത്.
ഇന്നലെ 27 മരണമാണ് സ്ഥിരീകരിച്ചത്. എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ഇ.സി. ബാബുകുട്ടിയുടെ (60) മരണം ഉള്‍പ്പെടെയാണിത്.
ബിജെപി എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു
രാജസ്ഥാനിലെ ബിജെപി എംഎല്‍എ കിരണ്‍ മഹേശ്വരി (59) കോവിഡ് ബാധിച്ച് മരിച്ചു. രാജ്സമന്ദില് നിന്നുള്ള എംഎല്‍എയായ കിരണ്‍ മഹേശ്വരി ഇന്നലെ രാത്രിയായിരുന്നു അന്ത്യം. രാജ്സമന്ദില്നിന്നു മൂന്നു തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അവര്‍ ഗുഡ്ഗാവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കിരണ്‍ മഹേശ്വരിയുടെ നിര്യാണത്തില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, നിയമസഭാ സ്പീക്കര്‍ സിപി ജോഷി, ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ തുടങ്ങിയവര്‍ അനുശോചിച്ചു.
കോവിഡ് വാക്സിന് ജൂലൈയോടെ
ജൂണ്‍-ജൂലൈ മാസത്തോടെ 30 കോടി പേര്‍ക്ക് വാക്സിന് ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന്. അമിതാഭ് ബച്ചന്, ഇന്ത്യന്‍ എക്സ്പ്രസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് ഗോയങ്ക എന്നിവരുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര ജോലിക്കാര്‍ക്കും 65നു മുകളില്‍ പ്രായമുള്ളവര്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കും.
തദ്ദേശീയ വാക്സിനുകളുടെ വികസനം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ നഗരങ്ങളിലെ വാക്സിന് ഹബ്ബുകള്‍ സന്ദര്‍ശിച്ചിരുന്നു.
ചെന്നൈ സ്വദേശിക്കെതിരെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
കോവിഡ്ഷീല്‍ഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കു വിധേയനായ ചെന്നൈ സ്വദേശിയില്‍നിന്ന് 100 കോടിയിലധികം നഷ്ടപരിഹാരം തേടാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ആലോചിക്കുന്നു.
പരീക്ഷണ വാക്സിന് തന്നില്‍ കടുത്ത പാര്ശ്വഫലങ്ങളുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്, പൂനെ ആസ്ഥാനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നീക്കം. ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവയ്ക്കണമെന്നും അഞ്ച് കോടിരൂപ നഷ്ടപരിഹാരം വേണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.
വാക്സിനേഷനെത്തുടര്‍ന്ന് തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ എന്‍സെഫലോപ്പതി എന്ന അവസ്ഥ സംഭവിച്ചതായാണ് പരാതിക്കാരന്റെ ആരോപണം. വാക്സിന് മൂലമാണ് ആരോഗ്യപ്രശ്നമുണ്ടായതെന്നാണ് എല്ലാ പരിശോധനകളും സ്ഥിരീകരിച്ചതെന്നും പരാതിക്കാരന് പറയുന്നു. എന്നാല്‍, ആരോപണങ്ങള്‍ ദുരുദ്ദേശത്തോടെയുള്ളതാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വാക്സിന് പരീക്ഷണവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നുമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്.