തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്:  കേരളത്തിൽ ഇന്ന്  6334 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5658 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6229 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,279 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34 ആണ്. തുടർച്ചയായ രണ്ടാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിൽ വരുന്നത്. ബുധനാഴ്ച ഇത് 11.08 ആയിരുന്നു.

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 771 പേർക്കാണ് ഇന്ന് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കാസർഗോട്ടാണ് രോഗബാധ ഏറ്റവും കുറവ്. 87 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് ഇരുന്നൂറിന് മുകളിലാണ് പുതിയ രോഗികൾ.

യു.കെ.യിൽ നിന്നു വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 66 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. അതേസമയം 66 പേരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം – 771
മലപ്പുറം – 657
കോട്ടയം – 647
കൊല്ലം – 628
കോഴിക്കോട് – 579
പത്തനംതിട്ട – 534
തിരുവനന്തപുരം – 468
തൃശൂര്‍ – 468
ആലപ്പുഴ – 415
ഇടുക്കി – 302
കണ്ണൂര്‍ – 299
പാലക്കാട് – 241
വയനാട് – 238
കാസര്‍ഗോഡ് – 87

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34 ശതമാനം

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,279 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 90,90,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Read More: പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തത്തിൽ മരണം അഞ്ചായി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3545 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

5658 സമ്പർക്കരോഗികൾ; 66 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5658 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 730, മലപ്പുറം 604, കോട്ടയം 587, കൊല്ലം 625, കോഴിക്കോട് 559, പത്തനംതിട്ട 473, തിരുവനന്തപുരം 312, തൃശൂര്‍ 458, ആലപ്പുഴ 404, ഇടുക്കി 284, കണ്ണൂര്‍ 226, പാലക്കാട് 89, വയനാട് 232, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, എറണാകുളം 12, പത്തനംതിട്ട 11, മലപ്പുറം 6, കോഴിക്കോട് 5, തിരുവനന്തപുരം, പാലക്കാട് 4 വീതം, വയനാട് 3, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 333
കൊല്ലം – 1023
പത്തനംതിട്ട – 798
ആലപ്പുഴ – 398
കോട്ടയം – 697
ഇടുക്കി – 129
എറണാകുളം – 713
തൃശൂര്‍ – 402
പാലക്കാട് – 123
മലപ്പുറം – 572
കോഴിക്കോട് – 525
വയനാട് – 235
കണ്ണൂര്‍ – 220
കാസര്‍ഗോഡ് – 61

2,09,828 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,828 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,98,107 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,721 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1482 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 10), ചെന്നീര്‍ക്കര (സബ് വാര്‍ഡ് 2, 3, 5), മെഴുവേലി (സബ് വാര്‍ഡ് 2, 13, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 406 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 468 പേര്‍ക്ക് കോവിഡ്; 333 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 468 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 333 പേര്‍ രോഗമുക്തരായി. നിലവില്‍ 3,688 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 312 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ നാലുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

പത്തനംതിട്ടയില്‍ 534 പേര്‍ക്ക് രോഗബാധ; 594 പേര്‍ക്ക് രോഗമുക്തി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 594 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും, 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 507 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.

ആലപ്പുഴയിൽ 404 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഇന്ന് ആലപ്പുഴ ജില്ലയിൽ 415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 4പേർ വിദേശത്തു നിന്നും എത്തിയതാണ് . 404 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 6 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 398 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 60337പേർ രോഗ മുക്തരായി. 4263 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 647 പേര്‍ക്ക് കോവിഡ്; 641 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 647 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 641 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4651 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 305 പുരുഷന്‍മാരും 273 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 697 പേര്‍ രോഗമുക്തരായി. 6459 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 62020 പേര്‍ കോവിഡ് ബാധിതരായി. 55400 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ 302 പേർക്ക് രോഗബാധ; 129 പേർ രോഗമുക്തി നേടി

ഇടുക്കി ജില്ലയിൽ ഇന്ന് 302 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 284 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 12 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 129 പേർ ഇന്ന് രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധ എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 771 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 730 പേർ, രോഗ ഉറവിടമറിയാത്ത 27 പേർ, 12 ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 713 പേർ രോഗ മുക്തി നേടി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6870 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശ്ശൂരിൽ 468 പേർക്ക് കോവിഡ്, 402 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച 468 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 402 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ജില്ലയിൽ വ്യാഴാഴ്ച്ച സമ്പർക്കം വഴി 458 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേർക്കും, രോഗ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4883 ആണ്. തൃശ്ശൂർ സ്വദേശികളായ 107 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 83,135 ആണ്. 77,701 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

പാലക്കാട് ജില്ലയില്‍ രോഗ ഉറവിടം വ്യക്തമല്ലാത്ത 146 പേർ

പാലക്കാട് ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 89 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേര്‍, ഇതര സംസ്ഥാനത്ത് നിന്നു വന്ന ഒരാൾ, 4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 123 പേര്‍ രോഗമുക്തി നേടി.

മലപ്പുറത്ത് 657 പേര്‍ക്ക് കോവിഡ്; 604 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേരുള്‍പ്പടെ 657 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 604 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 26 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേസമയം 572 പേര്‍ക്കാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തിയുണ്ടായത്. ഇവരുള്‍പ്പെടെ 95,879 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്.

കോഴിക്കോട്ട് 579 പേർക്ക് രോഗബാധ; 525 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 579 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 564 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6208 പേരെ പരിശോധനക്ക് വിധേയരാക്കി. 525 പേര്‍ കൂടി രോഗമുക്തിനേടി.

വയനാട് ജില്ലയില്‍ 238 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 235 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 2 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21119 ആയി. 17823 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 131 മരണം. നിലവില്‍ 3165 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2439 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതിൽ സമ്പര്‍ക്കം വഴി രോഗം ബാധിച്ച 76 പേർ, വിദേശത്തുനിന്നു വന്ന 10 പേർ, ഇതരസംസ്ഥാനത്തുനിന്ന വന്ന ഒരാൾ എന്നിവർ ഉൾപ്പെടുന്നു. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25601 ആയി. ചികിത്സയിലുണ്ടായിരുന്ന 60 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 842 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook