തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുന്നുവെന്ന് കണക്കുകൾ. സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 7364 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,691 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,90,757 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

യു.കെയില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 65 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം – 1031
കോഴിക്കോട് – 770
കോട്ടയം – 704
പത്തനംതിട്ട – 654
കൊല്ലം – 639
മലപ്പുറം – 537
തൃശൂര്‍ – 441
ആലപ്പുഴ – 422
തിരുവനന്തപുരം – 377
ഇടുക്കി – 336
വയനാട് – 322
കണ്ണൂര്‍ – 281
പാലക്കാട് – 237
കാസര്‍ഗോഡ് – 64

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധനവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,532 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 90,81,931 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3524 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

6219 സമ്പർക്കരോഗികൾ; 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 447 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 977, കോഴിക്കോട് 729, കോട്ടയം 670, പത്തനംതിട്ട 586, കൊല്ലം 626, മലപ്പുറം 517, തൃശൂര്‍ 430, ആലപ്പുഴ 413, തിരുവനന്തപുരം 251, ഇടുക്കി 322, വയനാട് 297, കണ്ണൂര്‍ 216, പാലക്കാട് 126, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, കോഴിക്കോട് 9, എറണാകുളം 8, പത്തനംതിട്ട 7, കൊല്ലം, വയനാട് 5 വീതം, പാലക്കാട് 4, തൃശൂര്‍ 3, തിരുവനന്തപുരം , ഇടുക്കി 2 വീതം, ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 375
കൊല്ലം – 2303
പത്തനംതിട്ട – 1041
ആലപ്പുഴ – 264
കോട്ടയം – 314
ഇടുക്കി – 77
എറണാകുളം – 803
തൃശൂര്‍ – 442
പാലക്കാട് – 199
മലപ്പുറം – 540
കോഴിക്കോട് – 510
വയനാട് – 192
കണ്ണൂര്‍ – 242
കാസര്‍ഗോഡ് – 62

നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വർധനവ്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,118 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,97,656 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1460 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല.5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 405 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കാസർഗോഡ് 64 പേര്‍ക്ക് കോവിഡ്, 62 പേര്‍ക്ക് രോഗമുക്തി

കാസർഗോഡ് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി ( സമ്പര്‍ക്കം- 61, വിദേശം- 2 , ഇതരസംസ്ഥാനം- 1). ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25514 ആയി. ചികിത്സയിലുണ്ടായിരുന്ന 62 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 816 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

തിരുവനന്തപുരത്ത് 377 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 375 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (20 ജനുവരി 2021) 377 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 375 പേര്‍ രോഗമുക്തരായി. നിലവില്‍ 3,553 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 251 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,488 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 20,251 പേര്‍ വീടുകളിലും 55 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,931 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

കോഴിക്കോട് ജില്ലയില്‍ 770 പേര്‍ക്ക് കോവിഡ്; രോഗമുക്തി 510

ജില്ലയില്‍ ഇന്ന് 770 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6627 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 510 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. കോവിഡ് വാക്സിനേഷന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ ഇതുവരെ 2023 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി.

മലപ്പുറം ജില്ലയില്‍ 537 പേര്‍ക്കുകൂടി കോവിഡ്

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജനുവരി 20) 537 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 517 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഉറവിടമറിയാതെ 11 പേരും രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയവരാണ്. 540 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 95,316 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലിപ്പോള്‍ 20,387 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

കോട്ടയം ജില്ലയില്‍ 704 പേര്‍ക്കുകൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 704 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 697 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 4550 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 322 പുരുഷന്‍മാരും 311 സ്ത്രീകളും 71 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 314 പേര്‍ രോഗമുക്തരായി. 6502 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 61365 പേര്‍ കോവിഡ് ബാധിതരായി. 54700 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15145 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

കോവിഡ് വാക്‌സിൻ രണ്ടാംഘട്ടം കൊച്ചിയിലെത്തി

കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ടാംഘട്ടം ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി. കൊച്ചിക്ക് പുറമെ കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനുകളും ഇതോടൊപ്പമെത്തി. മുംബൈയിൽ നിന്നും ഗോ എയർ വിമാനത്തിൽ രാവിലെ 11.15ന് കൊച്ചിയിലെത്തി. എറണാകുളത്തിന് 12 ബോക്‌സുകളും കോഴിക്കോട്ടേക്ക് ഒമ്പത് ബോക്‌സുകളും ഉണ്ടാകും. ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സാണുള്ളത്.

ഇന്ന് മുതൽ ആറ് രാജ്യങ്ങളിലേക്ക് ഇന്ത്യ കോവിഡ് വാക്സിൻ കയറ്റുമതി ചെയ്യും

ഇന്ത്യയിൽ നിന്നും ആറ് രാജ്യങ്ങളിലേക്കുള്ള കൊറോണ പ്രതിരോധ വാക്‌സിൻ കയറ്റുമതി ഇന്ന് ആരംഭിക്കും. കൊറോണ പ്രതിരോധ വാക്സിനായ കൊവിഷീൽഡ് ആണ് രാജ്യങ്ങൾക്ക് നൽകുന്നത്. ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കാണ് വാക്സിൻ കയറ്റി അയക്കുന്നത്.

ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളും വാക്സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാൽ കയറ്റുമതിയ്ക്കായിവിവിധ ഏജൻസികളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ഉടൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഷീൽഡ് വാക്സിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെ നിരവധി രാജ്യങ്ങൾ വാക്സിനായി ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന പരിഗണിച്ചാണ് രാജ്യങ്ങൾക്ക് വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.