തൃശൂർ ജില്ലയിൽ ബീച്ചുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്‌ അറിയിച്ചു. ഇവിടങ്ങളിൽ വിനോദസഞ്ചാരികൾ യാതൊരു വിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ കൂട്ടം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് സെക്ടറൽ മജിസ്‌ട്രേറ്റ്മാർക്കും പൊലീസിനും കടുത്ത പിഴയോട് കൂടി കേസുകൾ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.

സമീപ ജില്ലകളിൽ നിന്നും ധാരാളം ആളുകൾ ജില്ലയിലെ ബീച്ചുകളിൽ കൂട്ടത്തോടെ എത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് മറ്റു ജില്ലകളിലെ രോഗവ്യാപന തോത് കൂടുന്നതിനും കാരണമാകുന്നതിനാലുമാണ് നിയന്ത്രണം കടുപ്പിക്കുന്നതിന് തീരുമാനമെടുത്തതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9 ശതമാനത്തിൽ കുറവ്; എല്ലാ ജില്ലകളിലും പുതിയ രോഗികളുടെ എണ്ണം അഞ്ഞുറിൽ താഴെ

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരളത്തിൽ ഇന്ന് 3110 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2730 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3922 പേർ ഇന്ന് രോഗമുക്തി നേടി. 9 ശതമാനത്തിൽ കുറവാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,281 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 500ൽ താഴെയാണ്. എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്. 443 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കാസർഗോട്ടാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ 48 പേർക്ക് പുതുതായി രോഗം കണ്ടെത്തി.  കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168, കണ്ണൂര്‍ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76,  എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 63,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,47,389 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3322 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2730 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, എറണാകുളം 7, പാലക്കാട് 6, കോഴിക്കോട് 5, കണ്ണൂര്‍ 4, കൊല്ലം, പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 54 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,281 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 84,87,178 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168, കണ്ണൂര്‍ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

എറണാകുളം 402, കോഴിക്കോട് 397, മലപ്പുറം 377, കോട്ടയം 293, കൊല്ലം 230, തിരുവനന്തപുരം 150, ആലപ്പുഴ 178, പാലക്കാട് 60, തൃശൂര്‍ 162, കണ്ണൂര്‍ 137, ഇടുക്കി 133, പത്തനംതിട്ട 105, വയനാട് 69, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 212, കൊല്ലം 299, പത്തനംതിട്ട 281, ആലപ്പുഴ 441, കോട്ടയം 193, ഇടുക്കി 46, എറണാകുളം 485, തൃശൂര്‍ 563, പാലക്കാട് 201, മലപ്പുറം 457, കോഴിക്കോട് 404, വയനാട് 34, കണ്ണൂര്‍ 277, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

1,99,398 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,99,398 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,88,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 948 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരു പുതിയ ഹോട്ട് സ്‌പോട്ട്

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഇടുക്കി ജില്ലയിലെ ഉപ്പുതറ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 12, 13) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 440 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 222 പേര്‍ക്ക് കൂടി കോവിഡ്; 212 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 212 പേര്‍ രോഗമുക്തരായി. നിലവില്‍ 3,448 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ എട്ടു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

പത്തനംതിട്ട ജില്ലയില്‍ 131 പുതിയ രോഗികൾ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്ന് വന്നതും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 126 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 18 പേരുണ്ട്

ആലപ്പുഴയിൽ 178 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഇന്ന് ആലപ്പുഴ ജില്ലയിൽ 186 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 178 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 441 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 56578 പേർ രോഗ മുക്തരായി. 4393 പേർ ചികിത്സയിൽ ഉണ്ട്.

ഇടുക്കിയിൽ 141 പേർക്ക് രോഗബാധ; 133 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് (11.01.2021) 141 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 8 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 443 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 402 പേർ, രോഗ ഉറവിടമറിയാത്ത 33 പേർ, ഏഴ് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 485 പേർ രോഗ മുക്തി നേടി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4406 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

പാലക്കാട്176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;201 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 60 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 104 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 6 പേർ , 6 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 201 പേര്‍ രോഗമുക്തി നേടി.

മലപ്പുറത്ത് 388 പേർക്ക് രോഗബാധ; 457 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 388 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 457 പേർ ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായ 377പേർ, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാൾ, ഉറവിടമറിയാതെ രോഗബാധിതരായ 07 പേർ, വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഒരാൾ, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ടുപേർ എന്നിവർ ഉൾപ്പെടുന്നു.

4,406 പേരാണ് നിലവിൽ രോഗബാധിതരായി ജില്ലയിൽ ചികിത്സയില്‍ കഴിയുന്നത്. 91,121പേർ ഇതുവരെ ജില്ലയില്‍ രോഗമുക്തരായി.

കോഴിക്കോട്ട് 414 പുതിയ രോഗികൾ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 414 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കാണ് പോസിറ്റീവായത്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 402 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3883 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 404 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 76 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 34 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18857 ആയി. 16132 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 111 മരണം. നിലവില്‍ 2614 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2130 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഏറ്റവും കുറവ് രോഗബാധ കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24862 ആയി ഉയര്‍ന്നു. ചികിത്സയിലുണ്ടായിരുന്ന 87 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

രാജ്യത്ത് 24 മണിക്കൂറിനിടെ 200 കോവിഡ് മരണങ്ങൾ; ആറ് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 16,311 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 23 ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളുടെ എണ്ണമാണിത്. സജീവമായ കേസുകൾ 2.2 ലക്ഷമായി കുറഞ്ഞു. ഞായറാഴ്ച 161 മരണങ്ങൾ റിപ്പോർട്ട് ചെയ്തു, മെയ് അവസാനത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് 200 ൽ താഴെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കോവിഡ് വ്യാപനം: കേന്ദ്ര സംഘം ഇന്ന് കെ.കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തും

കേരളത്തിലെ കോവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ കോവിഡ് രോഗികള്‍ ഉയരാനുളള സാഹചര്യം, പരിശോധന, നിരീക്ഷണം, ചികിത്സ തുടങ്ങിയ കാര്യങ്ങൾ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം ഉയരാൻ കാരണം തെരഞ്ഞെടുപ്പും ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങളുമാണെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്.

രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ ആരോഗ്യ സെക്രട്ടറിയും പങ്കെടുക്കും. ഒരു മണിയോടെ കോവിഡ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുമായും കോവിഡ് ആശുപത്രി അധികൃതരുമായും അവലോകന യോഗം ചേരും. കേരളത്തിന്‍റെ ചുമതലയുള്ള കേന്ദ്ര കോവിഡ് നോഡല്‍ ഓഫിസറും ജോയിന്‍റ് സെക്രട്ടറിയുമായ മിനാജ് ആലം, സെന്റർ ഫോര്‍ ഡിസീസ് കണ്‍ട്രോൾ ഡയറക്ടര്‍ ഡോ.എസ്.കെ.സിങ് എന്നിവരാണ് സംഘത്തിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.