തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്:  സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മുൻ ദിനങ്ങളെ അപേക്ഷിച്ച് കുറവാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഇന്ന് കുറവാണ് രേഖപ്പെടുത്തിയത്.  സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 1987 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5037  പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81 ആണ്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് 400ൽ കുറവ് രോഗബാധകളാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 374 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ടകാസര്‍ഗോഡ്, പാലക്കാട്, വവയനാട്, ഇടുക്കി ജില്ലകളിൽ നൂറിൽ കുറവാണ് പുതിയ രോഗബാധകൾ. പത്തനംതിട്ട – 97, കാസര്‍ഗോഡ് – 86, പാലക്കാട് – 68, വയനാട് – 52,  ഇടുക്കി – 41 എന്നിങ്ങനെയാണ് ഈ ജില്ലകളിൽ രോഗബാധകൾ സ്ഥിരീകരിച്ചത്.

Kerala covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5037 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 55,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,77,012 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1987 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, എറണാകുളം 5, തിരുവനന്തപുരം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4105 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,10,68,239 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • കോഴിക്കോട് – 374
 • ആലപ്പുഴ – 266
 • എറണാകുളം – 246
 • മലപ്പുറം – 229
 • തിരുവനന്തപുരം – 199
 • കൊല്ലം – 154
 • കോട്ടയം – 145
 • തൃശൂര്‍ – 141
 • കണ്ണൂര്‍ – 114
 • പത്തനംതിട്ട – 97
 • കാസര്‍ഗോഡ് – 86
 • പാലക്കാട് – 68
 • വയനാട് – 52
 • ഇടുക്കി – 41

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോഴിക്കോട് 362, ആലപ്പുഴ 263, എറണാകുളം 233, മലപ്പുറം 221, തിരുവനന്തപുരം 128, കൊല്ലം 153, കോട്ടയം 139, തൃശൂര്‍ 136, കണ്ണൂര്‍ 78, പത്തനംതിട്ട 89, കാസര്‍ഗോഡ് 78, പാലക്കാട് 26, വയനാട് 44, ഇടുക്കി 37 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗ മുക്തി നേടിയവർ

രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം 247, കൊല്ലം 331, പത്തനംതിട്ട 488, ആലപ്പുഴ 531, കോട്ടയം 861, ഇടുക്കി 206, എറണാകുളം 389, തൃശൂര്‍ 395, പാലക്കാട് 151, മലപ്പുറം 391, കോഴിക്കോട് 617, വയനാട് 142, കണ്ണൂര്‍ 207, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

2,42,070 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,42,070 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,624 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8446 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 825 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 372 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 199 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 247 പേര്‍ രോഗമുക്തരായി. നിലവില്‍ 3,705 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,535 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,367 പേര്‍ വീടുകളിലും 54 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

പത്തനംതിട്ടയില്‍ 97 പേര്‍ക്ക് കോവിഡ്; 582 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 94 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.

ജില്ലയില്‍ ഇന്ന് 582 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 48925 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5114 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4817പേര്‍ ജില്ലയിലും, 297പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

കോട്ടയത്ത് 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കോട്ടയം ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 144 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 2010 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

4161 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 77426 പേര്‍ കോവിഡ് ബാധിതരായി. 73085 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17783 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്

ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത് ഇടുക്കിയിൽ

ഇടുക്കി ജില്ലയിൽ ഇന്ന് 41 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 37 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 4 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 206 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 2092 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

എറണാകുളത്ത് 246 പേർക്ക് രോഗബാധ; 233 പേർക്ക് സമ്പർക്കത്തിലൂടെ

എറണാകുളം ജില്ലയിൽ ഇന്ന് 246 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 233 പേർ, രോഗ ഉറവിടമറിയാത്ത എട്ടുപേർ, അഞ്ച് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 389 പേർ രോഗ മുക്തി നേടി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4578 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിൽ 141 പേർക്ക് കൂടി കോവിഡ്, 395 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച 141 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 395 പേർ രോഗമുക്തരായി. ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 136 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവർത്തകർക്കും, രോഗ ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2974 ആണ്. തൃശ്ശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96,618 ആണ്. 92,164 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 363 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4841 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 617 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വയനാട് ജില്ലയില്‍ 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ രോഗമുക്തി നേടി. 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26208 ആയി. 24555 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1473 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1282 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ 114 പേര്‍ക്ക് രോഗബാധ; സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്ക്

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച ഇന്ന് 114 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും, ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 210 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി

കാസര്‍ഗോഡ് ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്, 84 പേര്‍ക്ക് രോഗമുക്തി

കാസര്‍ഗോഡ് ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 84 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1172 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 828 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ചു

ബംഗലൂരു: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള അതിർത്തികളടച്ച് കർണാടക. കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. അതിര്‍ത്തി കടന്ന് പോകേണ്ട വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.

ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്ക് നിയന്ത്രണമില്ല. വയനാട് ബാവലി ചെക്ക്പോസ്റ്റിൽ കേരള വാഹനങ്ങൾ തടഞ്ഞത് വാക്കുതർക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ കർണാടക കേരളത്തില്‍ നിന്നുള്ള അതിര്‍ത്തി റോഡുകളില്‍ മണ്ണിട്ട് വഴി തടഞ്ഞത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ദക്ഷിണ കന്നഡയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ 13 ഇടത്തും പാത അടച്ചിട്ടുണ്ട്. തലപ്പാടി ഉള്‍പ്പെടെയുള്ള നാല് പാതകളില്‍ കര്‍ശന നിയന്ത്രണമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.