തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 247 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5215 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് പരിശോധനകൾ കുറവാണ് നടത്തിയത്. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആണ്.

ഇന്ന് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 516 പേർക്ക് രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ ജില്ലകളിലും അഞ്ഞൂറിൽ കുറവ് രോഗബാധകളാണ് ഇന്ന് സ്ഥിരീകരിച്ചത്. കാസർഗോഡ് ജില്ലയിലാണ് കുറവ് രോഗബാധ സ്ഥിരീകരിച്ചത്, 41 പേർക്ക്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,207 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,59,421 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ

 • മലപ്പുറം – 516
 • കോഴിക്കോട് – 432
 • എറണാകുളം – 424
 • കോട്ടയം – 302
 • തിരുവനന്തപുരം – 288
 • തൃശൂര്‍ – 263
 • ആലപ്പുഴ – 256
 • കൊല്ലം – 253
 • പത്തനംതിട്ട – 184
 • കണ്ണൂര്‍ – 157
 • പാലക്കാട് – 145
 • ഇടുക്കി – 114
 • വയനാട് – 84
 • കാസര്‍ഗോഡ് – 41

പരിശോധനകളുടെ എണ്ണം കുറവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 96,59,492 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 57 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3760 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

3136 സമ്പർക്കരോഗികൾ; 29 ആരോഗ്യപ്രവർത്തകർക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 247 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 504, കോഴിക്കോട് 412, എറണാകുളം 410, കോട്ടയം 279, തിരുവനന്തപുരം 202, തൃശൂര്‍ 255, ആലപ്പുഴ 248, കൊല്ലം 247, പത്തനംതിട്ട 158, കണ്ണൂര്‍ 134, പാലക്കാട് 64, ഇടുക്കി 109, വയനാട് 82, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, കോഴിക്കോട് 5, തൃശൂര്‍ 4, തിരുവനന്തപുരം 3, കൊല്ലം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം – 255
 • കൊല്ലം – 332
 • പത്തനംതിട്ട – 266
 • ആലപ്പുഴ – 493
 • കോട്ടയം – 681
 • ഇടുക്കി – 193
 • എറണാകുളം – 908
 • തൃശൂര്‍ – 523
 • പാലക്കാട് – 273
 • മലപ്പുറംന- 517
 • കോഴിക്കോട് – 390
 • വയനാട് – 126
 • കണ്ണൂര്‍ – 181
 • കാസര്‍ഗോഡ് – 77

2,18,909 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,07,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,118 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1205 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോര്‍പറേഷന്‍ (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 13), ആഴൂര്‍ (സബ് വാര്‍ഡ് 11), തൃശൂര്‍ ജില്ലയിലെ മാള (സബ് വാര്‍ഡ് 1), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (5, 8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 376 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 288 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് (01 ഫെബ്രുവരി 2021) 288 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 255 പേര്‍ രോഗമുക്തരായി. നിലവില്‍ 4,342 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 202 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

പത്തനംതിട്ടയില്‍ 184 പേര്‍ക്ക് കോവിഡ്; 785 പേർക്ക് രോഗമുക്തി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 176 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയിൽ ഇന്ന് 785 പേർ രോഗമുക്തരായി

കോട്ടയത്ത് 302പേര്‍ക്ക് രോഗബാധ; 301 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 302പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 301 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി.

പുതിയതായി 1627 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 149 പുരുഷന്‍മാരും 129 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 681 പേര്‍ രോഗമുക്തരായി. 5747 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 67870 പേര്‍ കോവിഡ് ബാധിതരായി.

ഇടുക്കിയിൽ ചികിത്സയിലുള്ളത് 3995 പേർ

ഇടുക്കി ജില്ലയിൽ ഇന്ന് 114 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 109 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 4 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 193 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 3995 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

എറണാകുളത്ത് 424 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 424 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 410 പേർ, രോഗ ഉറവിടമറിയാത്ത 11 പേർ, ആരോഗ്യ മേഖലയിൽ നിന്നുള്ള ഒരാൾ, വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 908 പേർ രോഗ മുക്തി നേടി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3442 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

കോഴിക്കോട്ട് 432 പേര്‍ക്ക് കോവിഡ്; രോഗമുക്തി 390 പേർക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 432 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കുമാണ് പോസിറ്റീവായത്.12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3599 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 390 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും; ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതല

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും. കലക്‌ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല. പതിനാല് ജില്ലകളിലും കലക്‌ടർമാരെ സഹായിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയും വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കലക്‌ടർമാരെ സഹായിക്കുകയുമാണ് ഇവരുടെ ദൗത്യം. എത്രയും വേഗം അതാതിടങ്ങളില്‍ ചുമതലയേല്‍ക്കാനാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഓരോ സ്ഥലത്തെയും സ്ഥിതി പരിശോധിച്ച് കര്‍ശന നടപടിക്ക് കലക്‌ടർമാക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളില്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും ഉത്തരവിലുണ്ട്.

Read Also: Horoscope Today February 01, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ കൂടുതലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്‌ക്കാനാണ് സർക്കാരും ആരോഗ്യവകുപ്പും ശ്രമിക്കുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സർക്കാർ നിലപാട്.

സംസ്ഥാനത്ത് 70,983 പേരാണ് കോവിഡ് ബാധിതരായി ഇപ്പോൾ ചികിത്സയിലുള്ളത്. 8,54,206 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,874 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ ദിനംപ്രതി 5,000 ത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇതുവരെ 3,743 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.