തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രോഗബാധ രൂക്ഷമായി തുടരുകയാണ്. ഇന്ന്  6356 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10.66 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 6380 പേർ രോഗമുക്തി നേടി.

രണ്ടു ദിവസത്തിനിടെ ആകെ 95 പ്രദേശങ്ങളെയാണ് സംസ്ഥാനത്ത് പുതുതായി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്.  30 പ്രദേശങ്ങൾ കൂടി ഇന്ന് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച 65 പ്രദേശങ്ങളും ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ 85 പ്രദേശങ്ങളെ ചൊവ്വാഴ്ച ഹോട്ട്സ്പോട്ട് പരിധിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് സ്ഥിരീകരിച്ച പ്രതിദിന കോവിഡ് ബാധകളിൽ പകുതിയും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. ചികിത്സയിലുള്ള രോഗികളിൽ 70 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. ആകെ കേസുകളിൽ മൂന്നാമതും ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഒന്നാമതുമാണ് കേരളം. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ല എറണാകുളമാണ്.

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. കാസർഗോട്ടാണ് ഏറ്റവും കുറവ്. 93 പേർക്കാണ് കാസർഗോഡ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6380 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,113 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,71,548 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 30 പ്രദേശങ്ങൾ കൂടി സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5817 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, വയനാട് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, തൃശൂര്‍ 4, പാലക്കാട് 3, തിരുവനന്തപുരം, മലപ്പുറം 2 വീതം, എറണാകുളം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 97,72,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • എറണാകുളം 871
 • കോഴിക്കോട് 741
 • കൊല്ലം 690
 • പത്തനംതിട്ട 597
 • കോട്ടയം 558
 • തിരുവനന്തപുരം 489
 • തൃശൂര്‍ 479
 • ആലപ്പുഴ 395
 • മലപ്പുറം 383
 • കണ്ണൂര്‍ 297
 • പാലക്കാട് 275
 • ഇടുക്കി 268
 • വയനാട് 190
 • കാസര്‍ഗോഡ് 93

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • എറണാകുളം 853
 • കോഴിക്കോട് 700
 • കൊല്ലം 685
 • പത്തനംതിട്ട 542
 • കോട്ടയം 553
 • തിരുവനന്തപുരം 384
 • തൃശൂര്‍ 466
 • ആലപ്പുഴ 391
 • മലപ്പുറം 370
 • കണ്ണൂര്‍ 225
 • പാലക്കാട് 134
 • ഇടുക്കി 253
 • വയനാട് 177
 • കാസര്‍ഗോഡ് 84

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം 571
 • കൊല്ലം 1308
 • പത്തനംതിട്ട 234
 • ആലപ്പുഴ 359
 • കോട്ടയം 341
 • ഇടുക്കി 76
 • എറണാകുളം 909
 • തൃശൂര്‍ 559
 • പാലക്കാട് 254
 • മലപ്പുറം 554
 • കോഴിക്കോട് 790
 • വയനാട് 49
 • കണ്ണൂര്‍ 286
 • കാസര്‍ഗോഡ് 90

20 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3796 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

2,18,318 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,318 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,07,315 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,003 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1472 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

30 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 376 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 489 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 489 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 571 പേര്‍ രോഗമുക്തരായി. നിലവില്‍ 4,308 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 384 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 871 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 853 പേർ, രോഗ ഉറവിടമറിയാത്ത 12 ഒരാൾ, ആരോഗ്യ സേവന രംഗത്തുനിന്നുള്ള ഒരാൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 909 പേർ രോഗ മുക്തി നേടി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6265 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

മലപ്പുറത്ത് 383 പേർക്ക് രോഗബാധ; 554 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 383 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് 554 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായ 370 പേർ, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു പേർ, ഉറവിടമറിയാതെ രോഗബാധിതരായ നാലുപേർ, വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്നുപേർ, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാലുപേർ എന്നിവർ ഉൾപ്പെടുന്നു.

ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 1,02,368 പേരാണ്. 3,894 പേരാണ് നിലവിൽ ഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.

വയനാട് ജില്ലയില്‍ 190 പേര്‍ക്ക് കോവിഡ്; 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 422 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23706 ആയി. 20375 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 143 മരണം. നിലവില്‍ 3188 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2566 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26683 ആയി. നിലവില്‍ 999 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 88 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ്

മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രി ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ ടെസ്റ്റിലാണ് തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് മന്ത്രി ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്ത സമ്പർക്കം പുലർത്തിയവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്

കോവിഡ് വ്യാപനം രൂക്ഷമായതിന്റെ സാഹചര്യം വിലയിരുത്താനും പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്താനുമായി ഓരോ സംഘത്തെ കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും അയയ്ക്കാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചു. സംസ്ഥാനത്തെ സാഹചര്യം പഠിക്കാൻ രണ്ടാം തവണയാണ് പ്രത്യേക സംഘം കേരളത്തിലെത്തുന്നത്.

കേന്ദ്ര സംഘം ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം ജില്ലയിലെത്തി. കളക്ടറേറ്റിലെത്തിയ സംഘം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുമായി ജില്ലയിലെ സാഹചര്യം ചര്‍ച്ച ചെയ്തു. ഡോ. രുചി ജെയിന്‍, ഡോ. രവീന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരും സംഘവുമായി ആശയവിനിമയം നടത്തി. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റു ജില്ലകളും ഇവര്‍ സന്ദര്‍ശിക്കും.

ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന സംഘത്തിൽ ഡൽഹി ലേഡി ഹാർഡി മെഡിക്കൽ കോളേജിലെയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരം റീജിയണൽ ഓഫീസിലെയും വിദഗ്ധരുണ്ടാവും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ‌സി‌ഡി‌സി), ന്യൂഡൽഹിയിലെ ആർ‌എം‌എൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും ഉൾപ്പെടുന്നതായിരിക്കും മഹാരാഷ്ട്രയിലേക്കുള്ള കേന്ദ്ര സംഘം.

സംഘങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയും സ്ഥിതിഗതികൾ പരിശോധിക്കുകയും ആവശ്യമായ പൊതുജനാരോഗ്യ ഇടപെടലുകൾ ശിപാർശ ചെയ്യുകയും ചെയ്യുമെന്ന് എൻ‌സി‌ഡി‌സി ഡയറക്ടർ ഡോ. സുജിത് സിങ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. “പ്രതിദിന കേസുകളുടെ എണ്ണത്തിൽ ഉയർച്ചയില്ല. എന്നാൽ കേരളത്തിലും മഹാരാഷ്ട്രയിലും ഇപ്പോഴും വ്യാപനം നടക്കുന്നുണ്ടെന്ന് വ്യക്തമാണ്. എണ്ണം കുറവാണെങ്കിലും, കോവിഡ് ബാധ സമൂഹത്തിൽ ആഴത്തിലാണ്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.