തിരുവനന്തപുരം: ബ്രിട്ടണിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് വ്യാപനം സ്ഥിരീകരിച്ച ശേഷം യുകെയിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാൻ 14 സാമ്പിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നാല് സാമ്പിളുകൾ നാളെ പരിശോധനയ്ക്ക് അയക്കും. യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്.

ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്ത്, രോഗമുക്തി തൃശൂരിൽ; ഇന്നത്തെ കോവിഡ് വാർത്തകൾ

കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ ഇന്ന് സംസ്ഥാനത്ത് കുറവ്. കേരളത്തില്‍ ഇന്ന് 3047 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,76,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,27,986 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2990 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 504
കോഴിക്കോട് – 399
എറണാകുളം – 340
തൃശൂര്‍ – 294
കോട്ടയം – 241
പാലക്കാട് – 209
ആലപ്പുഴ – 188
തിരുവനന്തപുരം – 188
കൊല്ലം – 174
വയനാട് – 160
ഇടുക്കി – 119
കണ്ണൂര്‍ – 103
പത്തനംതിട്ട – 91
കാസര്‍ഗോഡ് – 37

2707 സമ്പർക്കരോഗികൾ; 30 ആരോഗ്യപ്രവർത്തകർക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2707 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 275 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 478, കോഴിക്കോട് 387, എറണാകുളം 322, തൃശൂര്‍ 286, കോട്ടയം 227, പാലക്കാട് 83, ആലപ്പുഴ 182, തിരുവനന്തപുരം 112, കൊല്ലം 170, വയനാട് 150, ഇടുക്കി 104, കണ്ണൂര്‍ 87, പത്തനംതിട്ട 84, കാസര്‍ഗോഡ് 35 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 7, തിരുവനന്തപുരം, കണ്ണൂര്‍ 5 വീതം, പാലക്കാട് 4, എറണാകുളം 3, കൊല്ലം, കോഴിക്കോട് 2 വീതം, മലപ്പുറം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 262
കൊല്ലം – 311
പത്തനംതിട്ട – 203
ആലപ്പുഴ – 203
കോട്ടയം – 301
ഇടുക്കി – 49
എറണാകുളം – 536
തൃശൂര്‍ – 676
പാലക്കാട് – 301
മലപ്പുറം – 629
കോഴിക്കോട് – 417
വയനാട് – 72
കണ്ണൂര്‍ – 176
കാസര്‍ഗോഡ് – 36

ഇന്നും ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്ത്

സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 504 പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. അതേസമയം വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് 629 പേർ രോഗമുക്തരായി. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 83,904 പേരാണ്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 478ഉം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 18 ആണ്.

കാസര്‍ഗോഡിന് ഇന്നും ആശ്വാസദിനം

കാസർഗോഡ് ജില്ലയില്‍  37 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു (സമ്പര്‍ക്കം -35, വിദേശം-2). ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23931 ആയി. നിലവില്‍ 874 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.
ചികിത്സയിലുണ്ടായിരുന്ന 37 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

വയനാട് 160 പേര്‍ക്കുകൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 72 പേര്‍ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16283 ആയി. 13679 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 100 മരണം. നിലവില്‍ 2504 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1756 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 188 പേർക്ക്; രോഗമുക്തി 262 പേർക്കും

തിരുവനന്തപുരത്ത് ഇന്ന് 188 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 262 പേര്‍ രോഗമുക്തരായി. നിലവില്‍ 3,455 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,160 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 21,683 പേര്‍ വീടുകളിലും 76 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

കോഴിക്കോട് പുതിയ രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ

ജില്ലയില്‍ ഇന്ന് 399 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവായത്. അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 389 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3839 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 417 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

പാലക്കാട് 301 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 83 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 115 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 7 പേർ , 4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 301 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

2,50,174 പേർ നിരീക്ഷണങ്ങൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,50,174 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,37,460 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,714 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1116 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 17) ആണ് പുതിയ ഹോട്ട് സ്‌പോട്ട് ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 465 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

വാക്‌സിൻ വിതരണം: നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് മുന്നോടിയായി നാല് സംസ്ഥാനങ്ങളിൽ ഇന്നും നാളെയും ഡ്രൈ റൺ. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടത്തുന്നത്. വാക്‌സിൻ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ, വാക്‌സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവയുടെ പ്രവർത്തനം വിലയിരുത്തുന്നതിനാണിത്.

ഓരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളിലാണ് ഡ്രൈ റൺ നടക്കുന്നത്. വാക്‌സിനേഷനായി പുറത്തിറക്കിയ മാർഗരേഖ ഫലപ്രദമാണോ എന്ന് കണ്ടെത്താൻ ഡ്രൈ റൺ പ്രക്രിയ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കും.

വാക്സിൻ ഡെലിവറി, പരിശോധിക്കുന്നവരുടെ വിവരങ്ങൾ, ടീം അംഗങ്ങളെ വിന്യസിക്കൽ, ടെസ്റ്റ് ഗുണഭോക്താക്കളുമായുള്ള വാക്സിൻ സ്വീകരണ കേന്ദ്രങ്ങളിലെ മോക്ക് ഡ്രിൽ, റിപ്പോർട്ടിംഗ്, സായാഹ്ന മീറ്റിംഗ് തുടങ്ങിയ കാര്യങ്ങളുടെ വിവരൾ ഉൾപ്പെടുത്തുന്ന കോ-വിൻ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ ഘട്ടത്തിൽ പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് -19 വാക്‌സിനുള്ള ശീതീകരണ സംവിധാനം, അവ എത്തിക്കുന്നതിനായുള്ള ഗതാഗത ക്രമീകരണം, വാക്സിൻ സ്വീകരണ കേന്ദ്രങ്ങളിൽ ശരിയായ ശാരീരിക അകലം പാലിച്ചുകൊണ്ട് കാണികളെ നിയന്ത്രിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു.

കുത്തിവെപ്പിനെ തുടർന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ ഡ്രൈ റണ്‍ നടത്തുമ്പോൾ നിരീക്ഷിക്കപ്പെടും. ഡ്രൈ റണ്ണിലെ അന്തിമ വിലയിരുത്തല്‍ സംസ്ഥാനങ്ങളുമായും കേന്ദ്രസ‍ർക്കാരുമായി പങ്ക് വയ്ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.