തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കോവിഡ് വ്യാപനം അതിനിർണായക ഘട്ടത്തിലെത്തി നിൽക്കെ സംസ്ഥാനത്ത്  രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് സംസ്ഥാനത്ത് 2,406 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ 22,673 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് വ്യാപനത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോഴത്തെ രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതാണ്. അയൽ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് വ്യാപനം ചെറുക്കുന്നതിൽ കേരളം മുന്നിലാണ്. അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി ആയിരുന്നെങ്കിൽ മരണസംഖ്യ പെരുകിയേനെ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗികൾ ( ജില്ല തിരിച്ച്) കണക്ക്

തിരുവനന്തപുരം- 352

കോഴിക്കോട്- 238

കാസര്‍ഗോഡ്- 231

മലപ്പുറം – 230

പാലക്കാട് – 195

കോട്ടയം – 189

കൊല്ലം – 176

ആലപ്പുഴ – 172

പത്തനംതിട്ട – 167

തൃശൂര്‍ – 162

എറണാകുളം – 140

കണ്ണൂര്‍ – 102

ഇടുക്കി – 27

വയനാട് – 25

രോഗമുക്തർ

ഇന്ന് സംസ്ഥാനത്താകെ 2,067 പേരാണു രോഗമുക്തി നേടിയത്. ഇതുവരെ 43,761 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.രോഗമുക്തരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ:

തിരുവനന്തപുരം- 623

മലപ്പുറം- 538

ആലപ്പുഴ- 130

കണ്ണൂര്‍-119

തൃശൂര്‍-95

കോഴിക്കോട് – 90

എറണാകുളം- 90

കാസര്‍ഗോഡ് -84

കോട്ടയം – 74

കൊല്ലം- 59

പാലക്കാട് – 56

വയനാട്- 44

പത്തനംതിട്ട- 37

ഇടുക്കി -28

10 മരണം കൂടി സ്ഥിരീകരിച്ചു

കോവിഡ് ബാധിച്ച് പത്ത് മരണം ഇന്ന് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം മലയം സ്വദേശി ഷാജഹാന്‍ (67), തിരുവനന്തപുരം വെണ്‍പകല്‍ സ്വദേശി മഹേശ്വരന്‍ ആശാരി (76), തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനി വിമലാമ്മ (83), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുഹമ്മദ് സഹീര്‍ (47), ഓഗസ്റ്റ് 19ന് മരണമടഞ്ഞ കോഴിക്കോട് മണിപുരം സ്വദേശി മാമ്മി (70), ഓഗസ്റ്റ് 20ന് മരണമടഞ്ഞ കണ്ണൂര്‍ കുഴുമ്മല്‍ സ്വദേശി സത്യന്‍ (53), തിരുവനന്തപുരം വലിയതുറ സ്വദേശി സേവിയര്‍ (50), ഓഗസ്റ്റ് 23ന് മരണമടഞ്ഞ തൃശൂര്‍ വലപ്പാട് സ്വദേശി ദിവാകരന്‍ (65), ആലപ്പുഴ പഴവീട് സ്വദേശിനി ഫമിനാ ഷെറീഫ് (40), കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി (64) എന്നിർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത ആകെ മരണം 267 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

തിരുവനന്തപുരത്ത് രോഗമുക്തർ വർധിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 352 പേർക്കു രോഗം സ്ഥിരീകരിച്ചപ്പോൾ 623 പേർ രോഗമുക്തരായി. പുതുതായി 1,144 പേര്‍ രോഗനിരീക്ഷണത്തിലായി. 1,067 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 20,226പേര്‍ വീടുകളിലും 644 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.

ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 432 പേരെ പ്രവേശിപ്പിച്ചു.ജില്ലയില്‍ ആശുപത്രികളില്‍ 3,857 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് 505 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 758 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 644 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

പത്തനംതിട്ടയിൽ 167 പേർക്ക് കോവിഡ്

പത്തനംതിട്ട ജില്ലയിൽ ഇന്ന് 167 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 144 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന വന്ന ഒൻപതു പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന 14 പേർക്കും രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ 3048 പേർക്കാണു രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 49 പേർ രോഗമുക്തരായി.ആകെ രോഗമുക്തർ 2118. ആകെ 917 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. 13834 പേർ നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.46 ശതമാനമാണ്. ഇതുവരെ 14 പേർ മരിച്ചു. കോവിഡ് ബാധിതരായ രണ്ടുപേർ അർബുദം മൂലമുളള സങ്കീർണതകളാലും മരിച്ചു.

കൊല്ലത്ത് പുതിയ രോഗികൾ 176

കൊല്ലം ജില്ലയിൽ ഇന്ന് 176 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 4 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ എട്ടു പേർക്കും സമ്പർക്കം മൂലം 164 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 59 പേർ രോഗമുക്തി നേടി.

ആലപ്പുഴയിൽ 172 പേർക്കു കൂടി കോവിഡ്

ആലപ്പുഴ ജില്ലയിൽ172 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 145 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 17 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആറു പേർ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവർ ഉൾപ്പെടെ 2174പേരാണ് ചികിത്സയിലുള്ളത്.130 പേർ രോഗമുക്തി നേടി. ഇവർ ഉൾപ്പെടെ ആകെ 2893 പേർക്കാണു രോഗം ഭേദമായത്.

കോട്ടയത്ത് 189 രോഗബാധിതർ

കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 2593 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 189 എണ്ണം പോസിറ്റീവായി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ, സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 180 പേര്‍, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഏഴു പേര്‍ എന്നിവര്‍ രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. 74 പേർ രോഗമുക്തി നേടി

ഇടുക്കിയിൽ പോസിറ്റീവ് 27; നെഗറ്റീവ് 28

ഇടുക്കി ജില്ലയിൽ 27 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 21 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 28 പേർ രോഗമുക്തി നേടി.

എറണാകുളത്ത് സമ്പർക്കരോഗികൾ 135

എറണാകുളം ജില്ലയിൽ 140 പേർക്കു കൂടി കോവിഡ്. വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തിയ അഞ്ച് പേർക്കും സമ്പർക്കത്തിലൂടെ 135 പേർക്കും  രോഗം സ്ഥിരീകരിച്ചു. 90 പേർ രോഗമുക്തി നേടി . എറണാകുളം ജില്ലക്കാരായ 86 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള നാലു പേരും ഉൾപ്പെടുന്നു.

ഇന്ന് 1019 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 835 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16604 ആണ്. ഇതിൽ 14204 പേർ വീടുകളിലും, 134 പേർ കോവിഡ് കെയർ സെന്ററുകളിലും 2266 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്

തൃശൂരിലും സമ്പർക്കരോഗികൾ കൂടുന്നു

ജില്ലയിൽ 162 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.155 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 15 പേരുടെ രോഗഉറവിടമറിയില്ല.

95 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1249 ആണ്. തൃശൂർ സ്വദേശികളായ 46 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3816 ആണ്. ഇതുവരെ രോഗമുക്തരായത് 2530 പേർ.

പാലക്കാട്ട് പുതിയ രോഗികൾ 195

പാലക്കാട് ജില്ലയിൽ ഇന്ന് 195 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 55പേർക്ക് രോഗമുക്തി. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 118 പേർ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 27 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 19 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേർ എന്നിവർ ഉൾപ്പെടും.

ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 806 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേർ തൃശൂർ ജില്ലയിലും 10 പേർ കോഴിക്കോട് ജില്ലയിലും രണ്ടുപേർ കണ്ണൂർ ജില്ലയിലും എട്ടു പേർ മലപ്പുറം ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും ചികിത്സയിൽ ഉണ്ട്.

ആശ്വാസമായി മലപ്പുറം; രോഗമുക്തര്‍ 538

ജില്ലയില്‍ 230 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തരായത് 538 പേര്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 192 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മറ്റു രണ്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും ആറു പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

ആകെ 2,932 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളത് 45,343 പേര്‍. ഇതുവരെ 5,327 പേരാണ് രോഗമുക്തരായത്. 2,160 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. രണ്ടത്താണി സ്വദേശി മൂസ (72), ചെമ്പ്രക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71) എന്നിവരാണ് മരിച്ചത്. ഇരുവരും മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 39 ആയി.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത അനിവാര്യമാണെന്നും കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി

മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സെപ്റ്റംബര്‍ രണ്ടു വരെ ഇരുന്ന് ഭക്ഷണം കഴിക്കാമെന്ന് കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൃത്യമായ സാമൂഹിക അകലം പാലിക്കണം. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ മാത്രമേ അനുമതിയുള്ളൂ.

ലോഡ്ജുകളില്‍ താമസ സൗകര്യം നല്‍കുന്നതിന് മുന്‍പും ശേഷവും റൂമുകള്‍ അണുവിമുക്തമാക്കണം. ജീവനക്കാര്‍ കോവിഡ് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തണം. ഓണസദ്യയുടെ പേരിലുള്ള ആള്‍ക്കൂട്ടം അനുവദിക്കില്ല. ഓണാഘോഷ പൊതുപരിപാടികള്‍ പാടില്ല. പൊതുജനങ്ങള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

കോഴിക്കോട്ട് 238 രോഗികള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 206 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണു രോഗം ബാധിച്ചത്്. 14 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 13 പേര്‍ക്കും വൈറസ് പിടിപെട്ടു.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 63 പേര്‍ക്കും ചോറോട് 49 പേര്‍ക്കും ഒഞ്ചിയത്ത് 15 പേര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് സ്വദേശികളായ 1747 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 90 പേര്‍ രോഗമുക്തി നേടി.

മുഖദാറില്‍ നിയന്ത്രണം കര്‍ശനമാക്കി

രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായ കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 57 മുഖദാറില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നൈനാംവളപ്പ്, അറക്കല്‍ തൊടിക, മരക്കാര്‍ കടവ് പറമ്പ്, സി.എന്‍ പടന്ന എന്നീ പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.

ഏഴ് ദിവസത്തേക്ക് ഈ പ്രദേശങ്ങളില്‍നിന്നും പുറത്തുപോവാനോ ഇങ്ങോട്ട് പ്രവേശിക്കാനോ പാടില്ല. വാര്‍ഡിലെ ഇന്‍സിഡന്റ് കമാന്‍ഡര്‍ അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യാ സുരേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കും.

സമ്പര്‍ക്ക സാധ്യതയുള്ളതും രോഗലക്ഷണവുമുള്ള മുഴുവന്‍ ആളുകള്‍ക്കും അടിയന്തരമായി കോവിഡ് ടെസ്റ്റ് നടത്തും. ഗര്‍ഭിണികള്‍, അസുഖബാധിതര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ സഹായമാവശ്യമായി വന്നാല്‍ കെ.എസ്.ആര്‍.ടി.സി സേവനം സജ്ജമാക്കിയിട്ടുണ്ട്. പലചരക്ക് കടകളും അടിസ്ഥാന അവശ്യവസ്തുക്കള്‍ അടങ്ങിയ കടകളും തുറക്കും. അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കാന്‍ ആര്‍.ആര്‍.ടി ടീമിന്റെ സേവനം ലഭ്യമാണ്.

വയനാട്ടില്‍ 43 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ 25 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 43 പേര്‍ രോഗമുക്തി നേടി. ഇന്നത്തെ രോഗബാധിതരില്‍ 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പിടിപെട്ടത്. ഇവരിലൊരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. മറ്റു രണ്ടുപേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും.

ജില്ലയില്‍ ഇതുവരെ 1418 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 1175 പേര്‍ രോഗമുക്തരായി. 235 പേരാണ് ചികിത്സയിലുള്ളത്. 3862 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 1126 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ചൂരിയാറ്റ പ്രദേശം നാളെ ഉച്ചയ്ക്ക് 12 മുതല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി കലക്ടര്‍ പ്രഖ്യാപിച്ചു.

വയനാട്ടിലേക്ക് എല്ലാ റോഡുകളിലൂടെയും പ്രവേശനം

അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്ന് വയനാട് ജില്ലയിലേക്ക് എല്ലാ റോഡുകളിലൂടെയും പ്രവേശനം അനുവദിക്കുമെന്ന് കലക്ടര്‍ ഡോ. അദീല അബ്ദുളള അറിയിച്ചു. യാത്രക്കാര്‍ കോവിഡ് -19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് മാത്രമാണു പൊലീസ് പരിശോധിക്കേണ്ടത്. മറ്റ് തരത്തിലുള്ള തടങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല.

ക്വാറന്റീനില്‍ പോവേണ്ട യാത്രക്കാരെ അതത് ഗ്രാമപഞ്ചായത്ത്, മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ ബന്ധപ്പെട്ട് സൗകര്യം ഉറപ്പുവരുത്തണം. മുത്തങ്ങയിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ ചരക്കു വാഹനങ്ങളെ തടയാനോ പാസ് ആവശ്യപ്പെടാനോ പാടില്ല. കുട്ട, ബാവലി എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ ആവശ്യമായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയമിക്കണം. യാത്രക്കാരില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും.

തമിഴ്‌നാട് നീലഗിരിയില്‍നിന്നു പ്രവേശിക്കുന്നവര്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ മുത്തങ്ങ ഫെസിലേറ്റേഷന്‍ സെന്ററിലേക്ക് അയയ്ക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

കണ്ണൂരില്‍ 102 പുതിയ രോഗികള്‍; 116 പേര്‍ക്കു രോഗമുക്തി

കണ്ണൂര്‍ ജില്ലയില്‍ 102 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. ഒരാള്‍ വിദേശത്തുനിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

ജില്ലയില്‍ ഇതുവരെ 3174 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 116 പേര്‍ ഉള്‍പ്പെടെ 2138 പേര്‍ ആശുപത്രി വിട്ടു. ഇതുവരെ 27 പേരാണു മരിച്ചത്. 1009 പേര്‍ ചികില്‍സയിലാണ്. 10,815 പേര്‍ നിരീക്ഷണത്തിലുണ്ട്. 286 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

ആദ്യമായി ഇരുന്നൂറ് കടന്ന് കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ലയില്‍ 231 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്. ആദ്യമായാണു പ്രതിദിനം രോഗികളുടെ എണ്ണത്തില്‍ കാസര്‍ഗോഡ് ഇരുന്നൂറ് കടക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു വൈറസ് ബാധിച്ചത്. ഇതരസംസ്ഥാനത്തും വിദേശത്തുനിന്നും എത്തിയത് ആറുപേര്‍ വീതം. 85 പേര്‍ രോഗമുക്തി നേടി. ഇന്ന് അജാനൂര്‍ പഞ്ചായത്തിലാണു കൂടുതല്‍ രോഗികളുള്ളത്, 34 പേര്‍.

4525 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 85 പേര്‍ ഉള്‍പ്പെടെ 3208 പേര്‍ രോഗമുക്തി നേടി. ഇതുവരെ 34 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 5532 പേരാണു ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതുതായി 1504 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പ്രസക്‌ത ഭാഗങ്ങൾ

കോവിഡ് മഹാമാരിയുടെ അതിനിര്‍ണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും. രോഗത്തിന്റെ നിലവിലെ അവസ്ഥ അപ്രതീക്ഷിതമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ലോകത്ത് തന്നെ ഏറ്റവും ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. ആ പ്രത്യേകത കൂടി കണക്കിലെടുത്താല്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗത്തെ അതിന്റെ ഉച്ചസ്ഥായിയില്‍ എത്താന്‍ അനുവദിക്കാതെ കൂടുതല്‍ സമയം നമുക്ക് പിടിച്ചു നിര്‍ത്താനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: സംസ്ഥാനത്ത് 2,406 പേർക്ക് കൂടി കോവിഡ്, 2,067 പേർക്ക് രോഗമുക്തി, കോവിഡ് കണക്കുകൾ സമഗ്രമായി

രോഗവ്യാപനത്തിന്‍റെ തോത് ഫലപ്രദമായി നിയന്ത്രിച്ചതിനാല്‍ കേരളത്തിനുണ്ടായ ഗുണങ്ങള്‍ അനവധിയാണ്. നമ്മുടെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താന്‍ നമുക്ക് അവസരം ലഭിച്ചു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍, ആവശ്യത്തിനു ലാബ് പരിശോധന സൗകര്യങ്ങള്‍, കോവിഡ് കെയര്‍ ഹോസ്പ്റ്റിലുകള്‍, പരിശോധന സൗകര്യങ്ങള്‍, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് ബ്രിഗേഡ് തുടങ്ങി രോഗാവസ്ഥ അതിന്‍റെ പരമാവധിയിലെത്തുമ്പോള്‍ തടയാന്‍ ആവശ്യമായ സൗകര്യങ്ങള്‍ കൃത്യമായി സജ്ജമാക്കാന്‍ സാധിച്ചു. ഇപ്പോഴുള്ളതിലും 8 മടങ്ങ് രോഗികള്‍ വര്‍ധിച്ചാല്‍ വരെ ചികിത്സ നല്‍കാനുതകുന്ന സൗകര്യങ്ങള്‍ നമ്മള്‍ സജ്ജമാക്കിയിട്ടുണ്ട്.

കോവിഡ് നിരുപദ്രവകാരിയായ ഒരു രോഗമാണെന്നും, മരണനിരക്ക് ഒരു ശതമാനമേയുള്ളൂവെന്നും, അതിനാല്‍ വന്നു പോയാലും കുഴപ്പമില്ല എന്നുമുള്ള അപകടകരമായ ഒരു പ്രചരണം ഒരു വശത്ത് നടക്കുന്നുണ്ട്. ഇത്തരമൊരു ധാരണ ആളുകളില്‍ പ്രബലമാകുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും. മൂന്നരക്കോടിയോളം ജനസംഖ്യയുള്ള കേരളത്തില്‍ ഒരു ശതമാനമെന്നാല്‍ ഏതാണ്ട് മൂന്നര ലക്ഷമാണെന്ന് ഓര്‍ക്കണം. അതിന്‍റെ പകുതിയാണെങ്കില്‍ പോലും വരുന്ന സംഖ്യ എത്രയെന്ന് ചിന്തിച്ചു നോക്കുക. അതുപോലൊരു സാഹചര്യം അനുവദിക്കാന്‍ സാധിക്കുമോ എന്നാണ് ഈ പ്രചരണം നടത്തുന്നവര്‍ ആലോചിക്കേണ്ടത്. അതിലുപരി, മരണനിരക്ക് എത്ര ചെറുതാണെങ്കില്‍ പോലും രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മരണങ്ങളുടെ എണ്ണവും ആനുപാതികമായി വര്‍ധിക്കും.

സ്വീഡനെ നമുക്ക് മാതൃകയാക്കിക്കൂടെ എന്ന ചോദ്യവുമുയരുന്നുണ്ട്. അവിടെ പത്തുലക്ഷത്തില്‍ 575 പേര്‍ എന്ന നിലയ്ക്കാണ് മരണമുണ്ടായിരിക്കുന്നത്. കേരളത്തിന്‍റെ നൂറിരട്ടി മരണങ്ങളാണ് സ്വീഡനിലുണ്ടായത്. മരണങ്ങള്‍ ഒഴിവാക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. ഈ നാട്ടിലെ ഓരോരുത്തരുടേയും ജീവന്‍ വിലപ്പെട്ടതാണ്.

ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള പ്രദേശമായി കേരളത്തെ നിലനിര്‍ത്തിയേ തീരൂ എന്ന് നമ്മളെല്ലാവരും ദൃഢനിശ്ചയം ചെയ്യണം. ഇതുവരെ കാണിച്ച ജാഗ്രത കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. കൈ കഴുകുമ്പോളും മാസ്ക് ധരിക്കുമ്പോളും ശാരീരിക അകലം പാലിക്കുമ്പോളും രക്ഷിക്കുന്നത് സ്വയം മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവനുകള്‍ കൂടിയാണ്. ആ പ്രതിബദ്ധത നാം കൈ വെടിയരുത്.

അഭിമാനകരമായ സവിശേഷതകള്‍ നമ്മുടെ കോവിഡ് പ്രതിരോധത്തിനുണ്ട്. ഇവിടെ കോവിഡ് രോഗികള്‍ക്കുള്ള ചികിത്സ തികച്ചും സൗജന്യമാണ്. കോവിഡ് പരിശോധന, രോഗിയുടെ ഭക്ഷണം, മരുന്നുകള്‍, കിടക്കകള്‍, വെന്‍റിലേറ്റര്‍, പ്ലാസ്മ തെറാപ്പി തുടങ്ങിയവ എല്ലാം സൗജന്യമായി തന്നെ നല്‍കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ കോവിഡ് 19 പരിശോധനയ്ക്കായി സ്വമേധയാ വരുന്ന എല്ലാവര്‍ക്കും ടെസ്റ്റ്  നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കാന്‍ പാടുള്ളു.

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കുകയുള്ളു. നിശ്ചയിച്ച നിരക്ക് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞതാണ്. ഉദാഹരണത്തിന് ഐസിയു ചാര്‍ജായി കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ 6500 രൂപ ഈടാക്കുമ്പോള്‍ ആന്ധ്രാപ്രദേശില്‍ അത് 46,365 രൂപയും തമിഴ്നാട്ടില്‍ 11,000 രൂപയും ഹരിയാനയിലും ഡെല്‍ഹിയും 15,000 രൂപയും കര്‍ണാടകത്തില്‍ 8,500 രൂപയുമാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് വഹിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ സംവിധാനം റഫര്‍ ചെയ്യുന്ന കോവിഡ് രോഗികളുടെ ചികിത്സ ചെലവും  സര്‍ക്കാരാണ് വഹിക്കുന്നത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജനുവരി 30ന് ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമായിരുന്നു  കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യമുണ്ടായിരുന്നത്. ഇപ്പോള്‍ 19 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 24 സ്ഥലങ്ങളില്‍ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുണ്ട്. 234 സ്വകാര്യ ലാബുകളില്‍ ആന്‍റിജന്‍ പരിശോധന നടത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook