തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2476 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ   2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒപ്പം ഉറവിടം അറിയാത്ത രോഗബാധയും ഇന്ന് കൂടുതലാണ്. 175 പേരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്ക ഉറവിടം അറിയാത്തവർ.

തിരുവനന്തപുരം മലപ്പുറം ജില്ലകളിലാണ് ഇന്നും ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്.  തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒപ്പം കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇന്നും ഇന്നലെയും ഇരുന്നൂറിലധികം കോവിഡ് കോസുകൾ സ്ഥീരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ നൂറിലധികം കോവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു.

അതേസമയം ഇന്ന് കോവിഡ് പരിശോധനയും വർധിപ്പിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,352 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് സർക്കാർ അറിയിച്ചു.

Kerala Covid Tracker: സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1351 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 22,344 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,694 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 14, തൃശൂര്‍ ജില്ലയിലെ 10, തിരുവനന്തപുരം ജില്ലയിലെ 9, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 7 വീതവും, പത്തനംതിട്ട ജില്ലയിലെ 3, കോഴിക്കോട്, കൊല്ലം ജില്ലകളിലെ 2 വീതവും, വയനാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ ഒരു ഐ.എന്‍.എച്ച്.എസ്. ജീവനക്കാരനുംരോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • തിരുവനന്തപുരം-461
 • മലപ്പുറം-352
 • കോഴിക്കോട്-215
 • തൃശൂര്‍-204
 • ആലപ്പുഴ-193
 • എറണാകുളം-193
 • പത്തനംതിട്ട-180
 • കോട്ടയം-137
 • കൊല്ലം-133
 • കണ്ണൂര്‍-128
 • കാസര്‍ഗോഡ്-101
 • പാലക്കാട്-86
 • ഇടുക്കി-63
 • വയനാട് -30

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തിരുവനന്തപുരം-445
 • മലപ്പുറം-332
 • കോഴിക്കോട്-205
 • തൃശൂര്‍-183
 • എറണാകുളം-179
 • ആലപ്പുഴ-164
 • പത്തനംതിട്ട-145
 • കോട്ടയം-134
 • കൊല്ലം-131
 • കണ്ണൂര്‍- 111
 • കാസര്‍ഗോഡ്-79
 • പാലക്കാട്-64
 • ഇടുക്കി-50
 • വയനാട്-21

രോഗ മുക്തി നേടിയവർ

 • മലപ്പുറം-254
 • തിരുവനന്തപുരം-201
 • എറണാകുളം-191
 • കോഴിക്കോട്- 150
 • തൃശൂര്‍- 100
 • ആലപ്പുഴ- 95
 • പാലക്കാട്- 66
 • കോട്ടയം- 59
 • കൊല്ലം-58
 • കണ്ണൂര്‍- 49
 • പത്തനംതിട്ട- 43
 • കാസര്‍ഗോഡ്- 40
 • വയനാട്- 32
 • ഇടുക്കി- 13

13 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു

13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 257 ആയി. ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന്‍ ചെട്ടിയാര്‍ (80), കണ്ണൂര്‍ സ്വദേശി പി.പി. ഇബ്രാഹീം (63), ആഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ചെല്ലയ്യന്‍ (85), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (83), തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുള്‍ റഷീദ് (50), തിരുവനന്തപുരം വട്ടവിള സ്വദേശി ദേവനേശന്‍ (74) എന്നിവരുടെ മരണങ്ങൾ കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

Read More: കോവിഡ് സ്ഥിരീകരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ഓമന (53), തിരുവനന്തപുരം വെളിയന്നൂര്‍ സ്വദേശി സിറാജ് (50), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പുലിയന്തോള്‍ സ്വദേശിനി സാറാക്കുട്ടി (79), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി അബ്ദുള്‍ ലത്തീഫ് (50), ആഗസ്റ്റ് 18ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി ഷിജിന്‍ (26), ജൂലൈ 30ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശിനി മേരി (72) എന്നിവരുടെ മരണങ്ങളും കോവിഡ് കാരണമാണെന്ന് പരിശോധനാാ ഫലം ലഭിച്ചു.

 1,89,781  പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,89,781 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,72,135 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,646 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2098 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 40,352 സാമ്പിളുകൾ പരിശോധിച്ചു

അതേസമയം പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,352 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 15,25,792 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,69,312 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Read More: തമന്നയുടെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു

10 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), വള്ളത്തോള്‍ നഗര്‍ (6), പഴയന്നൂര്‍ (5, 7 (സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ കുമരംപുത്തൂര്‍ (11), പൂക്കോട്ടുകാവ് (5, 6 (സബ് വാര്‍ഡ്), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (22), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (5, 12, 14, 16, 17), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (2), എറണാകുളം ജില്ലയിലെ കറുകുറ്റി (14, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കൊടകര (സബ് വാര്‍ഡ് 2), അവിനിശേരി (സബ് വാര്‍ഡ് 3), എലവള്ളി (വാര്‍ഡ് 9), തോളൂര്‍ (5), കോലാഴി (സബ് വാര്‍ഡ് 1), പത്തനംതിട്ട ജില്ലയിലെ ഏറാത്ത് (6, 8), കുന്നത്താനം (10), കുറ്റൂര്‍ (5, 6, 7), ഓമല്ലൂര്‍ (1), പുറമറ്റം (2, 12, 13), പാലക്കാട് ജില്ലയിലെ ആലന്തൂര്‍ (എല്ലാ വാര്‍ഡുകളും), മാതൂര്‍ (15), കുത്തന്നൂര്‍ (4, 8), തൃത്താല (8), വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18), തൊണ്ടര്‍നാട് (1, 2, 3, 5, 6), വെള്ളമുണ്ട (10, 13), തിരുവനന്തപുരം കടയ്ക്കാവൂര്‍ (8, 9, 10, 11), ചെമ്മരുതി (4, 5, 7, 15), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (സബ് വാര്‍ഡ് 6), ആലക്കോട് (സബ് വാര്‍ഡ് 2), കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (10, 17), പെരളശേരി (4, 5, 6, 7, 9, 16, 18), മലപ്പുറം ജില്ലയിലെ വഴിക്കടവ് (6, 11, 12, 13, 14, 15, 21, 22), കൊല്ലം ജില്ലയിലെ ശൂരനാട് സൗത്ത് (5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 604 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തലസ്ഥാനത്ത് ഇന്ന് രോഗികൾ നാന്നൂറിലധികം

തിരുവന്തപുരം ജില്ലയിൽ ഇന്ന് 461 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 445 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 201 പേർ ജില്ലയിൽ രോഗമുക്തി നേടി.

ഇന്ന് ജില്ലയില്‍ പുതുതായി 1,500 പേര്‍ രോഗനിരീക്ഷണത്തിലായി. 1,250 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.ഇന്ന് 759 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 692 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

കൊല്ലത്ത് 133 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 131 പേർക്കും, 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 58 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 180 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 180 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 17 പേര്‍വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ചത് 193 പേർക്ക്

ആലപ്പുഴ ജില്ലയിൽ ഇന്ന് 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 163 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേർ വിദേശത്തുനിന്നും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 7 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 95 പേർ രോഗമുക്തി നേടി.

കോട്ടയത്ത് 137 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 137 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 133 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന മൂന്നു പേരും രോഗബാധിതരായി.

കോട്ടയം മുനിസിപ്പാലിറ്റിയിലാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ഏറ്റവും കൂടുതല്‍. 35 പേർക്കാണ് നഗരസഭാ പരിധിയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 27 മുള്ളന്‍കുഴി മേഖലയില്‍നിന്നുള്ളവരാണ്. കിടങ്ങൂര്‍-14, ഈരാറ്റുപേട്ട, തിരുവാര്‍പ്പ്-9 വീതം, പനച്ചിക്കാട്, അയര്‍ക്കുന്നം-5 വീതം, മുണ്ടക്കയം-4 എന്നിവയാണ് സമ്പര്‍ക്കം വഴിയ രോഗം ബാധിച്ചവർ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 58 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1153 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3228 പേര്‍ രോഗബാധിതരായി. 2072 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ 63 പേർക്ക് രോഗബാധ; 50 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് 63 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 50 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരിൽ 3 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് 193 പേർക്ക് കോവിഡ്

എറണാകുളം ജില്ലയിൽ ഇന്ന് 193 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 191 പേർ രോഗമുക്തി നേടി.

ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1971 ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1902 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചു. 1873 പരിശോധന ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. ഇനി 651 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ ജില്ലയിൽ ഇന്നും രോഗികൾ ഇരുന്നൂറിലധികം

തൃശൂർ ജില്ലയിൽ ബുധനാഴ്ച 204 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു തുടർച്ചയായ രണ്ടാം ദിവസമാണ് ജില്ലയിൽ ഇരുന്നൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്. ഇന്നലെ 227 പേർക്കായിരുന്നു ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 100 പേർ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 192 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 25 പേരുടെ രോഗഉറവിടമറിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ അഞ്ച് പേർക്കും, വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചു.

നിലവിൽ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1183 ആണ്. ഇതുവരെ 3654 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2437 പേർ ഇതുവരെ രോഗമുക്തരായി.

പാലക്കാട് 86 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 86 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 52 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 14 പേരുടെ രോഗ ഉറവിടം അറിയില്ല. സ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. 66പേർ രോഗമുക്തി നേടി.

മലപ്പുറത്ത് രോഗബാധ കുതിച്ചുയരുന്നു; ഇന്ന് 352 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇന്ന് 352 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം 300 ന് മുകളിലാണ്. 339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 22 പേര്‍ക്ക് ഉറവിടമറിയാതെയും 317 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഒമ്പത് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇപ്പോള്‍ 44,577 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. അതേ സമയം 254 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 4,789 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 215 പേർക്ക് കോവിഡ്; 150 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 215 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 150 പേര്‍ രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1600 ആയി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 192 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. 12 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 82 പേര്‍ക്കും ഉറവിടം അറിയാത്ത 5 പേര്‍ക്കും രോഗം ബാധിച്ചു.

വയനാട് ജില്ലയില്‍ 30 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ‍ വിദേശത്ത് നിന്നും 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1393 ആയി. ഇതില്‍ 1132 പേര്‍ രോഗമുക്തരായി. 253 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കണ്ണൂരിൽ 128 പേർക്ക് കോവിഡ്; 48 പേര്‍ക്ക് രോഗമുക്തി

കണ്ണൂർ ജില്ലയിൽ ഇന്ന് 128 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 111 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 48 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2022 ആയി.

കാസർഗോട്ട് 101 പേർക്ക് രോഗബാധ

കാസർഗോഡ് ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ പുതിയതായി 431 പേരെ കൂടി നിരീക്ഷണത്തിലാക്കി. ആകെ നിരീക്ഷണത്തിലുള്ളത് 5430 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1674 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 900 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 336 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 111 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരണവുമായി ഫിഷറീസ് വകുപ്പ്

കോഴിക്കോട് ജില്ലയിൽ തീരദേശമേഖലയില്‍ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഫിഷറീസ് വകുപ്പും സന്നദ്ധമാകുന്നു. ജില്ലയില്‍ കടലുണ്ടി ഗ്രാമപഞ്ചായത്തിലെ ചാലിയം മുതല്‍ അഴിയൂര്‍ പഞ്ചായത്തിലുള്ള അഴിയൂര്‍ മത്സ്യ ഗ്രാമമുള്‍പ്പെടെ 34 തീരദേശ മത്സ്യഗ്രാമങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

തീരദേശ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അതീവ നിയന്ത്രിത മേഖലകളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വൈകിട്ട് ഏഴുമണിവരെ തുറന്നു പ്രവര്‍ത്തിക്കാം. ഈ മേഖലകളിലുള്ള കോവിഡ് രോഗമുക്തര്‍ക്കും കോവിഡ് ഫലം നെഗറ്റീവായവര്‍ക്കും ഉപാധികളോടെ വിവിധ ആവശ്യങ്ങള്‍ക്കായി മറ്റിടങ്ങളിലേക്ക് സഞ്ചരിക്കാമെന്നും കലക്ടർ അറിയിച്ചു.

കോവിഡ് മുക്തരായവര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും കൈയില്‍ കരുതണം. കോവിഡ് പരിശോധനയ്ക്ക് വിധേയമായവര്‍ പരിശോധനാ കേന്ദ്രത്തിന്‍ നിന്നും ലഭിക്കുന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും കരുതണം. പരിശോധിച്ച തീയതിമുതല്‍ ഏഴുദിവസം വരെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി സഞ്ചരിക്കാം.

എന്നാല്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് കാലാവധി കഴിയുന്നതുവരെ സഞ്ചാരം അനുവദിക്കില്ല. പ്രദേശത്ത് ഇതുവരെയും കോവിഡ് പരിശോധന നടത്താത്തവര്‍ക്ക് സൗജന്യമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പരിശോധന നടത്താം. സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍ എന്നിവിടങ്ങളിലും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ പരിശോധനാ സൗകര്യമുണ്ട്. കോവിഡ് രോഗമുക്ത സാക്ഷ്യപത്രം, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ എത്രയും വേഗം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ചില പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ കേശവദാസപുരം ഡിവിഷനിലെ (15) ലക്ഷ്മി നഗർ, ചൈതന്യ ഗാർഡൻസ്, തമ്പാനൂർ ഡിവിഷനിലെ (81) രാജാജി നഗർ എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

നെല്ലാട് പഞ്ചായത്തിലെ മൈലക്കൽ വാർഡിലെ (ആറ്)വടക്കനാട്, മാക്കംകോണം, വേടക്കാല, കല്ലിടുക്ക് എന്നീ പ്രദേശങ്ങളും പെരുങ്കിടവിള പഞ്ചായത്തിന്റെ 15-ാം വാർഡായ പുളിമാംകോടും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രായം കൂടിയവരുടെ കാര്യത്തിൽ കൂടുതല്‍ ശ്രദ്ധ അനിവാര്യം

കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ പ്രായം കൂടിയവര്‍, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, കുട്ടികള്‍ എന്നിവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഡോ വി ജയശ്രീ . വീടുകളില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പ്രായം കൂടിയവര്‍ക്ക് പ്രത്യേക മുറി ഒരുക്കുകയോ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയും വേണം. വീടുകളില്‍ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ അവരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നതാണ് അനുയോജ്യമെന്നും അവർ പറഞ്ഞു.

കാന്‍സര്‍ രോഗികള്‍, വൃക്ക,ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരുമാണ് ജില്ലയില്‍ കൂടുതലായി മരണപ്പെട്ടത്. ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ ഉണ്ടെങ്കില്‍ പുറത്ത് പോയി വരുന്നവര്‍ സാമൂഹിക അകലം പലിച്ച് മാത്രമേ അവരുമായി ഇടപഴകാന്‍ പാടുള്ളു. ജില്ലയിൽ കോവിഡ് ബാധിച്ച് 26 പേരാണ് ഇതുവരെ മരണപ്പെട്ടത്. അതില്‍ 22 പേരും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നും അവർ പറഞ്ഞു.

പരിയാരത്ത് ചികിത്സതേടിയത് കോവിഡ് ബാധിതരായ 100 ലേറെ ഗർഭിണികൾ

കണ്ണൂർ (പരിയാരം) ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയ ഗർഭിണികളായ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം 100 കടന്നു. 107 പേരാണ് ഇതുവരെ ചികിത്സതേടിയത്. 39 പേർ ഇതിനോടകം പ്രസവിച്ചു. ഇതിൽ 9 പേരുടേത് സങ്കീർണ്ണ ശസ്ത്രക്രിയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

68 പേർ നിലവിൽ പ്രസവസംബന്ധമായ ചികിത്സ തുടരുകയാണ്. ഇതിൽ 21 പേർ കോവിഡ് രോഗമുക്തിക്കായുള്ള ചികിത്സയിൽക്കൂടിയാണുള്ളത്.

കേരളത്തിലാദ്യമായി കോവിഡ് പോസിറ്റീവായ യുവതി പ്രസവിച്ചത് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു.

ശക്തൻ മാർക്കറ്റിലെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി

ഓണത്തോടനുബന്ധിച്ച് തൃശൂർ ശക്തൻ മാർക്കറ്റിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവർ മാർക്കറ്റ് സന്ദർശിച്ചു. കച്ചവടക്കാർക്കും ജനങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച് മാർക്കറ്റ് പ്രവർത്തിക്കുമെന്ന് കളക്ടർ അറിയിച്ചു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് മാർക്കറ്റ് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.

മാർക്കറ്റിൽ എത്തുന്ന വാഹനങ്ങൾ അണുനശീകരണം നടത്തുകയും ടോക്കൺ വഴി പ്രവേശിപ്പിക്കുകയും. കടകളും തൊഴിലാളികളുടെ ഷിഫ്റ്റും രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തിക്കും. ഓരോ ബാച്ചും ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കും. കടകളിൽ പരമാവധി മൂന്ന് ജീവനക്കാർ മാത്രം ജോലി ചെയ്യും. ഞായറാഴ്ചകളിൽ മാർക്കറ്റ് പ്രവർത്തിക്കില്ല.

മന്ത്രി എ.സി.മൊയ്‌തീൻ ക്വാറന്റെെനിൽ; ഓഫീസിലെ എട്ട് പേർക്ക് കോവിഡ്

തിരുവനന്തപുരം: മന്ത്രി എ.സി.മൊയ്‌തീൻ നിരീക്ഷണത്തിൽ. മന്ത്രിയുടെ ഓഫീസിലെ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. മന്ത്രിയുടെ കോവിഡ് പരിശോധന നടത്തും. സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് ഇന്ന് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് മന്ത്രി എ.സി.മൊയ്‌തീന്റെ ഓഫീസിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു

സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു. മലപ്പുറം ജില്ലയിൽ ഇന്നലെ രാത്രിയും ഇന്നുമായി രണ്ടുപേർ കൂടി മരിച്ചു. കോട്ടക്കൽ സ്വദേശിനി ഇയ്യാത്തുട്ടി (65), ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി (80) എന്നിവരാണു മരിച്ചത്. ഇരുവരും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്നു. ശ്വാസതടസം, പനി എന്നീ രോഗങ്ങളുമായി ഓഗസ്റ്റ് 18 മുതൽ ചികിത്സയിലായിരുന്ന ഇയ്യാത്തുട്ടി ഇന്നു രാവിലെയാണു മരിച്ചത്. കോവിഡ് ന്യുമോണിയ ബാധിച്ചിരുന്ന രോഗിക്കു പ്ലാസ്മ തെറപ്പി നൽകിയിരുന്നു. അബൂബക്കർ ഹാജി ഇന്നലെ രാത്രിയാണു മരിച്ചത്. പ്രമേഹം, ഹൃദയസ്തംഭനം, ഉയര്‍ന്ന രക്തസമ്മര്‍ദം, വിട്ടുമാറാത്ത ശ്വാസകോശരോഗം എന്നിവയുണ്ടായിരുന്ന രോഗിയെ ശ്വാസതടസത്തെത്തുടര്‍ന്ന് 22നാണു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ന്യുമോണിയ ബാധിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം 10 കോവിഡ് മരണങ്ങളാണു സ്ഥിരീകരിച്ചത്. ആകെ 244 മരണമാണു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More: പടരുന്ന ആശങ്ക; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.4 കോടി കടന്നു

സംസ്ഥാനത്ത് കോവിഡ് നിരക്ക് രണ്ടായിരത്തിന് മുകളിൽ പോയ മറ്റൊരു ദിവസമായിരുന്നു ഇന്നലെ. പുതുതായി 2375 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി. ഇതോടെ 21,232 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,343 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

രോഗികളുടെ എണ്ണം: പ്രതിദിന കണക്കിൽ ഇന്ത്യ മുന്നിൽ

ലോകത്താകമാനം ആശങ്ക വർധിപ്പിച്ച് കോവിഡ് കണക്കുകൾ ഉയരുകയാണ്. ഇതിനോടകം 2.4 കോടി പേർക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ എട്ട് ലക്ഷം പിന്നിട്ടു കുതിക്കുകയാണ്. പ്രതിദിന കണക്കിൽ ഇന്ത്യ യാണു മുന്നിൽ. ഇന്ത്യയ്ക്ക് പിന്നിലാണെങ്കിലും അമേരിക്കയിലും ബ്രസീലിലും വലിയൊരു ശതമാനം ആളുകളിലും പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 67,151 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 32,34,475 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ 1059 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 59449 ആയി. 1.84 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മരണനിരക്ക്.

ഒരു ഇടവേളയ്ക്ക് ശേഷം ആന്ധ്രാപ്രദേശിൽ വീണ്ടും രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിലും കർണാടകയിലും തമിഴ്നാട്ടിലും രോഗവ്യാപനം രൂക്ഷമാണ്.

Covid Vaccine: മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ തുടക്കമായി

ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി തയാറാക്കിയ കോവിഡ് വാക്സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ തുടക്കമായി. പൂനെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച വാക്സിൻ ഇന്നലെ മുതലാണ് ഇന്ത്യയിൽ പരീക്ഷിച്ച് തുടങ്ങിയത്. പൂനെയിലെ തന്നെ ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളെജിൽ നിന്ന് ആറു വ്യക്തികൾ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.

ആദ്യം കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. വാക്സിന്റെ ആദ്യ ഡോസ് മാത്രമാണ് ഇവരിൽ നൽകിയിരിക്കുന്നത്. ആർടി-പിസിആർ, ആന്റിബോഡി പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമായിരിക്കും വാക്സിൻ പൂർണമായും പരീക്ഷണടിസ്ഥാനത്തിൽ ഇവർക്ക് നൽകുക.

ഭാരതി വിദ്യാപീഠിന്റെ മെഡിക്കൽ കോളേജിന്റെയും ആശുപത്രിയുടെയും മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ജയ് ലാൽവാനിയാണ് ഇക്കാര്യം ഇന്ത്യൻ എക്‌സ്‌പ്രസിനോട് സ്ഥിരീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.