തിരുവനന്തപുരം: ഓണം പ്രമാണിച്ച് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടു വരെ കണ്ടെയ്ൻമെൻ്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും പ്രവർത്തന സമയത്തിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഈ ദിവസങ്ങളിൽ കടകൾ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത അറിയിച്ചു. എന്നാൽ കണ്ടെയ്ൻമെൻ്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം.
വീണ്ടും 2000 കടന്ന്
തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും രണ്ടായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്. 2375 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്ക ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം കൂടുതലാണ്. 174 പേരുടെ സമ്പര്‍ക്ക ഉറവിടമാണ് വ്യക്തമല്ലാത്തത്.
മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. 454 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇതിൽ 413 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. തിരുവന്തപുരത്ത് 391 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 378 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. കോഴിക്കോട്, തൃശൂർ ജില്ലകളിലും ഇന്ന് ഇരുന്നൂറിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
തിരുവന്തപുരം ജില്ലയിൽ വരും ദിവസങ്ങളിൽ രോഗവ്യാപനം രൂക്ഷമാവുമെന്ന് ഇന്ന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ല തീവ്രരോഗവ്യാപനത്തിലേക്ക് നീങ്ങുന്നതായി ജില്ലാ ഭരണകൂടം വിലയിരുത്തി.വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്നും അതീവ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
Kerala Covid Tracker: സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 21,232 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,343 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
49 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ 5, പത്തനംതിട്ട ജില്ലയിലെ 3, തൃശൂര്‍ ജില്ലയിലെ 2, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)
- മലപ്പുറം-454
- തിരുവനന്തപുരം- 391
- കോഴിക്കോട്-260
- തൃശൂര്‍-227
- ആലപ്പുഴ-170
- എറണാകുളം-163
- പാലക്കാട്-152
- കണ്ണൂര്‍- 150
- കാസര്‍ഗോഡ്-99
- പത്തനംതിട്ട -93
- കൊല്ലം-87
- കോട്ടയം- 86
- വയനാട്-37
- ഇടുക്കി-ആറ്
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- മലപ്പുറം- 413
- തിരുവനന്തപുരം-378
- കോഴിക്കോട്- 243
- തൃശൂര്‍-220
- ആലപ്പുഴ-156
- കണ്ണൂര്‍ – 133
- എറണാകുളം-128
- പാലക്കാട്-109
- കാസര്‍ഗോഡ് – 98
- പത്തനംതിട്ട-63
- കൊല്ലം-85
- കോട്ടയം-85
- വയനാട്- 26
- ഇടുക്കി-അഞ്ച്
രോഗ മുക്തി നേടിയവർ
- തിരുവനന്തപുരം-303
- മലപ്പുറം-240
- കോഴിക്കോട്-140
- പാലക്കാട്-119
- കണ്ണൂര്‍- 99
- കാസര്‍ഗോഡ്- 95
- തൃശൂര്‍-90
- എറണാകുളം-85
- കോട്ടയം-67
- ആലപ്പുഴ-60
- കൊല്ലം-57
- ഇടുക്കി-37
- പത്തനംതിട്ട-32
- വയനാട്-32
10 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു
10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 244 ആയി. ആഗസ്റ്റ് 24ന് മരണമടഞ്ഞ മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാന്‍ (70), ആഗസ്റ്റ് 12ന് മരണമടഞ്ഞ വയനാട് നടവയല്‍ അവറാന്‍ (69), കോഴിക്കോട് ഒളവണ്ണ സ്വദേശി പി.പി. ഗിരീഷ് (49), ആഗസ്റ്റ് 11ന് മരണമടഞ്ഞ മലപ്പുറം പുകയൂര്‍ സ്വദേശി കുട്ട്യാപ്പു (72), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം കുലശേഖരം സ്വദേശി കൃഷ്ണകുമാര്‍ (58), കൊല്ലം പിറവന്തൂര്‍ സ്വദേശി തോമസ് (81) എന്നിവരുടെ മരണ കാരണം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.
ആഗസ്റ്റ് 20ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശിനി രാജലക്ഷ്മി (63), ചേര്‍ത്തല അരൂര്‍ സ്വദേശിനി തങ്കമ്മ (78), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ തമ്പി (80), ആഗസ്റ്റ് 22ന് മരണമടഞ്ഞ ആലപ്പുഴ നൂറനാട് സ്വദേശി കൃഷ്ണന്‍ (54) എന്നിവരുടെ മരണവും കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി സ്ഥിരീകരിച്ചു.
1,83,794 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,794 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,66,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,010 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1834 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 34,344 സാമ്പിളുകൾ പരിശോധിച്ചു
സംസ്ഥാനത്ത് പരിശോധനകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,344 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 14,84,907 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,66,945 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
10 പുതിയ ഹോട്ട് സ്‌പോട്ടുകൾ
ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8), കോഴിക്കോട് ജില്ലയിലെ മേപ്പായൂര്‍ (സബ് വാര്‍ഡ് 2, 4, 5), അരീക്കുളം (6), പാലക്കാട് ജില്ലയിലെ അനങ്ങനാടി (14), കൊല്ലങ്കോട് (3), കൊല്ലം ജില്ലയിലെ പിറവന്തൂര്‍ (21), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ വൈക്കം (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (വാര്‍ഡ് 13), ചെറിയനാട് (8), തിരുവന്‍വണ്ടൂര്‍ (2, 9), തൈക്കാട്ടുശേരി (3 (സബ് വാര്‍ഡ്), 4), തൃക്കുന്നപ്പുഴ (3, 9, 12), തൃശൂര്‍ ജില്ലയിലെ പഞ്ചാല്‍ (10, 11), മുളംകുന്നത്ത്കാവ് (സബ് വാര്‍ഡ് 3), മുല്ലശേരി 3, 4), എറണാകുളം ജില്ലയിലെ ആവോലി (4), മുടക്കുഴ (8), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (1), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ പോത്തുകല്ല് (1, 7, 8, 11, 17), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (13) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 619 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
തീവ്രരോഗവ്യാപനത്തിലേക്ക്; തിരുവനന്തപുരത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കും
സംസ്ഥാന തലസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. തീവ്രരോഗവ്യാപനത്തിലേക്ക് നീങ്ങുന്നതായി ജില്ലാ ഭരണകൂടം വിലയിരുത്തി.
വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കും. അതീവ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അടുത്ത മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുമെന്നും ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗവ്യാപനം പിടിച്ചുനിർത്താൻ സാധിക്കില്ലെന്നും ജില്ലാ കലക്‌ടർ വനജ്യോത് ഖോസ പറഞ്ഞു. ഓണം വീടുകളിൽ തന്നെ ആഘോഷിക്കണം, ആളുകൾ കൂടുന്ന പരിപാടികൾ പൂർണമായി ഒഴിവാക്കണം, സർക്കാർ മുന്നറിയിപ്പുകൾ അനുസരിക്കണമെന്നും കലക്‌ടർ നിർദേശിച്ചു.
“രോഗവ്യാപനം ഉണ്ടാകാത്ത മേഖലകളിലേക്ക് രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കണം. ഇപ്പോഴത്തെ സ്ഥിതി വിശേഷം എല്ലാവരും മനസിലാക്കണം. വിവിധ സോണുകളായി തിരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. ജില്ലയിലെ രോഗികളിൽ 95 ശതമാനം കോവിഡ് രോഗികൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. എല്ലാവരും സഹകരിച്ചാൽ ജില്ലയിലെ രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ സാധിക്കും.” മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ബസ് കണ്ടക്ടര്‍ക്ക് കോവിഡ്: രോഗലക്ഷണങ്ങളുള്ളവര്‍ ബന്ധപ്പെടണം
കല്‍പ്പറ്റ- പനമരം- മാനന്തവാടി റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഈ ബസില്‍ കഴിഞ്ഞ 14 ദിവസം യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ അടിയന്തരമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി എല്ലാ ദിവസവും ഇദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.
അഞ്ച് കുടുംബങ്ങളിലായി 20 ലധികം രോഗികളുണ്ടെങ്കില്‍ വാർഡ് മുഴുവൻ കണ്ടെയ്ന്‍മെന്റ് സോണാക്കും
കോഴിക്കോട് ജില്ലയിൽ മുനിസിപ്പാലിറ്റിയുടെയോ കോര്‍പ്പറേഷന്റെയോ ഒരു വാര്‍ഡില്‍ അഞ്ച് കുടുംബങ്ങളിലായി 20 ലധികം സജീവ കോവിഡ് പോസിറ്റീവ് കേസുകളുണ്ടെങ്കില്‍ വാർഡ് മുഴുവനും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
ഗ്രാമപഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിലാണ് കണ്ടെയ്ന്‍മെന്റ് സോൺ നിശ്ചയിക്കുക. മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനിലേയും സെക്രട്ടറിമാര്‍ക്ക് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ദ്ദേശിക്കാം. ഇവ ജില്ല ദുരന്തനിവാരണ സമിതി പരിശോധിച്ചതിന് ശേഷമേ അംഗീകരിക്കുകയുള്ളു. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായ വാര്‍ഡില്‍ പ്രദേശത്തിന് പുറത്ത് നിന്ന് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കാലതാമസമില്ലാതെ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കാന്‍ സെക്രട്ടറിമാര്‍ നിര്‍ദേശിക്കണം. പോര്‍ട്ടലില്‍ സെക്രട്ടറിമാര്‍ വൈകുന്നേരത്തോടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെങ്കില്‍ ദുരന്തനിവാരണ സമിതി വാർഡ് മുഴുവനും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുമെന്നും ഉത്തരവിൽ പറയുന്നു.
കോവിഡ് രോഗിയുടെ മൃതദേഹം മണിക്കൂറുകൾ കഴിഞ്ഞിട്ടും മാറ്റിയില്ല
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകൾ കഴിഞ്ഞിട്ടും മാറ്റിയില്ലെന്ന് പരാതി. ഇന്ന് പുലര്‍ച്ചേ അഞ്ചരയോടെയാണ് കോവിഡ് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വാര്‍ഡിലെ മറ്റ് രോഗികള്‍ വിവരെ അധികൃതരെ അറിയിച്ചെങ്കില്‍ മൃതദേഹം പൊതിഞ്ഞ് വാര്‍ഡില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.
അഞ്ചാം വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീപമാണ്. മൃതദേഹം മാറ്റാതെ ഭക്ഷണം വിളമ്പിയതിൽ മറ്റ് രോഗികള്‍ പ്രതിഷേധിച്ചു. ഭക്ഷണം കഴിക്കാതെയാണ് രോഗികള്‍ പ്രതിഷേധം അറിയിച്ചത്.
തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 391 പേർക്ക്
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പുതുതായി 391 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 378 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 303 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് 1,800 പേര്‍ പുതുതായ രോഗനിരീക്ഷണത്തിലായി. 1,450 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.
കൊല്ലത്ത് 87 പേർക്ക് കോവിഡ്
കൊല്ലം ജില്ലയിൽ ഇന്ന് 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 85 പേർക്കാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകനും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.ജില്ലയിൽ ഇന്ന് 57 പേർ രോഗമുക്തി നേടി. ആഗസ്റ്റ് 20 ന് മരണമടഞ്ഞ കൊല്ലം ആയൂർ സ്വദേശിനി രാജലക്ഷമി (63), ആഗസ്റ്റ് 23 ന് മരണമടഞ്ഞ കൊല്ലം പിറവന്തൂർ സ്വദേശി തോമസ് (81) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
പത്തനംതിട്ട ജില്ലയില്‍ 93 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .41 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്ന 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ആലപ്പുഴയിൽ 170 പേർക്ക് കോവിഡ്
ആലപ്പുഴ ജില്ലയിൽ ഇന്ന് 170 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 156 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. ഏഴു പേർ വിദേശത്തുനിന്നും ഏഴ് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 60 പേർ രോഗമുക്തി നേടി.
ഏറ്റവും കുറവ് രോഗബാധ ഇടുക്കിയിൽ
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ 37 പേർ ഇന്ന് രോഗമുക്തി നേടി.
കോട്ടയത്ത് ആകെ 1072 കോവിഡ് രോഗികള്‍; പുതിയതായി 86 പേര്‍
കോട്ടയം ജില്ലയില്‍ ഇന്ന് 86 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 84 പേര്‍, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാള്‍ എന്നിവര്‍ രോഗബാധിതരില്‍ ഉള്‍പ്പെടുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 23 പേര്‍ക്കാണ് നഗരസഭാ പരിധിയിൽ രോഗം ബാധിച്ചത്. ആര്‍പ്പൂക്കര-6 , തിരുവാര്‍പ്പ്, മാടപ്പള്ളി, ഏറ്റുമാനൂര്‍-4 വീതം, ചങ്ങനാശേരി, തൃക്കൊടിത്താനം, ഉദയനാപുരം- 3 വീതം എന്നിവയാണ് കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.
ജില്ലയിൽ ഇന്ന് 66 പേര്‍ രോഗമുക്തരായി. നിലവില്‍ 1072 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3089 പേര്‍ക്ക് രോഗം ബാധിച്ചു. 2014 പേര്‍ രോഗമുക്തരായി. ആകെ 12350 പേര്‍ ജില്ലയില്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
എറണാകുളത്ത് 163 പേർക്ക് രോഗം സ്ഥിരീകരിച്ചു
എറണാകുളം 25 ജില്ലയിൽ ഇന്ന് 163 പേർക്ക് രോഗം സ്ഥിരീകരിച്ചു. 128 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 85 പേർ ഇന്ന് രോഗ മുക്തി നേടി.
ഇന്ന് 920 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16029 ആണ്. 1969 പേരാണ് ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.
തൃശൂരിൽ പുതിയ രോഗ ബാധിതർ ഇരുന്നൂറിലധികം
തൃശൂർ ജില്ലയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200 കടന്നു. 227 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 90 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 223 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 17 പേരുടെ രോഗ ഉറവിടമറിയില്ല.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1077 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3450 ആണ്. ഇതുവരെ രോഗമുക്തരായത് 2338 പേരാണ്.
പാലക്കാട് 152 പേർക്ക് കോവിഡ്
പാലക്കാട് ജില്ലയിൽ ഇന്ന് 152 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 93 പേർക്കാണ് രോഗബാധ. 17 പേരുടെ രോഗ ഉറവിടം അറിയില്ല.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 30 പേർക്കും, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 12 പേർക്കും രോഗം സ്ഥിരീകരിച്ചു. 119 പേർ രോഗമുക്തി നേടി.
ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതർ മലപ്പുറത്ത്
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ 454 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 428 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 12 ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 27 പേരുടെ രോഗ ഉറവിടം അറിയില്ല. 401 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 20 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇപ്പോള്‍ 42,935 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. അതേ സമയം 240 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗം ഭേദമായി ഇന്ന് വീടുകളിലേക്ക് മടങ്ങിയത്.
കോഴിക്കോട് രോഗബാധിതർ ഇരുന്നൂറിലധികം
കോഴിക്കോട് ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടാം തവണയാണ് ജില്ലയിൽ ഒരു ദിവസം ഇരുന്നൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 218 പേര്‍ക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്ന് എത്തിയ 9 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്.
എട്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1534 ആയി. 140 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 97 പേര്‍ക്കും ഉറവിടം അറിയാത്ത 10 പേര്‍ക്കും രോഗം ബാധിച്ചു. ചോറോട് 57 പേര്‍ക്കും താമരശ്ശേരിയില്‍ 15 പേര്‍ക്കും ആയഞ്ചേരിയില്‍ 11 പേര്‍ക്കും പോസിറ്റീവായി.
വയനാട് ജില്ലയില്‍ 37 പേര്‍ക്ക് കോവിഡ്; 32 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.32 പേര്‍ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1363 ആയി. 1100 പേര്‍ രോഗമുക്തരായി. 255 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
കണ്ണൂരിൽ 150 പേർക്ക് കോവിഡ്; 92 പേര്‍ക്ക് രോഗമുക്തി
കണ്ണൂർ ജില്ലയില്‍ ഇന്ന് 150 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 92 പേര്‍ക്കു കൂടി രോഗമുക്തികൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 92 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1974 ആയി.
കാസർഗോട്ട് 99 പേര്‍ക്ക് കോവിഡ്
കാസർഗോഡ് ജില്ലയില്‍ ഇന്ന് 99പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 99 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 103 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 4351 പേരും സ്ഥാപനങ്ങളില്‍ 984 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5335 പേരാണ്. പുതിയതായി 540 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1500 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
4193 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3305 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 3083 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടി.
കോവിഡ് ബ്രിഗേഡ് ആദ്യസംഘം കാസർഗോട്ടേക്ക് തിരിച്ചു
കോവിഡ് പ്രതിരോധത്തിനായി കോവിഡ് ബ്രിഗേഡിന്റെ ആദ്യസംഘം കാസർഗോഡ് ജില്ലയിലേക്ക് തിരിച്ചു. പ്രത്യേക പരിശീലനം പൂർത്തിയാക്കിയ സഘം ഇന്ന് രാവിലെ പത്തിനാണു തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ചത്. മുഖ്യമന്ത്രി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
സന്നദ്ധ പ്രവർത്തകർ മുതൽ ആരോഗ്യപ്രവർത്തകർ വരെയുള്ളവർ ഉൾപ്പെടുന്നതാണ് കോവിഡ് ബ്രിഗേഡ് സംഘം. ഐസിയു, വെന്റിലേറ്റർ സഹായം നൽകൽ എന്നിവയിലടക്കം പരിശീലനം നേടിയവരാണ് ഇവർ. ആദ്യഘട്ടത്തിൽ കാസർഗോഡ് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാണ് ഇവരെ വിന്യസിക്കുക. കോവിഡ് ബ്രിഗേഡിലേക്ക് രജിസ്‌ട്രേഷൻ തുടരുകയാണ്.
കോവിഡ് മുക്തനായ വ്യക്തിക്ക് വീണ്ടും രോഗം; പുതിയ പഠനവുമായി വിദഗ്ധര്‍
ഏപ്രിലില്‍ കോവിഡ് ബാധിതനായി രോഗമുക്തി നേടിയ യുവാവിന് വീണ്ടും രോഗം പിടിപെട്ടതായി കണ്ടെത്തി. വിദേശ യാത്ര നടത്തിയതിനെത്തുടര്‍ന്നാണ് നാലു മാസത്തിന് ശേഷം ഇയാള്‍ക്ക് വീണ്ടും രോഗമുണ്ടായതെന്നാണ് ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
പൂര്‍ണമായും കോവിഡ് മുക്തനായതിന് ശേഷം വീണ്ടും രോഗബാധിതനായ സംഭവം ലോകത്തില്‍ ആദ്യമായാണ് രേഖപ്പെടുത്തപ്പെടുന്നതെന്ന് ഹോങ്കോംഗ് യൂണിവേഴ്‌സിറ്റി സംഘം പഠനത്തില്‍ പറയുന്നു. ഇയാളുടെ സ്വദേശം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.