തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിനടുത്താണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം. ഇതുവരെ ഒരു തവണ മാത്രമാണ് കേരളത്തിൽ രോഗികളുടെ പ്രതിദിന കണക്ക് 2000 കടന്നത്. ഈ നിലയും സ്വാഭാവികമാകുമെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ രോഗവ്യാപന തോത്. ഇന്ന് 1983 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്, 2000ന് 17 പേരുടെ കുറവ് മാത്രം. ഇതോടൊപ്പം ആശങ്ക വർധിപ്പിക്കുന്നതാണ് സമ്പർക്കരോഗികളുടെ തോതും ഉയരുന്നത്. ഇന്ന് 1777 പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. ഇവരിൽ തന്നെ 109 പേരുടെ രോഗ ഉറവിടം വ്യക്തമല്ല എന്നതും ആരോഗ്യവകുപ്പിനും പ്രതിരോധ സംവിധാനങ്ങൾക്കും തലവേദനയാകും.

കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ചുള്ള 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ചികിത്സയിലായിരുന്ന 1419 പേർ രോഗമുക്തി നേടി. ഇതോടെ 18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,247 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,76,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,61,790 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,140 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2128 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala Covid Tracker: ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിദിന കണക്ക്

കേരളത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇതുവരെ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് 1983 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പർക്കം വഴി കോവിഡ് ബാധിച്ചവരുടെ എണ്ണം 1777 ആണ്.

Kerala Covid Tracker: രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 429
മലപ്പുറം – 335
എറണാകുളം – 165
കോഴിക്കോട് – 158
ആലപ്പുഴ – 155
കോട്ടയം – 136
തൃശൂര്‍ – 119
കാസര്‍ഗോഡ് – 105
പാലക്കാട്- 83
കൊല്ലം – 82
പത്തനംതിട്ട – 78
കണ്ണൂര്‍ – 78
ഇടുക്കി – 34
വയനാട് – 26

Kerala Covid Tracker: 1777 സമ്പർക്ക രോഗികൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ,

തിരുവനന്തപുരം – 411
മലപ്പുറം – 318
കോഴിക്കോട് – 146
എറണാകുളം – 144
കോട്ടയം – 127
ആലപ്പുഴ – 124
തൃശൂര്‍ – 104
കാസര്‍ഗോഡ് – 95
കൊല്ലം – 77
കണ്ണൂര്‍ – 72
പത്തനംതിട്ട – 68
പാലക്കാട് – 60
ഇടുക്കി – 16
വയനാട് – 15

Also Read: മതപരമായ കാര്യങ്ങൾ വരുമ്പോൾ മാത്രം കോവിഡ് ഭീഷണി; വിമർശനവുമായി സുപ്രീംകോടതി

35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 14, മലപ്പുറം ജില്ലയിലെ 6, തൃശൂര്‍ ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട്, വയനാട് ജില്ലകളിലെ 2 വീതവും, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 7 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും രോഗം ബാധിച്ചു.

Kerala Covid Tracker: രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം- 258
കൊല്ലം – 54
പത്തനംതിട്ട – 37
ആലപ്പുഴ – 67
കോട്ടയം – 93
ഇടുക്കി – 18
എറണാകുളം – 89
തൃശൂര്‍ – 55
പലക്കാട് – 144
മലപ്പുറം – 319
കോഴിക്കോട്- 163
വയനാട് – 44
കണ്ണൂര്‍ – 44
കാസര്‍ഗോഡ് – 34

Kerala Covid Tracker: 12 കോവിഡ് മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 15ന് മരണമടഞ്ഞ ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര സ്വദേശി സദാനന്ദന്‍ (62), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍ (78), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് കുട്ടി (78), കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസ (69), മലപ്പുറം രണ്ടത്താണി സ്വദേശിനി അയിഷാമ്മ (54), മലപ്പുറം ചെറിയമുണ്ട സ്വദേശി ഇന്തിന്‍കുട്ടി (71), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇക്ബാല്‍ (58), ആഗസ്റ്റ് 19ന് മരണമടഞ്ഞ കോഴിക്കോട് തിക്കോടി സ്വദേശി മുല്ലക്കോയ തങ്ങള്‍ (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ മലപ്പുറം ചേലാമ്പ്ര സ്വദേശിനി ദേവകി അമ്മ (94), ആഗസ്റ്റ് 16ന് മരണമടഞ്ഞ കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് കോയ (55), കോഴിക്കോട് മാവൂര്‍ സ്വദേശിനി പി.ടി. സുലു (49), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി ഷൈന്‍ ബാബു (47) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 203 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Kerala Covid Tracker: 1,76,930 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,76,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,61,790 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,140 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2128 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Kerala Covid Tracker: പരിശോധനയും വര്‍ധിപ്പിക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,825 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 13,49,071 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,58,528 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Kerala Covid Tracker: 32 പുതിയ ഹോട്ട്സ്‌പോട്ടുകൾ

ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എട്ട് പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിലവില്‍ 607 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോട്ടയം

 • നെടുംകുന്നം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6)
 • പനച്ചിക്കാട് (18)
 • കുമരകം (7)
 • ഇരാറ്റുപേട്ട (9, 11, 12)
 • തീക്കോയി (13)
 • രാമപുരം (7, 8)
 • ഉഴവൂര്‍ (12)

കൊല്ലം

 • നെടുമ്പന (17)
 • ശൂരനാട് സൗത്ത് (5)
 • പേരയം (4, 5)
 • പെരിനാട് (1, 2, 20)
 • മേലില (9)

ഇടുക്കി

 • വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2)
 • ആലക്കോട് (സബ് വാര്‍ഡ് 2)
 • കാഞ്ചിയാര്‍ (സബ് വാര്‍ഡ് 3, 4, 10, 14)
 • ചക്കുപള്ളം (സബ് വാര്‍ഡ് 4, 5, 6),

കാസര്‍ഗോഡ്

 • ബളാല്‍ (12, 13,15)
 • ബെള്ളൂര്‍ (7)
 • പനത്തടി (7, 8, 14)

തൃശൂര്‍

 • എറിയാട് (13)
 • മാടക്കത്തറ (സബ് വാര്‍ഡ് 4)
 • തെക്കുംകര (13)

എറണാകുളം

 • നെടുമ്പാശേരി (18)
 • കൂവപ്പടി (4)
 • പെരുമ്പാവൂര്‍ (21)

വയനാട്

 • നെന്മേനി (15 (സബ് വാര്‍ഡ്), 18, 19, 20)
  കോട്ടത്തറ (7, 8)

ആലപ്പുഴ

 • കൈനകരി (10)
  നെടുമുടി (2)

തിരുവനന്തപുരം

 • കാഞ്ഞിരംകുളം (1, 10)

മലപ്പുറം

 • വാഴയൂര്‍ (3, 4, 12)

പത്തനംതിട്ട

 • നിരണം (12)

8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

പാലക്കാട് : പൊല്‍പ്പുള്ളി (വാര്‍ഡ് 1, 2, 11), മങ്കര (9), തച്ചമ്പാറ (1, 10, 12), കോട്ടായി (3, 9),

തൃശൂര്‍ : ആളൂര്‍ (10, 15), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (1, 5, 11, 12, 13),

എറണാകുളം : തിരുവാണിയൂര്‍ (11), ആലപ്പുഴ ജില്ലയിലെ കുത്തിയതോട് (1)

Covid-19 Vaccine Tracker: കോവിഡ്: 40,000 പേരിൽ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി റഷ്യ

കോവിഡ് വാക്സിൻ പരീക്ഷണത്തിൽ നിർണായക ചുവടുവെപ്പുമായി റഷ്യ. ഇതിനകം അംഗീകാരം ലഭിച്ച വാക്സിൻ സ്പുട്നിക്-അഞ്ച്, മൂന്നാം ഘട്ടത്തിൽ 40,000 പേരിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് തങ്ങളെന്ന് റഷ്യ അറിയിച്ചു. മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ‌്യൂട്ട് വികസിപ്പിച്ച വാക്സിന് ഓഗസ്റ്റ് 11നാണ് റഷ്യ അംഗീകാരം നൽകിയത്. ഘട്ടം 1, ഘട്ടം -2 മനുഷ്യ പരീക്ഷണങ്ങൾക്ക് മാത്രമേ വാക്സിൻ വിധേയമായിട്ടുള്ളൂ. മൂന്നാം ഘട്ടത്തിന് മുൻപായാണ് അംഗീകാരം നൽകിയത്.

വാക്സിൻ വേണ്ടത്ര പരീക്ഷണങ്ങൾക്ക് വിധേയമാക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പേരിൽ റഷ്യയ്‌ക്കെതിരെ ആഗോളതലത്തിൽ ഏറെ വിമർശനങ്ങൾ ഉയരുന്നുണ്ട്. കോവിഡ് വാക്സിനെ കുറിച്ച് ലോകാരോഗ്യ സംഘടന റഷ്യയോട് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. നിലവിൽ റഷ്യയുടെ സ്പുട്നിക് 5 വാക്സിനെ പറ്റി ഒരു വിലയിരുത്തലിലേക്ക് കടക്കാൻ ആകില്ലെന്നും, തുടർ ചർച്ചകൾ അനിവാര്യം എന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. വിശദമായി വായിക്കാം

തിരുവനന്തപുരത്ത് 429 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 429 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 394 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് 258 പേര്‍ രോഗമുക്തരായി

പത്തനംതിട്ടയില്‍ പുതുതായി 78 രോഗികള്‍

പത്തനംതിട്ട ജില്ലയില്‍ 78 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തുനിന്നും വന്നതും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വന്നതുമാണ്. ജില്ലയില്‍ ഇതുവരെ 2405 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1283 പേര്‍ സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണ്.

ഇന്ന് 27 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1881 ആണ്. പത്തനംതിട്ട ജില്ലക്കാരായ 514 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 499 പേര്‍ ജില്ലയിലും, 15 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഒരു കോവിഡ്-19 മരണം കൂടി സ്ഥിരീകരിച്ചു. 14 മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഊന്നുകല്‍ സ്വദേശിനി ലിസി തോമസ് (63) ആണ് മരിച്ചത്. ഇതുവരെ ഒന്‍പത് കോവിഡ് മരണങ്ങളാണു ജില്ലയിലുണ്ടായത്. മരണനിരക്ക് 0.37 ശതമാനമാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ നാലു കുട്ടികളും

പത്തനംതിട്ടയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരു വയസില്‍ താഴെയുള്ള നാലു കുട്ടികള്‍. തിരുവല്ലയില്‍ ഒമ്പതു മാസം പ്രായമായ കുട്ടിക്കും വകയാറില്‍ 40 ദിവസം മാത്രം പ്രായമായ ഇരട്ടകുട്ടികള്‍ക്കും മലയാലപ്പുഴയില്‍ നാലുമാസം പ്രായമായ ഒരു കുട്ടിക്കും രോഗം സ്ഥിരീകരിച്ചു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ അമ്മയില്‍ നിന്നാണ് തിരുവല്ല സ്വദേശിനിയായ ഒമ്പതു മാസം പ്രായമുള്ള കുട്ടിക്ക് രോഗം പിടിപെട്ടത്. വകയാര്‍ സ്വദേശിനികളായ 40 ദിവസം മാത്രം പ്രായമുള്ള ഇരട്ട കുട്ടികള്‍ക്ക് മുത്തച്ഛനില്‍ നിന്നാണ് രോഗം പിടിപെട്ടത്. മലയാലപ്പുഴയില്‍ എസ്റ്റേറ്റ് ക്ലസ്റ്ററില്‍ രോഗബാധ സ്ഥിരീകരിച്ച അമ്മയില്‍നിന്നാണ് നാലു മാസം പ്രായമായ കുട്ടിക്ക് രോഗം പിടിപെട്ടത്.

കുട്ടികളിലേക്കു രോഗം പകരാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു അത്യാവശ്യങ്ങള്‍ക്കല്ലാതെ കുട്ടികളുമായി പുറത്തിറങ്ങാന്‍ പാടില്ല. പരമാവധി മറ്റുള്ളവരുമായുള്ള കുട്ടികളുടെ സമ്പര്‍ക്കം ഒഴിവാക്കണം.

കൊല്ലത്ത് 77 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കൊല്ലം ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം മൂലം 77 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 54 പേര്‍ രോഗമുക്തി നേടി. ഇതുവരെ 2970 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതുവരെ മരിച്ചത് 15 പേര്‍.

ആലപ്പുഴയില്‍ 155 പേര്‍ക്ക് കോവിഡ്

ആലപ്പുഴ ജില്ലയില്‍ 155 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 123 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. അഞ്ച് പേര്‍ വിദേശത്തുനിന്നും 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗഉറവിടം വ്യക്തമല്ല.

ഇന്ന് 67 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍
59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. ആകെ 1864 പേരാണ് ചികിത്സയിലുണ്ട്. 2280 പേര്‍ രോഗമുക്തരായി.

കോട്ടയത്ത് ഇന്നും നൂറിന് മുകളിൽ

കോട്ടയം ജില്ലയിൽ ഇന്ന് 136 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടയത്ത് രോഗവ്യാപനം രൂക്ഷമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 128 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലകളില്‍നിന്നുള്ളവരാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ നാലു പേര്‍ വീതം കോവിഡ് ബാധിതരായി. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വിജയപുരം ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 19 പേര്‍ക്ക് രോഗം ബാധിച്ചു.

കോട്ടയം മുനിസിപ്പാലിറ്റി-16, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-8, അകലക്കുന്നം, തിരുവാര്‍പ്പ്, കിടങ്ങൂര്‍, പാമ്പാടി പഞ്ചായത്തുകള്‍-5 വീതം, ആര്‍പ്പൂക്കര, കൂരോപ്പട, മീനടം, കുമരകം, വാഴപ്പള്ളി പഞ്ചായത്തുകള്‍ -4 വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍. 92 പേര്‍ രോഗമുക്തരായി. നിലവില്‍ 977 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 2705 പേര്‍ക്ക് രോഗം ബാധിച്ചു. 1725 പേര്‍ രോഗമുക്തരായി. ആകെ 11004 പേര്‍ ജില്ലയില്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കി ജില്ലയിൽ 34 പേർക്ക് കൂടി കോവിഡ്

അതിർത്തി ജില്ലയായ ഇടുക്കിയിൽ ഇന്നും രോഗവ്യാപന തോത് കുറവാണെന്നത് ആശ്വാസം വാർത്തയാണ്. ഇന്ന് ജില്ലയിൽ 34 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. നാലുപേരുടെ ഉറവിടം വ്യക്തമല്ല എന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. കട്ടപ്പന നഗരത്തിലടക്കം കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കനത്ത പ്രതിരോധ പ്രവർത്തനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 19 പേർ ആശുപത്രി വിട്ടു.

എറണാകുളത്ത് 165 പേര്‍ക്ക് കോവിഡ്

എറണാകുളത്ത് ഇന്ന് 165 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 10 പേര്‍ വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 1812 പേരാണു കോവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 89 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇന്ന് 792 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 15764 ആണ്. ഇതില്‍ 13611 പേര്‍ വീടുകളിലും 190 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1963 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇനി 411 ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.

തൃശൂരില്‍ 33 പേരുടെ രോഗ ഉറവിടം അറിയില്ല

തൃശൂര്‍ ജില്ലയില്‍ ഇന്ന് 119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 111 പേരും സമ്പര്‍ക്കം വഴിയാണു രോഗബാധിതരായത്. ഇതില്‍ 33 പേരുടെ രോഗഉറവിടം അറിയില്ല. 55 പേര്‍ രോഗമുക്തരായി.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 779 ആണ്. തൃശൂര്‍ സ്വദേശികളായ 40 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2882 ആണ്. ഇതുവരെ രോഗമുക്തരായത് 2077 പേര്‍.

 

മലപ്പുറത്ത് 335 പേര്‍ക്ക് കൂടി കോവിഡ്; 319 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 323 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള 22 പേരുടെ രോഗ ഉറവിടം അറിയില്ല. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ടുപേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

319 പേര്‍ ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഇതുവരെ 3,842 പേരാണ് രോഗമുക്തരായത്. 40,582 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്. 2,474 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. 37,435 പേര്‍ വീടുകളിലും 1,195 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്. 2,050 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ഡിഎംഒയുടെ കോവിഡ് ഫലം നെഗറ്റീവ്

മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയെുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. കരിപ്പൂര്‍ വിമാനാപകട രക്ഷാ പ്രവര്‍ത്തനത്തിലും കലക്ടറേറ്റില്‍ നടന്ന അവലോകന യോഗങ്ങളിലും പങ്കെടുത്തതിനെത്തുടര്‍ന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറായ ഡോ. കെ സക്കീന നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഓഗസ്റ്റ് 11 മുതല്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി തിങ്കളാഴ്ച തിരികെ ജോലിയില്‍ പ്രവേശിക്കും.

കോവിഡ് സ്ഥിരീകരിച്ച കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ. എസ് അഞ്ജു എന്നിവരും കലക്ടറേറ്റിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥരും ചികിത്സയില്‍ കഴിയുകയാണ്.

കോഴിക്കോട്ട് 158 പേര്‍ക്ക് രോഗം; 163 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 136 പേര്‍ക്ക് രോഗം ബാധിച്ചു. വിദേശത്തുനിന്ന് എത്തിയ ഏഴുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

1140 കോഴിക്കോട് സ്വദേശികളാണ് നിലവില്‍ ചികിത്സയിലുള്ളത്.
പുതുതായി വന്ന 875 പേര്‍ ഉള്‍പ്പെടെ 14837 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത് 1119 പേര്‍. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 5748 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണ്‍: ജാഗ്രത പോര്‍ട്ടലില്‍ സംവിധാനം

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകള്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിശ്ചയിക്കാന്‍ ജാഗ്രതാപോര്‍ട്ടലില്‍ സംവിധാനം ഏര്‍പ്പെടുത്തി. സംവിധാനം വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പരിചയപ്പെടുത്തി.

നിലവില്‍ ദുരന്ത നിവാരണ വിഭാഗവും ആരോഗ്യ വിഭാഗവും പൊലിസും ഉള്‍ക്കൊള്ളുന്ന ജില്ലാ തല സമിതി അവലോകനം ചെയ്താണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത്. പുതിയ സംവിധാനത്തില്‍ വാര്‍ഡ് തലത്തിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന ആര്‍.ആര്‍.ടികള്‍ക്ക് കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്ന കാര്യത്തില്‍ പങ്കാളിത്തം കൈവരും.

ഓരോ പ്രദേശത്തേയും കോവിഡ് പോസിറ്റീവ് കേസുകള്‍ ആര്‍.ആര്‍.ടികള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അതത് സമയങ്ങളില്‍ തന്നെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. രോഗികളുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവരെ കണ്ടെത്തി അവരുടെ പേരുവിവരങ്ങളും പോര്‍ട്ടലില്‍ ചേര്‍ക്കും. രോഗികളുടെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെടുന്നവരുടേയും സ്ഥലങ്ങള്‍ അടയാളപ്പെടുത്തി മാപ്പ് തയാറാക്കാന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്.

ഇങ്ങനെ തയ്യാറാക്കുന്ന മാപ്പ് അതത് തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ സമര്‍പ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. രോഗം ഭേദമാവുന്നവരുടെ പേരുകള്‍ പോര്‍ട്ടലില്‍ നിന്ന് നീക്കം ചെയ്യുന്നതിനനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണ്‍ ഇളവ് അനുവദിക്കും.

വയനാട്ടില്‍ 44 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1271 ആയി.

44 പേര്‍ ഇന്ന് രോഗമുക്തി നേടി. ആകെ 946 പേര്‍ രോഗമുക്തരായി. 318 പേരാണ് ചികിത്സയിലുള്ളത്. 309 പേര്‍ ജില്ലയിലും ഒന്‍പതു പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. മൊത്തം 3300 പേരാണു നിരീക്ഷണത്തിലുള്ളത്.

കണ്ണൂരില്‍ 78 പേര്‍ക്കു കൂടി രോഗം

കണ്ണൂര്‍ ജില്ലയില്‍ 78 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 72 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ 2513 പേര്‍ക്കാണു ജില്ലയില്‍ രോഗം ബാധിച്ചത്.

ഇന്ന് 44 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1713 ആയി.നിലവില്‍ 698 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ആശുപത്രികളിലും വീടുകളിലുമായി 9287 പേര്‍ നിരീക്ഷണത്തിലുണ്ട്.

റിവേഴ്സ് ക്വാറന്റൈന്‍ ശക്തമാക്കണം: ഡിഎംഒ

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ്് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിവേഴ്സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വാര്‍ഡ് തല ജാഗ്രാതാസമിതികള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നു ഡിഎംഒ ആവശ്യപ്പെട്ടു.

60 വയസിന് മുകളിലും 10 വയസിന് താഴെയും പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ശ്വാസകോശ രോഗമുള്ളവര്‍, വൃക്കരോഗികള്‍, പ്രമേഹരോഗികള്‍, ഹൃദ്രോഗികള്‍ തുടങ്ങി റിവേഴ്സ് ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാനുളള സാധ്യതകള്‍ പൂര്‍ണമായും ഒഴിവാക്കണം. ഇവര്‍ സ്വന്തം വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് മറ്റുള്ളവര്‍ ഉറപ്പുവരുത്തണം.

കല്യാണങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, ആളുകള്‍ ഒരുമിച്ചുകൂടുന്ന മറ്റ് ആഘോഷങ്ങള്‍ എന്നിവയില്‍നിന്ന് ഇവര്‍ മാറിനില്‍ക്കണം. ആശുപത്രികാര്യങ്ങള്‍ പോലെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തുപോകരുതെന്നും ഡിഎംഒ നിര്‍ദേശിച്ചു.

സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം

ജില്ലയില്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെും ചികിത്സ തേടാമെന്ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
മുഴുവന്‍ രോഗികളെയും ഉള്‍ക്കൊളളാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ നിര്‍ദേശം.

ജില്ലയില്‍ ഏതാനും സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ മുന്നോട്ടുവരണമെന്ന് ഡിഎംഒ അഭ്യര്‍ഥിച്ചു.

കാസര്‍ഗോട്ട് 105 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതില്‍ 95 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 3772 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 507 പേര്‍ വിദേശത്ത് നിന്നെത്തിയവരും 361 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 2904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്.

തലപ്പാടി അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കോവിഡ് പരിശോധനയില്‍ ഇന്ന് രണ്ടുപേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ബുധാഴ്ച ആരംഭിച്ച ആന്റിജന്‍ പരിശോധനാ കേന്ദ്രത്തില്‍ ഇതുവരെ 107 പേരെയാണ് പരിശോധിച്ചത്. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെയാണ് പരിശോധനാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

ഇന്ന് 27 പേര്‍ രോഗമുക്തരായി. ഇവര്‍ ഉള്‍പ്പെടെ 2791 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി. ജില്ലയില്‍ ആകെ 5354 പേരാണ് നിരീക്ഷണത്തിലുള്ളത്. 520 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

മീന്‍വില്‍പ്പനക്കാര്‍ക്കായി വിപുലമായ പരിശോധനാ സംവിധാനം

തീരദേശ മേഖലകളില്‍ കോവിഡ് രോഗവ്യാപനം തീവ്രമായതിന്റെ അടിസ്ഥാനത്തില്‍ മീന്‍വില്‍പ്പനക്കാര്‍ക്കായി വിപുലമായ പരിശോധനാ സംവിധാനം
ഒരുക്കി ആരോഗ്യവകുപ്പ്.

പരിശോധനാ ഫലം നെഗറ്റീവായാല്‍ മാത്രമേ മീന്‍വില്‍പ്പന നടത്താന്‍ പാടുള്ളൂവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ഇതേത്തുടര്‍ന്ന് കൂടുതല്‍ ആന്റിജന്‍ പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. കടപ്പുറത്തു നിന്നം മീന്‍വില്പനക്കായി  മറ്റു സ്ഥലങ്ങളിലേക്കു പോകുന്നവര്‍ 21 ദിവസത്തിലൊരിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണം. കസബ കടപ്പുറം, കോട്ടിക്കുളം, അജാനൂര്‍, തൈക്കടപ്പുറം, മടക്കര ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.