തിരുവനനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡൽഹി: കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.

‘ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. അതിനാല്‍ കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ല’, ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയില്ലെന്നും ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കുന്നതായും കോടതി പറഞ്ഞു.

കാസര്‍ഗോഡും കോട്ടയത്തും വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. കാസര്‍കോടും കോട്ടയത്തും ചികിത്സയിലായിരുന്ന രണ്ടുപേരാണ് മരിച്ചത്. കാസര്‍ഗോഡ് പൈവളിഗ സ്വദേശി അബ്ബാസ് (74) ഇന്നലെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയേയും ശ്വാസ തടസത്തേയും തുടർന്നാണ് ഇയാളെ മംഗൾപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന കട്ടപ്പന സുവർണഗിരി സ്വദേശി ബാബു (58) ഇന്നലെ രാത്രിയാണ് മരിച്ചത്. പ്രമേഹത്തെ തുടർന്ന് കാൽ മുറിച്ചു മാറ്റാനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് ബാധിതരായ ഗർഭിണികളുടെ ചികിത്സയ്ക്കു പ്രത്യേക സൗകര്യം

കോവിഡ് ബാധിതരായ ഗർഭിണികൾക്കായി ജില്ലയിൽ പ്രത്യേക ചികിത്സാ സൗകര്യം ഏർപ്പെടുത്തി. ഏഴു മാസം വരെയുള്ള ഗർഭിണികൾക്കു പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിലും ഏഴു മാസം മുതൽ പ്രസവം വരെ പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. അനുബന്ധ രോഗബാധിതരായവർക്കു തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയിലും സൗകര്യമൊരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു.

കോവിഡ് ബാധിതരല്ലാത്ത ഗർഭിണികൾക്കു ജില്ലയിൽ ലഭ്യമായ മറ്റു സൗകര്യങ്ങൾ ഉപയോഗിക്കാം. കണ്ടൈൻമെന്റ് സോണിൽ താമസിക്കുന്നവരും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം കോവിഡ് പരിശോധന നടത്തിയശേഷമേ ആശുപത്രിയിൽ പോകാവൂ.

കോവിഡ് സമ്പർക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഗർഭിണികൾക്കു പ്രത്യേക ശ്രദ്ധ വേണം. ശുചിമുറി സൗകര്യമുള്ള, വായു സഞ്ചാരമുള്ള മുറിയിൽ കഴിയണം. വീട്ടിലുള്ള മറ്റുള്ളവരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടരുത്. ലഘുവ്യായാമങ്ങൾ മുറിക്കുള്ളിൽത്തന്നെ ചെയ്യുക. പോഷക സമൃദ്ധമായ ആഹാരം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ആശുപത്രി സന്ദർശനം നടത്താവൂ. ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ച ശേഷം അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.