തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/തൃശൂർ: സംസ്ഥാനത്തെ ഭരണതലത്തിലും കോവിഡ്-19 ഭീഷണി ഉയര്‍ത്തിയ ദിനമാണ് കടന്ന് പോകുന്നത്. മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്പീക്കറുമാണ് സ്വയം നിരീക്ഷണത്തില്‍ പോകേണ്ടി വന്നത്. സംസ്ഥാനത്ത് കൊറോണവൈറസ് നിര്‍വ്യാപനത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്നവരാണ് സ്വയം നിരീക്ഷണത്തില്‍ പോകേണ്ടി വന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
കരിപ്പൂര്‍ വിമാന അപകടം നടന്ന സ്ഥലം ഗവര്‍ണര്‍ ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ള സംഘം സന്ദര്‍ശിച്ചപ്പോള്‍ കലക്ടറും അവിടെ ഉണ്ടായിരുന്നതിനാലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടി വന്നത്. ഇതേതുടര്‍ന്ന്, മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദാക്കി.
മുഖ്യമന്ത്രിക്കു പുറമെ ആരോഗ്യ മന്ത്രി കെകെ ശൈലജ, മറ്റു മന്ത്രിമാരായ ഇപി ജയരാജൻ, ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, രാമചന്ദ്രൻ കടന്നപ്പള്ളി, വിഎസ് സുനില്‍ കുമാര്‍,കെടി ജലീല്‍ തുടങ്ങിയവരും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും സ്വയം നിരീക്ഷണത്തില്‍ കഴിയും. മുഖ്യമന്ത്രിയുടെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും നേതൃത്വത്തിലുള്ള സംഘത്തിൽ മന്ത്രിമാർക്കു പുറമെ ഡിജിപി ലോക്‌നാഥ് ബെഹ്റയും ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയും ഉണ്ടായിരുന്നു.
Read Also: സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; സമ്പർക്കം വഴി 1354 രോഗികൾ
ഗവര്‍ണര്‍ സ്വയം നിരീക്ഷണത്തില്‍ പോയിട്ടില്ല. അദ്ദേഹത്തിന് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമില്ലെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികളില്‍ മാറ്റമില്ല. അതേസമയം, മുഖ്യമന്ത്രി നാളെ സ്വാതന്ത്രദിന പരേഡില്‍ പതാക ഉയര്‍ത്തില്ല. നിരീക്ഷണത്തില്‍ ആയ മന്ത്രിമാരും അവര്‍ക്ക് നിശ്ചയിച്ചിരുന്ന ജില്ലകളിലെ പരേഡുകളില്‍ പങ്കെടുക്കില്ല.
അതേസമയം, രോഗം സ്ഥിരീകരിച്ചത് 1569 പേര്‍ക്കാണ്. സമ്പര്‍ക്കം വഴി പകര്‍ന്ന് 1354 പേര്‍ക്കും. പത്ത് പേരുടെ മരണം കോവിഡ്-19 മൂലമാണെന്നും സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് 310 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയില്‍ 310 പേര്‍ക്കാണ് രോഗ ബാധ. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കേസുകള്‍ കൂടി വരുന്ന പ്രവണതയാണ് കാണുന്നത്. ഇന്ന് ജില്ലയില്‍ പുതുതായി 1,856 പേര്‍ രോഗനിരീക്ഷണത്തിലായി. 1,447 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 16,935 പേര്‍ വീടുകളിലും 728 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 275 പേരെ പ്രവേശിപ്പിച്ചു. 350 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ ആശുപത്രികളില്‍ 2,792 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് 854 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അയച്ച 585 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 728 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
കോഴിക്കോട് 99 പേര്‍ക്ക് കോവിഡ്; 111 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 14) 99 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.*111 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ആറു പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 75 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്നു അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 28 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1216 ആയി.
ജില്ലയില്‍ 14,750 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. പുതുതായി വന്ന 379 പേര്‍ ഉള്‍പ്പെടെയാണിത്. ഇതുവരെ 82,095 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
4662 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 110770 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 104084 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 101328 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 6686 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 149 പേര്‍ ഉള്‍പ്പെടെ ആകെ 3266 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 625 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 2612 പേര്‍ വീടുകളിലും, 29 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 24 പേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 29081 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
വയനാട് 57 പേര്‍ക്ക് കോവിഡ്; 56 പേര്‍ക്കും സമ്പര്‍ക്ക രോഗബാധ
ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 33 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1034 ആയി. ഇതില്‍ 709 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരിച്ചു. നിലവില്‍ 322 പേരാണ് ചികിത്സയിലുള്ളത്. 306 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
കഴിഞ്ഞ രണ്ടാഴ്ചയില്‍ അധികമായി ജില്ലയെ ആശങ്കയില്‍ നിര്‍ത്തുന്ന വാളാട് സമ്പര്‍ക്കത്തിലുളള 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വാളാട് സ്വദേശികളായ 11 പേര്‍ക്കും ആലാറ്റില്‍ സ്വദേശികളായ 11 പേര്‍ക്കും രോഗം ഭേദമായിട്ടുണ്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 176 പേരാണ്. 189 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2759 പേര്‍. ഇന്ന് വന്ന 17 പേര്‍ ഉള്‍പ്പെടെ 315 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1281 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 31912 സാമ്പിളുകളില്‍ 29816 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 28782 നെഗറ്റീവും 1034 പോസിറ്റീവുമാണ്.
മലപ്പുറത്ത് കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും രോഗം
ജില്ലയില്‍ ഇന്ന് 198 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം തുടങ്ങിയവരുള്‍പ്പെടെ 18 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. ഇതില്‍ ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവര്‍ക്ക് പുറമെ നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 161 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ശേഷിക്കുന്ന 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതിനിടെ ജില്ലയില്‍ 424 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 2,751 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
33,763 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,472 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 70,136 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു
ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 79,961 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 77,219 പേരുടെ ഫലം ലഭ്യമായതില്‍ 70,136 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,629 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
പാലക്കാട് 33 അതിഥി തൊഴിലാളികള്‍ക്ക് രോഗം
ജില്ലയില്‍ ഇന്ന് കോഴിക്കോട് സ്വദേശിക്ക് ഉള്‍പ്പെടെ 180 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതുള്‍പ്പടെ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 151 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എട്ടു പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 10 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ ഒമ്പത് പേര്‍ , എന്നിവര്‍ ഉള്‍പ്പെടും. 91 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
കോഴിപ്പാറ അഹല്യ ആശുപത്രിയിലെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 12 ജീവനക്കാര്‍ക്് രോഗം സ്ഥിരീകരിച്ചു. ഇതില്‍ പത്ത് സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് ഉള്‍പ്പെടുന്നത്. ആലത്തൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചു
പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഞ്ചിക്കോട് സ്വകാര്യ കമ്പനിയില്‍ ജോലിക്ക് വന്ന 33 അതിഥി തൊഴിലാളികള്‍ക്കും 4 കഞ്ചിക്കോട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതുകൂടാതെ ഓഗസ്റ്റ് 11 ന് മരിച്ച കോട്ടായി സ്വദേശിക്ക് (64 പുരുഷന്‍) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 948 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര്‍ കോഴിക്കോട് ജില്ലയിലും അഞ്ചു പേര്‍ മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര്‍ തൃശൂര്‍ ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.
കാസര്‍ഗോഡ് ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നും ഒമ്പത് പേര്‍ വിദേശത്ത് നിന്നും വന്നതാണ്. മഞ്ചേശ്വരം പഞ്ചായത്തിലെ 34 വയസ്സുകാരിയാണ് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക. കൂടാതെ, മധൂര്‍ പഞ്ചായത്തിലെ 47 വയസ്സുകാരന്റെ ഉറവിടം ലഭ്യമല്ല.
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5171 പേരാണ്. വീടുകളില്‍ 3860 പേരും സ്ഥാപനങ്ങളില്‍ 1311 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5171 പേരാണ്. പുതിയതായി 264 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 986 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 898 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 238 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 51 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 51 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
കൊല്ലത്ത് ഇന്ന് 75 പേര്‍ക്ക് രോഗം
ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ രണ്ട് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 8 പേര്‍ക്കും സമ്പര്‍ക്കം മൂലം 65 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 26 പേര്‍ രോഗമുക്തി നേടി.
കൊല്ലം കോര്‍പ്പറേഷന്‍, ചടയമംഗലം, നിലമേല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
തൃശൂരില്‍ ആശങ്കയായി അമല ക്ലസ്റ്റര്‍, ഇന്ന് 18 പേര്‍ക്ക് രോഗം
ജില്ലയില്‍ വെളളിയാഴ്ച 80 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ രോഗമുക്തരായി. അതേസമയം, അമല ക്ലസ്റ്ററില്‍ നിന്നുള്ള രോഗ വ്യാപനം തുടരുന്നു. ഇന്ന് 18 പേര്‍ക്കാണ് ഇവിടെ നിന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്.
കോവിഡ്-19 ഡിസ്ഇന്‍ഫെക്ഷന്‍ യൂണിറ്റിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ആരോഗ്യം) മുഴുവന്‍ ജീവനക്കാര്‍ക്കും ആഗസ്റ്റ് 13 ന് ആന്റിജന്‍ ടെസ്റ്റ് നടത്തി. എല്ലാ ജീവനക്കാരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 497 ആണ്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2275 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1761 ആണ്. ആഗസ്റ്റ് 8 ന് ജൂബിലി മിഷന്‍ ആശുപത്രിയില്‍ മരണമടഞ്ഞ അരിമ്പൂര്‍ വെളളത്തൂര്‍ ആളൂക്കാരന്‍ വീട്ടില്‍ ജോര്‍ജ്ജിന് (65) കോവിഡ് സ്ഥിരീകരിച്ചു. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഡ്രൈവറായിരുന്ന ജോര്‍ജ്ജിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് സംസ്‌കരിച്ചു.
രോഗം സ്ഥിരീകരിച്ചവരില്‍ 68 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററില്‍ നിന്ന് 18 പേര്‍ രോഗബാധിതരായി. ശക്തന്‍ 9, മിണാലൂര്‍ 8, ചാലക്കുടി ക്ലസ്റ്റര്‍ 4, അംബേദ്കര്‍ കോളനി വേളൂക്കര 1, പട്ടാമ്പി ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്കം 23 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത 4 പേരും വിദേശത്ത് നിന്ന് എത്തിയ 2 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 10 പേരും രോഗബാധിതരായി.
നിരീക്ഷണത്തില്‍ കഴിയുന്ന 9707 പേരില്‍ 9196 പേര്‍ വീടുകളിലും 511 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 118 പേരേയാണ് ബുധനാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 505 പേരെ വെളളിയാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 504 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
വെളളിയാഴ്ച (ആഗസ്റ്റ് 14) 2147 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 53853 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 53027 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 826 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 11351 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കൊവിഡിനെ പ്രതിരോധിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇനി തെര്‍മല്‍ ക്യാമറയും
കൊവിഡ് പ്രതിരോധം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെര്‍മല്‍ ക്യാമറ സ്ഥാപിച്ചു. സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി സ്ഥാപിച്ച തെര്‍മല്‍ ക്യാമറ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന തെര്‍മല്‍ ക്യാമറയാണ് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ സ്ഥാപിച്ചത്. മൂന്ന് മീറ്റര്‍ അകലത്തില്‍ നിന്ന് ഇത് യാത്രക്കാരുടെ ശരീര താപനില പരിശോധിക്കും. 37.2 ഡിഗ്രി സെല്‍ഷ്യസാണ് തെര്‍മല്‍ ക്യാമറയിലെ സാധാരണ താപനില. ക്യാമറക്ക് മുന്നിലൂടെ 37.2 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനിലയുള്ളവര്‍ കടന്നു പോവുമ്പോള്‍ അലാറം മുഴങ്ങും. കൂടാതെ ആ വ്യക്തിയുടെ മുഖം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും. കാമറയ്ക്ക് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിലാണ് കടന്നുപോവുന്നവരുടെ മുഖവും ശരീരോഷ്മാവും പ്രദര്‍ശിപ്പിക്കുന്നത്. ഒപ്റ്റികല്‍ ലെന്‍സ്, തെര്‍മല്‍ ലെന്‍സ് എന്നിവ അടങ്ങുന്നതാണ്് തെര്‍മല്‍ ക്യാമറ സംവിധാനം. നെറ്റിത്തടത്തിലെ ഊഷ്മാവ് മാത്രമാണ് ക്യാമറ അളക്കുക. അതിനാല്‍ ചൂടുള്ള പദാര്‍ഥങ്ങള്‍ കൈയിലുണ്ടെങ്കിലും പ്രശ്‌നമില്ല. തെര്‍മല്‍ ക്യാമറയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഓട്ടോമാറ്റിക് ആണ്.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രത്യേക താല്‍പര്യമെടുത്ത് ലഭ്യമാക്കിയ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് തെര്‍മല്‍ ക്യാമറ സ്ഥാപിച്ചത്.
റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എഡിഎം ഇ പി മേഴ്സി, സ്റ്റേഷന്‍ മാനേജര്‍ മനോജ് കുമാര്‍, സെക്ടെക് മാനേജര്‍ അനീഷ് ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ വിമാനത്താവളം, കലക്ടറേറ്റ് എന്നിവിടങ്ങളില്‍ ഇതിനോടകം തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
തൃശൂർ ശക്തൻ മാർക്കറ്റ് തുറക്കും; കർശന നിയന്ത്രണങ്ങൾ
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അടച്ചിട്ട തൃശൂർ ശക്തൻ മാർക്കറ്റ് തുറക്കുന്നു. ഓഗസ്റ്റ് 15 നു ശേഷം മാർക്കറ്റ് തുറക്കാൻ തീരുമാനിച്ചു. മന്ത്രി എ.സി.മൊയ്‌തീന്റെ നേതൃത്വത്തിൽ ചേർന്ന വ്യാപാരി-തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മാര്‍ക്കറ്റ് കമ്മിറ്റി രൂപീകരിച്ച ശേഷം വ്യാപാരികളുടെയും തൊഴിലാളികളുടെയും പട്ടിക തയാറാക്കി അധികാരികള്‍ക്ക് സമര്‍പ്പിക്കും. അതിന് ശേഷം നിബന്ധനകള്‍ക്ക് വിധേയമാണ് പച്ചക്കറി മാര്‍ക്കറ്റ് തുറക്കുക.
ആദ്യഘട്ടത്തില്‍ പച്ചക്കറി മാര്‍ക്കറ്റ് മാത്രമാണ് തുറക്കുക. മേയര്‍, കലക്‌ടർ, സിറ്റി കമ്മിഷണര്‍, ഡിഎംഒ, വ്യാപാരി-തൊഴിലാളി പ്രതിനിധികള്‍ എന്നിവരടങ്ങിയ കമ്മിറ്റി ഒരുക്കങ്ങള്‍ വിലയിരുത്തിയതിന് ശേഷം മാത്രമാവും പച്ചക്കറി മാര്‍ക്കറ്റ് തുറക്കുക. ഇതിന്റെ പ്രവര്‍ത്തനങ്ങളും തിരക്കും പരിശോധിച്ച് അനുകൂല സാഹചര്യമാണെങ്കില്‍ വരും ദിവസങ്ങളില്‍ മത്സ്യ-ഇറച്ചി മാര്‍ക്കറ്റുകളും തുറക്കും. കടകളുടെ എണ്ണവും തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തും. കോവിഡ് നെഗറ്റീവ് ആയ തൊഴിലാളികളേ മാർക്കറ്റിൽ വരാൻ പാടൂ. മാർക്കറ്റിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.
Covid-19 Russian Vaccine: റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ എന്നെത്തും?, എന്തൊക്കെയാണ് തടസ്സങ്ങള്‍?
ഇതരസംസ്ഥാനത്ത് നിന്നുള്ള ചരക്ക് സാധനങ്ങള്‍ക്ക് ചരക്കിറക്കാന്‍ സമയക്രമം ഏര്‍പ്പെടുത്തും. ചെറുകിട മാര്‍ക്കറ്റുകളിലേക്കുള്ള പച്ചക്കറി വിതരണത്തിലും നിയന്ത്രണങ്ങളുണ്ടാവും. അനൗണ്‍സ്‌മെന്റിനു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. 60 വയസ് കഴിഞ്ഞവരെ മാര്‍ക്കറ്റിനകത്ത് അനുവദിക്കില്ല. തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും ചുമട്ട് തൊഴിലാളികള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്. ഷിഫ്‌റ്റ് സമ്പ്രദായത്തിനനുസരിച്ച് തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കും. കടകളിൽ ആളുകൾ കൂടുന്നതിനു ശക്തമായ നിയന്ത്രണം ഏർപ്പെടുത്തും. ശക്തന്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും മാത്രമായി ആവശ്യമെങ്കില്‍ പ്രത്യേക ക്വാറന്റെെൻ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും യോഗത്തിനു ശേഷം മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിടും
തൃശൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ നാളെ അടച്ചിടുമെന്ന് അധികൃതര്‍. സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അണുവിമുക്തമാക്കുന്നതിനായാണ് ഡിപ്പോ അടച്ചിടുന്നത്. രോഗ വ്യാപനം സംബന്ധിച്ച മറ്റ് ആശങ്കയില്ലെന്നും അധികൃതര്‍.
തൃശൂരിലെ പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ
അവണൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് (ഭാഗികം), എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് , തോളൂര്‍ ഗ്രാമപഞ്ചായത്ത് 5, 9 വാര്‍ഡുകള്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 4,5 വാര്‍ഡുകള്‍ (ഭാഗികം), വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 1,3,17 വാര്‍ഡുകള്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് 10,15 വാര്‍ഡുകള്‍, പരിയാരം ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ്, കൊരട്ടി ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡ് (ഭാഗികം), 19-ാം വാര്‍ഡ് (ഭാഗികം), ചാലക്കുടി നഗരസഭ 27,28 ഡിവിഷനുകള്‍, 14, 20, 21 ഡിവിഷനുകള്‍ (ഭാഗികം) എന്നിവയെ പുതിയ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു
രണ്ട് കോവിഡ് മരണം
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. കണ്ണൂർ പായം ഉദയഗിരി ഇലഞ്ഞിക്കല്‍ ഗോപിയും (64) കാസര്‍കോട് വൊര്‍ക്കാടി സ്വദേശി അസ്മയുമാണ് (38) മരിച്ചത്. അസ്മ ഹൃദ്രോഗിയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു മരണം. ഇന്നലെ രാത്രിയാണ് കോവിഡ് പരിശോധന ഫലം വന്നത്.
പാലക്കാട് രോഗവ്യാപനം രൂക്ഷമാകുന്നു, പുതിയ നിയന്ത്രണ മേഖലകൾക്ക് സാധ്യത
കോവിഡ് രോഗികളുടെ എണ്ണം ദിവസം ഇരുനൂറ് കടക്കാന്‍ തുടങ്ങിയതോടെ പാലക്കാട്ട് കൂടുതല്‍ ക്ലസ്റ്ററുകൾ രൂപീകരിക്കേണ്ടിവരുമെന്ന് സൂചന. പട്ടാമ്പിക്ക് പുറമേ പുതുനഗരം, കോങ്ങാട് കേന്ദ്രീകരിച്ചാണ് രോഗവ്യാപനം. കഞ്ചിക്കോട്ട് അതിഥി തൊഴിലാളികളിലും കോവിഡ് പടരുകയാണ്.
പൂജപ്പുര സെൻട്രൽ ജയിലിലെ രോഗവ്യാപനം
പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യം അതീവ ഗുരുതരം. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതം. പുതുതായി 434 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം എണ്ണായിരത്തിലേറെയായി.
എറണാകുളത്തെ കോവിഡ് ക്ലസ്റ്ററുകളിലെ ഇളവുകൾ ഇന്ന് അറിയാം
എറണാകുളം ജില്ലയിലെ കോവിഡ് ക്ലസ്റ്ററുകളിലെ ഇളവുകൾ ഇന്ന് അറിയാം. മന്ത്രി വി.എസ്.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേരും.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.