scorecardresearch
Latest News

കോവിഡ്: ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി റെയിൽവവേ

ഇപ്പോൾ ട്രെയിനുകളിലുണ്ടായ തിരക്ക് വേനൽക്കാലത്ത് സാധാരണയുള്ള തിരക്കാണെന്ന് റെയിൽവേ വ്യക്തമാക്കി

കോവിഡ്: ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി റെയിൽവവേ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ വെട്ടിക്കുറയ്‌ക്കാനോ നിർത്തിവയ്ക്കാനോ പദ്ധതിയില്ലെന്ന് റെയിൽവേ. ഇപ്പോൾ ട്രെയിനുകളിലുണ്ടായ തിരക്ക് വേനൽക്കാലത്ത് സാധാരണയുള്ള തിരക്കാണെന്ന് റെയിൽവേ വ്യക്തമാക്കി. ഇതിൽ ആശങ്കയ്ക്ക് കാരണമൊന്നുമില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞു. തിരക്ക് ഒഴിവാക്കാൻ കൂടുതൽ ട്രെയിനുകൾ സർവീസിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19 കാരണം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹി, മുംബൈ തുടങ്ങിയ വലിയ നഗരങ്ങളിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ മടങ്ങി പോകുകയാണ്.

അതേസമയം രാജ്യത്ത് സാർവത്രിക വാക്സിനേഷൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. സർക്കാർ വാക്സിനുകൾ കയറ്റുമതി ചെയ്യുന്നതിന് വ്യക്തമായ കാരണമൊന്നുമില്ലെന്നും ഗാന്ധി പറഞ്ഞു. “വാക്സിനേഷൻ ആവശ്യമുള്ള എല്ലാവർക്കും ലഭ്യമാക്കണമെന്ന്” രാഹുൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം, അസ്ട്രസെനെക്ക വാക്‌സിനും അപൂര്‍വമായ രക്തം കട്ടപിടിക്കലുമായുള്ള ബന്ധം സംബന്ധിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യ ജാഗ്രതയിലാണ്. സമാനമായ സ്ഥതിയുണ്ടോയെന്ന് മനസിലാക്കാന്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനേഷനു ശേഷമുള്ള പാര്‍ശ്വഫലങ്ങളുമായി ബന്ധപ്പെട്ട ഡേറ്റയുടെ അവലോകനം വിപുലീകരിക്കുകയാണ് ഇതുസംബന്ധിച്ച രാജ്യത്തെ ഉന്നത സമിതി. അതിനിടെ, തങ്ങളുടെ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയുടെ മരുന്ന് നിയന്ത്രണ ഏജന്‍സിയുമായി ആശയവിനിമയം നടത്തിയെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

പുതിയ കോവിഡ്  കേസുകൾ വീണ്ടും ലക്ഷത്തിനു മുകളിൽ; മരണം 780

രണ്ടാം തരംഗത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരവെ നിയന്ത്രണ നടപടികള്‍ കടുപ്പിച്ച് കേന്ദസര്‍ക്കാരും സംസ്ഥാനങ്ങളും. ഇന്ന് രാവിലെ ഒന്‍പതിന് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ 1,31,968 കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 9,79,608 ആയി ഉയര്‍ന്നു. 1,19,13,292 പേര്‍ ഇതുവരെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 780 പേരാണ് മരിച്ചത്. ആകെ മരണം 1,67,642 ആയി.

വൈറസ് വ്യാപനം തടയാനായി പരിശോധനകള്‍ വന്‍തോതില്‍ കൂട്ടുന്നതിലും മൈക്രോ കണ്ടെയ്ന്‍മെന്റിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്.

പ്രതിരോധ കുത്തിവയ്പ് ദീര്‍ഘകാലവും നിരന്തരവുമായ ഒരു തന്ത്രമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ജ്യോതിബ ഫൂലെ (ഏപ്രില്‍ 11), ബി.ആര്‍.അംബേദ്കര്‍ (ഏപ്രില്‍ 14) എന്നിവരുടെ ജന്മവാര്‍ഷികങ്ങള്‍ക്കിടയില്‍ ‘വാക്‌സിനേഷന്‍ ഉത്സവം’ നടത്തണമെന്ന് ആവശ്യപ്പെട്ടു.

വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് ചില സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തര്‍ക്കത്തിനിടയിലാണ് ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടന്നത്. വാക്‌സിന്‍ വിതരണത്തില്‍ ചില സംസ്ഥാനങ്ങള്‍ പക്ഷപാതം ആരോപിക്കുമ്പോള്‍ ‘രാഷ്ട്രീയവല്‍ക്കരണം’, ‘നുണകള്‍ പ്രചരിപ്പിക്കുന്നു’ എന്നിവ ആരോപിച്ചാണ് കേന്ദ്രം തിരിച്ചടിച്ചത്.

Also Read: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരം കടന്നേക്കും: ആരോഗ്യവകുപ്പ്

ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.10 ശതമാനം

ഡൽഹിയിൽ 10 ദിവസത്തിനിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയർന്നു. മാർച്ച് 30നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനായിരുന്നെങ്കിൽ ഇന്നലെയത് 8.10 ശതമാനമാണ്. രാജ്യതലസ്ഥാനത്ത് ഇന്നലെ 7437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നവംബർ 19നുശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. നവംബർ 19നു  7546 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇന്നലെ 24 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 11157 ആയി. കഴിഞ്ഞ 10 ദിവസത്തിനിടെ 38386 പേർക്കാണ് ഡൽഹിയിൽ രോഗം ബാധിച്ചത്.

ജമ്മുകശ്മീരിലും കർണാടകയിലും രാത്രി കർഫ്യു

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിലെ എട്ട് ജില്ലകളിലെ നഗരപ്രദേശങ്ങളിൽ നാളെ മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി. ജമ്മു, ഉധംപുർ, കത്വ, ശ്രീനഗർ, ബാരാമുള്ള, ബുദ്ഗാമം, അനന്ത്നാഗ്, കുപ്‌വാര ജില്ലകളിലാണ് കർഫ്യു ഏർപ്പെടുത്തിയത്.

കർണാടകയിലെ നഗരങ്ങളിലും നാളെ മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി. ബെംഗളൂരു, മൈസൂർ, മംഗളുരു, കൽബുർഗി, ബിദർ, തുംകൂർ, ഉടുപ്പി-മണിപ്പാൽ നഗരങ്ങളിൽ  10 ദിവസത്തേക്കു രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരൊയാണു കർഫ്യുവെന്ന് മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ അറിയിച്ചു. കർണാടകയിൽ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ അയ്യായിരത്തിലെറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിലേറെ പേരും ബെംഗളൂരുവിലാണ്.

തെലങ്കാനയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 1000 രൂപ പിഴ ഈടാക്കുമെന്നു മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു അറിയിച്ചു. കോവിഡ് ടെസ്റ്റുകൾ വർധിപ്പിക്കാനും മുഴുവൻ കോവിഡ് മുന്നണി പ്രവർത്തകരും വാക്സിനെടുത്തുവെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രി അധികൃതരോട് നിർദേശിച്ചു.

അതിനിടെ, വൻ നഗരങ്ങളിൽനിന്ന് ആളുകൾ കൂട്ടപ്പലായനം നടത്തുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ ആറ് ദീർഘദൂര ട്രെയിൻ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന റെയിൽവേ നിർത്തി. ലോകമാന്യ തിലക് ടെർമിനസ്, കല്യാൺ, താനെ, ദാദർ, പൻവേൽ, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപനയാണു നിർത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus covid 19 kerala news wrap april 9