മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം ഒളവട്ടൂർ സ്വദേശിനി ആമിന (95) യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ഇന്നലെ രാത്രിയാണു മരിച്ചത്.
ഹൃദ്രോഗം, ഡീജനറേറ്റിവ് ഡിസ്ക് ഡിസീസ്, പിത്താശയ രോഗം, ഓസ്റ്റിയോപൊറോസിസ്, മൂത്രനാളി അണുബാധ എന്നിവ അലട്ടിയിരുന്ന ആമിനയെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 27നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം കണ്ടെത്തിയതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റിയ രോഗിക്ക് പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന് റംഡസവിര്‍ എന്നിവ നല്‍കിയിരുന്നു.
Read Also: മെസി ബാഴ്സ വിടുമോ? നാളെ അറിയാം; മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു പകരക്കാരനെ തേടി കൊമാൻ
സംസ്ഥാനത്ത് ഇന്നലെ വരെ 294 മരണമാണ് സർക്കാർ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ഏഴ് മരണം സ്ഥിരീകരിച്ചു. ഇന്നലെ 1530 പേര്‍ക്കാണു സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. മൊത്തം 23,488 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 1693 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗമുക്തിയവരുടെ മൊത്തം എണ്ണൺ 51,542.
ഇന്നലെരോഗം സ്ഥിരീകരിച്ചവരില്‍ 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 54 പേര് വിദേശ രാജ്യങ്ങളില്‍നിന്നും 80 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ എട്ട്, തിരുവനന്തപുരത്തെ ഏഴ്, കണ്ണൂരിലെ അഞ്ച്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മൂന്നു വീതം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 37 ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് അതിരൂക്ഷമായ ദിനങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 69,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 36,91,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ 819 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 65,228 ആയി. നിലവിൽ 7,85,996 പേർ രാജ്യത്ത് കോവിഡ് ചികിത്സയിലാണ്. 28,39,883 പേർ കോവിഡ് മുക്തി നേടി.
സ്കൂളുകൾ തുറക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ
കോവിഡിനെ നേരിടുന്നതിനു ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടംഘട്ടമായി തുറക്കണമെന്നും പൊതുജനാരോഗ്യ വിദഗ്ധരുടെ ശുപാർശ. ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡെമോളജിസ്റ്റ് എന്നിവർ ചേർന്നു കേന്ദ്ര സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലാണ് സ്കൂളുകൾ തുറക്കാനുള്ള ശുപാർശ. കുറച്ച് ആളുകൾക്കു മാത്രം രോഗം ബാധിച്ച പ്രദേശങ്ങളിൽ പോലും സ്കൂളുകൾ തുറക്കാവുന്നതാണ്. സാമൂഹിക അകലം, ഒന്നിടവിട്ട ദിവസങ്ങളിലെ ക്ലാസുകൾ തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ വേണമെന്നേയുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു.