തിരുവനന്തപുരം: രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഇന്ന് 1167 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് ഒരു മന്ത്രിയടക്കമുള്ളവര്‍ക്ക് സ്വയം നിരീക്ഷണത്തില്‍ പോകേണ്ടി വന്നു.
227 പേർക്കു കൂടി രോഗം സ്ഥിരീകരിച്ച തലസ്ഥാനത്ത് സംസ്ഥാന നിരക്കിനേക്കാള്‍ കൂടുതലാണ് രോഗവ്യാപന നിരക്ക്. മറ്റു മൂന്നു ജില്ലകളിൽ നൂറിലേറെ പേർക്കു വീതവും രോഗം സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിക്കുകയാണ്. 33 ആരോഗ്യ പ്രവർത്തകർക്കു കോവിഡ് ബാധിച്ചതും നല്ല സൂചനകളല്ല നൽകുന്നത്.
ഏറ്റുമാനൂരിലെയും തൃശൂരിലെയും ചന്തകള്‍ രോഗവ്യാപന കേന്ദ്രമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ സാമൂഹിക വ്യാപനത്തിലേക്ക് നയിച്ചതും പൂന്തുറയിലെ ചന്തയില്‍ നിന്നും ആരംഭിച്ച രോഗവ്യാപനമായിരുന്നുവെന്നത് കോട്ടയം, തൃശൂര്‍ ജില്ലകളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.
ഇന്ന് 888 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 55 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം ബാധിച്ച് നാലുപേർ മരിച്ചു. എറണാകുളം, കാസർഗോഡ്, ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. അതേസമയം, 679 പേർ കൂടി രോഗമുക്തരായി.
സംസ്ഥാനത്ത് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 888 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചുവെന്ന് കരുതുന്ന 55 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന 679 പേർ ഇന്നു രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം, കാസർഗോഡ്, ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് കോവിഡ് മൂലം മരിച്ചത്.
ഇതുവരെ രോഗം ബാധിച്ചത് 20096 പേർക്ക്
സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 20096 പേർക്കാണെന്ന് മുഖ്യമന്ത്രി. 10091 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 19,140 സാംപിൾ പരിശോധിച്ചു. 1,50,716 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇന്ന് 1,167 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 3,62,010 സാംപിൾ പരിശോധനയ്ക്കയച്ചു. സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകൾ 486 ആയി.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 227
കോട്ടയം – 118
മലപ്പുറം – 112
തൃശൂര്‍ – 109
കൊല്ലം – 95
പാലക്കാട് – 86
ആലപ്പുഴ – 84
എറണാകുളം – 70
കോഴിക്കോട് – 67
പത്തനംതിട്ട – 63
വയനാട് – 53
കണ്ണൂര്‍ – 43
കാസര്‍ഗോഡ് – 38
ഇടുക്കി – 7
കോവിഡ് നെഗറ്റീവ് ആയവർ
തിരുവനന്തപുരം – 170
കൊല്ലം – 70
പത്തനംതിട്ട – 28
ആലപ്പുഴ – 80
കോട്ടയം – 20
ഇടുക്കി – 27
എറണാകുളം – 83
തൃശൂര്‍ – 45
പാലക്കാട് – 40
മലപ്പുറം – 34
കോഴിക്കോട് – 13
വയനാട് – 18
കണ്ണൂര്‍ – 15
കാസർഗോഡ് – 36
Read More: വീണ്ടും ആയിരം കടന്ന് പ്രതിദിന കണക്ക്; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1167 പേർക്ക്, നാല് മരണം
കൊല്ലത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം
വിദേശത്ത് നിന്നും വന്ന 5 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 12 പേര്‍ക്കും സമ്പര്‍ക്കം മൂലം 78 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കരവാളൂര്‍ സ്വദേശിനിയും തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുമായ യുവതിയും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 70 പേര് രോഗമുക്തി നേടി.
കോഴിക്കോട്ട് 15 ഗര്‍ഭിണികള്‍ നിരീക്ഷണത്തില്‍
കോഴിക്കോട് ജില്ലയില്‍ ഇന്ന് 67 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 4 പേര്‍ക്കും കോവിഡ് ബാധിച്ചു. 43 പേര്‍ക്ക് സമ്പര്‍ക്കം വഴിയും ഉറവിടം വ്യക്തമല്ലാത്ത 7 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 688 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. 13 പേര്‍ക്ക് രോഗമുക്തിയുമുണ്ടായി.
2410 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 53762 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 51978 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 50708 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1784 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 251 പേര് ഉള്‍പ്പെടെ ആകെ 3878 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 620 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 3182 പേര് വീടുകളിലും, 76 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 24946 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
മലപ്പുറത്ത് 34 പേര്‍ക്ക് രോഗമുക്തി
112 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 42 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 34 പേര് ജില്ലയില്‍ രോഗമുക്തരായി. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ തുടരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,276 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
ജില്ലയില്‍ രോഗബാധിതരായി 589 പേര് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,875 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 791 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
35,276 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 703 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ 19,455 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 17,131 പേരുടെ ഫലം ലഭിച്ചു. 15,853 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,324 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ അറിയിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
വയനാട്ടിൽ മരണാനന്തര, വിവാഹ ചടങ്ങുകളില്‍നിന്ന് രോഗവ്യാപനം
വയനാട് ജില്ലയില്‍ ഇന്ന് (28.07.20) 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും വന്നവരാണ്. 18 പേര് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 454 ആയി. ഇതില്‍ 269 പേര് രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 184 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 176 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു. വാളാട് മരണാനന്തര- വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് സമ്പര്‍ക്കത്തിലുള്ള 42 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 18 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
എറണാകുളത്ത് 83 പേര്‍ക്ക് രോഗമുക്തി
എറണാകുളം ജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 83 പേര് രോഗ മുക്തി നേടി. ഇതില്‍ എറണാകുളം ജില്ലക്കാരായ 79 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 3 പേരും ഒരാള്‍ മറ്റ് ജില്ലക്കാരനും ഉള്‍പ്പെടുന്നു. ഇന്ന് 83 പേര് രോഗ മുക്തി നേടി. ഇതില്‍ എറണാകുളം ജില്ലക്കാരായ 79 പേരും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 3 പേരും, ഒരാള്‍ മറ്റ് ജില്ലക്കാരനുമാണ് .
ഇന്ന് 617 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1335 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12006 ആണ്. ഇതില്‍ 9962 പേര് വീടുകളിലും, 234 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1810 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 223 പേരെ പുതുതായി ആശുപത്രിയില്‍/ എഫ് എല്‍ റ്റി സി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 238 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 799 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 588 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 492 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 602 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
പാലക്കാട്ട് 442 പേർ ചികിത്സയിൽ
പാലക്കാട് ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 20 പേര് ഉള്‍പ്പെടുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 16 പേര്, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 34 പേര്, ഉറവിടം അറിയാത്ത നാലുപേര്‍, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 11 പേര് എന്നിവരാണ് ബാക്കി 64 പേരില്‍ ഉള്‍പ്പെടുന്നത്. കൂടാതെ ഇന്ന് 40 പേര്‍ക്ക് രോഗമുക്തി ഉള്ളതായി അധികൃതര്‍ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 442 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളിലും മൂന്നു പേര് വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയില്‍ ഉണ്ട്.
മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം
ജില്ലയിലെ കൊണ്ടോട്ടി ഉള്‍പ്പടെയുള്ള കോവിഡ് വ്യാപിച്ച പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണോയെന്ന് തുടര്‍ ദിവസങ്ങളിലെ പരിശോധനാ ഫലങ്ങളും രോഗവ്യാപന തോതും വിലയിരുത്തിയ ശേഷം മാത്രമേ നടപ്പാക്കുവെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന് പറഞ്ഞു.
ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം ഉണ്ടാവുകയും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്താല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. സാമൂഹവ്യാപനത്തിന്റെ ലക്ഷണങ്ങള്‍ ജില്ലയില്‍ ഇതുവരെ പ്രകടമായിട്ടില്ലെന്നും കലക്ടര്‍ വിശദീകരിച്ചു.
പൊന്നാനി, കൊണ്ടോട്ടി, നിലമ്പൂര്‍ നഗരസഭകളും, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 3, 12, 13, 18, 19 വാര്‍ഡുകള്‍, മമ്പാട് ഗ്രാമപഞ്ചായത്തിലെ 2, 3, 11, 12, 13 വാര്‍ഡുകള്‍, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ 3, 7, 8, 9, 10, 11, 12, 13, 15 വാര്‍ഡുകള്‍ തുടങ്ങിയ പ്രദേശങ്ങളാണ് ജില്ലയില്‍ കണ്ടെയ്ന്മെന്റ് സോണുകളായി തുടരുന്നത്.
പോസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊണ്ടോട്ടി നഗരസഭയില്‍ 500 ലധികം ആന്റിജെന്‍ ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കൊണ്ടോട്ടിയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. നിലമ്പൂര്‍ നഗരസഭയില്‍ 800 ലധികം ആന്റിജെന്‍ ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മുഴുവന്‍ സജീകരണങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. 248 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജമായിട്ടുള്ളത്. ഇവിടെ 6480 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രളയത്തെ നേരിടുന്നതിനുള്ള ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായിട്ടുണ്ട്. 8,000 ത്തോളം ആളുകളെ പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍ ഒരുക്കുകയാണ് ലക്ഷ്യം.
കടകള്‍ വൈകീട്ട് എട്ടുവരെ പ്രവര്‍ത്തിക്കാം
ബലിപെരുന്നാളിമടനുബന്ധിച്ച് ജൂലൈ 29, 30 തീയതികളില്‍ കണ്ടെയ്ന്മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെ പ്രവര്‍ത്തിപ്പിക്കുന്നതിന് കോവിഡ് മുഖ്യ സമിതി യോഗം അനുമതി നല്കി. കണ്ടെയ്ന്മെന്റ് സോണുകളില്‍ ഇതേ ദിവസങ്ങളില്‍ ആവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിപ്പിക്കാം.
കണ്ടെയ്ന്മെന്റ് സോണുകളിലെ ചിക്കന്‍ സ്റ്റാളുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. കണ്ടെയ്ന്മെന്റ് സോണുകളിലുള്ള ബാങ്കുകള്‍ കുറഞ്ഞ ജീവനക്കാരെ ഉപയോഗപ്പെടുത്തി രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിപ്പിക്കാം.
പൊന്നാനി നഗരസഭയിലെ 35 ഒഴികെയുള്ള വാര്‍ഡുകളില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണം ഒഴിവാക്കി. 35-ാം വാര്‍ഡിലുള്ള നിയന്ത്രണങ്ങള്‍ തുടരും.
യോഗത്തില്‍ എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത, ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് ടി.ജി ഗോകുല്‍, പി.എ.യു ജില്ലാ കോര്‍ഡിനേറ്റര്‍ പ്രീതി മേനോന്, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കെ. രാകേഷ് എന്നിവര്‍ പങ്കെടുത്തു.
ബലികര്‍മത്തിന് അഞ്ച് പേര് മാത്രം
വലിയ പെരുന്നാളിനോടനുബന്ധിച്ചുളള ബലികര്‍മ്മത്തിന് അഞ്ച് പേര് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന് ഉത്തരവിട്ടു. 2005ലെ ദുരന്ത നിവാരണ നിയമം – വകുപ്പ് 26 (2) 30 (2) (5), 34 എന്നിവ പ്രകാരമാണ് ഉത്തരവ്. ബലികര്‍മ വേളയിലും മാംസം വിതരണം ചെയ്ത് വീടുകളിലെത്തി വിതരണം ചെയ്യുമ്പോഴും മാസ്ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രോട്ടോക്കോള്‍ മുഴുവന്‍ പാലിക്കണം. കണ്ടെയ്ന്മെന്റ് സോണുകളില്‍ ബലികര്‍മം നടത്താന്‍ പാടില്ല. കണ്ടെയ്ന്മെന്റ് സോണിന് പുറത്ത് നിന്ന് ബലികര്‍മം നടത്തി പ്രോട്ടോക്കോള്‍ പാലിച്ച് മാംസവിതരണം നടത്താം.
കോവിഡ് രോഗിയുടെ നില അതീവ ഗുരുതരം
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈറസ് ബാധിതനായി ചികിത്സയിലുള്ള തേഞ്ഞിപ്പലം സ്വദേശി (67) യുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഹൃദയാഘാതമുണ്ടാവുകയും ഹൃദയത്തിന്റെ പമ്പിങ് കുറയുകയും ചെയ്ത ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഛര്‍ദ്ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 24 ന് ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജൂലൈ 25 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ചികിത്സ ആരംഭിക്കുകയും ചെയ്തു. നേരത്തെ പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം എന്‍.ഐ.വി ചികിത്സ നല്കുകകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായെങ്കിലും ജൂലൈ 28 ന് വീണ്ടും ആരോഗ്യനില മോശമായി. ഇപ്പോള്‍ വിദഗ്ധ ചികിത്സ നല്‍കിവരികയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വയംനിരീക്ഷണത്തില്‍
ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇന്ന് ജീവനക്കാര്‍ക്കായി നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ കൂടെ ജോലി ചെയ്തിരുന്നവരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
അതേസമയം, തിരുവനന്തപുരം കിന്‍ഫ്രയില്‍ 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 300 ജീവനക്കാരില്‍ രണ്ട് ദിവസമായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പൂവാര്‍ ഫയര്‍സ്റ്റേഷനിലെ ഒമ്പത് പേര്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ലെന്ന് കടകംപള്ളി
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തലസ്ഥാനത്ത് ലോക്ഡൗണ്‍ പിൻവലിക്കാൻ കഴിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇളവുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 222 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശിയായ 65 കാരന് മരിച്ചു.
കാസര്‍ഗോഡ് 38 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചു. എഴുപത് വയസുള്ള അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. ഏഴ് പേരുടെ ഉറവിടം ലഭ്യമല്ല. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. 36 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
1032 പേര് സ്ഥാപന നിരീക്ഷണത്തിലും 3096 പേര് വീടുകളില്‍ നിരീക്ഷണത്തിലുമായി ജില്ലയില്‍ 4128 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്റിനെന്റല്‍ സര്‍വ്വേ അടക്കം 784 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു.281 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 551 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. 350 പേരെ പുതുതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
നീലേശ്വരം നാളെ അടച്ചിടും
നീലേശ്വരം നഗരസഭയിലെ ഒരു ചുമട്ടുതൊഴിലാളി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് കൊവിഡ് 19 സ്ഥിതീകരിച്ച സാഹചര്യത്തില്‍ നാളെ ബുധനാഴ്ച നീലേശ്വരം അടച്ചിടുവാന്‍ തീരുമാനിച്ചു
നാഷണല്‍ ഹൈവേ നീലേശ്വരം പാലം മുതല്‍ കരുവാച്ചേരി പെട്രോള്‍ പമ്പ് വരെയും ഓര്‍ച്ച കോട്ടപ്പുറം ജംഗ്ഷന് മുതല്‍ മാര്‍ക്കറ്റ് വരെയും മാര്‍ക്കറ്റ് ജംഗ്ഷന് മുതല്‍ രാജാ റോഡ് തെരു റോഡ് ഉള്‍പ്പെടെ കോണ്‍വെന്റ് ജംഗ്ഷന് മുതല്‍ പട്ടേന ജംഗ്ഷന് വരെയും മൂന്നാംകുറ്റി ചൈനാക്ലേ റോഡ് വരെയുള്ള സ്ഥാപനങ്ങളാണ് അടച്ചിടേണ്ടത്
അതോടൊപ്പം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായും കുടുംബാംഗങ്ങളുമായും ബന്ധമുള്ള വ്യാപാരികളും ചുമട്ടുതൊഴിലാളികളും സമ്പര്‍ക്ക സാധ്യതയുള്ള മറ്റുള്ളവരും രണ്ടാഴ്ചത്തേക്ക് ക്വോറന്റി നില് പോകുവാനും തീരുമാനിച്ചു. നഗരസഭയില്‍ അടിയന്തരമായും വിളിച്ചുചേര്‍ത്ത് നഗരസഭ അധികൃതര്‍ പോലീസ് വ്യാപാരി വ്യവസായി പ്രതിനിധികള്‍ തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
അവശ്യ സര്‍വീസുകളായ മെഡിക്കല്‍; പാല്, പത്രം. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവ കോവിഡ് പ്രോട്ടോകോള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാവുന്നതാണ് ഈ തീരുമാനങ്ങളുമായി മുഴുവന്‍ ആളുകളും സഹകരിക്കണമെന്ന് നഗരസഭാ ചെയര്മാന് പ്രൊഫസര്‍ കെ പി ജയരാജന് അഭ്യര്‍ത്ഥിച്ചു.
കര്‍ണാടക പ്രവേശന പരീക്ഷ: കാഞ്ഞങ്ങാട് നിന്ന് 11 കെ എസ് ആര് ടി സി ബസ്
കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന ജില്ലയിലെ 343 വിദ്യാര്‍ഥികള്‍ക്കായി ജൂലൈ 30 31, ആഗസ്റ്റ് ഒന്ന് തീയ്യതികളില്‍ കാഞ്ഞങ്ങാട് നിന്ന് തലപ്പാടി വരെ 11 കെ എസ് ആര് ടി സി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
രാവിലെ 5.30 മുതല്‍ ഒരോ മിനിറ്റും ഇടവിട്ട് 11 ബസുകളാണ് ഒരുക്കിയിട്ടുള്ളത്. ആറ് ബസുകള്‍ കാഞ്ഞങ്ങാട് മാവുങ്കാല്‍ ചെര്‍ക്കള വഴിയും അഞ്ച് ബസുകള്‍ ചന്ദ്രഗിരി വഴിയുമാണ് തലപ്പാടിയിലെത്തുന്നത്. എവിടെ നിന്ന് വേണമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ബസില്‍ കയറാന്‍ അവസരമുണ്ട്. എവിടെ നിന്ന് വിദ്യാര്‍ഥികള്‍ കൈ കാണിച്ചാലും ബസുകള്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ബസില്‍ കയറുന്നവരെ തലപ്പാടിയില്‍ മാത്രമേ ഇറക്കു. പരീക്ഷ കഴിഞ്ഞ് തലപ്പാടിയില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വൈകീട്ട് അഞ്ച് മുതല്‍ കാഞ്ഞങ്ങാട് വരെയും കെ എസ് ആര് ടി സി ബസ് ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ബസില്‍ കയറാവുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു.
തലപ്പാടിയില്‍ നിന്ന് 7.30 ന് കര്‍ണ്ണാടക സര്‍ക്കാറിന്റെ വാഹനം പുറപ്പെടും. സംശയങ്ങള്‍ക്ക് ബംഗളൂരു- 08023462758, ജില്ലാ കണ്ട്രോള് റൂം 04994 255 001
ക്വാറന്റൈന് നിര്‍ബന്ധം
പരീക്ഷ എഴുതി തിരികെ എത്തുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം. വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പരീക്ഷകേന്ദ്രങ്ങളിലേക്ക് പോകാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നല്കിയാല് മടങ്ങിയെത്തുന്ന രക്ഷിതാക്കളും നിര്‍ബന്ധമായും 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം.
സ്വകാര്യ വാഹനങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് തടസ്സമില്ല. എന്നാല്‍ പരീക്ഷ കഴിഞ്ഞ് തിരികെ വരുമ്പോള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇവരും 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം.
തൃശൂരില്‍ 109 പേര്‍ക്ക് കൂടി കോവിഡ്; 45 പേര്‍ക്ക് രോഗമുക്തി
തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 28) 109 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 45 പേര് രോഗമുക്തരായി. 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1283 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 810 ആണ്.
കുന്നംകുളം ക്ലസ്റ്ററില്‍ നിന്ന് 14 പേര്‍ക്ക് രോഗം ബാധിച്ചു. ഇരിങ്ങാലക്കുട കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് 13 പേര്‍ക്കും ഇരിങ്ങാലക്കുട കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്നും പട്ടാമ്പി ക്ലസ്റ്ററില്‍ നിന്നും 9 പേര്‍ക്ക് വീതവും ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്ന് 5 പേര്‍ക്കും ചാലക്കുടി ക്ലസ്റ്ററില്‍ നിന്ന് 4 പേര്‍ക്കും ബിഎസ്എഫ് ക്ലസ്റ്ററില്‍ നിന്ന് ഒരാള്‍ക്കും മറ്റ് സമ്പര്‍ക്കം വഴി 24 പേര്‍ക്കും രോഗം ബാധിച്ചു. ഇതില്‍ 3 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 17 പേര്‍ക്കും ഇതരസംസ്ഥാനങ്ങില്‍ നിന്ന് തിരിച്ചെത്തിയ 13 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച 450 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 18 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 12792 പേരില്‍ 12329 പേര് വീടുകളിലും 463 പേര് ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 82 പേരെയാണ് ചൊവ്വാഴ്ച (ജൂലൈ 28) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 758 പേരെ ചൊവ്വാഴ്ച (ജൂലൈ 28) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1828 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ചൊവ്വാഴ്ച (ജൂലൈ 28) 1143 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 29235 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 27911 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1324 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 10316 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചൊവ്വാഴ്ച (ജൂലൈ 28) 444 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 55198 ഫോണ്‍ വിളികള്‍ ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നു. 100 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി.
ചൊവ്വാഴ്ച (ജൂലൈ 28) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 395 പേരെ ആകെ സ്ക്രീന്‍ ചെയ്തിട്ടുണ്ട്.
പെയ്ഡ് ക്വാറന്റൈന് സംവിധാനം
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പെയ്ഡ് ക്വാറന്റൈന് സംവിധാനം ആവശ്യമുളളവര്‍ നോഡല്‍ ഓഫീസറുമായി ബന്ധപ്പെടാം. വിദേശ രാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്കാണ് പെയിഡ് ക്വാറന്റൈന് സൗകര്യം ഒരുക്കിയിരിക്കുന്നത്. തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ടൂറിസമാണ് പെയിഡ് ക്വാറന്റൈന് സംവിധാനത്തിന്റെ നോഡല്‍ ഓഫീസര്‍. പെയിഡ് ക്വാറന്റൈന് സൗകര്യം ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഇമെയില്‍ വിലാസം paidiqtsr@gmail.com. ഫോണ്‍ നമ്പര്‍ – 04872 332419, 9446811371.
സി.എഫ്.എല്‍.ടി.സി, ആര്.ക്യു.എഫ്.സി കേന്ദ്രങ്ങള്‍ക്കായി
അഞ്ച് കെട്ടിടങ്ങള്‍ ഏറ്റെടുത്തു
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളും (സി.എഫ്.എല്‍.ടി.സി) പ്രായാധിക്യമുള്ളവരെയും അനുബന്ധ രോഗാവസ്ഥകളുള്ളവരെയും പ്രത്യേകം പരിപാലിക്കുന്നതിനായി റീവേഴ്സ് ക്വാറന്ൈറന് ഫെസിലിറ്റീസ് കേന്ദ്രങ്ങളും (ആര്.ക്യു.എഫ്.സി) സ്ഥാപിക്കുന്നതിനായി ജില്ലയില്‍ അഞ്ച് കെട്ടിടങ്ങള്‍ ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഉത്തരവായി. ചാലക്കുടി താലൂക്കിലെ മാള ഗ്രാമപഞ്ചായത്തില്‍ 200 കിടക്കകള്‍ സജ്ജീകരിക്കാവുന്ന അല്‍ഫോണ്‍സ ഹോസ്റ്റല്‍ ഏറ്റെടുത്തു. തൃശൂര്‍ താലൂക്കില്‍ കോലഴി ഗ്രാമപഞ്ചായത്തിലെ 50 കിടക്കകള്‍ സജ്ജീകരിക്കാവുന്ന പോട്ടോര്‍ വില്ലേജിലെ വെസ്റ്റ് ഫോര്‍ട്ട് നഴ്സിംഗ് സ്കൂള്‍ ഏറ്റെടുത്തു. കൂടാതെ തൃശൂര്‍ കോര്‍പറേഷനിലെ വിയ്യൂര്‍ വില്ലേജിലെ ചേറൂര് വിമല കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം (80 കിടക്കകള്‍), വെള്ളാനിക്കര വില്ലേജില്‍ കേരള കാര്‍ഷിക സര്‍വകലാശാല ഹോര്‍ട്ടികള്‍ച്ചര്‍ മെസ് ഹാള്‍ (80 കിടക്കകള്‍), അച്യുതമേനോന് ബ്ലോക്ക് (6080 കിടക്കകള്‍) എന്നിവയും ഏറ്റെടുത്തു. ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവ പ്രകാരമാണ് നടപടി.
ഈ കെട്ടിടങ്ങളില്‍ സി.എഫ്.എല്‍.ടി.സി, ആര്.ക്യു.എഫ്.സി കേന്ദ്രങ്ങളുടെ ഫലപ്രദമായ നടത്തിപ്പിനാവശ്യമായ ഭൗതിക സാഹചര്യം യഥാസമയം ഒരുക്കുന്നതിന്റെയും ഫലപ്രദമായ ദൈനംദിന നടത്തിപ്പിന്റെയും ചുമതല ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധ്യക്ഷന്‍ ചെയര്‍പേഴ്സനായ മാനേജിംഗ് കമ്മിറ്റി അടിയന്തിരമായി നിര്‍വഹിക്കേണ്ടതാണെന്ന് അറിയിച്ചു.
ഏറ്റുമാനൂരിലും സ്ഥിതി മോശം
കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മേഖലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇന്നലെ ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരായ 67 പേരില്‍ 45 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ രോഗബാധിതരില്‍ ഭൂരിഭാഗം പേര്‍ക്കും ലക്ഷണങ്ങളില്ലാത്തത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നിലവിലുള്ള കണ്ടെയ്ന്മെന്റ് സോണുകളായ 4, 27 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കാരണക്കാരി, മാഞ്ഞൂര്‍, അയര്‍ക്കുന്നം, അതിരമ്പഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഉള്‍പ്പെടുത്തി പ്രത്യേക ക്ലസ്റ്റര്‍ പ്രഖ്യാപിച്ചു.
ഏറ്റുമാനൂരില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ എംജി സര്‍വകലാശാലയില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ എല്ലാവരുടേയും ഫലം നെഗറ്റീവായി. 88 പേര്‍ക്കാണ് സര്‍വകലാശാലയില്‍ പരിശോധന നടത്തിയത്. സമ്പര്‍ക്ക സാധ്യത കൂടുതലുള്ള സെക്യൂരിറ്റി ജീവനക്കാര്‍, പൂന്തോട്ടം തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരുടേയും മറ്റ് ഉദ്യോഗസ്ഥരുടേയുമാണ് സ്രവമാണ് പരിശോധനയ്ക്കായി അയച്ചിരുന്നത്.
ജീവനക്കാരന് കോവിഡ്; എറണാകുളത്ത് ആർടിഒ ഓഫീസ് അടച്ചു
എറണാകുളം കളക്ടറേറ്റിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ആർടിഒ ഓഫീസിലെ ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കലക്ടറേറ്റിലെ ആർടിഒ ഓഫീസ് താത്കാലികമായി അടച്ചു. മോട്ടോർ വാഹനവകുപ്പിൽ അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടറായ ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു.
കോവിഡ് ചികിത്സ വീടുകളിൽ ലഭ്യമാക്കാനുള്ള മാർഗം തേടി സർക്കാർ
കോവിഡ് ചികിത്സ വീടുകളിൽ ലഭ്യമാക്കാനുള്ള മാർഗം തേടി സർക്കാർ. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾക്കായിരിക്കും വീടുകളിൽ ചികിത്സയൊരുക്കുക. ലക്ഷണങ്ങളില്ലാത്തവർക്കും ലഘുവായ ലക്ഷണങ്ങളുള്ളവർക്കും കോവിഡിന് വീട്ടുചികിത്സ ലഭ്യമാക്കാനുള്ള നടപടികളിലേക്ക് കേരളവും കടക്കുകയാണ്. ഇത് സംബന്ധിച്ച് മാർഗരേഖ തയാറാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നല്കി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് തീരുമാനം.
“സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ 60 ശതമാനം പേർക്കും രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ വീടുകളിൽ ചികിത്സിക്കാനുള്ള കാര്യം ആലോചിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലടക്കം ഇങ്ങനെയൊരു രീതിയുണ്ട്. അപകട സാധ്യത വിഭാഗത്തിൽ ഉൾപ്പെടാത്ത, രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് ബാധിതരെ വീട്ടിൽ ചികിത്സിക്കാമെന്ന് വിദഗ്ധരുടെ ഉപദേശമുണ്ട്. ആശുപത്രിയടുത്തുള്ള വീടുകളിൽ ഇങ്ങനെയൊരു സജ്ജീകരണം ഏർപ്പെടുത്താം. രോഗികളുടെ എണ്ണം വൻ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു ചികിത്സാരീതി നടപ്പിലാക്കാൻ സാധിക്കും”
Read Also: സുശാന്ത് സിങ്ങിന്റെ മരണം: കരൺ ജോഹറിനെ ചോദ്യം ചെയ്യും
പത്തനംതിട്ടയിൽ നിയന്ത്രണം കടുപ്പിക്കുന്നു
പത്തനംതിട്ട ജില്ലയിൽ വഴിയോര കച്ചവടം നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വീടുകൾ കയറിയുള്ള വിൽപന നേരത്തെ നിരോധിച്ചിരുന്നു.
ചെറുതോണി മേഖലയിൽ നിയന്ത്രണം
ഇടുക്കിയിലെ ചെറുതോണി ഗ്രാമത്തിൽ കോവിഡ് വ്യാപന ആശങ്ക. ചെറുതോണി കോളനിയിലെ 19 പേർക്ക് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചു. മേഖലയിൽ ജില്ലാ ഭരണകൂടം ട്രിപ്പിൾ ലോക്ക്ഡൗണ്‍
പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ചുമട്ട് തൊഴിലാളികൾക്കടക്കം 19 പേർക്കാണ് ചെറുതോണിയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ചെറുതോണി ടൗണിനടുത്തുള്ള കോളനിയിലാണ് ഈ 19 കേസുകളും.
Read Also: ടെലഗ്രാമിൽ പുതിയ മാറ്റങ്ങൾ; ഇനി പ്രൊഫെെൽ വീഡിയോയും അപ്ലോഡ് ചെയ്യാം
തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾ തുടരും
തിരുവനന്തപുരം നഗരത്തിലെ സമ്പൂർണ അടച്ചുപൂട്ടൽ തുടരാൻ ധാരണ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമുണ്ടോ എന്ന കാര്യം അന്വേഷിക്കും.
ബത്തേരിയിൽ ആശങ്ക
വയനാട്ടിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് വ്യാപനം. ബത്തേരിയിലെ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ചും വാളാട് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരിലുമാണ് രോഗം പടർന്ന് പിടിക്കുന്നത്. ജില്ലയിൽ ഇന്നും ആന്റിജൻ പരിശോധന തുടരും. ബത്തേരി ലാർജ്ജ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
ബത്തേരിയിലെ മലബാർ ട്രേഡിങ് കമ്പനിയിലെ 20 ജീവനക്കാർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ 300ൽ അധികം പേർ വരുമെന്നാണ് ഔദ്യോഗിക കണക്ക്. കടയിൽ വന്നുപോയവരെയെല്ലാം അടിയന്തരമായി കണ്ടെത്തുകയാണ് ആരോഗ്യവകുപ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന കടയുടെ ലൈസൻസ് സസ്പെഡ് ചെയ്യുന്നതായി ബത്തേരി മുനിസിപ്പാലിറ്റി അറിയിച്ചു.
Kerala 2020 SSLC/THSLC revaluation/scrutiny result declared: എസ്എസ്എൽസി പുനപരിശോധന ഫലം അറിയാം
വയനാട് മറ്റൊരു ആശങ്കയാണ് തവിഞ്ഞാൽ പഞ്ചായത്തിലെ രോഗവ്യാപനം. പഞ്ചായത്തില്‍ 92പേരില്‍ നടത്തിയ ആന്റിജൻ പരിശോധനയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് ഇവിടെ രോഗം കണ്ടെത്തിയിരുന്നു.
പ്രസവവാർഡിൽ കോവിഡ് വ്യാപനം
കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ രോഗികളുടെ എണ്ണം ഉയരുന്നു. കൂട്ടിരിപ്പുകാരിക്കും രോഗം സ്ഥിരീകരിച്ചതോടെ ഗൈനക്കോളജി വിഭാഗത്തിലെ രോഗബാധിതരുടെ എണ്ണം പതിമൂന്നായി. 55 ഡോക്ടർമാർ ഉൾപ്പെടെ 130 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലായി.