തിരുവനന്തപുരം: മഴക്കെടുതികൾ തുടരുന്നതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനവും രൂക്ഷമായി തുടരുകയാണ്. ഇന്ന് 1,251 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1,061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. തിരുവനന്തപുരത്ത് ഇന്ന് 289 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളിൽ ഇന്ന് നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തിന് പുറമെ കാസര്‍ഗോഡ്,  കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് നൂറിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 1,251 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1,251 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 1,061 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇതിൽ 73 രോഗികളുടെ ഉറവിടം വ്യക്തമല്ല. 814 പേർ ഇന്ന് രോഗമുക്തി നേടി.  18 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, കണ്ണൂര്‍ ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, വയനാട്, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും രോഗം ബാധിച്ചു. വിദേശത്ത് നിന്നെത്തിയ 77 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 94 പേര്‍ക്കും രോഗം ബാധിച്ചു.

ആഗസ്റ്റ് 2ന് മരണമടഞ്ഞ കണ്ണൂര്‍ സ്വദേശി സജിത്ത് (40), ആഗസ്റ്റ് 3ന് മരണമടഞ്ഞ മലപ്പുറം സ്വദേശി ഇമ്പിച്ചികോയ (68), തിരുവനന്തപുരം ഉച്ചക്കട സ്വദേശി ഗോപകുമാര്‍ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.ജി. ബാബു (60), ആഗസ്റ്റ് 6ന് മരണമടഞ്ഞ ആലപ്പുഴ ചേര്‍ത്തല സ്വദേശി സുധീര്‍ (63), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 102 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

12,411 പേരാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,151 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 Read More: സംസ്ഥാനത്ത് ഇന്ന് 1,251 പേർക്ക് കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം

 • തിരുവനന്തപുരം – 289
 • കാസര്‍ഗോഡ് -168
 • കോഴിക്കോട് -149
 • മലപ്പുറം -142
 • പാലക്കാട് -123
 • എറണാകുളം-82
 • ആലപ്പുഴ-61
 • വയനാട്-55
 • പത്തനംതിട്ട-39
 • കോട്ടയം-37
 • കൊല്ലം-36
 • തൃശൂര്‍-33
 • ഇടുക്കി-23
 • കണ്ണൂര്‍- 13

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം ജില്ലയിലെ 281 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 163 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 125 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 121 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 67 പേര്‍ക്കും, വയനാട് ജില്ലയിലെ 49 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 48 പേര്‍ക്കും, കോട്ടയം ജില്ലയിലെ 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 28 പേര്‍ക്കും, കൊല്ലം ജില്ലയിലെ 26 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 22 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 9 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 150 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 123 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 71 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 70 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 57 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 50 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 40 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 34 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 33 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 29 പേരുടെവീതവും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

1,49,684 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,38,030 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,654 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1570 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 27,608 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 27,608 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 9,36,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7135 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,34,512 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1906 പേരുടെ ഫലം വരാനുണ്ട്.

11 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 21), തൃക്കുന്നപ്പുഴ (15), അമ്പലപ്പുഴ നോര്‍ത്ത് (12), അരൂക്കുറ്റി (7), കഞ്ഞിക്കുഴി (18), തൃശൂര്‍ ജില്ലയിലെ കണ്ടാണശേരി (1), പടിയൂര്‍ (1, 7, 8), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (9, 25), കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ (10), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (5), എറണാകുളം ജില്ലയിലെ കവളങ്ങാട് (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി ( കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കുമരകം (10, 11), അയ്മനം (14), നീണ്ടൂര്‍ (8), ഇടുക്കി ജില്ലയിലെ മരിയാപുരം (7), കാമാക്ഷി (10, 11, 12), കൊന്നത്തടി (1, 18), വണ്ടന്‍മേട് (2, 3), കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (2, 3, 8), ചിതറ (എല്ലാ വാര്‍ഡുകളും), വെളിയം (13, 14, 16, 17, 18), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് (10, 11), മതിലകം (1), പത്തനംതിട്ട ജില്ലയിലെ പ്രമാടം (19), മെഴുവേലി (4), എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 506 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണുകളിൽ ഓഗസ്റ്റ് 16 വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരും

തിരുവനന്തപുരം ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണുകളിലും ഓഗസ്റ്റ് 16 വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓഗസ്റ്റ് പത്തു മുതല്‍ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും നിബന്ധനകളോടെ അനുമതി നല്‍കി. ചാല മാര്‍ക്കറ്റിലെ കടകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.

കൊല്ലം ജില്ലയിലെ കണ്ടയിന്‍മെന്‍റ് സോണുകളിലുള്ള സ്ഥിതിചെയ്യുന്ന കശുവണ്ടി ഫാക്ടറികള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വലിയ മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു. പട്ടണക്കാട് പഞ്ചായത്ത് പൂര്‍ണമായും കണ്ടെയിന്‍മെന്‍റ് സോണ്‍ ആക്കി.

തലസ്ഥാനത്ത് 289 പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 289 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 281 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 150 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ലഭിച്ചു. ഇന്ന് ജില്ലയിൽ പുതുതായി 1,243 പേർ രോഗനിരീക്ഷണത്തിലായി. 1,033 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

കോഴിക്കോട്ട് 149 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (149 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 24 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 113 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1000 ആയി. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 21 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്

മലപ്പുറത്ത് 143 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് 143 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 125 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 104 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 40 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി.

പാലക്കാട് 123 പേർക്ക് രോഗം സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് തൃശ്ശൂർ, കോഴിക്കോട് മലപ്പുറം സ്വദേശികൾ ഉൾപ്പെടെ 123 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 48 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 20 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 30 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 19 പേർ എന്നിവർ ഉൾപ്പെടും.ജില്ലയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട ഉറവിടമറിയാതെ രോഗബാധ ഉണ്ടായ മാത്തൂർ സ്വദേശിയും ആന്ധ്രാപ്രദേശിൽ നിന്നു വന്ന ശേഷം മരണപ്പെട്ട വേങ്ങശ്ശേരി സ്വദേശിയും ഇന്ന് രോഗം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. 33 പേർ രോഗമുക്തി നേടി.

വയനാട് ജില്ലയില്‍ 55 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്ത് നിന്നും ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 34 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 852 ആയി. ഇതില്‍ 444 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 406 പേരാണ് ചികിത്സയിലുള്ളത്.

വയനാട് ജില്ലയിലെ 106 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

വയനാട് ജില്ലയിലെ 14 തദ്ദേശ സ്ഥാപനങ്ങളിലെ 106 വാര്‍ഡുകളാണ് നിലവിൽ കണ്ടെയ്ന്‍മെന്റ് സോണുകളെന്ന് ജില്ലാ ഭരണകൂടം അറിയിച്ചുയ. എടവക പഞ്ചായത്ത് (20 വാര്‍ഡുകള്‍), തൊണ്ടര്‍നാട് (15 വാര്‍ഡുകള്‍), വെള്ളമുണ്ട (21വാര്‍ഡുകള്‍), തവിഞ്ഞാല്‍ (22 വാര്‍ഡുകള്‍) എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡകളും കണ്ടെയ്ന്‍മെന്റ് പരിധിയിലാണ്.

സുല്‍ത്താന്‍ ബത്തേരി നഗരസഭ (15, 23, 24 വാര്‍ഡുകള്‍), പൊഴുതന (1, 2, 3, 4, 5, 6, 10, 11, 12, 13 വാര്‍ഡുകള്‍), പടിഞ്ഞാറത്തറ (5, 7, 8, 9, 12, 13), പുല്‍പ്പള്ളി (5), തിരുനെല്ലി (15), കണിയാമ്പറ്റ (5), നെന്മേനി (1), അമ്പലവയല്‍ (2, 3), കോട്ടത്തറ (5), എന്നിവയാണ് മറ്റ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. (ബ്രക്കറ്റില്‍ വാര്‍ഡ് നമ്പര്‍). കല്‍പ്പറ്റ നഗരസഭയിലെ 9, 25 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

കൊല്ലത്ത് 36 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 36 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 4 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 22 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുമുണ്ട്. തേവലക്കര പുത്തൻസങ്കേതം സ്വദേശിനിയായ ചവറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 32 പേർ രോഗമുക്തി നേടി.

തൃശൂരിൽ 33 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേർ രോഗമുക്തരായി. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയിൽ 578 പേർ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1345 ആണ്.

കണ്ണൂർ ജില്ലയിൽ മത്സ്യമാര്‍ക്കറ്റുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാം

കണ്ണൂർ ജില്ലയിൽ കൊവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന മത്സ്യമാര്‍ക്കറ്റുകള്‍  നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെയും പയ്യന്നൂര്‍ നഗരസഭാ പരിധിയിലെയും മത്സ്യമാര്‍ക്കറ്റുകള്‍ വിപണന സ്റ്റാളുകള്‍ എന്നിവയ്ക്കാണ് കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 20,27,074 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 886 പേർ മരിച്ചു, ആകെ മരണസംഖ്യ 41,585 ആയി. നിലവിൽ 6,07,384 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 13,78,106 പേർ ഇതുവരെ രോഗമുക്തി നേടി.

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്‌ട്രയിൽ ഇന്നലെ മാത്രം 11,514 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,79,779 ആയി. ഇതുവരെ 16,792 പേർ കോവിഡ് ബാധിച്ചു മരിച്ചു.

Read Also: സുകുമാരകുറിപ്പിനെ മഹത്വവൽക്കരിക്കരുത്: ദുൽഖറിന് നോട്ടീസ് അയച്ച് ചാക്കോയുടെ കുടുംബം

രാജ്യത്ത് ആദ്യ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്‌ത് 190-ാം ദിവസമാണ് കോവിഡ് കേസുകൾ 20 ലക്ഷം കടന്നിരിക്കുന്നത്. ജൂലൈ പതിനേഴിനാണ് പത്ത് ലക്ഷം കടന്നത്. പത്ത് ലക്ഷത്തിലധികം കേസുകൾ വർധിച്ചത് 21 ദിവസം കൊണ്ടാണ്. ഏറെ ആശങ്കപ്പെടുത്തുന്ന കണക്കാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.