ആയിരത്തിലധികം സമ്പർക്ക ബാധിതർ; ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 30,000 കടന്നു

തിരുവനന്തപുരത്ത് 219 പേർക്കും, കോഴിക്കോട്ട് 174 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. കാസർഗോഡ്, മലപ്പുറം, പാലക്കാട് ജില്ലകളിലും നൂറിലധികം പുതിയ രോഗികൾ

Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും വലിയ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 1298 പേർക്ക് ഇന്ന് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30,000 കടന്നു. 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,337 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 97 പേർ ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവന്തപുരം ജില്ലയിലാണ് ഇന്ന് പുതുതായി രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. 219  പേർക്ക് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 210 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

കോഴിക്കോട് ജില്ലയിൽ ഇന്ന് 174 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 128 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. കാസർഗോഡ് ജില്ലയിൽ 153 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 139 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 100 കടന്നു. ഇന്ന് ജില്ലിയിൽ ആകെ 129  പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 109 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

Kerala Covid-19 Tracker:  കേരളത്തിൽ ഇന്ന്  1298 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 3 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Read More: ഇന്ന് 1,298 പേർക്ക് കോവിഡ്; തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം

 • തിരുവനന്തപുരം- 219
  കോഴിക്കോട്- 174
  കാസര്‍ഗോഡ്- 153
  പാലക്കാട് – 136
  മലപ്പുറം- 129
  ആലപ്പുഴ- 99
  തൃശൂര്‍- 74
  എറണാകുളം- 73
  ഇടുക്കി- 58
  വയനാട്- 46
  കോട്ടയം-40
  പത്തനംതിട്ട- 33
  കണ്ണൂര്‍- 33
  കൊല്ലം-31

സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചവർ

 • തിരുവനന്തപുരം-210
  കാസര്‍ഗോഡ്-139
  കോഴിക്കോട്-128
  മലപ്പുറം-109
  ആലപ്പുഴ-94
  തൃശൂര്‍-62
  പാലക്കാട്-61
  എറണാകുളം-54
  വയനാട്-44
  കോട്ടയം- 36
  കൊല്ലം- 23
  ഇടുക്കി- 23
  കണ്ണൂര്‍- 23
  പത്തനംതിട്ട-11

രോഗമുക്തി നേടിയവർ

 • എറണാകുളം-146
  തിരുവനന്തപുരം-137
  മലപ്പുറം-114
  കാസറഗോഡ്-61
  കോട്ടയം-54
  കൊല്ലം-49
  തൃശൂര്‍-48
  പത്തനംതിട്ട- 46
  പാലക്കാട്- 41
  ആലപ്പുഴ-30
  വയനാട്-20
  കണ്ണൂര്‍- 18
  കോഴിക്കോട്- 16

1,48,039 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,36,602 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1390 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 25,205 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,205 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 9,08,355 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6346 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,32,306 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1615 പേരുടെ ഫലം വരാനുണ്ട്.

12 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7), കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ ( കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വെള്ളാങ്കല്ലൂര്‍ (18, 19), കടവല്ലൂര്‍ (12), ചാഴൂര്‍ (3), വരന്തറപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (15), മറുതറോഡ് (10), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും), കൊല്ലം ജില്ലയിലെ കുളക്കട (9, 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 511 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

നോവാക്‌സിന്റെ കോവിഡ് വാക്‌സിന്‍ വിപണനാവകാശവും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്

നോവാവാക്‌സ് നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്റെ വികസനവും ഇന്ത്യയിലെ വിപണനാവകാശവും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നേടി. ഈ കരാറിലൂടെ ഇന്ത്യയില്‍ നോവാക്‌സിന്റെ കുത്തകാവകാശം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചു. ജൂലൈ 30-നാണ് കരാര്‍ ഒപ്പുവച്ചത്. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ തുടക്കത്തില്‍ നോവാക്‌സിന്റെ വാക്‌സിന്‍ കോവിഡ്-19-നെതിരെ ഉയര്‍ന്ന തോതില്‍ ആന്റിബോഡികള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്നാം ഘട്ട പരീക്ഷണം സെപ്തംബര്‍ അവസാനത്തോടെ നടക്കും.

പുതിയ മരുന്ന് ആര്‍എല്‍ഫ്-100 കോവിഡ്-19 രോഗികള്‍ക്ക് സൗഖ്യം നല്‍കിയെന്ന് റിപ്പോര്‍ട്ട്

അമേരിക്കയില്‍ പുതുതായി വികസിപ്പിച്ച മരുന്ന് കോവിഡ്-19 രോഗികള്‍ക്ക് രോഗമുക്തി നല്‍കി. കൊറോണവൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളില്‍ അവിപ്റ്റാഡില്‍ എന്നറിയപ്പെടുന്ന ആര്‍എല്‍എഫ്-100 മരുന്ന് ഫലപ്രദമായി എന്നാണ് റിപ്പോര്‍ട്ട്. രക്തത്തിലേക്ക് ആവശ്യത്തിന് ഓക്സിജന്‍ എത്താതെ ഗുരുതരാവസ്ഥയിലായ രോഗികള്‍ക്കാണ് ഈ മരുന്ന് ആശ്വാസം പകര്‍ന്നത്. ഈ മരുന്ന് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് യുഎസിന്റെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ് ഡി എ) അനുമതി നല്‍കി. എഫ് ഡി എയുടെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയാത്തവിധം ഗുരുതരമായവര്‍ക്കാണ് മരുന്ന് നല്‍കിയത്. കൂടുതല്‍ വായിക്കുക.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഒ.പിയില്‍ വരുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. കൈകള്‍ കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. ആശുപത്രിയുടെ പ്രധാന ഇടങ്ങള്‍ ഫയര്‍ഫോഴ്‌സ് വിഭാഗം അണുവിമുക്തമാകും. ആശുപത്രിയില്‍ അഡ്മിറ്റാവുന്നവരെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കും.

ജില്ലയിലെ ഭാഗിക കണ്ടെയ്ന്‍മെന്റ് സോണുകളില്‍നിന്ന് മറ്റു ജില്ലകളിലേക്കു പോകാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണ്. ഇതിന് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. സമ്പര്‍ക്ക വ്യാപനം തടയാന്‍ വാര്‍ഡ് തലത്തിലുളള ആര്‍.ആര്‍.ടി യുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. ഓരോ വാര്‍ഡിലെയും പ്രായമായവരുടെയും മറ്റ് രോഗങ്ങളുള്ളവരുടെയും കണക്കെടുക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണത്തിന് പൊലീസിനെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.

ആള്‍ക്കൂട്ടം ഒഴിവാക്കണം; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേസമയം ആറ് ഉപഭോക്താക്കള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേ സമയം ആറ് ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ. വലിയ സൂപ്പര്‍ മാര്‍ക്കറ്റെങ്കില്‍ പന്ത്രണ്ട് ഉപഭോക്താക്കളെ അനുവദിക്കാം. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിയന്ത്രണം. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക എന്നിവ നിര്‍ബന്ധമാണ്.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കരുംകുളം പള്ളം സ്വദേശി ദാസനാണ് (72) മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 72 ആയി.

ഇതര സംസ്ഥാന മത്സ്യതൊഴിലാളികള്‍ക്ക് അനുമതി നിർബന്ധം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനുമതിയില്ലാതെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് മത്സ്യതൊഴിലാളികള്‍ കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള മുപ്പതിലേറെ മത്സ്യതൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചതിന്റെ സാഹചര്യത്തിലാണ് നടപടി. നിലവില്‍ ജില്ലയിലുള്ളവര്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ടെസ്റ്റിന് വിധേയരാകണം. നിയമം ലംഘികുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിയന്ത്രണങ്ങൾ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗികൾക്ക് കോവിഡ് – 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. സർജിക്കൽ വാർഡിൽ ജൂലൈ 17 ,25 തിയ്യതികളിലും ഐ സി യുവിൽ ജൂലൈ 25 നും പ്രസവ വാർഡിൽ ഓഗസ്റ്റ് നാലിനും മെഡിക്കൽ വാർഡിൽ ഓഗസ്റ്റ് ആറിനും പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ ചുവടെ ചേർക്കുന്നു

 • വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ആശുപത്രി സന്ദർശിക്കുക .അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക .
 • ആശുപത്രിയിൽ വരുന്നവർ വായും മൂക്കും മറയുന്ന തരത്തിൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കുക .ആളുകൾ തമ്മിൽ കുറഞ്ഞത് രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുക .ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയോ ചെയ്യേണ്ടതാണ് .
 • ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ കൂടെ ഒരാൾ തന്നെ കൂട്ടിരിപ്പിനു വരേണ്ടതാണ് . കൂട്ടിരിപ്പിനു വരുന്നവർ  മാറി വരാൻ പാടുള്ളതല്ല.
 • അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികളുടെ കൂടെ പരിമിതമായ ആളുകൾക്ക് മാത്രമേ ആശുപത്രിയിൽ പ്രവേശനമുണ്ടാകൂ .ഇതുമായി ബന്ധപ്പെട്ടു ആശുപത്രിയിൽ നിയന്ത്രണങ്ങളുണ്ടാകും.
  ജില്ലയിൽ സാമൂഹ്യ വ്യാപനം തടയുന്നതിന് പൊതുജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

സന്ദര്‍ശകരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം

കണ്ണൂർ ജില്ലയിൽ കൊവിഡ് 9 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും എത്തുന്ന സന്ദര്‍ശകരുടെ വിശദ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിർബന്ധമാക്കി. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും എത്തുന്ന സന്ദര്‍ശകരുടെ വിശദ വിവരങ്ങള്‍ കൊവിഡ്19 സ്റ്റേറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കലക്ടർ നിര്‍ദേശം നൽകി. നിര്‍ദേശങ്ങള്‍ ആഗസ്ത് ഏഴ് മുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് എല്ലാ ഓഫീസ്/സ്ഥാപന മേധാവികളും ഉറപ്പുവരുത്തണം.

പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓഫീസ് മേധാവി/സ്ഥാപന ഉടമ covid19jagratha.kerala.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പുതിയ യൂസര്‍ ഐഡി ഉണ്ടാക്കണം. ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ടാബില്‍ വിസിറ്റര്‍ രജിസ്റ്റര്‍ സര്‍വീസ് ക്ലിക്ക് ചെയ്ത് ഫോണ്‍ നമ്പര്‍, യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യണം. ലോഗിനില്‍ ക്യൂആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥാപനത്തിന്റെ പ്രവേശന കവാടത്തില്‍ പതിക്കുകയും വേണം.

ഓഫീസില്‍/സ്ഥാപനത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ലഭിക്കുന്ന പേജില്‍ അവരുടെ വിവരങ്ങള്‍ ചേര്‍ക്കണം. മൊബൈല്‍ ഇല്ലാത്ത സന്ദര്‍ശകരാണെങ്കില്‍ അതത് ഓഫീസ്/ഷോപ്പ് അധികാരികള്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത് ന്യൂ എന്‍ട്രി ടാബ് ക്ലിക്ക് ചെയ്ത് സന്ദര്‍ശകരുടെ വിവരങ്ങള്‍ രേഖപ്പെടത്തണം. ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഓപ്പണ്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ രജിസ്ട്രേഷന്‍ ആരംഭിക്കുകയുള്ളൂ. വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് ശേഷം ക്ലോസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും വേണം. ഓഫീസ് മേധാവികള്‍/സ്ഥാപന ഉടമകള്‍ക്ക് സന്ദര്‍ശകരുടെ വിവരങ്ങള്‍ പോര്‍ട്ടലിലൂടെ കാണാവുന്നതാണ്.

ബാങ്കുകള്‍ക്ക് പ്രത്യേക നിര്‍ദേശം

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂർ ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

 • പണമിടപാടുകള്‍ക്കായി ബാങ്കുകളില്‍ ഒരേ സമയം അഞ്ച് പേരെയോ ബാങ്കിലെ ജീവനക്കാരുടെ എണ്ണവും സ്ഥല സൗകര്യവും പരിഗണിച്ചോ അകത്ത് പ്രവേശിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ട ബാങ്ക് മാനേജര്‍മാര്‍ സ്വീകരിക്കണം.
 • ബാങ്കില്‍ എത്തിച്ചേരുന്ന ഇടപാടുകാര്‍ ബാങ്കിനുള്ളിലും പരിസരത്തും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ക്യൂ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ബാങ്കിലെ ഉദ്യോഗസ്ഥന് ചുമതല നല്‍കുകയും വേണം.
 • ഇടപാടുകാര്‍ നില്‍ക്കേണ്ട സ്ഥലം ബാങ്കിനുള്ളിലും പുറത്തും പ്രത്യേകം മാര്‍ക്ക് ചെയ്യേണ്ടതും ആവശ്യമെങ്കില്‍ ബാരിക്കേഡ് സംവിധാനം ഏര്‍പ്പെടുത്തേണ്ടതുമാണ്.
 • ബാങ്കുകളില്‍ എത്തിച്ചേരുന്ന സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ഇടപാടുകാരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ‘ഓണ്‍ലൈന്‍ സന്ദര്‍ശക രജിസ്റ്റര്‍’ സംവിധാനം ഉപയോഗപ്പെടുത്തുകയും covid19jagratha.kerala.nic.in ല്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്.
 • അല്ലാത്തവര്‍ ബന്ധപ്പെട്ട സൈറ്റില്‍ ന്യൂ എന്‍ട്രി ടാബ് സെലക്ട് ചെയ്ത് ഡാറ്റ എന്‍ട്രി നടത്തണം. അല്ലെങ്കില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സന്ദര്‍ശകരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
 • 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ബാങ്കുകളില്‍ അധികനേരം ക്യൂ നില്‍ക്കേണ്ട സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുമാണ്.
 • ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍ എത്തിച്ചേരുന്നതിന് സമയക്രമം മുന്‍കൂട്ടി അറിയിച്ച് ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം.
 • നേരിട്ട് ബാങ്കില്‍ എത്തേണ്ടതല്ലാത്ത ഇടപാടുകാരെ ബാങ്കുകളില്‍ പ്രവേശിപ്പിക്കേണ്ടതില്ല. ബാങ്ക് ബാലന്‍സ് സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഫോണ്‍ മുഖാന്തരം ഇടപാടുകാരെ അറിയിക്കേണ്ടതാണ്.
 • കണ്ടെയിന്‍മെന്റ് സോണ്‍ പരിധിയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം അനുവദനീയമല്ല.
 • സ്ഥിരമായി ബാങ്കില്‍ എത്തിച്ചേരേണ്ട കണ്ടെയിന്‍മെന്റ് സോണ്‍ പരിധിയില്‍പെട്ട ജീവനക്കാര്‍ സോണിന് പുറത്ത് താമസിക്കണം.
 • സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ക്കായി കുട്ടികള്‍ ബാങ്കുകളില്‍ എത്തിച്ചേരുന്ന സാഹചര്യം ഒഴിവാക്കണം.
 • കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാവൂ. ബാങ്കുകളില്‍ ജീവനക്കാര്‍ കൂട്ടം കൂടുന്ന സാഹചര്യം (ഭക്ഷണം കഴിക്കുന്നതിനുള്‍പ്പെടെ) പൂര്‍ണ്ണമായും ഒഴിവാക്കണം. ബാങ്ക് അധികൃതരുടെ യോഗങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കണം.
 • ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ബാങ്കുകള്‍ പ്രാദേശികതലത്തില്‍ പ്രവര്‍ത്തനവും സമയക്രമവും നിയന്ത്രിക്കാവൂ.

തലസ്ഥാനത്ത് പുതിയ രോഗികൾ 219

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 219 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 210 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കോഴിക്കോട്ട് 174 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് (174 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 124 പേർക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് എത്തിയ 7 പേർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ 37 പേർക്കും കേസ് റിപ്പോർട്ട്‌ ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത 6 പേർക്കാണ് കോവിഡ് ബാധിച്ചത്. 16 പേര്‍ ഇന്ന് രോഗമുക്തി നേടി.

കാസർഗോട്ട് 152 പേർക്ക് കോവിഡ്

കാസർഗോഡ് ജില്ലയിൽ ഇന്ന് 152 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 135 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ രോഗ ഉറവിടം ലഭ്യമല്ല. 61 പേർക്ക് ഇന്ന് രോഗം ഭേദമായി.

പാലക്കാട് 136 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായവർ 54 പേരാണ്. 9 പേരുടെ രോഗ ഉറവിടം അറിയില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 38 പേർ, വിദേശ രാജ്യങ്ങളിൽ നിന്ന് വന്ന 35 പേർ എന്നിവർക്കും രോഗം ബാധിച്ചു. 40പേർ രോഗമുക്തി നേടി.

മലപ്പുറത്ത് പുതുതായി 129 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 109 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്.നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 16പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.114 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി.

എറണാകുളത്ത് 73 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 73 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 146 പേർ രോഗ മുക്തി നേടി. പേർക്ക് കോവിഡ് സ്ഥിരീകരിച്ചവരിൽ 59 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

വയനാട് ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 797 ആയി. ഇതില്‍ 414 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 383 പേരാണ് ചികിത്സയിലുള്ളത്.

 

അതിരൂക്ഷം കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 56,282 രോഗികൾ

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 56,282 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 904 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 40,000 കടന്നു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. 19,64,537 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 40,699 ആയി. രാജ്യത്ത് നിലവിൽ 5,95,501 ആളുകൾ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നു. 13,28,337 പേർ രോഗമുക്തി നേടി.

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന സംസ്ഥാനം മഹാരാഷ്‌ട്രയാണ്. ഇവിടെ 24 മണിക്കൂറിനിടെ 10,309 കേസുകളും 334 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ 112 മരണം റിപ്പോർട്ട് ചെയ്‌തു. മരണസംഖ്യ 4,461 ആയി.

പശ്ചിമ കൊച്ചിയിൽ സ്ഥിതി ഗുരുതരം, കൂടുതൽ നിയന്ത്രണങ്ങൾ

കൊച്ചിയിൽ തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. 120 പേർക്കാണ് ഇന്നലെ കോവിഡ് പോസിറ്റീവായത്. 88 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പശ്ചിമ കൊച്ചിയിൽ കൂടുതൽ ഇടങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം കോവിഡ് രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് എറണാകുളം. കസ്റ്റർ സോണുകളിൽ സ്ഥിതി രൂക്ഷമായി തുടരുന്നു. ആലുവ, ഫോർട്ട് കൊച്ചി മേഖലകളിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു.

പൊതു, സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കില്ല; പ്രതിജ്ഞയെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍

കോവിഡ് 19 വ്യാപനം തടയുന്നതിനായി കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും 14 ദിവസം പൊതുചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കില്ല. ഇതുസംബന്ധിച്ച് ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു. ഇന്നു രാവിലെ 10.30നു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം എന്‍ ദേവിദാസ് കലക്ടറേറ്റ് ജീവനക്കാര്‍ക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോവിഡ് ആശുപത്രിയിൽ തീപിടിത്തം, എട്ട് രോഗികൾ മരിച്ചു

അഹമ്മദാബാദിലെ കോവിഡ് ആശുപത്രിയിൽ തിപിടിത്തം. എട്ട് കോവിഡ് രോഗികൾ മരിച്ചു. അഞ്ച് പുരുഷൻമാരും മൂന്ന് സ്‌ത്രീകളുമാണ് മരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് ദിവസങ്ങൾക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ സംഗീത സിങ്, മുകേഷ് പുരി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. റിപ്പോർട്ടുകളനുസരിച്ച് ഇന്ന് പുലർച്ചെ 3.30 നാണ് അപകടം നടന്നത്. അഹമ്മദാബാദ് നവരംഗപുരയിൽ ശ്രേയ ആശുപത്രിയിലെ ഐസിയു വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഐസിയുവിൽ ചികിത്സയിലായിരുന്ന എട്ട് കോവിഡ് രോഗികളാണ് മരിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news tracker august 6 updates

Next Story
ബ്രഹ്‌മപുരി വനത്തിൽ ഉരുൾപൊട്ടി; ബാരാപ്പുഴയിൽ വെള്ളം ഉയരുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com