ഏഴ് ജില്ലകളിൽ നൂറിലധികം പുതിയ രോഗബാധിതർ; തിരുവനന്തപുരത്തും മലപ്പുറത്തും ഇരുന്നൂറിലധികം

ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾ പ്രവർത്തന രഹിതമാവുന്ന മൾട്ടി ഓർഗൻ ഡിസ്ഫംഗ്ഷൻ എന്നിവ കണ്ടെത്തി

covid 19, covid, coronavirus, covid brigade, കോവിഡ് 19, കൊറോണവൈറസ്, കോവിഡ് ബ്രിഗേഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഇരുന്നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് പുതിയതായി 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 1426 പേർക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1242 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 105 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 62 പേർ വിദേശത്ത് നിന്ന് എത്തിയവരും 72 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്.

36 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 12, പാലക്കാട് ജില്ലയിലെ 7, കാസര്‍ഗോഡ് ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരു എയര്‍ ക്രൂവിനും, തൃശൂര്‍ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും ബാധിച്ചു.

സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

12,721 പേരാണ്  നിലവിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 24,046 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 523 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 297
  മലപ്പുറം – 242
  കോഴിക്കോട്- 158
  കാസർഗോഡ് – 147
  ആലപ്പുഴ – 146
  പാലക്കാട് -141
  എറണാകുളം – 133
  തൃശൂർ – 32
  കണ്ണൂർ – 30
  കൊല്ലം – 25
  കോട്ടയം – 24
  പത്തനംതിട്ട – 20
  വയനാട് – 18
  ഇടുക്കി – 4

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തിരുവനന്തപുരം-279
  മലപ്പുറം-195
  കാസര്‍ഗോഡ്-140
  ആലപ്പുഴ-131
  കോഴിക്കോട്-127
  എറണാകുളം-125
  പാലക്കാട്- 114
  തൃശൂര്‍- 28
  കൊല്ലം-24
  കോട്ടയം-23
  കണ്ണൂര്‍-22
  വയനാട്- 18
  പത്തനംതിട്ട-12
  ഇടുക്കി-4

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം-498
  കാസര്‍ഗോഡ്-266
  കോഴിക്കോട്-103
  ആലപ്പുഴ-70
  എറണാകുളം-70
  ഇടുക്കി- 68
  തൃശൂര്‍- 65
  മലപ്പുറം-51
  വയനാട്- 48
  കോട്ടയം- 47
  പത്തനംതിട്ട- 41
  പാലക്കാട്- 40
  കൊല്ലം-32
  കണ്ണൂര്‍- 27

1,49,707 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,707 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,586 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,121 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1456 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 21,625 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 21,625 സാമ്പിളുകളാണ് പരിശോധിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,27,433 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6700 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,39,543 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1505 പേരുടെ ഫലം വരാനുണ്ട്.

25 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 25 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട്, പത്തനംതിട്ട, തൃശൂര്‍ , കോട്ടയം, കോഴിക്കോട്, കൊല്ലം , എറണാകുളം , തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

പാലക്കാട് ജില്ല

 • കുത്തനൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3, 4, 5, 6, 7, 8)
 • മരുതറോഡ് (10)
 • പല്ലശന (2)
 • മങ്കര (9)
 • വടക്കരപ്പതി (11)
 • തിരുമിറ്റക്കോട് (11)

പത്തനംതിട്ട ജില്ല

 • ഇരവിപേരൂര്‍ (1, 11, 13, 17)
 • കുറ്റൂര്‍ (9)
 • കടമ്പനാട് (10)
 • പ്രമാടം (11)

തൃശൂര്‍ ജില്ല

 • അളഗപ്പനഗര്‍ (2)
 • കോലഴി (12, 13, 14)
 • തോളൂര്‍ (5)

കോട്ടയം ജില്ല

 • വിജയപുരം (1)
 • ആര്‍പ്പൂക്കര (1)
 • വെച്ചൂര്‍ (6)

കോഴിക്കോട് ജില്ല

 • കൂരാച്ചുണ്ട് (എല്ലാ വാര്‍ഡുകളും)
 • ചക്കിട്ടപ്പാറ (11, 13, 15, 17 സബ് വാര്‍ഡ് , 1),
 • തിരുവമ്പാടി (9, 10 സബ് വാര്‍ഡ്)

കൊല്ലം ജില്ല

 • ചിതറ (17 സബ് വാര്‍ഡ്)
 • പന്മന (8)

എറണാകുളം ജില്ല

 • വേങ്ങൂര്‍ (2, 14, 15)
 • ചേന്ദമംഗലം (10)

തിരുവനന്തപുരം ജില്ല

 • അതിയന്നൂര്‍ (15)

മലപ്പുറം ജില്ല

 • വണ്ടൂര്‍ (9, 10, 11, 12)

32 ഹോട്ട് സ്‌പോട്ടുകൾ ഒഴിവാക്കി

32 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം , തൃശൂര്‍, കോഴിക്കോട്, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

പാലക്കാട് ജില്ല

 • ഷൊര്‍ണൂര്‍ (വാര്‍ഡ് 25)
 • വാണിയംകുളം (6)
 • കുലുകല്ലൂര്‍ (എല്ലാ വാര്‍ഡുകളും)
 • നെല്ലായ (എല്ലാ വാര്‍ഡുകളും)
 • പരുതൂര്‍ (എല്ലാ വാര്‍ഡുകളും)
 • പട്ടിത്തറ (എല്ലാ വാര്‍ഡുകളും)
 • തിരുവേഗപ്പുറ (എല്ലാ വാര്‍ഡുകളും)
 • പെരുവെമ്പ് (1, 12)
 • കിഴക്കാഞ്ചേരി (15)

മലപ്പുറം ജില്ല

 • വാഴയൂര്‍ (എല്ലാ വാര്‍ഡുകളും)
 • വാഴക്കാട് (എല്ലാ വാര്‍ഡുകളും)
 • ചീക്കോട് (എല്ലാ വാര്‍ഡുകളും)
 • മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും)
 • കുഴിമണ്ണ (എല്ലാ വാര്‍ഡുകളും)
 • മൊറയൂര്‍ (എല്ലാ വാര്‍ഡുകളും)
 • ചേലേമ്പ്ര (എല്ലാ വാര്‍ഡുകളും)
 • ചെറുകാവ് (എല്ലാ വാര്‍ഡുകളും)

കൊല്ലം ജില്ല

 • വെളിനല്ലൂര്‍ (1, 6, 16)
 • ഇളമാട് (9)
 • ശൂരനാട് സൗത്ത് (12)
 • തഴവ (18, 19, 20, 21)

പത്തനംതിട്ട ജില്ല

 • എഴുമറ്റൂര്‍ (1, 2, 4, 14)
 • തിരുവല്ല നഗരസഭ (5, 7, 8)
 • പെരിങ്ങര (14)

തിരുവനന്തപുരം ജില്ല

 • കരവാരം (6)
 • പള്ളിച്ചല്‍ (3, 4)

തൃശൂര്‍ ജില്ല

 • പറപ്പൂക്കര (5, 6)
 • കാട്ടൂര്‍ (6)

കോഴിക്കോട് ജില്ല

 • മരുതോങ്കര (എല്ലാ വാര്‍ഡുകളും)
 • പയ്യോളി നഗരസഭ  (20, 31,32)

കോട്ടയം ജില്ല

 • കാണക്കാരി (10)

എറണാകുളം ജില്ല

 • കാലടി (5)

മറ്റ് പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങളും

കോവിഡ് പ്രതിരോധത്തിനൊപ്പം എലിപ്പനി ഡെങ്കിപ്പനി എന്നീ പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ആലപ്പുഴ ജില്ലയിൽ തീരപ്രദേശങ്ങളിൽ കോവിഡ് രോഗവ്യാപനം തുടരുന്നു. ആറ് ക്ലസ്റ്ററുകളിലാണ് രോഗം വ്യാപിക്കുന്നത്. കോട്ടയം ജില്ലയിൽ രണ്ട് മേഖലകളിൽ കോവിഡ് സമ്പർക്ക വ്യാപനം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിനെ പ്രത്യേക ക്ലസ്റ്ററാക്കും. എറണാകുളത്തും രോഗവ്യാപനം തുടരുന്നു. ഫോർട്ട്കൊച്ചി ക്ലസ്റ്ററിലാണ് കോവിഡ് വ്യാപിക്കുന്നത്.

നിരത്തുകളിൽ പരിശോധന ഡിവൈഎസ്‌പിമാർ നേരിട്ട്

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നേരത്തെ കണ്ടെയിൻമെന്റ് സോണുകളിലടക്കം പൊലീസിന് പൂർണ ചുമതല നൽകിയിരുന്നു. ഇതോടെ കോവിഡ് പ്രതിരോധത്തിൽ സമഗ്ര പദ്ധതികൾ തയ്യാറാക്കിയിരിക്കുകയാണ് കേരള പൊലീസ്. നിരത്തുകളിലെ പരിശോധനകൾക്ക് ഡിവൈഎസ്പിമാര്‍ നേരിട്ട് എത്തും.

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കും. റോഡിലും വ്യാപാര സ്ഥാപനങ്ങളിലും ആൾക്കൂട്ടം അനുവദിക്കില്ല. കര്‍ശന നിയന്ത്രണം ഇക്കാര്യത്തിൽ ഏര്‍പ്പെടുത്തണമെന്നാണ് ഡിജിപി വിളിച്ച അവലോകന യോഗത്തിന്‍റെ തീരുമാനം.

തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പൊലീസ് നടപടികള്‍ കർശനമാക്കും

രോഗവ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പൊലീസ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും. ഐജി അശോക് യാദവ്, ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവര്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് ആ ജില്ലയിലെ പൊലീസ് നടപടികള്‍ ഏകോപിപ്പിക്കും.കോവിഡ് പ്രതിരോധമേഖലയിലെ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ടാക്ട് ട്രെയിസിങ്, കണ്ടെയ്ന്‍മെന്‍റ് സോണ്‍ കണ്ടെത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൃത്യതയോടെ ചെയ്യാനും തീരുമാനമായി.

തിരുവനന്തപുരം ജില്ലയിലെ കരമനയില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ സ്വയം നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജനം മുന്‍കൈയെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാതൃക ജനമൈത്രി പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും. ജനമൈത്രി പോലീസിന്‍റെ സഹായത്തോടെ സംസ്ഥാനത്തെമ്പാടും ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തും. സ്വയരക്ഷയ്ക്കു മാത്രമല്ല, മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കൂടിയാണ് മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതെന്ന സന്ദേശം പ്രചരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കും. മാസ്ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരില്‍ നിന്ന് പിഴയായി 2000 രൂപ വീതം ഈടാക്കും.

മലപ്പുറം ജില്ലാ പൊലീസ് മേധാവി ക്വാറന്റൈനിൽ

ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം ക്വാറന്റൈനിൽ പ്രവേശിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ സ്രവ പരിശോധന നടത്തിയിട്ടുണ്ട്. ഫലം വരുന്നത് വരെ ക്വാറന്റൈനിൽ തുടരാനാവശ്യപ്പെട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന അറിയിച്ചു. ഫലം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കും.

മലപ്പുറത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ജില്ലയില്‍ ഞായാറാഴ്ച  സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമല്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.

 • സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും രോഗികള്‍ സാമൂഹിക അകലം പാലിക്കണം. ഒരേ സമയം കൂടുതല്‍ രോഗികള്‍ ക്ലിനിക്കില്‍ എത്തുന്നില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തണം. ഇതിനായി മുന്‍കൂട്ടി ബുക്ക് ചെയ്ത് നിശ്ചിത സമയത്ത് മാത്രം രോഗികള്‍ എത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
 • നിയമലംഘനം നടത്തുന്ന ക്ലിനിക്കുകള്‍ അടച്ച് പൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
 • സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും കച്ചവട സ്ഥാപനങ്ങളിലും സാമൂഹിക അകലം കാണിക്കുന്ന അടയാളങ്ങള്‍ രേഖപ്പെടുത്തണം. ഇവിടങ്ങളില്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം.
 • ഗര്‍ഭിണികളും 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ളവരും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. അയല്‍ വീടുകളിലും രോഗികളെയും പ്രായമായവരെയും സന്ദര്‍ശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം.

വ്യാഴാഴ്ച മുതല്‍ വലിയങ്ങാടിയില്‍ ക്രമീകരണം

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് വലിയങ്ങാടിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം വലിയങ്ങാടിയിലേക്ക് എത്തുന്ന ചരക്കുകള്‍ ഇറക്കാന്‍ ഒരു ദിവസവും കച്ചവടം നടത്താനും സാധനങ്ങള്‍ കയറ്റി അയക്കാനും അടുത്ത ദിവസവുമായാണ് ക്രമീകരിച്ചത്.

വ്യാഴാഴ്ച മുതൽ ക്രമീകരണം നിലവിൽ വരും. വ്യാഴാഴ്ച കടകളിലേക്ക് വരുന്ന സാധനങ്ങള്‍ ഇറക്കുന്ന പ്രവൃത്തി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. തൊട്ടടുത്ത ദിവസം കച്ചവടവും സാധനങ്ങള്‍ കയറ്റി അയക്കലും നടത്താം. സാധനങ്ങള്‍ ഇറക്കുന്ന ദിവസങ്ങളില്‍ കച്ചവടം നടത്തരുതെന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കച്ചവട സ്ഥാപനങ്ങളിലേക്കല്ലാതെ വ്യക്തികള്‍ക്ക് വലിയങ്ങാടിയില്‍ നിന്ന് ചില്ലറ വില്‍പ്പന നടത്താന്‍ പാടില്ല. നിലവില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വലിയങ്ങാടിയുടെ പ്രവര്‍ത്തന സമയം. റസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നുള്ളവര്‍ വലിയങ്ങാടിയിലേക്ക് കയറുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

കുറ്റിച്ചിറ മേഖലയിലും നിയന്ത്രണം കര്‍ശനമാക്കും

കോഴിക്കോട് നഗരത്തിൽ വലിയങ്ങാടിയോട് ചേര്‍ന്ന് നില്‍ക്കുന്ന കുറ്റിച്ചിറ മേഖലയിലും നിയന്ത്രണം കര്‍ശനമാക്കാനും ആരോഗ്യ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചു. പ്രായമായവര്‍, രോഗികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും. നിരീക്ഷണത്തിലിരിക്കേണ്ടവര്‍ക്ക് വീടുകളില്‍ സൗകര്യമില്ലെങ്കില്‍ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റും.

മത്സ്യവിപണനം: നിയന്ത്രണങ്ങൾ തുടരും

തൃശൂർ ജില്ലയിൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനുളള നിയന്ത്രണങ്ങൾ നീക്കിയാലും കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലയിലെ മത്സ്യബന്ധനത്തിനും വിപണനത്തിനും ഏർപ്പെടുത്തിയിട്ടുളള കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.

 • മറ്റുജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുളള മത്സ്യബന്ധനയാനങ്ങൾക്ക് ജില്ലയിലേക്ക് പ്രവേശനം അനുവദിക്കില്ല.
 • മത്സ്യബന്ധത്തിനായി കടലിൽ പോകുന്നവരുടെയും മത്സ്യകച്ചവടക്കാരുടെയും പട്ടിക തയ്യാറാക്കി അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൈമാറാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി.
 • ഫിഷിങ്ങ് ഹാർബറുകളിൽ ഫിഷറീസ്, മത്സ്യഫെഡ്, ആരോഗ്യവകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തും.
 • മത്സ്യലേലത്തിനുളള നിരോധനം തുടരും. ഹാർബറുകളിൽ നിന്നും ഫിഷ് ലാൻഡിങ്ങ് സെന്ററുകളിൽ നിന്നും മത്സ്യം വാങ്ങുന്നതിന് ചെറുകിട കച്ചവടക്കാർക്കുളള നിയന്ത്രണം തുടരും.
 • വഴിയോര കച്ചവടം അനുവദിക്കില്ല. ജില്ലാ കടന്നുളള മത്സ്യവ്യാപാരത്തിനുളള നിരോധനവും തുടരും.

നിയന്ത്രണങ്ങൾ ലംഘിക്കുന്ന യാനങ്ങൾ പിടിച്ചെടുക്കുകയും സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശിക്കുകയും ചെയ്യും. മലപ്പുറം, പട്ടാമ്പി തുടങ്ങി ജില്ലയ്ക്ക് സമീപമുളള കേന്ദ്രങ്ങളിൽ നിന്ന് മത്സ്യവിപണനത്തിനായി എത്തുന്നത് തടയാൻ അതിർത്തി റോഡുകളിൽ പരിശോധന കർശനമാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ആലപ്പുഴയിൽ തീരപ്രദേശങ്ങളില്‍ കോവിഡ് രോഗവ്യാപനം തുടരുന്നു

ആലപ്പുഴ ജില്ലയില്‍ തീരപ്രദേശങ്ങളില്‍ കോവിഡ് രോഗവ്യാപനം തുടരുകയാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറ് ക്ളസ്റ്ററുകളിലാണ് രോഗം വര്‍ദ്ധിക്കുന്നത്. കടക്കരപ്പള്ളി, ചെട്ടികാട്, പുന്നപ്ര നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, വെട്ടയ്ക്കല്‍, പാണാവള്ളി എന്നിവയാണ് ആലപ്പുഴ ജില്ലയില്‍ കോവിഡ് രോഗവ്യാപനം വർധിക്കുന്ന ക്ലസ്റ്ററുകൾ.

ഏറ്റുമാനൂര്‍ മേഖലയിൽ സമ്പര്‍ക്ക വ്യാപനം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നു

കോട്ടയം ജില്ലയില്‍ അതിരമ്പുഴ, ഏറ്റുമാനൂര്‍ മേഖലകളില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ ക്ലസ്റ്ററിന്‍റെ ഭാഗമായിരുന്ന അതിരമ്പുഴ ഗ്രാമപഞ്ചായത്തിനെ പ്രത്യേക ക്ലസ്റ്ററായി പ്രഖ്യാപിച്ചതായും സർക്കാർ വ്യക്തമാക്കി.

ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററില്‍ രോഗവ്യാപനം തുടരുന്നു

എറണാകുളം ജില്ലയില്‍ ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററില്‍ രോഗവ്യാപനം തുടരുകയാണ്. മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളില്‍ ആണ് കൂടുതല്‍ കേസുകള്‍ ഉള്ളത്. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ വ്യവസായ ശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കു. ജില്ലയിലെ അടഞ്ഞു കിടക്കുന്ന മാര്‍ക്കറ്റുകള്‍ മാര്‍ഗനിര്‍ദേശം പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കും

തൃശൂര്‍ ജില്ലയിൽ പുതിയ ക്ലസ്റ്ററുകൾ

തൃശൂര്‍ തൃശൂര്‍ ജില്ലയില്‍ പുതുതായി രണ്ട് ക്ലസ്റ്ററുകള്‍ ക്ലസ്റ്ററുകള്‍ രൂപംകൊണ്ടതായി സംസ്ഥാനസർക്കാർ. മങ്കര, മിണാലൂര്‍ ക്ലസ്റ്ററുകളാണ് പുതുതായി രൂപംകൊണ്ടത്.

വീട്ടിനകത്ത് അഞ്ചിലേറെ രോഗികൾ

കോഴിക്കോട് ഒരു വീട്ടില്‍ തന്നെ അഞ്ചിലേറെ പേര്‍ രോഗികളായ 24 വീടുകള്‍ കോര്‍പറേഷന്‍ പരിധിയിലുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ പുറത്തു പോയി വരുന്നവര്‍ വീടുകള്‍ക്കുള്ളിലും കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മത്സ്യബന്ധനത്തിനു എത്തിയ 68 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. അതിഥി തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു എത്തി കടലില്‍ തന്നെ ബോട്ടില്‍ കഴിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതേയും പാസ് ഇല്ലാതെയും വരുന്ന തൊഴിലാളികളെ മത്സ്യബന്ധനത്തിനു അനുവദിക്കില്ല. ബേപ്പൂര്‍ മേഖലയില്‍ പൊലിസ് നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബീച്ച് ആശുപത്രിയിലെ ഡയാലിസ് സെന്‍റര്‍ നിലനിര്‍ത്തി

കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയെങ്കിലും ആശുപത്രിയിലെ ഡയാലിസ് സെന്‍റര്‍ അവിടെ നിലനിര്‍ത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കോവിഡ് വാര്‍ഡുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഡയാലിസിസ് സെന്‍ററിലേക്ക് ആശുപത്രിക്ക് ഉള്ളില്‍ നിന്നുള്ള പ്രവേശനം പൂര്‍ണമായും അടച്ചു. ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നേരെ ഡയാലിസിസ് സെന്‍ററിലേക്ക് പ്രവേശിക്കാന്‍ റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

കണ്ണൂരിലെ ആശുപത്രികളിൽ സ്ഥിതി നിയന്ത്രണ വിധേയം

കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, ഡിഎസ്സി, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമ്പര്‍ക്കം വഴിയുള്ള രോഗബാധ കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു.

കാസർഗോട്ട് 10 ദിവസത്തിനിടെ 1146 രോഗികൾ

പത്തു ദിവസത്തിനകം 1146 പേർക്കാണ് കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ടവരിലുള്ള രോഗ ബാധ വര്‍ദ്ധിക്കുകയാണ്. ഇതുവരെയായി കാസര്‍കോട് ബീച്ച് ക്ലസ്റ്ററില്‍ മാത്രം 128 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പെരിന്തൽമണ്ണ സ്വദേശി മൊയ്ദൂപ്പയാണ് (82) കോവിഡ് ബാധിച്ച് മരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾ രോഗബാധിതനായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 20 ആയി.

പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 30നാണ് മൊയ്ദൂപ്പയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾ പ്രവർത്തന രഹിതമാവുന്ന മൾട്ടി ഓർഗൻ ഡിസ്ഫംഗ്ഷൻ എന്നിവ കണ്ടെത്തി.

രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ‌സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ ടോസിലിസുമാബ് എന്നിവ നൽകി. രോഗിയുടെ നില വീണ്ടും വഷളായതോടെ ഇൻവേസീവ് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് 11ന് രാവിലെ രോഗി മരണത്തിന് കീഴടങ്ങി.

രാജ്യത്ത് 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കോവിഡ്; 871 മരണം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,68,676 ആയി. 24 മണിക്കൂറിനുള്ളില്‍ 871 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ മരണം 45,257 ആയി വര്‍ധിച്ചു. രാജ്യത്തെ കോവിഡ് മരണനിരക്ക് രണ്ട് ശതമാനത്തിന് താഴെയായി. 1.99 ശതമാനമാണ് നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക്.

കോവിഡ് പ്രതിരോധം; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം ഇന്ന്

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ അവലോകനയോ​ഗം ഇന്ന്. എസ്പിമാർ മുതൽ ഉന്നത ഉദ്യോസ്ഥർ വരെ യോഗത്തിൽ പങ്കെടുക്കും. നിലവിലെ പ്രവർത്തന ശൈലി മാറ്റണമെന്ന് ഒരു വിഭാ​ഗം ഉദ്യോ​ഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. രോഗ വ്യാപനം കൂടിയ സാഹചര്യത്തിൽ കൊവിഡ് ട്രെയിസിംഗ് പ്രായോഗികമല്ലന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. റെസിഡന്റ്സ് അസോസിയേഷൻ മറ്റ് സംഘടനകൾ എന്നിവയുമായി സഹകരിച്ച് പുതിയ സംവിധാനം കൊണ്ടുവരുമെന്നും സൂചനയുണ്ട്.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി കവിഞ്ഞു

ലോകത്തെ വിറപ്പിച്ച്, ശമനമില്ലാലെ കോവിഡ് മഹാമാരി മുന്നോട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ക്രമാതീതമായി കോവിഡ് വ്യാപനം ഉണ്ടായതോടെ വൈറസ് ബാധിതതരുടെ എണ്ണം അതിവേഗം രണ്ടു കോടി കടന്നു. ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2,02,34,463 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. 7,37,814 പേര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു. 13,092,203 പേര്‍ക്ക് മാത്രമാണ് ലോകത്താകമാനം കോവിഡില്‍ നിന്ന് മുക്തി നേടാനായത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീരാജ്യങ്ങളില്‍ രോഗബാധയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

തലസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 297 പേർക്ക്

തിരുവനന്തപുരം ജില്ലയിൽ 297 പേർക്ക് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് ജില്ലയില്‍ പുതുതായി 886 പേര്‍ രോഗനിരീക്ഷണത്തിലായി. 401 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 15,684 പേര്‍ വീടുകളിലും 731പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.

ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 360 പേരെ പ്രവേശിപ്പിച്ചു. 480 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

മലപ്പുറത്ത് 242 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ നാല്  ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 199 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 32 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 167 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 31 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്ക് ശേഷം 51 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 2,158 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 158 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 123 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 26 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.

കോര്‍പ്പറേഷന്‍ പരിധിയില്‍ 20 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. മാവൂര്‍ മേഖലയില്‍ 15 പേര്‍ക്കും പെരുവയലില്‍ 12 പേര്‍ക്കും രോഗം ബാധിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 54 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1170 ആയി.

കാസർഗോട്ട് 147 പേർക്ക് കോവിഡ്; 266 പേർക്ക് രോഗമുക്തി

കാസർഗോഡ് ജില്ലയിൽ ഇന്ന് 147 പേർക്ക് കൂടി കോവി ഡ് 19 സ്ഥിരീകരിച്ചു. ഉദുമ പഞ്ചായത്തിൽ 73 പേർക്കും ചെമ്മനാട് 37 പേർക്കും പളളിക്കരയിൽ 13 പേർക്കും പോഗം സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ 5 പേർക്കും കാസർഗോഡ് നഗരസഭാ പരിധിയിൽ 3 പേർക്കും രോഗം സ്ഥിരീകരിച്ചു.

മംഗല്‍പാടി, കാറഡുക്ക, അജാനൂര്‍ പഞ്ചായത്തുകളിൽ മൂന്നുവീതം പേർക്കും, വെസ്റ്റ് എളേരി, കിനാനൂര്‍ കരിന്തളം, തൃക്കരിപ്പൂര്‍, മുളിയാര്‍, കുമ്പള, കോടോം ബെളൂര്‍ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.

അതേസമയം, ഇന്ന് ജില്ലയിൽ 266 പേർ രോഗവിമുക്തരായി. രോഗവിമുക്തരുടെ എണ്ണം 200 ന് മുകളിൽ കടക്കുന്നത് ഇതാദ്യമായാണ്. കുമ്പളയിലെ പഞ്ചായത്തിൽ നിന്നാണ് ഇന്ന് ഏറ്റവും കൂടുതൽ പേർ രോഗവിമുക്തരായത് (33 പേർ). ഇതിന് മുമ്പ് ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് ഓഗസ്റ്റ് ഏഴിനായിരുന്നു (123 പേർ)

പാലക്കാട് 141 പേർക്ക് രോഗം സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് 141 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 40 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 71 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർക്കും, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 15 പേർക്കും രോഗം സ്ഥിരീകരിച്ചു. ഓഗസ്റ്റ് എട്ടിന് മരിച്ച കുമ്പിടി സ്വദേശിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആവുകയും ചെയ്തു.

എറണാകുളത്ത് പുതിയ രോഗബാധിതർ 133

എറണാകുളം ജില്ലയിൽ ഇന്ന് 133 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ വിദേശത്തുനിന്നോ ഇതര സംസ്ഥാനങ്ങളിൽനിന്നോ മടങ്ങിയെത്തിയവർ അഞ്ച് പേരാണ്. 125  പേർക്ക് സർക്കത്തിലൂടെയാണ് രോഗബാധ. ആലുവ, ചെല്ലാനം, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി സ്വദേശി , വെങ്ങോല, ആയവന മേഖലകളിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ കൂടുതലാണ്.

ഇന്ന് 70 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 35 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 33 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 2 പേരും ഇതിൽ ഉൾപ്പെടുന്നു.

ഇന്ന് ജില്ലയിൽ 1574 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1049 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1542 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 4390 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

തൃശൂരിൽ 32 പേർക്ക് കോവിഡ്; 68 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ഇന്ന് 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 68 പേർ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 28 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ശക്തൻ ക്ലസ്റ്ററിൽ നിന്ന് 5 പേർക്കും പുത്തൻചിറ ക്ലസ്റ്ററിൽ നിന്ന് 3 പേർക്കും മിണാലൂർ, കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് ഓരോരുത്തർക്ക് വീതവും രോഗബാധയുണ്ടായി. കാട്ടാകാമ്പാൽ സ്വദേശിയായ ആരോഗ്യപ്രവർത്തകയ്ക്ക് (47) രോഗം സ്ഥിരീകരിച്ചു. മറ്റ് സമ്പർക്കം വഴി 15 പേർക്ക് രോഗബാധയുണ്ടായി. രോഗഉറവിടമറിയാത്ത 2 പേരും പോസിറ്റീവായി. ഷാർജയിൽ നിന്ന് തിരിച്ചെത്തിയ 2 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 2 പേരും രോഗം സ്ഥിരീകരിച്ചവരിലുൾപ്പെടുന്നു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 477 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2101 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1606 ആണ്.

തൃശൂരിൽ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

തൃശൂർ  ജില്ലയിൽ ഇന്ന് പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33, 38, 39, 40 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. തൃശൂർ കോർപറേഷനിലെ ഡിവിഷൻ 32, തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ്, അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ്, പുത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 21, അടാട്ട് ഗ്രാമപഞ്ചായത്തിലെ നാല്, 11 വാർഡുകൾ എന്നിവ ചൊവ്വാഴ്ചത്തെ ഉത്തരവ് പ്രകാരം കണ്ടെയ്ൻമെൻറ് സോണാക്കി.

നടത്തറ ഗ്രാമപഞ്ചായത്തിലെ 12, 13 ഡിവിഷനുകൾ, മാള ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 15, പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, കാറളം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകൾ, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ്, ചാലക്കുടി നഗരസഭയിലെ ഡിവിഷൻ 23, മുരിയാട് ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതൽ അഞ്ച് വരെയും ഏഴ്, എട്ട്, 10 മുതൽ 17 വരെയുമുള്ള വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി.

വയനാട് ജില്ലയില്‍ 18 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 938 ആയി. ഇതില്‍ 630 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 305 പേരാണ് ചികിത്സയിലുള്ളത്. 288 പേര്‍ ജില്ലയിലും 17 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news tracker august 11 updates

Next Story
ശബരിമല തീർഥാടനം: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധംsabarimala, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com