Covid-19: ന്യൂഡൽഹി/തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: ദിനംപ്രതിയുള്ള കൊവിഡ്-19 രോഗികളുടെ കണക്കില്‍ ഏതാനും ആഴ്ചകളായി മുന്നില്‍ നിന്ന തിരുവനന്തപുരത്തെ മറികടന്ന് മലപ്പുറം മുന്നില്‍ കയറി. കൂടാതെ, മൂന്ന് ജില്ലകളില്‍ നൂറിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. തിരുവനന്തപുരത്തെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും ആശങ്ക ഒഴിയുന്നില്ല. ഏതാനും പ്രദേശങ്ങള്‍ ലാര്‍ജ് ക്ലസ്റ്റര്‍ ആയി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറത്ത് 255 കേസുകളും തിരുവനന്തപുരം 200 കേസുകളും പാലക്കാട് 147 കേസുകളും കാസര്‍ഗോഡ് 146 കേസുകളും എറണാകളും 101 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പത്തനംതിട്ടയില്‍ നാല് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1184 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 784 പേര്‍ക്ക് രോഗമുക്തി ലഭിക്കുകയും ചെയ്തു.
തീരദേശദേശത്ത് കോവിഡ് ബാധ പടരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിനുമായി ഐജി എസ് ശ്രീജിത്തിനെ നിയോഗിച്ചു. കോസ്റ്റല്‍ പൊലീസ് അദ്ദേഹത്തെ സഹായിക്കും.
കോവിഡ് രോഗ ബാധ തടയുന്നതിന് ജനങ്ങള്‍ സ്വയം നിരീക്ഷണം നടത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുന്ന നൈബര്‍ഹുഡ് വാച്ച് സിസ്റ്റം ജനമൈത്രി പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്താകെ നടപ്പാക്കും.
Read Also: സംസ്ഥാനത്ത് 1184 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; ഏഴ് മരണം
തിരുവനന്തപുരത്ത് പുതിയ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ രൂപം കൊള്ളുന്നു
കോഴിക്കോട് രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തരായവര്‍
കോഴിക്കോട് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനമുണ്ട്. മൂന്നുദിവസത്തിനിടെ 36 അതിഥി തൊഴിലാളികള്‍ക്കാണ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു.
ജില്ലയില്‍ ഇന്ന് 66 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2, ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6, സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 52, ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 6. ഇന്ന് 71 പേര് രോഗമുക്തി നേടി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്. ഏറ്റവും കൂടുതല്‍ രോഗമുക്തരുള്ളത് കോഴിക്കോട് കോര്‍പ്പറേഷനിലാണ്. 17 പേര്.
ഇന്ന് പുതുതായി വന്ന 540 പേര് ഉള്‍പ്പെടെ ജില്ലയില്‍ 13784 പേര് നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 81340 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 105 പേര് ഉള്‍പ്പെടെ 984 പേര് ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 2141 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട് ആകെ സ്രവ സാംപിളുകള്‍ 92363 പരിശോധനയ്ക്ക് അയച്ചതില്‍ 88208 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 85867 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 4428 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്. ജില്ലയില്‍ ഇന്ന് വന്ന 336 പേര് ഉള്‍പ്പെടെ ആകെ 3358 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 24 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 28177 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റി
കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. ആശുപത്രിയിലെ ഡയാലിസ് സെന്റര്‍ അവിടെ നിലനിര്‍ത്തിയിട്ടുണ്ട്. കോവിഡ് വാര്‍ഡുമായി യാതൊരു വിധ ബന്ധവുമില്ലാത്ത രീതിയില്‍ ഡയാലിസിസ് സെന്ററിലെ ഉള്ളില്‍ നിന്നുള്ള പ്രവേശനം പൂര്‍ണ്ണമായും അടച്ചു. പകരം ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നേരെ ഡയാലിസിസ് സെന്ററിലേക്ക് പ്രവേശന റാംമ്പ് സഹിതം സജ്ജമാക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കാസര്‍കോട് 100 കടക്കുന്നത് പത്താം തവണ
ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 100 മുകളില്‍ കടക്കുന്നത് ഇത് പത്താം തവണയാണ്.ഇന്ന് 146 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം 100 നു മുകളില്‍ ആദ്യമായി പോസറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ജൂലൈ 22നാണ് ( 101 കേസുകള്‍).തുടര്‍ന്ന് ജൂലൈ 24ന് 106, ജൂലൈ25 ന് 105, ജൂലൈ 26 ന് 107, ഓഗസ്റ്റ് ഒന്നിന് 153, ഓഗസ്റ്റ് രണ്ടിന് 113, ഓഗസ്റ്റ് അഞ്ചിന് 128,ഓഗസ്റ്റ് ആറിന് 152,ഓഗസ്റ്റ് ഏഴിന് 168 എന്നിങ്ങനെയാണ് 100 മുകളില്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് ദിവസങ്ങള്‍.
ഇന്ന് ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറ് പേരുള്‍പ്പെടെ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 17 പേര് വിദേശത്ത് നിന്നും ഏഴ് പേര് ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്.
വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 15 പേര്‍ക്ക് രോഗം ഭേദമായി.
വീടുകളില്‍ 3375 പേരും സ്ഥാപനങ്ങളില്‍ 1326 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4701 പേരാണ്. പുതിയതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 518 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 586 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 314 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
വയനാട്ടില്‍ 33 പേരില്‍ 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ മൊത്തം രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. ഇന്ന് 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. വാളകത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം. 24 പേര്. 41 പേര് രോഗമുക്തി നേടി. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മറ്റുളളവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ മൈസൂരില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 920 ആയി. ഇതില്‍ 583 പേര് രോഗമുക്തരായി. രണ്ടു പേര് മരണപ്പെട്ടു. നിലവില്‍ 335 പേരാണ് ചികിത്സയിലുള്ളത്. 315 പേര് ജില്ലയിലും 20 പേര് ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
ചികിത്സയിലായിരുന്ന 34 വാളാട് സ്വദേശികളും കുറുക്കന്മൂല, വരദൂര്‍, പയ്യമ്പള്ളി, നല്ലൂര്‍നാട്, എടവ, പൊഴുതന, മുണ്ടക്കുറ്റി എന്നീ സ്ഥലങ്ങളിലുളള ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. പുതുതായി നിരീക്ഷണത്തിലായത് 138 പേരാണ്. 162 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2774 പേര്. ഇന്ന് വന്ന 25 പേര് ഉള്‍പ്പെടെ 363 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 171 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 28486 സാമ്പിളുകളില്‍ 27157 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 26237 നെഗറ്റീവും 920 പോസിറ്റീവുമാണ്.
തൃശൂരില്‍ രോഗം ബാധിച്ചവരില്‍ ഭൂരിപക്ഷത്തിനും സമ്പര്‍ക്ക രോഗബാധ
ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 514 ആണ്. തൃശൂര്‍ സ്വദേശികളായ 11 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2069 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1537 ആണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗ ഉറവിടമറിയാത്ത 3 പേരും ആരോഗ്യപ്രവര്‍ത്തകയായ (26) തെക്കുകര സ്വദേശിയും രോഗബാധിതരായി. മങ്കര ക്ലസ്റ്ററില്‍ നിന്ന് 3 പേരും മിണാലൂര്‍, പട്ടാമ്പി ക്ലസ്റ്ററുകളില്‍ നിന്ന് 2 പേര് വീതവും രോഗബാധിതരായി. ചാലക്കുടി, കുന്നംകുളം ക്ലസ്റ്ററുകളില്‍ നിന്ന് ഓരോരുത്തര്‍ക്ക് രോഗം ബാധിച്ചു. മറ്റ് സമ്പര്‍ക്കം വഴി 20 പേര് രോഗികളായി. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 5 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 2 പേരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
നിരീക്ഷണത്തില്‍ കഴിയുന്ന 10982 പേരില്‍ 10443 പേര് വീടുകളിലും 539 പേര് ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 46 പേരേയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 834 പേരെ തിങ്കളാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1488 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
തിങ്കളാഴ്ച 580 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 47782 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 46982 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 800 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 11206 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കൊവിഡ് പ്രതിരോധം: മികച്ച പ്രവര്‍ത്തനങ്ങളുമായി കണ്ണൂര്‍ ജില്ല
ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള രോഗികളുടെ എണ്ണം സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും കുറവുള്ള ജില്ല കണ്ണൂര്‍. 10 ലക്ഷം പേരില്‍ 76 പേര്‍ക്കാണ് ജില്ലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹോം ക്വാറന്റയിന്‍ വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കാന്‍ കഴിഞ്ഞതും സാമൂഹ്യ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാന്‍ കഴിഞ്ഞതുമാണ് ജില്ലയിലെ സ്ഥിതി മെച്ചപ്പെട്ട നിലയില്‍ ആകാന്‍ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍. ഇവിടെ 10 ലക്ഷം പേരില്‍ 596 പേരാണ് പുതിയ രോഗ ബാധിതര്‍. തിരുവനന്തപുരം ജില്ലയില്‍ ഇത് 551 ഉം ആലപ്പുഴയില്‍ 312 ഉം ആണ്. കൊല്ലം ജില്ലയാണ് കുറവുള്ള പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 10 ലക്ഷം പേരില്‍ 99 പേര്‍ക്കാണ് ഇവിടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ജില്ലയിലാണ് കുറവ്, 2.3 ശതമാനം. കൊല്ലം, ഇടുക്കി ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവ്. 2.1 ശതമാനമാണ് ഇവിടങ്ങളിലെ നിരക്ക്. മലപ്പുറം ജില്ലയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതല്‍ 10.3 ശതമാനം. കാസര്‍കോട് ജില്ലയില്‍ ഇത് 10.1 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ 9.2 ശതമാനവുമാണ്. രോഗം ഇരട്ടിക്കാന്‍ ഏറ്റവും കുടുതല്‍ സമയമെടുക്കുന്നതും കണ്ണൂര്‍ ജില്ലയിലാണ്. കാസര്‍കോട് ജില്ലയില്‍ 11 ദിവസം കൊണ്ടും കോഴിക്കോട് മലപ്പുറം ജില്ലകളില്‍ 13 ദിവസം കൊണ്ടും രോഗികളുടെ എണ്ണം ഇരട്ടിയാകുമ്പോള്‍ 36 ദിവസമാണ് കണ്ണൂര്‍ ജില്ലയില്‍ രോഗം ഇരട്ടിക്കാനെടുക്കുന്നത്.
ജില്ലയിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ 14 ശതമാനം കിടക്കകള്‍ മാത്രമാണ് നിലവില്‍ ഉപയോഗിക്കുന്നത്. ബാക്കി 86 ശതമാനം കിടക്കകളിലും നിലവില്‍ രോഗികളില്ല. സംസ്ഥാനത്ത് തന്നെ ജില്ലയിലെ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലാണ് ഏറ്റവും കുറവ് രോഗികളുള്ളതെന്നതും ശ്രദ്ധേയമാണ്. വയനാട് ജില്ലയില്‍ 79 ശതമാനം കിടക്കകളിലും കാസര്‍കോട് ജില്ലയില്‍ 72 ശതമാനം കിടക്കകളിലും ഇതിനോടകം രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിലവില്‍ 397 പേരാണ് ജില്ലയില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. വീടുകളില്‍ 8538 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 37974 സാമ്പിളുകളാണ് ഇതിനോടകം പരിശോധനയ്ക്കയച്ചിരിക്കുന്നത്. കോവിഡ് 19മായി ബന്ധപ്പെട്ട് ആകെ 78762 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ഇതിനോടകം നിരീക്ഷണത്തില്‍ കഴിഞ്ഞത്.
മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളെ ക്വാറന്റൈന് ചെയ്യാന്‍ നടപടി
കണ്ണൂര്‍ ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം ഉണ്ടാകുന്നതു തടയാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് പറഞ്ഞു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന കേസുകള്‍ ജില്ലയില്‍ ഉണ്ടാവുന്നുണ്ട്. ഇത് വര്‍ധിക്കാതിരിക്കാന്‍ നല്ല ജാഗ്രത വേണം. സര്‍ക്കാര്‍ ഓഫീസുകളിലും മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ശക്തമായ പ്രതിരോധ ക്രമീകരണങ്ങള്‍ ഉണ്ടാവണം. ഒരിടത്തും ആള്‍ക്കൂട്ടം ഉണ്ടാവുന്ന നില പാടില്ല. എല്ലായിടത്തും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്നു ഉറപ്പാക്കാന്‍ പൊലീസും തദ്ദേശ സ്ഥാപനങ്ങളും ശ്രദ്ധിക്കണം.
മഴക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കണം. ഇവിടെ നിന്ന് രോഗം പകരുന്ന അവസ്ഥ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്യണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
അതിഥി തൊഴിലാളികള്‍ പല സ്ഥലങ്ങളിലും മടങ്ങി എത്തുന്നുണ്ടെന്നും ഇവര്‍ കൃത്യമായി ക്വാറന്റൈനില്‍ കഴിയുന്നുവെന്ന് ഉറപ്പു വരുത്താന്‍ നടപടി എടുക്കണമെന്നും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു.
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 31 പേര് കൂടി ഇന്നലെ (ആഗസ്ത് 10) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1275 ആയി.
മലപ്പുറം ജില്ലയില്‍ മൊത്തം രോഗികളുടെ എണ്ണം 3,500 കടന്നു
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഒരു എയര്‍ ഇന്ത്യ ജീവനക്കാരിയുമുള്‍പ്പെടെ 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 37 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 186 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 25 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്ക് ശേഷം 53 പേരാണ് ഇന്ന് രോഗമുക്തരായത്.
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 3,513 പേര്‍ക്കാണ്. ജില്ലയില്‍ ഇതുവരെ 2,103 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
32,536 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,143 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 538 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 15 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 85 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 60 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 82 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 361 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 30,323 പേര് വീടുകളിലും 1,148 പേര് കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ ആര്.ടി.പി.സി.ആര്, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 74,216 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 71,460 പേരുടെ ഫലം ലഭ്യമായതില്‍ 69,962 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,957 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
കണ്ടെയ്ന്മെന്റ് സോണ്‍: വിവാഹ ചടങ്ങുകള്‍ക്ക് പാസ് തഹസില്‍ദാര്‍മാര്‍ നല്‍കും
കണ്ടെയ്ന്മെന്റ് സോണുകളാക്കി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വിവാഹ ചടങ്ങുകള്‍ക്ക് മറ്റ് പ്രദേശങ്ങളില്‍ നിന്ന് വധൂവരന്മാരുടെ സംഘങ്ങള്‍ക്ക് എത്തിച്ചേരുന്നതിനും പുറത്തേക്ക് പോകുന്നതിനുമുള്ള പാസ് അനുവദിക്കുന്നതിനായി താലൂക്ക് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. കണ്ടെയ്ന്മെന്റ് സോണുകളിലെ വിവാഹ ചടങ്ങുകള്‍ക്ക് മറ്റ് പ്രദേശങ്ങളില്‍ നിന്ന് വരന്/വധുവിന് എത്തിച്ചേരുന്നതിന് പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പാസ് അനുവദിക്കുന്നതിനായി ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ താലൂക്ക് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയത്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറത്ത് കോവിഡ് മരണം 19 ആയി
ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. ചെമ്പ്രക്കാട്ടൂര്‍ സ്വദേശി അബ്ദുല്‍ റഹ്മാനാണ് (63) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 19 ആയി.
പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്ന അബ്ദുല്‍ റഹ്മാനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെതുടര്‍ന്നാണ് ഓഗസ്റ്റ് ആറിന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. പനിയും ചുമയും ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുമുണ്ടായിരുന്ന രോഗിയെ അന്ന് തന്നെ ജനറല്‍ ഐസിയുവിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്കി ആരോഗ്യ നില മെച്ചപ്പെടുത്തി.
തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും കോവിഡ് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.
ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന്സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന് ടോസിലിസുമാബ്, നല്കി. ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടായി രോഗിയുടെ നില വഷളാവുകയും തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.45 ഓടെ മരിച്ചു.
വാളാട് ക്ലസ്റ്ററില്‍ കോവിഡ് സ്ഥിരീകരിച്ചത് 284 പേര്‍ക്ക്
വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച വാളാട് ക്ലസ്റ്ററില്‍ 3607 പരിശോധനകള്‍ നടത്തിയതില്‍ 284 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചതാണ് ഇക്കാര്യം. വാളാട് സമ്പര്‍ക്കത്തിലുള്ളവര്‍ എട്ട് പഞ്ചായത്തുകളില്‍ കഴിയുന്നതായി കണ്ടെത്തുകയും ഊര്‍ജിത ശ്രമത്തിലൂടെ ബന്ധപ്പെട്ടവരെ പരിശോധനകള്‍ വിധേയമാക്കുകയും ചെയ്തു. ഇപ്പോള്‍ ഇവിടെ കേസുകള്‍ കുറയുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലയില്‍ 25 പട്ടിക വര്‍ഗക്കാര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 11 പേര് വാളാട് സമ്പര്‍ക്കവുമായി ബന്ധപ്പെട്ടാണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നാല് പൊലീസുകാര്‍ക്കും രോഗം ബാധിച്ചു. ഇപ്പോള്‍ മാനന്തവാടി കോവിഡ് ആശുപത്രിക്കു പുറമെ അഞ്ച് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലാണ് രോഗികളെ ചികിത്സിക്കുന്നത്. 5 പേര് ഐ.സി.യുവിലുണ്ട്.
ഇപ്പോള്‍ 28 എഫ്.എല്‍.ടി.സികളിലായി 2830 ബെഡുകള്‍ പൂര്‍ണ സജ്ജമാണ്. മാനന്തവാടിയില്‍ 12, കല്‍പ്പറ്റയില്‍ 9, ബത്തേരിയില്‍ 7 എന്നിങ്ങനെയാണ് സെന്ററുകളുള്ളത്. ആകെ 61 എഫ്.എല്‍.ടി.സികള്‍ക്കുള്ള ക്രമീകരണങ്ങളായിട്ടുണ്ട്. സൗകര്യമില്ലാത്ത പൊഴുതന, മുള്ളന്‍കൊല്ലി, നെന്മേനി പഞ്ചായത്തുകളുടെ സമീപ പ്രദേശങ്ങളില്‍ കൂടുതല്‍ ബെഡുകള്‍ ഒരുക്കും.
വയനാട് പരിശോധനകള്‍ വര്‍ധിപ്പിക്കും: മന്ത്രി
ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി ടി.പി രാമകൃഷ്ണന് അറിയിച്ചു. ഇപ്പോള്‍ ഒരു ദിവസം 500 മുതല്‍ 800 വരെ പരിശോധനകളാണ് നടക്കുന്നത്. ഇത് 15-ാം തിയതിക്കകം 1000 മായും 20 നകം 1200 ആയും വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ജില്ലാ ഭരണസംവിധാനവും ആരോഗ്യ വകുപ്പും പൊലീസും മറ്റ് വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ജില്ലയില്‍ സ്ഥിതി നിയന്ത്രണ വിധേമായി തുടരുന്നതെന്നും ഇതിന് ജനങ്ങള്‍ നല്കുന്ന പിന്തുണ തുടരണമെന്നും യോഗത്തില്‍ മന്ത്രി പറഞ്ഞു.
ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും സ്ഥിതി രൂക്ഷം
എറണാകുളം ജില്ലയില്‍ ചെല്ലാനം, തൃക്കാക്കര സ്വദേശി, പള്ളുരുത്തി, പാലാരിവട്ടം, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വെങ്ങോല തുടങ്ങിയ സ്ഥലങ്ങൡ സ്ഥിതി രൂക്ഷമായി തുടരുന്നു. ആലുവ ക്ലസ്റ്ററില്‍ രോഗവ്യാപനം കുറഞ്ഞു വരികയാണ്. ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട കൂടുതല്‍ സ്ഥലങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ മാത്രമാണ് നിലവില്‍ നിയന്ത്രണങ്ങള്‍ ഉള്ളത്.
101 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഇന്ന് 47 പേര് രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 21 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 24 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും രോഗം ഭേദമായി. ഇന്ന് 851 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 682 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11099 ആണ്. ഇതില്‍ 9267 പേര് വീടുകളിലും, 127 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1705 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 59 പേരെ പുതുതായി ആശുപത്രിയില്‍/ എഫ് എല്‍ റ്റി സി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 72 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1212 ആണ്.
പാലക്കാട് ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം
ജില്ലയില്‍ തിങ്കളാഴ്ച തൃശ്ശൂര്‍, മലപ്പുറം സ്വദേശികള്‍ക്ക് ഉള്‍പ്പെടെ 147 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 70 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 14 പേര്, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 27 പേര്, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേര് , ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. കൂടാതെ ഓഗസ്റ്റ് ഏഴിന് മരിച്ച പരുതൂര്‍ സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ചു. .102 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 635 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേര് കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, ആറുപേര്‍ മലപ്പുറം ജില്ലയിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 62,064 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് രോഗികളുടെ എണ്ണം 22,15,075 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,007 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 44,386 ആയി. നിലവിൽ 6,34,945 പേർ കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നു. 15,35,744 പേർ ഇതുവരെ കോവിഡ് മുക്തി നേടി.
മലപ്പുറം ജില്ലാ കലക്ടർ നിരീക്ഷണത്തിൽ

മലപ്പുറം ജില്ലാ കലക്ടർ വിമാനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനിടെ
മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ നിരീക്ഷണത്തിൽ പ്രവേശിച്ചു. കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയപ്പോൾ പലരുമായും സമ്പർക്കമുണ്ടായതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണനോട് സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. നേരത്തെ, വിമാനാപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഫോർട്ട് കൊച്ചിയിൽ ആശങ്ക
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചി ക്ലസ്റ്റർ കൂടുതൽ ഭീഷണിയുയർത്തുന്നു. എറണാകുളം ജില്ലയിൽ ഇന്നലെ 54 പേർക്കാണ് കാേവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 15 പേർ ഫോർട്ട് കൊച്ചി ക്ലസ്റ്ററിൽ നിന്നുള്ളവരാണ്.
കഴിഞ്ഞ കുറച്ച് ദിവസമായി ദിവസേന പത്തിലേറെ പേർക്ക് ഫോർട്ട് കൊച്ചി ക്ലസ്റ്ററിൽ കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. മേഖലയിൽ കര്‍ശനമായ നിയന്ത്രണങ്ങളോടെ സമ്പൂര്‍ണ അടച്ചുപൂട്ടൽ തുടരുകയാണ്. അതേസമയം, ജില്ലയിലെ മറ്റ് കോവിഡ് ക്ലസ്റ്ററുകളായ ആലുവ ചെല്ലാനം മേഖലകളില്‍ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഫോർട്ട് കൊച്ചി മേഖലയിൽ പരിശോധന വർധിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Read Also: രാജമല ദുരന്തം: മൃതദേഹങ്ങൾ അഴുകിത്തുടങ്ങി, തിരിച്ചറിയാൻ ബുദ്ധിമുട്ട്
എറണാകുളത്ത് കോവിഡ് മരണം
കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കടുങ്ങല്ലൂർ കാമിയമ്പാട്ട് ലീലാമണിയമ്മ (71) മരിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്കയച്ചു. രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, കടുത്ത ശ്വാസകോശ രോഗങ്ങൾ എന്നീ രോഗങ്ങളുണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ 9.10 നാണ് മരിച്ചത്
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം
കേരളത്തിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 33,000 കടന്നു മുന്നോട്ടുപോകുകയാണ്. നിലവിൽ 12,347 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 21,836 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതിൽ 11,000 ത്തിലേറെ പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് 108 പേർ മരിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത് 1,211 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു. ആദ്യ ഒരു കോടിയിലെത്താന്‍ 184 ദിവസം എടുത്തെങ്കില്‍ അടുത്ത ഒരു കോടിയിലെത്താന്‍ വെറും 43 ദിവസം മാത്രമാണെടുത്തത്. കോവിഡ് മരണം 7,33,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് കോവിഡ് ബാധിച്ച് നാലായിരത്തിലേറെ പേർ മരിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.