തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്ന് ആദ്യമായി 1500 കടന്നു. ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 400 കടന്നു. മലപ്പുറം, പാലക്കാട് ജില്ലകളിൽ ഇരുന്നൂറിലധികം കോവിഡ് കേസുകൾ ഇന്ന് സ്ഥിരികീരിച്ചു.

Kerala Covid-19 Tracker: കേരളത്തിൽ ഇന്ന് 1564 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 100 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ 2 വീതവും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 5 ഐടിബിപി ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് 3 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ആഗസ്റ്റ് 10ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.

13,839 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,692 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 544 ആയി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം- 434
 • മലപ്പുറം- 202,
 • പാലക്കാട്- 202
 • എറണാകുളം- 115,
 • കോഴിക്കോട്- 98
 • കാസർഗോഡ്- 79
 • പത്തനംതിട്ട- 75
 • തൃശൂർ- 75
 • കൊല്ലം- 74
 • ആലപ്പുഴ- 72
 • കോട്ടയം- 53
 • ഇടുക്കി- 31
 • കണ്ണൂര്‍- 27
 • വയനാട്- 27

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തിരുവനന്തപുരം-428
 • മലപ്പുറം-180
 • പാലക്കാട്-159
 • എറണാകുളം-109
 • കോഴിക്കോട്- 83
 • തൃശൂര്‍-73
 • കാസര്‍ഗോഡ്-71
 • കൊല്ലം-64
 • ആലപ്പുഴ- 59
 • പത്തനംതിട്ട-44
 • കോട്ടയം-43
 • വയനാട്-27
 • കണ്ണൂര്‍- 21
 • ഇടുക്കി-19

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം-197
 • എറണാകുളം- 109
 • കൊല്ലം- 73
 • ആലപ്പുഴ- 70
 • പാലക്കാട്- 67
 • മലപ്പുറം- 61
 • തൃശൂർ- 47
 • വയനാട്- 30
 • കാസർഗോഡ്- 28
 • കണ്ണൂർ- 25
 • ഇടുക്കി- 22
 • കോട്ടയം- 17
 • കോഴിക്കോട്- 12
 • പത്തനംതിട്ട- 8

മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മാസത്തോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ.  പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ കൊവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. കൊവിഡ് കേസുകൾ വർധിക്കുമ്പോൾ അതിന് ആനുപാതികമായി മരണനിരക്കും ഉയരും എന്ന കാര്യം ഭയത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

1,53,061 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,061 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,40,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,683 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1670 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനകം 31, 270 സാമ്പിളുകള്‍ പരിശോധിച്ചു

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,270 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,87,722 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5999 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,43,085 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1193 പേരുടെ ഫലം വരാനുണ്ട്.

16 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂര്‍ (13), കാവശേരി (5), തൃശൂര്‍ ജില്ലയിലെ കൊറട്ടി (1, 9), പനച്ചേരി (6 (സബ് വാര്‍ഡ്), 7, 8), ചാലക്കുട്ടി (19), എറണാകുളം ജില്ലയിലെ കടമക്കുടി (സബ് വാര്‍ഡ് 6), വാളകം (സബ് വാര്‍ഡ് 1), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (1, 5, 11, 12, 13), ഒതുക്കുങ്ങല്‍ (3, 4, 5, 6, 12, 13, 14, 15, 16, 17, 18, 19), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2), കോഴിക്കോട് ജില്ലയിലെ ബാലുശേരി (4 ,11), കൊല്ലം ജില്ലയിലെ വെളിയം (19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഒഴിവാക്കി

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കോട്ടപ്പാടം (വാര്‍ഡ് 16), വടക്കാഞ്ചേരി (12, 13, 14), എരിമയൂര്‍ (10, 13), തൃശൂര്‍ ജില്ലയിലെ കുഴൂര്‍ (6), താന്ന്യം (18), എറണാകുളം ജില്ലയിലെ ഏഴിക്കര (8, 9), പായിപ്ര (8), ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ (1, 2, 3, 4), വയനാട് ജില്ലയിലെ നെന്മേനി (1), മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ (3, 5, 6, 11, 12, 13, 18, 19), കൊല്ലം ജില്ലയിലെ തൊടിയൂര്‍ (15, 16, 19, 20), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

ഡോക്‌ടറുടെ കുറിപ്പടി ആവശ്യമില്ല; കോവിഡ് പരിശോധന ആർക്കും നടത്താം, ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ആർക്കുവേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം.  ഡോക്‌ടറുടെ കുറിപ്പടിയില്ലെങ്കിലും ആർക്കും കോവിഡ് പരിശോധന നടത്താൻ സാധിക്കും. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് വാക് ഇന്‍ കോവിഡ് 19 ടെസ്റ്റിന് അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സ്വകാര്യലാബുകളിൽ കോവിഡ് പരിശോധന നടത്താൻ അനുമതി നല്‍കിയാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്കും തിരിച്ചറിയൽ രേഖയും നല്‍കണം.

ആര്‍ടിപിസിആര്‍, എക്സ്പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് തുടങ്ങിയ കോവിഡ് പരിശോധനകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ വാക് ഇന്‍ കോവിഡ്-19 ടെസ്റ്റ് നടത്താനുള്ള അനുമതിക്കായി പലരും മുന്നോട്ടു വന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി.

Covid-19 Russian Vaccine: റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ എന്നെത്തും?, എന്തൊക്കെയാണ് തടസ്സങ്ങള്‍?

പരിശോധനാ ഫലം ലാബുകൾക്ക് വ്യക്തികളെ നേരിട്ടറിയിക്കാം. ഒപ്പം ആരോഗ്യ വകുപ്പിലും വിവരമറിയിക്കണം. ആരോഗ്യവകുപ്പിന്റെ പരിശോധനയ്‌ക്ക് കാത്തുനിൽക്കാതെ രോഗബാധ നേരത്തെ കണ്ടെത്താൻ കഴിയുമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം.

തലസ്ഥാനത്ത് പുതിയ രോഗബാധിതർ നാന്നൂറിലധികം

തിരുവനന്തപുരം ജില്ലയിൽ ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 400 കടന്നു. 434 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 428 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 197 പേർ രോഗമുക്തി നേടി.

ഇന്ന് ജില്ലയില്‍ പുതുതായി 1,250 പേര്‍ രോഗനിരീക്ഷണത്തിവലാ യി. 987 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ഇന്ന് 660 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 718 പരിശോധന ഫലങ്ങള്‍ ഇന്ന് ലഭിക്കുകയും ചെയ്തു.

ആലപ്പുഴ തുമ്പോളിയിൽ സ്ഥിതി രൂക്ഷം

ആലപ്പുഴ തുമ്പോളി മേഖലയിൽ കോവിഡ് വ്യാപനം അതിരൂക്ഷം. തുമ്പോളിയില്‍ മൂന്നുദിവസത്തിനിടെ 92 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്തിയ ആന്റിജൻ പരിശോധനയിലാണ് തുമ്പോളി വാര്‍ഡിലെ 43 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇന്നലെ ഇരുനൂറുപേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

നഗരസഭാ പരിധിയില്‍ സമ്പര്‍ക്ക വ്യാപനം ഏറിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്ന് നാനൂറുപേര്‍ക്ക് ആന്റിജൻ പരിശോധന നടത്തും. മത്സ്യതൊഴിലാളികൾ തിങ്ങിപാർക്കുന്ന മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.

പാലക്കാട് 202 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ നിലവില്‍ 860 പേരാണ് ചികിത്സയിലുള്ളത്.

ഇതുവരെ 35142 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 33670 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 292 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 256 സാമ്പിളുകൾ അയച്ചു. 2866 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1994 പേർ രോഗമുക്തി നേടി. ഇനി 680 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

മലപ്പുറത്ത് 202 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്ക് ശേഷം 61 പേർ ഇന്ന് രോഗമുക്തരായി.

ജില്ലയില്‍ ഇതുവരെ 2,327 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കോഴിക്കോട്ട് 98 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 98 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 80 പേര്‍ക്കാണ് രോഗം ബാധിച്ചത്. നാലു പേരുടെ ഉറവിടം വ്യക്തമല്ല.

കോര്‍പ്പറേഷന്‍ പരിധിയില്‍ ആറു അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 17 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട്‌പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പുറമേരിയില്‍ 11 പേര്‍ക്കും ഫറോക്കില്‍ എട്ടുപേര്‍ക്കും ചെറുവണ്ണൂരില്‍ (പേരാമ്പ്ര) ഒന്‍പത് പേര്‍ക്കും ചോറോട് ഏഴ് പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1228 ആയി.

കാസർഗോട്ട് 79 പേര്‍ക്ക് കൂടി രോഗബാധ

കാസർഗോഡ് ജില്ലയില്‍ 79 ഇന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചെറുവത്തൂരിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെമ്മനാട് പഞ്ചായത്തിൽ ആറ് പേർക്കും പളളിക്കരയിലും കുമ്പളയിലും അഞ്ച് വീതം പേർക്കും രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് നഗരസഭയിൽ ഇന്ന് നാല് പേർക്കാണ് രോഗബാധ കണ്ടെത്തിയത്. മടിക്കൈ, മഞ്ചേശ്വരം, മധൂര്‍ എന്നിവിടങ്ങളിൽ നാല് വീതവും നീലേശ്വരം, അജാനൂര്‍ എന്നിവിടങ്ങളിൽ മൂന്നു വീതവും രോഗബാധ റിപ്പോർട്ട് ചെയ്തു. വലിയപ്പറമ്പ, കാഞ്ഞങ്ങാട്, കയ്യൂര്‍ ചീമേനി, പിലിക്കോട്, പൈവളളിഗെ, ബദിയഡുക്ക, പുല്ലൂര്‍ പെരിയ, തൃക്കരിപ്പൂര്‍, വെസ്റ്റ് എളേരി, മംഗല്‍പാടി, വോര്‍ക്കാടി എന്നിവിടങ്ങളിലും പുതിയ രോഗബാധ സ്ഥിരീകരിച്ചു.

തൃശൂരിൽ 75 പേർക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 75 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 47 പേർ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരിൽ 73 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 7 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ 15 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 19 പേർ ഈ ക്ലസ്റ്ററിൽ നിന്ന് രോഗബാധിതരായി. ശക്തൻ ക്ലസ്റ്റർ-10, അംബേദ്കർ കോളനി ക്ലസ്റ്റർ വേളൂക്കര-5, മിണാലൂർ ക്ലസ്റ്റർ-5, പട്ടാമ്പി ക്ലസ്റ്റർ-5, ഇരിങ്ങാലക്കുട ക്ലസ്റ്റർ-4, മങ്കര ക്ലസ്റ്റർ-2, മറ്റു സമ്പർക്കം-16 എന്നിങ്ങനെയാണ് സമ്പർക്കരോഗബാധിതരുടെ കണക്ക്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 2 പേർക്കും രോഗം ബാധിച്ചു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 471 ആണ്. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2195 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1708 ആണ്.

കൊല്ലത്ത് 74 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ 8 പേർക്കും സമ്പർക്കം മൂലം 64 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 73 പേർ രോഗമുക്തി നേടി.

വയനാട് ജില്ലയില്‍ 27 പേര്‍ക്ക് കോവിഡ്; 30 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 30 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 977 ആയി. ഇതില്‍ 676 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 298 പേരാണ് ചികിത്സയിലുള്ളത്. 282 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

കണ്ണൂരില്‍ 27 പേര്‍ക്ക് കോവിഡ്

കണ്ണൂർ ജില്ലയില്‍ 27 പേര്‍ക്ക് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചു. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആരോഗ്യ പ്രവര്‍ത്തകയ്ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.