കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന പേര്യ സ്വദേശി റെജി (45) ആണ് മരിച്ചത്. 17 ന് രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തെ 25 ന് ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തെ പ്ലാസ്മ തെറാപ്പിക്ക്‌ രണ്ടു തവണ വിധേയമാക്കിയിരുന്നു.  നെഗറ്റീവ് റിപ്പോർട്ട്‌ വന്നതിന് ശേഷമാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും രണ്ടു പെണ്മക്കൾക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. അവരുടെ അസുഖം ഭേദമായിട്ടുണ്ട്.

വെള്ളിയാഴ്ച സംസ്ഥാനത്ത് മറ്റ് എട്ട് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചിരുന്നു.  എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കൊല്ലം, മലപ്പുറം, കാസർഗോഡ് ജില്ലകളിലായാണ് ഇന്ന് സ്ഥിരീകരിച്ച കോവിഡ് മരണങ്ങൾ.

ആയിരം കടന്ന് വീണ്ടും

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണം വീണ്ടും 1100 കടന്നു. 1129 പേർക്കാണ് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 241 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കാസർഗോഡ് ജില്ലയിൽ 151 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 752 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 17 പ്രദേശങ്ങൾ ഇന്ന് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 5 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്‌റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രന്‍ (59) എന്നിവരുടെ മരണം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 81 ആയി.

രോഗം സ്ഥിരീകരിച്ചവർ: ജില്ല തിരിച്ച്

  • തിരുവനന്തപുരം- 259
    കാസര്‍ഗോഡ്-153
    മലപ്പുറം-141
    കോഴിക്കോട്-95
    പത്തനംതിട്ട-85
    തൃശൂര്‍- 76
    ആലപ്പുഴ- 67
    എറണാകുളം-59
    കോട്ടയം-47
    പാലക്കാട്-47
    വയനാട്-46
    കൊല്ലം-35
    ഇടുക്കി- 14
    കണ്ണൂര്‍- 5

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • തിരുവനന്തപുരം-241
    കാസര്‍ഗോഡ്-151
    മലപ്പുറം-83
    കോഴിക്കോട്-80
    പത്തനംതിട്ട-61
    ആലപ്പുഴ-52
    വയനാട്-44
    കോട്ടയം-38
    തൃശൂര്‍-35
    എറണാകുളം-33
    പാലക്കാട്-26
    കൊല്ലം-27
    ഇടുക്കി-7
    കണ്ണൂര്‍-2

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം-168
    ആലപ്പുഴ-100
    പത്തനംതിട്ട-58
    കോട്ടയം-57
    തൃശൂര്‍-54
    കൊല്ലം-53
    കോഴിക്കോട്-49
    പാലക്കാട്-42
    മലപ്പുറം- 36
    എറണാകുളം- 35
    കണ്ണൂര്‍- 35
    ഇടുക്കി- 32
    കാസര്‍ഗോഡ്- 28
    വയനാട്- 5

1,43,996 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,380 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 20,518 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,518 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,95,919 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5971 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,24,653 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1842 പേരുടെ ഫലം വരാനുണ്ട്.

പുതിയ 17 ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10),വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ എരുമേലി (1),ആതിരമ്പുഴ (20,11), മുണ്ടക്കയം (12), അയര്‍കുന്നം (15), അത്തോളി (2), കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം (12), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (13), പ്രമദം (19), തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ (6), കൊല്ലം ജില്ലയിലെ നീണ്ടകര (2, 3, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

23 പ്രദേശങ്ങളെ ഒഴിവാക്കി

23 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അവിനിശേരി (വാര്‍ഡ് 13), പുതൂര്‍ (3), നെന്മണിക്കര (6, 7), ആളൂര്‍ (1, 17), എരുമപ്പെട്ടി (9), തൃക്കൂര്‍ (7, 8), പൂമംഗലം (8), ചൂണ്ടല്‍ (6, 7, 8), ചേലക്കര (17), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (31), ദേശമംഗലം (11, 13, 14, 15), തിരുവില്വാമല (10), പടിയൂര്‍ (1, 13, 14),വല്ലച്ചിറ (14), മടക്കത്തറ (6, 7, 8, 14), പെരിഞ്ഞാനം (12), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്‍ഡുകളും), വെസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും), ഇടുക്കി ജില്ലയിലെ രാജക്കാട് (എല്ലാ വാര്‍ഡുകളും), കാഞ്ചിയാര്‍ (11, 12), പത്തനംതിട്ട ജില്ലയിലെ റാന്നി പഴവങ്ങാടി (12, 13, 14), താന്നിത്തോട് (8), ചിറ്റാറ്റുകര (3) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 492 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

മൃതദേഹങ്ങള്‍ സെമിത്തേരികളില്‍ ദഹിപ്പിക്കാമെന്ന് പാലാ രൂപത

കോട്ടയം: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇടവക സെമിത്തേരികളില്‍ തന്നെ സംസ്‌ക്കരിക്കാനുള്ള ആലപ്പുഴ ലത്തീന്‍ രൂപതയുടെ തീരുമാനത്തിന് പിന്നാലെ സമാന നിലപാടുമായി പാലാ രൂപതയും രംഗത്ത്. മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കുന്നതായി പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നത്. ദഹിപ്പിച്ചതിന് ശേഷം ചിതാഭസ്മം ബന്ധുക്കള്‍ക്ക് കൈമാറാനോ വായുവില്‍ വിതറാനോ വെള്ളത്തില്‍ ഒഴുക്കാനോ പാടില്ല. ഇത് യഥാവിധി സഭാ നിയമങ്ങള്‍ക്ക് അനുസൃതമായി മൃതദേഹം അടക്കുന്നതുപോലെ അടക്കം ചെയ്യണമെന്നും ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.

കോവിഡ്: പൊലീസ് ആസ്ഥാനം അടച്ചു

ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊലീസ് ആസ്ഥാനം അടച്ചു. രണ്ട് ദിവസത്തേക്കാണ് ഹെഡ് ക്വാർട്ടേഴ്‌സ് അടച്ചത്. അണുവിമുക്തമാക്കിയ ശേഷമേ ഇനി തുറക്കൂ. പൊലീസ് ആസ്ഥാനത്ത് റിസപ്‌ഷനിൽ ജോലി ചെയ്യുന്ന എസ്‌ഐക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, പൊലീസുകാരില്‍ കോവിഡ് രോഗികള്‍ കൂടിയതോടെ മാര്‍ഗനിര്‍ദേശം കര്‍ശനമാക്കി. അമ്പത് വയസിന് മുകളിലുള്ളവരെ കോവിഡ് പ്രതിരോധത്തിന് നിയോഗിക്കരുതെന്നാണ് ഡിജിപിയുടെ നിർദേശം. മറ്റു രോഗമുള്ള 50 വയസ് തികയാത്തവര്‍ക്കും പുറം ഡ്യൂട്ടി നല്‍കരുത്.

കോവിഡ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥർ

വാളാട് നിയന്ത്രണങ്ങൾ കർശനമാക്കും

കോവിഡ് വ്യാപനം രൂക്ഷമായ വാളാട് ക്ലസ്റ്ററിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് വയനാട് കലക്‌ടർ അദീല അബ്ദുള്ള. മറ്റു ക്ലസ്റ്ററുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടർ പറഞ്ഞു.

എറണാകുളത്ത് എട്ടുപേര്‍ ഗുരുതരാവസ്ഥയില്‍

എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ എട്ടു പേര്‍ ഗുരുതരാവസ്ഥയില്‍. ഇവരില്‍ ഏഴുപേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ തൃശൂര്‍ ജില്ലയില്‍നിന്നുള്ള ആളുമാണ്. ഇവരെല്ലാം വെന്റിലേറ്ററില്‍ ചികിത്സയിലാണ്. മിക്കവര്‍ക്കും ന്യുമോണിയ ബാധിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച് എസ്ഐ മരിച്ചു

കോവിഡ് ബാധിച്ച് സംസ്ഥാനത്താദ്യമായി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഇടുക്കി ജില്ലയിലെ സ്‌പെഷൽ ബ്രാഞ്ച് എസ്‌ഐ അജിതൻ (55) മരിച്ചത്.  വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദ്രോഗബാധിതനും പ്രമേഹരോഗിയുമായിരുന്നു.

ബുധനാഴ്‌ചയാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇടുക്കി മെഡിക്കൽ കോളേജിലായിരുന്നു ആദ്യം ചികിത്സ. പിന്നീട് രോഗം മൂർച്ഛിച്ചതോടെ കോട്ടയത്തേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തിനു ആന്റിവെെറൽ ചികിത്സയും പ്ലാസ്‌മ തെറാപ്പിയും നൽകിയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവിന് നേതാവിന് കോവിഡ്

അന്തരിച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസിയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണശേഷമുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അടിയന്തരാവസ്ഥകാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.  82 വയസായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു ദേവസി. ജെഡിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. എച്ച്‌എംഎസ് ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. 1979 ലും 1991ലും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

എറണാകുളത്ത് അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ്

എറണാകുളത്ത് അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെ പ്രസവവാർഡിൽ ജോലി ചെയ്യുന്ന അഞ്ച് നഴ്‌സുമാർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇവിടെ പ്രവേശിപ്പിച്ചിരുന്ന ഒരു ഗർഭിണിയ്‌ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നഴ്‌സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രസവവാർഡ് അടച്ചേക്കും.

ശക്തൻ മാർക്കറ്റിൽ കൂടുതൽ പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ആശങ്ക വർധിപ്പിച്ച് ശക്തൻ മാർക്കറ്റിലെ കോവിഡ് വ്യാപനം. ശക്തൻ മാർക്കറ്റിലെ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റിലെ രണ്ട് തൊഴിലാളികൾക്കും രണ്ട് കടകളിലെ ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് നാല് പേർക്ക് കൂടി കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമാകുന്നത്. ഇതാേടെ ശക്തൻ മാർക്കറ്റിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.

തൃശൂർ ശക്തൻ മാർക്കറ്റ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പച്ചക്കറി മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്

കഴിഞ്ഞ ദിവസം ശക്തൻ മാർക്കറ്റിൽ നടത്തിയ കോവിഡ് ആന്റിജൻ പരിശോധനയിൽ എട്ട് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചുമട്ടുതൊഴിലാളി, കൂൾബാർ നടത്തിപ്പുകാരൻ എന്നിവർക്കൊപ്പം വിവിധ കടകളിലെ ജോലിക്കാരിലുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശക്തൻ മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്.

Read Also: ഞങ്ങൾ പിരിഞ്ഞെങ്കിലും സുശാന്തിന്റെ വീട്ടുകാരുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു: അങ്കിത

ഇടുക്കിയിൽ താൽക്കാലിക ആശ്വാസം

ഇടുക്കി ജില്ലയിലെ ഏക കോവിഡ് ക്ലസ്റ്ററായ രാജാക്കാടിനെ നിയന്ത്രിത മേഖലയിൽനിന്ന് മാറ്റി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടലാണ് രാജാക്കാട്ടെ കാേവിഡ് വ്യാപനം പിടിച്ചുനിർത്തിയത്.

Read Also: സാരിയിൽ ഗണിതശാസ്‌ത്രം; ബ്യൂട്ടിഫുൾ ലുക്കിൽ വിദ്യ ബാലൻ, ചിത്രങ്ങൾ

തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്‍മെന്റ് സോൺ

തിരുവനന്തപുരം ജില്ലയിൽ ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ ഉദിയൻകുളങ്ങര വാര്‍ഡിനെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെയിന്‍മെന്റ് സോണില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 259 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 241 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ.

കാസർഗോട്ട് 153 പേർക്ക് രോഗബാധ

കാസർഗോഡ് ജില്ലയിൽ ഇന്ന് 153 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു ഇതിൽ 151 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത് ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 28 പേർ രോഗമുക്തി നേടി.തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റഹ്മാന്റെ ( 72) മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു

കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), എന്നിവ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.

മലപ്പുറത്ത് ഒരു കോവിഡ് മരണം

മലപ്പുറം ജില്ലയില്‍ ഇന്ന് ഒരു കോവിഡ് രോഗി കൂടി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിമൂന്നായി. ഇവരെ കൂടാതെ ഒരാള്‍ രോഗം ഭേദമായി ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചിരുന്നു.

ജില്ലയില്‍ 141 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 10 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. 74 പേര്‍ക്ക് നേരത്തെ രോഗബാധയുണ്ടായവരുമായുള്ള നേരിട്ടുള്ള ബന്ധത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 28 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 36 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,368 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 95 പേർക്ക് രോഗബാധ

കോഴിക്കോട് – ജില്ലയില്‍ ഇന്ന് 95 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 49 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 65 പേരാണ്. അഞ്ചെണ്ണം ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകളാണ്. 10 കേസുകളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വിദേശത്ത് നിന്ന് എത്തിയല്‍ 10 പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് കോര്‍പ്പറേഷനിൽ 32 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ(ഡിവിഷനുകള്‍ – 11,32,38,56,61,62,63,66,71, ബേപ്പൂര്‍, ചെറുവണ്ണൂര്‍, വെള്ളയില്‍,ചെറൂട്ടിറോഡ് മെഡിക്കല്‍ കോളേജ്, തൊണ്ടയാട്, പന്നിയങ്കര). വടകര – 5 , തിക്കോടി – 5 , കടലുണ്ടി – 4, ഫറോക്ക് – 4, മുക്കം – 3 , തിരുവള്ളൂര്‍ – 2 , പുതുപ്പാടി – 2, ഉണ്ണികുളം -2, ചോറോട് -1, പയ്യോളി -1, രാമനാട്ടുകര -1, പെരുമണ്ണ -1, വില്യാപ്പള്ളി -1 , തിരുവള്ളൂര്‍ – 1 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ സമ്പർക്ക ബാധിതർ.

കോഴിക്കോട് കോര്‍പ്പറേഷനിൽ ചെറുവണ്ണൂരിലും പന്നിയങ്കരയിലുമാണ് ഉറവിടമറിയാത്ത രോഗബാധ. ഏറാമല, നാദാപുരം, മാവൂര്‍ എന്നിവിടങ്ങളിലും ഉറവിടമറിയാത്ത രോഗബാധ റിപ്പോർട്ട് ചെയ്തു.

തൃശൂരിൽ 76 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ഇന്ന് 76 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 54 പേർ കോവിഡ് നെഗറ്റീവായി. ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് മരണം എട്ടായി.

ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പർക്കത്തിലൂടെ 53 പേർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 23 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി വന്നവരാണ്.

എറണാകുളത്ത് 59 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 59 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 32 പേർ രോഗ മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 33 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ഫോർട്ട് കൊച്ചിയിൽ സമ്പർക്കത്തിലൂടെ 10 പേർക്ക് രോഗം ബാധിച്ചു. നാല് നാവിക സേനാ അംഗങ്ങൾക്കും തൃക്കാക്കര കരുണാലയം കോൺവെന്റിൽ രണ്ടുപേർക്കും രോഗം ബാധിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മംഗലാപുരം സ്വദേശികളായ രണ്ടുപേർക്കും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ, എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ ഇടപ്പള്ളി സ്വദേശിനി എന്നിവർക്കും രോഗം ബാധിച്ചു.

അങ്കമാലി തുറവൂർ , കുന്നത്തുനാട്, തിരുവാണിയൂർ, ബിനാനിപുരം, വെങ്ങോല, നായരമ്പലം, പള്ളുരുത്തി , വാരപ്പെട്ടി , നോർത്ത് പറവൂർ, എടവനക്കാട്, കൊച്ചി സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു,

പാലക്കാട് ഇന്ന് 47 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 47 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചച്ചു. ഇതിൽ 22 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത രോഗബാധ 4 പേർക്കാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 8 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 13 പേർ എന്നിവർക്കും രോഗം ബാധിച്ചു.

വയനാട് ജില്ലയില്‍ 46 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ രോഗ മുക്തി നേടി. 44 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങില്‍ നിന്നു വന്നവരാണ്. 5 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 670 ആയി. ഇതില്‍ 318 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 341 പേര്‍ ജില്ലയിലും 10 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

കണ്ണൂരിൽ അഞ്ച് പേര്‍ക്ക് കൊവിഡ്, 35 പേര്‍ക്ക് രോഗമുക്തി

കണ്ണൂർ ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും സമ്പര്‍ക്കം മൂലം രണ്ട് പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 35 പേര്‍ കൂടി രോഗമുക്തി നേടി. കണ്ണൂര്‍ കോര്‍പ്പറേഷനിലെ തിലാന്നൂര്‍ സ്വദേശി 26കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സ് അയ്യന്‍കുന്ന് സ്വദേശിയായ 36കാരിയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തക.

അൺലോക്ക് 3.0 ഇന്നുമുതൽ

രാജ്യത്ത് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി അൺലോക്ക് 3.0 ഇന്നുമുതൽ നിലവിൽവരും. കഴിഞ്ഞ ദിവസമാണ് അൺലോക്ക് 3.0 മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. രാത്രിയാത്ര നിരോധനം നീക്കിയിട്ടുണ്ട്. ജിമ്മുകളും യോഗ ഇൻസ്റ്റിറ്റ‌്യൂട്ടുകളും ഓഗസ്റ്റ് അഞ്ച് മുതൽ തുറക്കാം. സാമൂഹിക അകലം പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം നടത്താനും അനുമതിയുണ്ട്. ഘട്ടംഘട്ടമായി മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കൂ. കോവിഡ് പ്രതിസന്ധി ഉടലെടുത്തപ്പോഴാണ് രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി രാത്രിയാത്രയ്‌ക്ക് നിരോധനമുണ്ടായിരുന്നു. ഈ നിരോധനമാണ് അൺലോക്ക് 3.0 യിൽ നീക്കിയത്.

അതേസമയം, സ്‌കൂളുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കും. രാജ്യാന്തര വിമാന സര്‍വീസ് വന്ദേഭാരത് ദൗത്യം വഴി മാത്രമേ ഉണ്ടാകൂ. മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാര്‍ക്കുകളും തിയേറ്ററുകളും ബാറുകളും അടഞ്ഞുകിടക്കും. രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരും. പത്ത് വയസിനു താഴെയുള്ളവർ, 65 വയസിനു മുകളിലുള്ളവർ, ആരോഗ്യപ്രശ്‌നങ്ങളുള്ളവർ, ഗർഭിണികൾ എന്നിവർക്ക് യാത്ര ചെയ്യാനുള്ള വിലക്ക് തുടരും. ഈ കാറ്റഗറിയിൽ ഉൾപ്പെടുന്നവർ വീടുകളിൽ തന്നെ തുടരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook